ബിജെപിയുടെ ഏറ്റവും വലിയ അടിസ്ഥാനപരമായ അജണ്ടകളില്‍ ഒന്നന്നിന്റെ ആദ്യ ചുവടായിരുന്നോ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ചൊവ്വാഴ്ച സംസ്ഥാന അസംബ്ലിയില്‍ യൂണിഫോം സിവില്‍ കോഡ് (യുസിസി) ബില്‍? 1951-ല്‍ ജനസംഘത്തിന്റെ തുടക്കം മുതല്‍ മാര്‍ഗനിര്‍ദേശക തത്വമായി കണക്കിലെടുത്തിരുന്ന യുസിസി നടപ്പിലാക്കുന്നതിനുള്ള ആദ്യ ചുവടുകൂടിയാകാം ഇതെന്നാണ് ദേശീയ ദിനപത്രമായ ദ ഇന്ത്യന്‍ എക്‌സ്പ്രസ് മുന്നോട്ടുവയ്ക്കുന്ന നിരീക്ഷണം. യുസിസിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും 2019-ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ മുന്‍ഗണ ക്രമത്തില്‍ നടപ്പിലാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. 1951 ഒക്ടോബര്‍ 21 ന് ഭാരതീയ ജന്‍ സംഘ് (ബിജെഎസ്) എന്നറിയപ്പെട്ടിരുന്ന പാര്‍ട്ടിയുടെ ആദ്യകാല സംഘടനയുടെ തത്വമായിരുന്നു യുസിസി. രാമക്ഷേത്രവും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും നടപ്പിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ഏകികൃത സിവില്‍ കോഡ് ആയിരിക്കാം.
നിലവില്‍ ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള ബിജെപിക്ക് ഏറ്റവും എളുപ്പത്തില്‍ നടപ്പിലാക്കി എടുക്കാന്‍ കഴിയുന്നതാണ് യുസിസി. എന്നാല്‍ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെയുള്ള രാജ്യവ്യപക പ്രതിഷേധത്തിന്റെ പാഠങ്ങള്‍ വിഷയം നേരിട്ട് കൈ കാര്യം ചെയ്യുന്നതില്‍ നിന്ന് പാര്‍ട്ടിയെ വിലക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കേന്ദ്ര തലത്തില്‍ ഏറ്റെടുക്കുന്നതിനു പകരം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോട് യുസിസി നടപ്പിലാക്കാന്‍ ആവിശ്യപെട്ടേക്കാമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിലയിരുത്തുന്നു. മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളും യുസിസി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് കോളനിയായിരുന്നതിനാല്‍ ബിജെപി ഭരിക്കുന്ന ഗോവയില്‍ യുസിസിയുടെ ഒരു പതിപ്പും നിലവിലുണ്ട്.
യുസിസി ഒരു ജനകീയ നടപടിയല്ല, മറിച്ച് ‘പൗരാവകാശങ്ങളോടുള്ള ആധുനിക സമീപനമാണ്’ എന്ന് പാര്‍ട്ടി സൈദ്ധാന്തികര്‍ വാദിക്കുന്നു. ആര്‍എസ്എസ് അനുബന്ധ സംഘടനയായ ദി ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ആര്‍ ബാലശങ്കര്‍ പറയുന്നതനുസരിച്ച് ”ബിജെപിയെ സംബന്ധിച്ചിടത്തോളം യുസിസി ജനസംഘത്തിന്റെ നാളുകള്‍ മുതലുള്ള പ്രധാന അജണ്ടയുടെ ഭാഗമാണ്. ഇത് വോട്ട് പിടിക്കാനുള്ളതോ, ജനകീയ നടപടിയോ അല്ല. മറിച്ച്, പാരമ്പര്യം, വിവാഹം, സ്ത്രീകളുടെ അവകാശങ്ങള്‍, കുടുംബ സ്വത്ത് പങ്കിടല്‍ തുടങ്ങിയ സിവില്‍ വിഷയങ്ങളില്‍ രാജ്യത്തെ ഒരു രാഷ്ട്രമായി ഒരു നിയമം കൊണ്ട് സംയോജിപ്പിക്കുക എന്ന ആശയമാണ് ഇതിനു പുറകില്‍. പൗരാവകാശങ്ങളോടുള്ള ആധുനിക സമീപനം കൂടിയാണ്.”
യുസിസിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുസ്ലിങ്ങള്‍, സിഖുകാര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് മാത്രമല്ല ഉയര്‍ന്നു വന്നിരിക്കുന്നത്, തങ്ങളുടെ ആചാരങ്ങളില്‍ ഇടപെടുമെന്ന് ഭയപ്പെടുന്ന ഹിന്ദുക്കളില്‍ നിന്നും യുസിസിക്കെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 25 (മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം), ആര്‍ട്ടിക്കിള്‍ 29 (വ്യത്യസ്ത സംസ്‌കാരം നേടാനുള്ള അവകാശം), നാനാത്വത്തില്‍ ഏകത്വം എന്ന ആശയം എന്നിവ ഉള്‍പ്പെടെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് യുസിസി എന്ന വാദവും ശക്തമാണ്. തങ്ങളുടെ വ്യക്തിത്വവും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും വാദമുണ്ട്. അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും ബിജെപിക്ക് 370-ലധികം സീറ്റുകളും എന്‍ഡിഎ സഖ്യത്തിന് 400-ലധികം സീറ്റുകളും ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ ആത്മവിശ്വാസത്തിന്റെ പ്രവചനവും ഈ അനുയായികള്‍ ഇതിനകം തന്നെ ആവേശത്തിലാണ്. അതിനാല്‍ തന്നെ യു.സി.സിക്ക് ചുറ്റും ഉയരുന്ന ചര്‍ച്ച ബിജെപിക്ക് അനുകൂലമായി മാറും.
1957-ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍, ഹിന്ദു വിവാഹ നിയമവും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവും പിന്‍വലിക്കുമെന്ന് ജനസംഘം വാഗ്ദ്ധാനം ചെയ്തിരുന്നു, എന്നാല്‍ യുസിസിയെ കുറിച്ച് മൗനം പാലിച്ചു. 1962ലെ ബി.ജെ.എസ് പ്രകടനപത്രികയുടെ ഭാഗവും ആയിരുന്നില്ല. 1967ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെഎസ് തങ്ങളുടെ പ്രകടനപത്രികയില്‍ ”എല്ലാ പൗരന്മാര്‍ക്കും വിവാഹം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്ക്കുള്ള ഏകീകൃത നിയമം” വാഗ്ദാനം ചെയ്തിരുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ കീഴില്‍ 1996ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍, പാര്‍ട്ടിയിലും അതിന്റെ മാതൃസംഘടനയായ ആര്‍.എസ്.എസിലും നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം അവര്‍ക്ക് മാറ്റിവക്കേണ്ടി വന്ന മൂന്ന് വിഷയങ്ങളില്‍ ഒന്നായിരുന്നു ഇത്. 1998-ലെ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍, സഖ്യകക്ഷികളെ ഉള്‍ക്കൊള്ളുന്നതിനായി പാര്‍ട്ടിക്ക് അതിന്റെ മൂന്ന് പ്രതിബദ്ധതകളും അതിന്റെ ദേശീയ ഭരണ അജണ്ടയില്‍ (എന്‍എജി) നിന്ന് മാറ്റിനിര്‍ത്തേണ്ടതായിവന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രണ്ടു അജണ്ടകളും നടപ്പിലാക്കിയ ബിജെപി അടുത്ത അജണ്ട നടപ്പിലാകാന്‍ ഒരുങ്ങുകയാണ്.