November 09, 2024 |

സിദ്ധാര്‍ത്ഥന്റെ മരണം; വാഗ്ദാനം മാത്രമേയുള്ളോ, കേസ് കൈമാറുന്നില്ലേ?

സിബിഐ അന്വേഷണം ഇനിയും ആരംഭിച്ചിട്ടില്ല, ആശങ്കയില്‍ കുടുംബം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ കേരള പോലീസിന്റെ അന്വേഷണം നിലച്ചതായും, സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ ഇതുവരെയും സിബിഐ കേസ് അന്വേഷണം ആരംഭിച്ചിട്ടില്ല. കേസ് സിബിഐക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. എന്നാൽ കേസ് അന്വേഷണത്തിന് ഇനിയും ആരംഭിച്ചിട്ടില്ലെന്ന് സിദ്ധാർത്ഥിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന അറിയിപ്പ് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി.ജയപ്രകാശ് പറയുന്നു.

പുതിയ അന്വേഷണ ഏജൻസി കേസ് അന്വേഷിക്കാൻ എത്തുമ്പോൾ സംഭവം നടന്ന സ്ഥലം സീൽ ചെയ്യണം. എന്നാൽ ഹോസ്റ്റലിലെ റൂമുകളും മറ്റും പൂട്ടിയിട്ടുണ്ടെങ്കിലും അത് കൈ വശം വച്ചിരിക്കുന്നത് കോളേജാണ്.  ആദ്യത്തെ രണ്ടുമൂന്ന് ദിവസം മാത്രമാണ് പോലീസ് മുറി സീൽ ചെയ്തത്. ഇപ്പോഴത് കോളേജ് വിദ്യാർത്ഥികൾക്ക് തുറന്നു നൽകിയിട്ടുണ്ടാകുമെന്നും കുടുംബം ആരോപിക്കുന്നു. പുതിയ സംഘം എത്തുന്നതുവരെ ഈ തെളുവുകൾ സൂക്ഷിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പോലീസ് സ്വീകരിക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. കേസിന്റെ പല സുപ്രധാന തെളിവുകളും ഈ അനാസ്ഥ മൂലം നശിപ്പിക്കപെടുമോ എന്ന ആശങ്കയിലാണ് കുടുംബം. അന്വേഷണം വൈകുന്നതിലൂടെ ഈ തെളുവുകളിൽ മാത്രമല്ല സാക്ഷികളെ അടക്കം സ്വാധീനിക്കുമോ എന്ന് കുടുംബം ചോദിക്കുന്നു. സംഭവത്തിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ രണ്ടു വിദ്യാർത്ഥികളെ കൂടി കോളജ്  സസ്‌പെൻഡ് ചെയ്‌തെന്നും ജയപ്രകാശ് ചൂണ്ടികാണിക്കുന്നു. സാക്ഷികളെ കൂടി സ്വാധീനിക്കുമോ എന്ന ഭയവും കുടുംബവും പങ്കുവയ്ക്കുന്നു. ഇത് നീണ്ടുപോകുകയും അന്വേഷണം നടന്നില്ലെങ്കിലോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്.

ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായ സിദ്ധാർഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണത്തിനു മുൻപ് സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായായിട്ടുണ്ടെന്ന് കാണിച്ചിരുന്നു. കോളജിലെ ആന്റി റാഗിങ് സ്ക്വാഡ് നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുക്കുന്നത്. മരണവുമായി നേരിട്ടു ബന്ധമുണ്ടെന്ന് കോളജിലെ കണ്ടെത്തിയ എസ്എഫ്‌ഐ നേതാക്കൾ അടക്കം അറസ്റ്റിലായിരുന്നു. അന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത് കൽപറ്റ ഡിവൈഎസ്‌പി ടി.എൻ.സജീവനാണ്.

Advertisement