ജപ്പാനിലെ നാഗസാക്കി പ്രവിശ്യയിലൂടെ യാത്ര ചെയ്യുന്ന ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്. വഴിയരികില്‍ തണ്ണിമത്തനും സ്‌ട്രോബെറിയും ഓറഞ്ചുമെല്ലാം കൂറ്റന്‍ വലിപ്പത്തില്‍ നില്‍ക്കുന്നു! ജപ്പാനിലെ നാഗസാക്കിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്നാണ് പഴങ്ങളുടെ ആകൃതിയിലുള്ള ഈ ബസ് സ്റ്റോപ്പുകള്‍. സ്‌ട്രോബെറി, തണ്ണിമത്തന്‍, ഓറഞ്ച്, മസ്‌ക് മെലണ്‍, തക്കാളി എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഇനം പഴങ്ങളുടെ മാതൃകയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ബസ് സ്റ്റാപ്പുകള്‍ക്ക് പിന്നില്‍ ഒരു ചരിത്രമുണ്ട്.

1990ല്‍ നാഗസാക്കിയില്‍ നടന്ന ‘ട്രാവല്‍ എക്‌സ്‌പോ’യുടെ ഭാഗമായാണ് ഇവ ആദ്യമായി നിര്‍മ്മിക്കപ്പെട്ടത്. അണുബോംബ് വര്‍ഷിച്ച ആ കറുത്ത ദിനങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും നാഗസാക്കിയെ പുതിയൊരു പ്രകാശത്തിലേക്കും പ്രതീക്ഷയിലേക്കും നയിക്കാനാണ് ഈ വര്‍ണ്ണാഭമായ ബസ് സ്റ്റോപ്പുകള്‍ വിഭാവനം ചെയ്തത്. 1945 ഓഗസ്റ്റ് 9-ന് നടന്ന ദാരുണമായ അണുബോംബ് ആക്രമണത്തിന് ശേഷം നാഗസാക്കി കൈവരിച്ച അതിശയകരമായ തിരിച്ചുവരവിന്റെയും വികസനത്തിന്റെയും പ്രതീകം കൂടിയാണ് ഈ മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍.
ഇന്ന് നാഗസാക്കിയിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഈ ബസ് സ്റ്റോപ്പുകള്‍. ദേശീയപാത 207-ലൂടെ പോകുമ്പോള്‍ വഴിയിലുടനീളം കാണുന്ന ഈ കൂറ്റന്‍ പഴങ്ങള്‍ സഞ്ചാരികള്‍ക്ക് ഒരു മാന്ത്രിക ലോകത്തെപ്പോലെ തോന്നും. ഇവ നേരിട്ട് കാണാനും ഫോട്ടോകള്‍ എടുക്കാനുമായി ധാരാളം ആളുകള്‍ ഇവിടെ എത്തുന്നുണ്ട്.

പഴങ്ങളുടെ ആകൃതിയിലുള്ള ബസ് സ്റ്റോപ്പുകള്‍ക്ക് പേരുകേട്ട വിസ്മയകരമായ ഒരു കൊച്ചു പട്ടണമാണ് കൊണഗായ്. നാഗസാക്കി പ്രവിശ്യയിലെ ഇസഹായ നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജപ്പാനിലെ ക്യുഷു ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള നാഗസാക്കി പ്രവിശ്യ, ജനവാസമുള്ളതും അല്ലാത്തതുമായ ഏതാണ്ട് 594 ദ്വീപുകളുടെ കൂട്ടമാണ്. പച്ചപ്പാര്‍ന്ന വനങ്ങള്‍ നിറഞ്ഞ കടല്‍ത്തീരങ്ങള്‍, അഗ്‌നിപര്‍വ്വതങ്ങള്‍, പ്രകൃതിദത്തമായ ചൂടുനീരുറവകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ പ്രദേശം. കൊണഗായിലെ തീരദേശ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നത് പഴങ്ങളുടെ ആകൃതിയിലുള്ള 16 കൂറ്റന്‍ ബസ് സ്റ്റോപ്പുകളാണ്.
സിന്‍ഡ്രെല്ലയുടെ കഥയിലെ പ്രശസ്തമായ ‘മത്തങ്ങ വണ്ടി’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊണഗായിലെ ഈ വിസ്മയകരമായ ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1990-ന് മുമ്പ് ഇവിടെ ഇത്തരം സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നില്ല. ജാപ്പനീസ് തുറമുഖത്തിന്റെ ചരിത്രം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ‘ജേര്‍ണി എക്‌സ്‌പോസിഷന്‍ നാഗസാക്കി 1990’ എന്ന നഗരവ്യാപകമായ പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ ഇവ സ്ഥാപിച്ചത്.

നാഗസാക്കിയിലെ അണുബോംബ് ആക്രമണത്തിന്റെയും രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെയും വാര്‍ഷിക വേളയിലാണ് ഈ നിര്‍മ്മാണം നടന്നത്. 1990 ഓഗസ്റ്റ് 9 മുതല്‍ 15 വരെ യുദ്ധം, സമാധാനം എന്നിവയെ ആസ്പദമാക്കി വിവിധ സിമ്പോസിയങ്ങളും ചര്‍ച്ചകളും പ്രദര്‍ശനങ്ങളും ഇതിനോടനുബന്ധിച്ച് നടന്നു. ദുരന്തത്തിന്റെ കയ്‌പേറിയ ഓര്‍മ്മകളില്‍ നിന്ന് മുക്തമായി, നഗരത്തിന് പുതിയൊരു ഉന്മേഷം നല്‍കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ന് ഈ ബസ് സ്റ്റോപ്പുകള്‍ സ്ഥിതി ചെയ്യുന്ന പാത ‘ടോക്കിമെക്കി ഫ്രൂട്ട് ബസ് സ്റ്റോപ്പ് സ്ട്രീറ്റ്’ എന്നാണ് അറിയപ്പെടുന്നത്.
Content Summary: What is the history of the fruit bus stops in Japan?