ഡല്‍ഹി മദ്യം നയക്കേസില്‍ അന്വേഷണ ഏജന്‍സിയായ ഇഡിക്കു മുമ്പാകെ ചോദ്യം ചെയ്യലിന് ഹജരാകാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യസഭാ തെരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനാഘോഷം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ അന്വേഷണങ്ങളോട് പുലര്‍ത്തിയ വിമുഖത എന്നീ കാരണങ്ങള്‍ പറഞ്ഞാണ് അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ചെല്ലാന്‍ കെജ്രിവാള്‍ വിസമ്മതിക്കുന്നത്. തനിക്ക് സമന്‍സ് അയക്കുന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കുള്ളതായും ഡല്‍ഹി മുഖ്യമന്ത്രി ആരോപിക്കുന്നു. സാക്ഷിയായാണോ, സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനാണോ വിളിപ്പിക്കുന്നതെന്ന് ഇഡി ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കെജ്‌രിവാളിന് സമാനമായി ഇഡിയുടെ നോട്ടീസുകള്‍ നിരാകരിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഇഡി സോറനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇഡിയുടെ ഏഴ് സമന്‍സുകളും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി നിരസിക്കുകയാണുണ്ടായത്.
കഴിഞ്ഞ മാസമാണ് ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമ്പോള്‍ വാക്കാല്‍ കാരണം അറിയിച്ചാല്‍ മതിയെന്നു സുപ്രിം കോടതി ഉത്തരവ് പുറപ്പിടുവിച്ചത്. എന്താണ് ഇഡിയുടെ സമന്‍സുകള്‍? അവ നിരസിച്ചാല്‍ എന്ത് സംഭവിക്കും?
സമന്‍സില്‍ പേരുള്ളവര്‍ പ്രതിയാണോ സാക്ഷിയാണോ എന്നു വെളിപ്പെടുത്തണോ?
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരം ഒരാള്‍ക്ക് സമന്‍സ് അയക്കുമ്പോള്‍, പ്രസ്തുത വ്യക്തി കുറ്റാരോപിതനാണോ അല്ലയോ എന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരിക്കമെന്നു വ്യവസ്ഥകള്‍ പരാമര്‍ശിക്കുന്നില്ല. വിളിപ്പിക്കുന്നതിന്റെ കാരണങ്ങള്‍ സമന്‍സുകളില്‍ സൂചിപ്പിക്കണമെന്ന് നിയമങ്ങള്‍ പ്രത്യേകം പറയുന്നില്ല. എന്നിരുന്നാലും, വിവരങ്ങളോ തെളിവുകളോ നല്‍കാന്‍ അവര്‍ ഒരു വ്യക്തിയെ വിളിപ്പിക്കുമ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഇഡി സാധാരണയായി ഉള്‍പ്പെടുത്താറുണ്ട്. ഇത് കര്‍ശന നിയമമല്ലെങ്കിലും, ചോദ്യം ചെയ്യലിനായി ആരോടെങ്കിലും വരാന്‍ ആവശ്യപ്പെടുമ്പോള്‍ നിര്‍ദ്ദിഷ്ട കേസ് പരാമര്‍ശിക്കുന്നത് ഇഡി യുടെ ഒരു സാധാരണ രീതിയാണ്.
സമന്‍സ് പുറപ്പെടുവിക്കുന്നതിനുള്ള വ്യവസ്ഥകള്‍?
പിഎംഎല്‍എയുടെ സെക്ഷന്‍ 50 പ്രകാരമാണ് ഇഡി ചോദ്യം ചെയ്യലിന് സമന്‍സ് അയക്കുക. ഈ വ്യവസ്ഥ പ്രകാരം, അന്വേഷണം നടത്തുമ്പോള്‍ ഒരു സിവില്‍ കോടതിയുടേതിന് സമാനമായ ചില അധികാരങ്ങള്‍ ഇഡി ഡയറക്ടര്‍ക്ക് ഉണ്ടാവാറുണ്ട്. രേഖകള്‍ പരിശോധിക്കാനുള്ള അധികാരം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടാനുള്ള അധികാരം, രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുക, സത്യവാങ്മൂലങ്ങളില്‍ തെളിവ് സ്വീകരിക്കല്‍ എന്നിവയാണ് ഈ അധികാരങ്ങള്‍. വ്യവസ്ഥ അനുസരിച്ച്, ‘ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവര്‍ക്ക് ഏതെങ്കിലും അന്വേഷണത്തിനിടയില്‍ തെളിവ് നല്‍കാനോ എന്തെങ്കിലും രേഖകള്‍ ഹാജരാക്കാനോ വിളിച്ചു വരുത്തണമെന്ന് തോന്നുന്ന ഏതൊരു വ്യക്തിയെയും വിളിക്കാന്‍ അധികാരമുണ്ട്. ഈ നിയമപ്രകാരം വിളിപ്പിക്കപ്പെടുന്ന എല്ലാ വ്യക്തികളും നേരിട്ടോ അല്ലെങ്കില്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ഹാജരാകാന്‍ ബാധ്യസ്ഥരായിരിക്കും എന്ന് ഇഡി ഓഫീസര്‍ക്കു നിര്‍ദ്ദേശിക്കാനും അധികാരമുണ്ട്.
ഹാജരാകാന്‍ വിസമ്മതിച്ചാലോ?
സമന്‍സ് അയച്ചു ഹാജരാകാത്ത പക്ഷം, 10,000 രൂപ വരെ പിഴ ഈടാക്കാം. ഇത് കൂടാതെ, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 174 ഉപയോഗിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. സമന്‍സ് അയച്ചാല്‍ ഹാജരാകാത്തതിന് ഒരു മാസത്തെ തടവിനും അല്ലെങ്കില്‍ 500 രൂപ പിഴയ്ക്കും ശിക്ഷ വിധിക്കാം. പിഎംഎല്‍എയുടെ സെക്ഷന്‍ 63 (2) (സി) പ്രകാരം, ഒരു വ്യക്തി ഇഡി പുറപ്പെടുവിച്ച സമന്‍സുകള്‍ മാനിക്കാന്‍ വിസമ്മതിക്കുകയോ അല്ലെങ്കില്‍ ഏജന്‍സി ആവശ്യപ്പെടുന്ന രേഖകളോ തെളിവുകളോ ഹാജരാക്കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍, ”പിഴയായി ഒരു തുക അടയ്ക്കണം. ഈ പിഴ അഞ്ഞൂറ് രൂപയില്‍ കുറവായിരിക്കരുത്. സെക്ഷന്‍ 63 (4) പ്രകാരം ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വ്യക്തിക്കെതിരെ 174-ാം വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ സാധിക്കും.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമോ?
പിഎംഎല്‍എയുടെ സെക്ഷന്‍ 63 പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യുന്നതിന്, ഐപിസി സെക്ഷന്‍ 174 പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് വിചാരണ നടത്തുകയും വേണം. ഇഡിയുടെ ചരിത്രത്തില്‍ ഇതുവരെയും 174 പ്രകാരം കേസ് എടുത്തിട്ടില്ല. സമന്‍സ് നിരസിക്കുന്ന വ്യക്തിക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുക എന്നതാണ് മറ്റൊരു നിയമ മാര്‍ഗം. എന്നിരുന്നാലും, കെജ്രിവാളും സോറനും ഉള്‍പ്പെടെ സമന്‍സ് നിരസിച്ചവരില്‍ ഭൂരിഭാഗവും ഹാജരാകാത്തതിന്റെ കാരണങ്ങള്‍ രേഖാമൂലം നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ വാറണ്ട് പുറപ്പെടുവിക്കുന്നത് എളുപ്പമാകില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയണം. കൂടാതെ സമന്‍സ് അയച്ച ഒരാളെ അറസ്റ്റ് ചെയ്യാന്‍ ഇഡിയെ സെക്ഷന്‍ 50 അനുവദിക്കുന്നില്ലെന്നും കോടതി വിധികള്‍ പറയുന്നു.
എങ്ങനെയാണ് ഇഡി ഒരു വ്യക്തിയെ നിസ്സഹകരണത്തിന് അറസ്റ്റ് ചെയ്യുന്നത്?
നിസ്സഹകരണത്തിന് അറസ്റ്റ് ചെയ്യാന്‍ പിഎംഎല്‍എയില്‍ നിലവില്‍ വ്യവസ്ഥകളൊന്നുമില്ല. സമന്‍സ് അയച്ച വ്യക്തി സഹകരിക്കുന്നില്ല എന്ന നിഗമനത്തില്‍ എത്തുന്നതിന് മുമ്പ് ഏജന്‍സി എത്ര സമന്‍സുകള്‍ നല്‍കണം എന്നതിന് പരിധിയില്ല. കള്ളപ്പണം വെളുപ്പിക്കല്‍ എന്ന കുറ്റത്തിന് ആ വ്യക്തി യഥാര്‍ത്ഥത്തില്‍ കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്ന് നിയമം പറയുന്നു. അതിനാല്‍, അറസ്റ്റ് നടക്കുന്നതിന് മുമ്പ് കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇവരുടെ പങ്കാളിത്തത്തിന് ശക്തമായ വിശ്വാസമോ തെളിവോ ആവശ്യമാണ്.
പിഎംഎല്‍എയുടെ സെക്ഷന്‍ 19 പ്രകാരം, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അല്ലെങ്കില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയ ചില അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയാല്‍, അവര്‍ക്ക് ആ വ്യക്തിയെ അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്ത ശേഷം, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങളെക്കുറിച്ച് അവര്‍ ഉടന്‍ തന്നെ അറിയിക്കണം. ഈ അറിയിപ്പ് രേഖാമൂലം ആയിരക്കണമെന്ന മുന്‍ സുപ്രിം കോടതി വിധിക്കു മുകളിലാണ് കഴിഞ്ഞ മാസം വാക്കാല്‍ അറിയിച്ചാല്‍ മതിയെന്ന് സുപ്രിം കോടതിയിടെ മറ്റൊരു ബെഞ്ച് പ്രഖ്യാപിച്ചത്.
ഈ വ്യവസ്ഥകളെ കോടതികള്‍ എങ്ങനെയാണ് വ്യാഖ്യാനിച്ചത്?
2023 ഒക്ടോബര്‍ 19-ന് ഡല്‍ഹി ഹൈക്കോടതി, പിഎംഎല്‍എയുടെ സെക്ഷന്‍ 50 പ്രകാരം സമന്‍സ് പുറപ്പെടുവിക്കാനുള്ള ഇഡിയുടെ അധികാരത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉള്‍പ്പെടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ജസ്റ്റിസ് അനുപ് ജയറാം ഭംഭാനിയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് രണ്ടും വ്യത്യസ്തമാണെന്നും പറഞ്ഞു. ഏജന്‍സിയുടെ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലോ (ഇസിഐആര്‍) പ്രോസിക്യൂഷന്‍ പരാതിയിലോ പ്രതിയായി പേരെടുത്തിട്ടില്ലെങ്കിലും ഇഡി അറസ്റ്റ് ചെയ്യുന്ന ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാമെന്നും ഹൈക്കോടതി പറഞ്ഞു.