പ്രതിപക്ഷ നിരയിലുള്ള 20 ഓളം മുഖ്യമന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, പ്രധാന നേതാക്കള്‍ എന്നിവര്‍ക്കെതിരേ കേസുകളും അന്വേഷണവും
മോദി ഭരണകൂടം അധികാരത്തില്‍ വന്നനാള്‍ മുതല്‍ കേള്‍ക്കുന്നതാണ്, രാഷ്ട്രീയ ലാഭത്തിനു വേണ്ടി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുര്യുപയോഗം ചെയ്യുന്നുവെന്ന്. അന്വേഷണ ഏജന്‍സികളില്‍-ഇഡി അഥവ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് പ്രധാന ആയുധം. ബിജെപിയോടു സഖ്യമല്ലാത്ത പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇഡി ‘ ആക്ടീവ്’ ആണ്. പ്രതിപക്ഷ നേതാക്കളില്‍ നല്ലൊരു പങ്കിനുമേലും അവരുടെ റഡാറുകള്‍ പ്രവര്‍ത്തിക്കുകയാണ്.
ദ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു റിപ്പോര്‍ട്ട് ഈയവസരത്തില്‍ പ്രസക്തമാണ്. ഇഡി വിരല്‍ ചൂണ്ടിയിരിക്കുന്ന ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖന്മാര്‍ ആരൊക്കെയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.
ഹേമന്ദ് സോറന്‍-ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറന്‍ ഒടുവില്‍ ഇഡിക്ക് കീഴടങ്ങി. കള്ളപ്പണക്കേസില്‍ പലതവണ ഇഡി നോട്ടീസുകള്‍ നിരാകരിച്ചു മുന്നോട്ടു പോയിരുന്ന സോറനെ ഒടുവില്‍ സാമ്പത്തിക കുറ്റാന്വേഷണ എജന്‍സി അറസ്റ്റ് ചെയ്യുകയും, തത്ഫലമായി മുഖ്യമന്ത്രി കസേരയില്‍ നിന്നും രാജിവയ്‌ക്കേണ്ടിയും വന്നു.
അരവിന്ദ് കെജ്രിവാള്‍-ഡല്‍ഹി
ഹേമന്ദ് സോറനൊപ്പം ഇഡി നോട്ടീസ് അയച്ചുകൊണ്ടിരുന്ന മറ്റൊരു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. ഡല്‍ഹി മദ്യനയ അഴിമതിയില്‍ കെജ്രിവാളിന് പങ്കുണ്ടെന്നാണ് ഇഡിയുടെ ആരോപണം. തങ്ങള്‍ക്ക് അനുകൂലമായി മദ്യ നയം പ്രഖ്യാപിക്കാന്‍ സ്വകാര്യ വ്യക്തികള്‍ സര്‍ക്കാരിന് 100 കോടിയോളം കോഴ നല്‍കിയെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നാല് തവണ ഇഡി നോട്ടീസ് അയച്ചെങ്കിലും ആം ആദ്മി മുഖ്യമന്ത്രി ഇതുവരെ ഇഡി സമക്ഷം പോയിട്ടില്ല.
രേവന്ത് റെഡ്ഡി-തെലങ്കാന
രാജ്യത്ത് കോണ്‍ഗ്രസിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് സഹായിച്ച വിജയമായിരുന്നു തെലങ്കാനയില്‍ ഉണ്ടായത്. സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിക്കാന്‍ പാര്‍ട്ടിയെ സഹായിച്ച രേവന്ത് റഡ്ഡിയാണ് മുഖ്യമന്ത്രി. രേവന്ത് റഡ്ഡിയെയും ഇഡി കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 2015-ല്‍ തെലുങ്കുദേശ് പാര്‍ട്ടി(ടിഡിപി) നേതാവായിരുന്ന കാലത്ത് എംഎല്‍സി തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ ഒരു നോമിനേറ്റഡ് എംഎല്‍എയ്ക്ക് 50 ലക്ഷം കൈക്കൂലി കൊടുത്തുവെന്ന കേസാണ് ഇഡി ഇപ്പോള്‍ കൈയിലെടുത്തിരിക്കുന്നത്.
വൈ എസ് ജഗന്‍ മോഹന്‍-ആന്ധ്ര പ്രദേശ്
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ പലവിധ അന്വേഷണങ്ങള്‍ നേരിടുന്നുണ്ട്. 2015-ല്‍ ഇഡി അദ്ദേഹത്തിനെതിരേ പുതിയൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ്(പിഎംഎല്‍എ) ചാര്‍ജ് ചെയ്തിരുന്നു. ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് കേസിനാധാരം.
ഭൂപേഷ് ഭാഗേല്‍-ഛത്തീസ്ഗഢ്
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായ ഛത്തീസ്ഗഢിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെതിരേ കുറഞ്ഞത് മൂന്നോളം ഇഡി കേസുകളുണ്ട്. ഖനി ലേലം, മദ്യനയം, മഹാദേവ് ബെറ്റിംഗ് ആപ്പ് തുടങ്ങി, അദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്ന സംഭവങ്ങളുടെ മേലാണ് കള്ളപ്പണ കേസുകള്‍ ചുമത്തിയിരിക്കുന്നത്.
ലാലു പ്രസാദ് യാദവ്-ബിഹാര്‍
ബിഹാറില്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, ഇവരുടെ മകനും ബിഹാറില്‍ ഉപമുഖ്യമന്ത്രി പദത്തിലുണ്ടായിരുന്നയാളുമായ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ ഐആര്‍സിടിസി അഴിമതി, ജോലിക്ക് പകരമായി ഭൂമി വാങ്ങിയത് എന്നിങ്ങനെ കേസുകളുണ്ട്. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത ഐആര്‍സിടിസി അഴിമതി കേസ് ലാലു റെയില്‍വേ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് രണ്ട് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണികളുടെ ചുമതല ഒരു സ്വകാര്യ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ടതാണ.് റെയില്‍വേയില്‍ ജോലി നല്‍കാന്‍ വേണ്ടി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കൈക്കൂലിയായി ഭൂമി പതിച്ചു വാങ്ങിയെന്നതാണ് 2022-ലെ ജോലിക്ക് ഭൂമി കേസ്.
ഭൂപീന്ദര്‍ ഹൂഡ-ഹരിയാന
ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കു പിന്നാലെയും ഇഡി നടക്കുന്നുണ്ട്. പഞ്ച്കുളയിലെ ഭൂമി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്(എജെഎല്‍) പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട മനേസര്‍ ഭൂമി ഇടപാട് കേസ് ആണ് ഹൂഡയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എജിഎല്‍ കേസില്‍ ഹൂഡയെയും മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറയെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള പരാതി അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചിട്ടുണ്ട്.
അശോക് ഗെലോട്ട്-രാജസ്ഥാന്‍
അധികാരം നഷ്ടപ്പെട്ട രാജസ്ഥാനിലും കോണ്‍ഗ്രസിനു പിന്നാലെ ഇഡിയുണ്ട്. മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസിന്റെ തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയായ കാര്‍ത്തി ചിദംബരവും ഉള്‍പ്പെടുന്ന ആംബലന്‍സ് അഴമതി കേസാണ് അവിടെ അന്വേഷിക്കുന്നത്. 2010-ല്‍ സികിറ്റ്‌സ ഹെല്‍ത്ത് കെയറിന് 108 ആംബുലന്‍സുകളുടെ കരാര്‍ നല്‍കിയതിലെ അഴിമതിയാരോപിച്ചാണ് 2015-ല്‍ ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കാര്‍ത്തിയും സച്ചിനും ആരോപണവിധേയമായ കമ്പനിയിലെ ഡയറക്ടര്‍മാരായിരുന്നു.
അഖിലേഷ് യാദവ്- ഉത്തര്‍ പ്രദേശ്
ഗോമ്തി നദീതീര പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി നടത്തിയെന്ന കേസാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി തലവനുമായ അഖിലേഷ് യാദവിനെതിരേയുള്ളത്. ഇഡിയെ കൂടാതെ സിബിഐയും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
ഫറൂഖ് അബ്ദുള്ള- ജമ്മു കശ്മീര്‍
ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരേ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി കേസാണുള്ളത്. ബിസിസിഐയില്‍ നിന്നും ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ഗ്രാന്റ് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.
ഒമര്‍ അബ്ദുള്ള-ജമ്മു കശ്മീര്‍
ഫറുഖ് അബ്ദുള്ളയുടെ മകനും കശ്മീരിലെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഒമര്‍ അബ്ദുള്ളക്കെതിരേയും ഇഡി കേസുണ്ട്. ജമ്മു കശ്മീര്‍ ബാങ്ക് ഡയറക്ടേഴ്‌സ് നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ 2022-ല്‍ ഇഡി ഒമറിനെ ചോദ്യം ചെയ്തിരുന്നു.
മെഹബൂബ മുഫ്തി-ജമ്മു കശ്മീര്‍
ജമ്മു-കശ്മീരിലെ തന്നെ മറ്റൊരു മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയും ഇഡി അന്വേഷണം നേരിടുന്നുണ്ട്. ജമ്മു കശ്മീര്‍ ബാങ്കുമായി ബന്ധപ്പെട്ട് തന്നെയാണ് മെഹബൂബയ്‌ക്കെതിരേയും അന്വേഷണം.
നബാം തുകി-അരുണാചല്‍ പ്രദേശ്
അരുണ്‍ചാല്‍ പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാം തുകിയ്‌ക്കെതിരേ 2019-ല്‍ സിബിഐ അഴിമതി കേസ് എടുത്തതിനു പിന്നാലെയാണ് ഇഡി കള്ളപ്പണ കേസ് ചുമത്തിയിരിക്കുന്നത്.
ഒക്‌റാം ഇബോബി സിംഗ്-മണിപ്പൂര്‍
മണിപ്പൂരിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗിന്റെ വീട്ടില്‍ 2019 നവംബറില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. മണിപ്പൂര്‍ ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് 332 കോടിയുടെ അഴിമതി നടത്തിയെന്നാണ് സിബിഐ അന്വേഷിക്കുന്ന കേസ്. ഇതിനു പിന്നാലെ ഇഡി കള്ളപ്പണക്കേസും രജിസ്റ്റര്‍ ചെയ്തു.
ശങ്കര്‍ സിംഗ് വഗേല-ഗുജറാത്ത്
ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ശങ്കര്‍ സിംഗ് വഗേലയ്‌ക്കെതിരേയും സിബിഐ, ഇഡി കേസുകളുണ്ട്. വഗേല കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് മുംബൈയില്‍ ഒരു സുപ്രധാന ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് 709 കോടിയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടാക്കിയെന്നതാണ് കേസ്. 2015 ലും സിബിഐയും 2016-ല്‍ ഇഡിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരേ കേസ് ചുമത്തി. നരേന്ദ്ര മോദിയും അമിത് ഷായും എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുകളാണെന്നു വഗേല ആരോപിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ കേസുകള്‍ വരുന്നത്. അന്വേഷണം ഇപ്പോഴും തുടരുകയാണ്.
ശരദ് പവാര്‍-മഹാരാഷ്ട്ര
എന്‍സിപി തലവന്‍ ശരദ് പവാറിനെതിരേയും ഇഡിയുടെ കള്ളപ്പണ കേസുണ്ട്. മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയാണ് കേസ്. പവാറിന്റെ അനന്തരവന്‍ അജിത് പവാറും കേസില്‍ പ്രതിയാണ്. പക്ഷേ, മറുകണ്ടം ചാടിയ അജിത് ഇപ്പോള്‍ ബിജെപി സഖ്യ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയാണ്.
ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്, ബിഎസ്പി നേതാവും യുപിയുടെ മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരേ ഏതെങ്കിലും കേന്ദ്രാന്വേഷണ ഏജന്‍സിയുടെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും അവര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പല പദ്ധതികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ്. അതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരേ 15 വര്‍ഷത്തിനുമേലായി എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി സിബിഐ നടക്കുന്നുണ്ട്. ഇഡിയും പിണറായിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പക്ഷേ, ഇതുവരെ കേസുകളൊന്നും ചുമത്താന്‍ സാധിച്ചിട്ടില്ല.