മധ്യപ്രദേശില്‍ അധികാരം തിരിച്ചു പിടിക്കാന്‍ തീവ്രഹിന്ദുത്വം പറയുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കുകയും ജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുമുള്ള കമല്‍നാഥ് ആണ് ബിജെപിയെ തറ പറ്റിക്കാന്‍ അവരുടെ മാര്‍ഗം തന്നെ പയറ്റുന്നതില്‍ മുമ്പന്‍. ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ കോണ്‍ഗ്രസിന്റെ അവകാശം സ്ഥാപിക്കാനാണ് കമല്‍നാഥ് ശ്രമിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അവകാശം ബിജെപിക്ക് മൊത്തത്തില്‍ എടുക്കാന്‍ കഴിയില്ലെന്നാണ് കമല്‍നാഥിന്റെ വാദം. അക്കാര്യത്തില്‍ രാജീവ് ഗാന്ധിക്കുള്ള പങ്ക് മറക്കരുതെന്നാണ് മുതിര്‍ന്ന നേതാവ് പറയുന്നത്.
‘ ബാബറി മസ്ജിദ് തര്‍ക്കഭൂമിയിലെ താത്കാലിക രാമക്ഷേത്രത്തിന്റെ പൂട്ടുകള്‍ തുറന്നു കൊടുത്തത് രാജീവ് ഗാന്ധിയായിരുന്നു. ചരിത്രം മറക്കരുത്’ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നല്‍കിയ അഭിമുഖത്തില്‍ കമല്‍നാഥ് പറയുന്നതാണിത്.
‘ അയോധ്യയിലെ രാമക്ഷേത്രം ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ അല്ല, അതീ രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയുമാണ്. ബിജെപി അത് അവരുടെതാക്കി വയ്ക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ അവരുടെതായതുകൊണ്ട് അവര്‍ രാമക്ഷേത്രം നിര്‍മിച്ചു. അവരുടെ കൈയിലെ പണം കൊണ്ടല്ല, സര്‍ക്കാര്‍ പണം കൊണ്ടാണ് നിര്‍മിച്ചത്’.
ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ് തങ്ങളും പയറ്റാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തില്‍ കമല്‍നാഥ് തുടര്‍ന്നും പറയുന്നത്.
ശ്രീലങ്കയിലെ സീത ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നതാണ് മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം. തങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ക്ഷേത്ര നിര്‍മാണം ശിവരാജ് സിംഗ് ചൗഹന്റെ ബിജെപി സര്‍ക്കാര്‍ തടഞ്ഞുവെന്നും, വീണ്ടും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് അമ്പലം പണി പൂര്‍ത്തിയാക്കുമെന്നുമാണ് കമല്‍നാഥിന്റെ അവകാശം. വിശ്വാസത്തിനും സംസ്‌കാരത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ഓര്‍മപ്പെടുത്തല്‍.
അതേസമയം, ഹിന്ദുത്വ അജണ്ട കൊണ്ടുനടക്കുന്ന കോണ്‍ഗ്രസ് നേതാവ് എന്ന ആക്ഷേപത്തെ കമല്‍നാഥ് അഭിമുഖത്തില്‍ പ്രതിരോധിക്കുന്നുണ്ട്. ഹിന്ദുത്വ, മൃദുഹിന്ദുത്വ, തീവ്രഹിന്ദുത്വ എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൊന്നും താന്‍ അഭിപ്രായം പറയാനില്ലെന്നാണ് കമല്‍നാഥ് വ്യക്തമാക്കുന്നത്. വിശ്വാസമെന്നത് തങ്ങളെ സംബന്ധിച്ച് ചിന്തയുടെയും പെരുമാറ്റത്തിന്റെയും വിഷയമാണെന്നും, പ്രൊപ്പഗാണ്ടയല്ലെന്നുമാണ് അറിയപ്പെടുന്ന ഹനുമാന്‍ ഭക്തനായ കമല്‍നാഥ് വാദിക്കുന്നത്. താന്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്ദ്വാരയില്‍ 101 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ സ്ഥാപിച്ചതും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗ്രാന്‍ഡ് മഹാകാല്‍, ഓംകാരേശ്വര്‍ ക്ഷേത്രങ്ങള്‍ക്കായി 455 കോടി അനുവദിച്ചതുമൊക്കെ ഏഴ് തവണ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമായിരുന്ന കമല്‍നാഥ് നേട്ടങ്ങളായി അവതരിപ്പിക്കുന്നുണ്ട്. താന്‍ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുമ്പോള്‍ ബിജെപിക്ക് എന്തിനാണ് വയറ് വേദനയുണ്ടാകുന്നതെന്നും താന്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
ഹിന്ദുത്വശക്തികള്‍ക്ക് ബാബറി പള്ളി പൊളിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തൂ എന്ന ആരോപണം നേരിടുന്ന കോണ്‍ഗ്രസ്, ഇന്നിപ്പോള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് തങ്ങള്‍ക്കും അവകാശമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന നിലയിലെത്തിയിരിക്കുന്നു. കമല്‍നാഥിന്റെ അവകാശവാദങ്ങള്‍ തെളിയിക്കുന്നത് അതാണ്. അയോധ്യയില്‍ രാമക്ഷേത്രമെന്നത് കോണ്‍ഗ്രസിന്റെ അജണ്ടയായിരുന്നു. 1991 ലെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് ഈ വാഗ്ദാനം പാര്‍ട്ടി ഉയര്‍ത്തിയിരുന്നതുമാണ്. ബാബറി പള്ളിക്ക് പരിക്കുണ്ടാകാത്ത വിധം അമ്പലം പണിയുമെന്നായിരുന്നു പ്രചാരണം. രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിന് അനുമതി കൊടുത്തതും രാജീവ് ഗാന്ധി സര്‍ക്കാരായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും രാജ്യം കലാപത്തിലാണ്ടപ്പോഴും അധികാരത്തിലുണ്ടായിരുന്നതും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു.
2022-ല്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ചുള്ള ഭൂമി പൂജയ്ക്ക് ഒരു ദിവസം മുന്നേ തന്റെ വീട്ടില്‍ ഹനുമാന്‍ ചാലസ്യ നടത്തി, തന്റെ ഹിന്ദുത്വബോധം രാജ്യത്തിന് വെളിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവാണ് കമല്‍നാഥ്. പൂജ നടത്തുക മാത്രമല്ല, രാമക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ 11 വെള്ളി കട്ടകള്‍ അയച്ചു കൊടുക്കുകയും ചെയ്തു.
വ്യാപം, ഡംപര്‍, നഴ്‌സിംഗ് കോളേജ് തട്ടിപ്പുകള്‍, മഹാകാല്‍ ക്ഷേത്രം അഴിമതി എന്നിങ്ങനെ അഴിമതിയാരോപണങ്ങള്‍ പലതുണ്ട് ബിജെപി സര്‍ക്കാരിനെതിരേ. വിലക്കയറ്റവും തൊഴിലില്ലായ്മയും,സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും ചൗഹാന്‍ സര്‍ക്കാരിനെതിരേയുള്ള തെരഞ്ഞെടുപ്പ് വിധിയാക്കുമെന്നാണ് കമല്‍നാഥ് പറയുന്നത്. ഇന്ത്യയില്‍ ദളിതരും ആദിവാസികളും സ്ത്രീകളും ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നേരിടുന്നത് മധ്യപ്രദേശിലാണെന്നും, ഈ സ്ഥിതി മാറ്റാന്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തമുണ്ടെന്നും കമല്‍നാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജാതി സെന്‍സ് മധ്യപ്രദേശില്‍ ഒരു പ്രധാന ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുത്തിട്ടുണ്ട്. ജാതി സെന്‍സസ് പെട്ടെന്നു വീണു കിട്ടിയ പ്രചാരണ വിഷയമല്ലെന്നാണ് പറയുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ ജാതി സെന്‍സസ് നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചതാണെന്നും അവസാന ഘട്ടമാകുമ്പോഴാണ് ഭരണം പോകുന്നതെന്നുമാണ് കമല്‍നാഥ് പറുന്നത്. ബിജെപി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. എല്ലാ ജാതിക്കാര്‍ക്കും അവരുടെ സംഖ്യാബലം അറിയാന്‍ ആഗ്രഹമുണ്ടെന്നാണ് ജാതി സെന്‍സിനെ പിന്താങ്ങിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ബിജെപി സര്‍ക്കാരിന്റെ അഴിമതിയാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാനഘടകം എന്നു പറയുകയും, വോട്ട് വീഴാന്‍ ഹിന്ദുത്വവാദം ഉയര്‍ത്തുകയുമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ്.