UPDATES

15-ാം വയസ്സിൽ ആദ്യ പോലീസ് കേസ് 23-ാം വയസിൽ ആദ്യ കൊലപതകം

ആരാണ് ജയിലിൽ വച്ച് മരണമടഞ്ഞ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി

                       

കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് മുൻ എംഎൽഎ മുക്താർ അൻസാരി ജയിലിൽ വച്ച് മരണപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി. ബിജെപി എംഎൽഎ കൃഷ്ണനാഥ് റായിയെ കൊന്ന കേസിൽ 10 വർഷം തടവ് ലഭിച്ചിരുന്ന അൻസാരി ഗുണ്ടാ നേതാവ് എന്ന നിലയിലും കുപ്രശസ്തനായിരുന്നു.യഥാർത്ഥത്തിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മുക്താർ അൻസാരി ആരാണ്? അയാളുടെ മരണത്തിൽ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ സാന്നിധ്യം ആളുകൾ ചർച്ച ചെയ്യുന്നത് എന്തുകൊണ്ട് ?

ശക്തമായ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്നാണ് അൻസാരി രാഷ്ട്രീയത്തിലേക്ക് എത്തുന്നതും അവിടെ നിന്ന് ഗുണ്ടാ നേതാവെന്ന നിലയിലൊരു ജീവിതവും കെട്ടിപ്പടുക്കുന്നത്. പ്രശസ്തനായ സ്വാതന്ത്ര്യ സമര സേനാനി മുഖ്താർ അഹമ്മദ് അൻസാരിയാണ് അൻസാരിയുടെ മുതുമുത്തച്ഛൻ. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ ഏകദേശം രണ്ട് വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റായിരുന്നു അദ്ദേഹം. അൻസാരിയുടെ മുത്തച്ഛൻ ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ മഹാവീർ ചക്ര പുരസ്‌കാരം ലഭിച്ച യുദ്ധവീരനുമായിരുന്നു. രാഷ്ട്രീയത്തിലടക്കം വ്യക്തമായ പിൻബലമുള്ള അൻസാരിയുടെ രാഷ്ട്രീയ പ്രവേശനം അതിനനുസരിച്ചായിരുന്നെങ്കിലും കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള കടന്നു വരവ് സ്വയം തിരഞ്ഞെടുത്തതായിരുന്നു.

1963-ലാണ് മുഖ്താർ അൻസാരി ജനിക്കുന്നത്. അദ്ദേഹത്തിന്റെ പേരിൽ ആദ്യമായി പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് 1978-ലാണ്. അതായത് അൻസാരിയുടെ 15- ാം വയസ്സിൽ. 23 വയസിൽ കൊലപാതക കുറ്റവും ചുമത്തപ്പെട്ടു. പിന്നീടങ്ങോട്ട് 16 കൊലപാതക കേസുകളിൽ അൻസാരി പ്രതി ചേർക്കപ്പെട്ടു. സിനിമകഥകൾക്ക് സമാനമായി കലയിൽ ബിരുദവും വാരണാസിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടുന്ന കാലയളവിലായിരുന്നു ആറടിയിലധികം ഉയരമുള്ള ക്യാമ്പസിനകത്തും പുറത്തും ജനപ്രീതി നേടുന്നത്. സുഹൃത്തുക്കൾക്ക് വേണ്ടി നിരന്തരം കലഹമുണ്ടാക്കുന്ന ഇയാൾ, താമസിയാതെ, ഗോരഖ്പൂരിലെ ഹരിശങ്കർ തിവാരിയെപ്പോലുള്ള അധോലോക നായകന്മാരുടെ ശ്രദ്ധ ആകർഷിച്ചു. അക്കാലത്ത് വാരണാസിയിലും സമീപ ജില്ലകളിലും സജീവമായിരുന്ന ഗുണ്ടാ നേതാവായിരുന്നു മഖാനു സിംഗ്. ഒടുവിൽ, മഖ്നു സിങ്ങിൻ്റെ ഏറ്റവും വിശ്വസ്തനായ സഹായിയായി അൻസാരി മാറി.

1980-കളുടെ തുടക്കത്തിൽ, മഖ്നു സിങ്ങിൻ്റെ എതിരാളിയായിരുന്ന സാഹിബ് സിംഗ് എന്നറിയപ്പെടുന്ന മറ്റൊരു ഗുണ്ടാതലവനും വാരണാസി മേഖലയിൽ ഉണ്ടായിരുന്നു. കൽക്കരി, സ്ക്രാപ്പ്, മണൽ ഖനനം എന്നിവയിൽ ഇരുവർക്കും സമാനമായ ബിസിനസ് താൽപ്പര്യങ്ങളായിരുന്നു. സാഹിബ് സിംഗിൻ്റെ വിശ്വസ്തനായ ബ്രിജേഷ് സിംഗ് എന്ന അരുൺ സിങ്ങുമായി വ്യക്തിപരമായ ശത്രുത വളർത്തിയെടുത്തതോടെയാണ് മുഖ്താറിൻ്റെ അധോലോകത്തിലേക്കുള്ള പൂർണ്ണമായും പ്രവേശിക്കുന്നത്. 1980-കളുടെ അവസാനത്തോടെ എട്ട് കൊലപാതകങ്ങളാണ് അൻസാരി നടത്തിയത്.

990-കളുടെ തുടക്കത്തിൽ കിഴക്കൻ യുപിയിൽ ഗുണ്ടാതലവന്മാരുടെ സ്വാധീനം ശക്തമായി. മുഖ്താർ അൻസാരിയും ബ്രിജേഷ് സിംഗും പ്രദേശത്തെ എല്ലാ പ്രധാന അധോലോക പ്രവർത്തനങ്ങളും പിടിച്ചെടുത്തു, കൊള്ളയടിക്കൽ, കൽക്കരി കരാറുകൾ, സ്ക്രാപ്പ് കരാറുകൾ, റെയിൽവേ കരാറുകൾ, മദ്യ കരാറുകൾ, കൂടാതെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ എന്നിവയും. . ബ്രിജേഷ് പിന്നീട് കൽക്കരി ഖനന ബിസിനസുമായി ഇന്നത്തെ ജാർഖണ്ഡിലേക്ക് (അന്ന് ബീഹാറിൻ്റെ ഭാഗമായിരുന്നു) തൻ്റെ ശൃംഖല വ്യാപിപ്പിക്കുകയും അവിടെ തൻ്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ, മുഖ്താർ തൻ്റെ ബിസിനസ് താൽപ്പര്യം ഹരിയാന, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഹരിയാനയിലെയും പഞ്ചാബിലെയും മുൻനിര ഗുണ്ടാസംഘങ്ങൾ അപ്പോഴേക്കും മുഖ്താറിനൊപ്പം ചേർന്നിരുന്നു.

ബ്രിജേഷ് സിംഗ് ജാർഖണ്ഡിലേക്കും പിന്നീട് ഒഡീഷയിലേക്കും താവളം മാറ്റിയെങ്കിലും, അദ്ദേഹത്തിൻ്റെ സംഘവും മുഖ്താറും തമ്മിലുള്ള യുദ്ധം 2000 വരെ തുടർന്നു. രണ്ട് സംഘങ്ങളുമായും ബന്ധമുള്ള നിരവധി ആളുകൾ കൊല്ലപ്പെട്ടു, അവരിൽ ഏറ്റവും ഉയർന്ന പ്രൊഫൈൽ ഉള്ളത് അന്നത്തെ മൊഹമ്മദാബാദ് എംഎൽഎ കൃഷ്ണാനന്ദ് റായ്, ബ്രിജേഷ് സിങ്ങിൻ്റെ അടുത്ത ആളായാണ് കണക്കാക്കപ്പെട്ടിരുന്നത്.

2017-ൽ അധികാരത്തിൽ കയറിയ നാൾ മുതൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബിജെപിയുടെയും റഡാറിൽ ഉള്ളതുകൊണ്ട് തന്നെ മുക്തറിന്റെ മരണത്തിൽ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പുറത്തുവരുന്നത്. അൻസാരിയുടെത് കൊലപാതകമാണെന്നാണ് സഹോദരൻ അഫ്‌സൽ അൻസാരി വാദിക്കുന്നത്. ഗൂഢാലോചന നടത്തിയ ജയിലിൽ വച്ച് അൻസാരിക്ക് വിഷം കൊടുത്തതാണെന്ന ആരോപണംവും സഹോദരനുണ്ട്. 2023 ഡിസംബറിൽ സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ അൻസാരിയുടെ ഇളയ മകൻ ഉമർ അൻസാരി ആരോപിച്ചതും ബാന്ദ ജയിലിൽ പിതാവിനെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍