നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി-സഖ്യകക്ഷികള്‍ അല്ലാതെയുള്ള പ്രാദേശിക സര്‍ക്കാരുകള്‍ക്കും എതിരേ മാത്രമെ അന്വേഷണങ്ങളും അറസ്റ്റുകളും നടത്തുകയുള്ളോ? ഈ ചോദ്യം കഴിഞ്ഞ ഒരു പതിറ്റാണ്ടിനടുത്തായി സ്ഥിരമായി കേള്‍ക്കുന്നു. ദിനം പ്രതിയെന്നോണം സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങളും സമന്‍സ് അയക്കലുകളും നടന്നു വരുന്നുണ്ട്. 400 രൂപ പെന്‍ഷന്‍ കാശില്‍ ജീവിക്കുന്ന ദളിത് കര്‍ഷകര്‍ക്കെതിരേ വരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും നോട്ടീസ് അയക്കുകയും ചെയ്തു. ഇതെല്ലാം നടക്കുന്നത് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതികള്‍ക്കും കൈക്കൂലികള്‍ക്കും എതിരേ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിശബ്ദരാകുന്നത് എന്തുകൊണ്ടാണ്? തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി സാകേത് ഗോഖലെ ഉയര്‍ത്തുന്നതും ഇതേ ചോദ്യമാണ്.
ഇന്ത്യന്‍ റെയില്‍വേയില്‍ നടന്ന 3.3 കോടിയുടെ(400,000 അമേരിക്കന്‍ ഡോളര്‍) അഴിമതി നരേന്ദ്ര മോദി സര്‍ക്കാര്‍ കുഴിച്ചു മൂടിയെന്നാണ് സാകേത് ഗോഖലെ ചൂണ്ടിക്കാണിക്കുന്നത്.
കണ്ണയ്യനും കൃഷ്ണനും എന്ന രണ്ട് ദളിത് കര്‍ഷകര്‍ പറയുന്ന ഇഡിയുടെ രാഷ്ട്രീയം
കരാര്‍ കിട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ടെക്‌സാസ് ആസ്ഥാനമായ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഒറാക്കള്‍ കോര്‍പ്പറേഷന്റെ ഇന്ത്യന്‍ വിഭാഗമായ ഒറാക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കോടികള്‍ കൈക്കൂലി കൊടുത്ത കേസാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ചൂണ്ടിക്കാണിക്കുന്നത്. ഇതേ കേസില്‍ യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍(യുഎസ് എസ് ഇ സി- ഇന്ത്യയിലെ സെബി-ക്ക് സമാനം) 20 മില്യണ്‍(1,91,10,56,200.00 കോടി) അമേരിക്കന്‍ ഡോളര്‍ ഒറാക്കളിന് മേല്‍ പിഴ ചുമത്തിയിരുന്നു.
പിയൂല്‍ ഗോയല്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് നടന്ന ഈ അഴിമതിയില്‍ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടതായി റെയില്‍വേയില്‍ നിന്നും തനിക്ക് അറിയിപ്പ് കിട്ടിയതായാണ് സാകേത് ഗോഖലെ പറയുന്നത്. ഈ വര്‍ഷം ജനുവരി 4-ന് (2024, ജനുവരി 4) റെയില്‍വേ സെക്രട്ടറിയില്‍ നിന്നും കിട്ടിയ കത്ത് സാകേത് ഗോഖലെ തന്റെ എക്‌സ് അകൗണ്ടില്‍ പങ്കുവച്ചിട്ടുമുണ്ട്. 2022 സെപ്തംബറില്‍ ഈ വിഷയം സിബിഐക്ക് കൈമാറിയതാണെന്നാണ് ഇന്ത്യന്‍ റെയില്‍വേ പറയുന്നത്.
കേസ് കൈമാറി ഒരു വര്‍ഷം കഴിയുമ്പോഴും, ആ കേസ് രജിസ്റ്റര്‍ ചെയ്യുകയോ എന്തെങ്കിലും അന്വേഷിക്കുകയോ ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ പോലും ചെയ്യാതെ വലിയൊരു അഴിമതി സിബിഐ കുഴിച്ചു മൂടുകയാണ് ചെയ്തതെന്നാണ് രാജ്യസഭ എംപി പരാതിപ്പെടുന്നത്.
ഒറാക്കള്‍ നല്‍കിയ കൈക്കൂലി കൊണ്ട് മോദി സര്‍ക്കാരില്‍ ആര്‍ക്കാണ് നേട്ടം ഉണ്ടായതെന്നാണ് എംപി ചോദിക്കുന്നത്. പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ’യിലെ രാഷ്ട്രീയക്കാര്‍ക്കെതിരെ പകപോക്കല്‍ പോലെ അന്വേഷണവും കേസ് എടുക്കുന്ന സി.ബി.ഐയും ഇ.ഡിയും എന്തുകൊണ്ട് റെയില്‍വേ അവര്‍ക്ക് കൈമാറിയ ആരോപണങ്ങളില്‍ കേസെടുക്കാനും അന്വേഷിക്കാനും വിസമ്മതിച്ചു? എന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ചോദിക്കുന്നുണ്ട്.
How the Modi Govt buried a $400,000 (₹3.3 crore) bribery scandal in Indian Railways:
In Oct 2022, @htTweets published a story reporting that the company Oracle had been fined $23 million by the US SEC for bribing railway officials in India for contracts.
At the time of this… pic.twitter.com/v2IMx4Ttu9
— Saket Gokhale (@SaketGokhale) January 8, 2024
ഒറാക്കള്‍ അഴിമതി കാണിച്ചുവെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതാണ്. 2014 മുതല്‍ 2019 വരെയുള്ള കാലത്ത് ഇന്ത്യ, യുഎഇ, തുര്‍ക്കി എന്നീ വിദേശ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അനധികൃത നേട്ടങ്ങള്‍ക്കായി കൈക്കൂലി കൊടുത്തതായി യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കണ്ടെത്തുകയും ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട്(എഫ് സി പി എ) ലംഘിച്ചതിന് 20 മില്യണ്‍ ഡോളര്‍ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഈ പിഴ തുക അടക്കാമെന്ന് 2022 സെപ്തംബറില്‍ ഒറാക്കള്‍ സമ്മതിക്കുകയും ചെയ്തതാണ്.
പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയിലെ തിരിച്ചറിയാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് നാല് ലക്ഷം അമേരിക്കന്‍ ഡോളര്‍(3.3 കോടി) കൈക്കൂലി നല്‍കിയെന്ന് എസ് ഇ സി കണ്ടെത്തിയിരുന്നു. ഒറാക്കള്‍ ഇക്കാര്യം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. ഇന്ത്യയിലെ ബിസിനസില്‍ ആദ്യമായിട്ടല്ലായിരുന്നു ഒറാക്കള്‍ അമേരിക്കന്‍ അഴിമതി നിരോധന നിയമങ്ങള്‍ ലംഘിക്കുന്നതെന്നും അന്ന് വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.
സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഒന്നുമില്ലെന്ന മറുപടിയാണ് റെയില്‍വേയില്‍ നിന്നു കിട്ടിയതെന്നാണ് ദ വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും സമാനമായ മറുപടിയായിരുന്നു ഉണ്ടായതെന്നും വയര്‍ എഴുതിയിട്ടുണ്ട്.
ഇഡി സമന്‍സ് നിരസിച്ചാല്‍ എന്ത് സംഭവിക്കും?
ഉത്പന്നത്തിന് 70 ശതമാനം കിഴിവ് നല്‍കാന്‍ മാതൃ കമ്പനിയില്‍ നിന്നും അനുമതി വാങ്ങിയശേഷം മുഴുവന്‍ തുകയ്ക്ക് തന്നെ ബില്ല് നല്‍കുകയും അതിലൂടെ ലാഭിക്കുന്ന പണം ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാനുള്ള കൈക്കൂലി പണമായി ഉപയോഗിക്കുകയുമായിരുന്നു ഒറാക്കള്‍ ഇന്ത്യ ചെയ്തിരുന്നത്. സോഫ്റ്റ്‌വെയര്‍ ഉത്പാദകരായ മറ്റു കമ്പനികളുമായി മത്സരിക്കുന്നതിനാല്‍ കരാര്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി 70 ശതമാനം കിഴിവ് നല്‍കണമെന്ന് ഇന്ത്യയിലെ ജീവനക്കാര്‍ മാതൃക കമ്പനിയോട് ആവിശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ സത്യമില്ലായിരുന്നുവെന്നാണ് എസ് ഇ സി യുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കാരണം, ഒറാക്കളുമായി ഇന്ത്യന്‍ റെയില്‍വേ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ മറ്റാരും തന്നെ മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നുമില്ല, ഒരുതരത്തിലുമുള്ള മത്സരം അവര്‍ക്ക് നേരിടേണ്ടിയും വന്നിരുന്നില്ല എന്നാണ് എസ് ഇ സി യുടെ ഉത്തരവില്‍ പറയുന്നത്. മുമ്പും പലതവണ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിഴ ചുമത്തപ്പെട്ടവരാണ് ഒറാക്കള്‍ ഇന്ത്യ. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും സേവനങ്ങള്‍ ലഭിക്കാന്‍ കൈക്കൂലി കൊടുത്തതിന്റെ പേരില്‍ 2012 ലും രണ്ടു മില്യണ്‍ ഡോളര്‍ പിഴ അവര്‍ക്ക് അടയ്‌ക്കേണ്ടി വന്നിരുന്നു. ഇതേ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തന്നെയാണ് യുഎഇയിലും തുര്‍ക്കിയിലും അവര്‍ കാണിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ആരോപണങ്ങള്‍ പേറുന്നൊരു കമ്പനിയുമായാണ് ഇന്ത്യന്‍ റെയില്‍വേ കരാര്‍ ഉണ്ടാക്കിയതും, അവിടെ അവര്‍ നടത്തിയെന്ന് തെളിഞ്ഞൊരു അഴിമതിയില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ യാതൊരു താത്പര്യവും കാണിക്കാത്തതും.