UPDATES

അക്ബറെ സൂരജും സീതയെ തനയയും ആക്കിയവര്‍ ഈ പേരുകളൊക്കെ കേട്ടാല്‍ ഞെട്ടുമല്ലോ!

വിശ്വാമിത്രന്‍ മുതല്‍ ഐശ്വര്യ റായ് വരെ

                       

ഇന്ത്യയില്‍ ഈയടുത്ത് ഉണ്ടായ ഏറ്റവും വലിയ വിവാദവും ചര്‍ച്ചയും രണ്ട് സിംഹങ്ങളെ പ്രതിയായിരുന്നു. പശ്ചിമ ബംഗാള്‍ മൃഗശാലയിലെ സിംഹങ്ങള്‍ക്ക് സീതയും അക്ബറും എന്നു പേരിട്ടത് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് വിവാദം വരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി മൃഗങ്ങള്‍ക്കു ദൈവങ്ങളുടെയോ വിശിഷ്ട വൃക്തികളുടെയോ പേരുകള്‍ ഇടരുതെന്ന് വിധിക്കുന്നു. ത്രിപുര മൃഗശാലയില്‍ നിന്നായിരുന്നു സീതയും അക്ബറും ബംഗാളിലെത്തിയത്. കോടതിയും കേസുമൊക്കെ ആയതിനു പിന്നാലെ സിംഹങ്ങള്‍ക്ക് സീതയും അക്ബറുമെന്നു പേരിട്ട രണ്ട് ത്രിപുര വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡും ചെയ്തു.

എന്തായാലും, പേരിന്റെ പേരില്‍ പോരെടുത്തവര്‍ വിജയിച്ചു. അക്ബര്‍ സൂരജ് ആയി, സീത തനയയുമായി. സിംഹങ്ങള്‍ക്ക് പുതിയതായി നിശ്ചയിച്ച പേരുകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് കൈമാറി. മൃഗശാല അതോറിറ്റി പേരുകള്‍ അംഗീകരിക്കുന്നതോടെ ഇനിയവര്‍ സൂരജും തനയയുമായി ജീവിക്കും.

ഇങ്ങനെയൊരു പേരുമാറ്റം തികച്ചും രാഷ്ട്രീയപ്രേരിതമാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള മൃഗശാലകളിലെ മൃഗങ്ങള്‍ക്ക് വര്‍ഷങ്ങളായി പല പേരുകളും ഇടുന്നുണ്ട്. അവയില്‍ ദൈവ നാമങ്ങള്‍ തൊട്ട് ആളുകള്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിശിഷ്ടവ്യക്തികളുടെ പേരുകള്‍ വരെയുണ്ട്. അവയൊന്നും തന്നെ ഇതുവരെ ആരുടെയും മതവികാരമോ രാഷ്ട്രീയതാത്പര്യത്തെയോ വൃണപ്പെടുത്തിയിരുന്നില്ല. ദ ഇന്ത്യന്‍ എക്പ്രസിന്റെ റിപ്പോര്‍ട്ടില്‍ നമ്മുടെ മൃഗശാലകളിലെ മൃഗങ്ങളുടെ പേരുകള്‍ എന്തൊക്കെയായിരുന്നുവെന്ന് പറയുന്നുണ്ട്.

ഇന്ന് സീതയും അക്ബറും ഒരുമിച്ചതിലാണ് പ്രശ്നമെങ്കില്‍, ഇതേ ഇന്ത്യയില്‍ ‘രാമനും’ ‘മുംതാസും’ ഒരു കുഴപ്പവുമില്ലാതെ കഴിഞ്ഞിട്ടുണ്ട്. അതും ഗുജറാത്തില്‍! 1970കളില്‍ ഗുജറാത്തിലെ ജുനാഗഡ് മൃഗശാലയില്‍ ഉണ്ടായിരുന്ന സിംഹങ്ങളായിരുന്നു രാമനും മുംതാസും. 1980-ല്‍ മൈസൂരിലുണ്ടായിരുന്ന രാധ-കൃഷ്ണ എന്നീ കടുവ ദമ്പതിമാര്‍ക്ക് പിറന്ന കുഞ്ഞുങ്ങളായിരുന്നു മുംതാസും സഫ്ദറും. കൊല്‍ക്കൊത്ത ഹൈക്കോടതിയുടെ ഉത്തരവില്‍ മൃഗങ്ങള്‍ക്ക് സ്വാതന്ത്രസമര പോരാളികളുടെ പേരും ഇടരുതെന്നാണ് പറയുന്നത്. 2004-ല്‍ ജുനാഗഡ് മൃഗശാലയില്‍ പിറന്ന ഒരു പെണ്‍സിംഹത്തിന്റെ പേര് ആസാദി എന്നായിരുന്നു.

വിഎച്ച്പി ഹര്‍ജി പരിഗണിച്ചുകൊണ്ട് 2024 ഫെബ്രുവരി 22 ന് ഹൈക്കോടതി ജസ്റ്റീസ് സൗഗത ഭട്ടാചാര്യ ചോദിച്ചത്, നിങ്ങള്‍ ഒരു സിംഹത്തിന് സാമ്രാട്ട് അശോക് എന്നു പേരിടുമോ എന്നായിരുന്നു.

ഗുജറാത്തിലെ ജുനാഗഡ് മൃഗശാലയില്‍ 1991-ല്‍ ഒരു അശോക സിംഹമുണ്ടായിരുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നത്. ഒഡീഷയിലെ നന്ദന്‍കനന്‍ മൃഗശാലയില്‍ 1981 ലും 1994ലും ആശോക എന്നു പേരുള്ള രണ്ട് കടുവകളുണ്ടായിരുന്നു. ഇവരില്‍ രണ്ടാമത്തെ അശോകയ്ക്കും അവന്റെ ഇണ തനൂജയ്ക്കും 2000-ല്‍ ഒരു കുഞ്ഞ് പിറന്നപ്പോള്‍ നല്‍കിയ പേര് ഷംഷേര്‍ എന്നായിരുന്നു.

ഷംഷേറിന്റെ അമ്മ, അതായത് അശോകയുടെ ഇണയായ തനൂജ ആരുടെ മകളായിരുന്നുവെന്നോ? വിശ്വാമിത്രയുടെ! അതേ, സപ്തര്‍ഷികളൊരാളായ സാക്ഷാല്‍ വിശ്വാമിത്രന്റെ പേരായിരുന്നു ഒരു കടുവയ്ക്ക് അന്ന് നല്‍കിയിരുന്നത്. ആരും വിവാദവുമുണ്ടാക്കിയില്ല, കോടതിയിലും പോയില്ല. ‘വിശ്വാമിത്ര’യുടെ സഹോദരനായിരുന്നു ‘ വസിഷ്ഠ’; സപ്തര്‍ഷികളില്‍ മറ്റൊരാള്‍!

സെന്‍ട്രല്‍ മൃഗശാല അതോറിറ്റിയുടെ നാഷണല്‍ സ്റ്റഡ്ബുക്കുകളില്‍ (2018 പതിപ്പുകള്‍) 1950 കള്‍ മുതല്‍ ഇന്ത്യയിലെ മൃഗശാലകളില്‍ കഴിയുന്ന കടുവകളുടെയും സിംഹങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീതയും അക്ബറും ഇന്ത്യയിലുടനീളമുള്ള മൃഗശാലകളിലെ ജനപ്രിയ പേരുകളാണെന്ന് ആ വിവരങ്ങളില്‍ നിന്നും വ്യക്തമാകുമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നത്.

1996-ല്‍ മുംബൈയിലെ ബൈകുള മൃഗശാലയിലുണ്ടായിരുന്ന ഒരു പെണ്‍ സിംഹത്തിന്റെ പേര് സീതയെന്നായിരുന്നു. 1974 മുതലുള്ള റെക്കോര്‍ഡ് പരിശോധിച്ചാല്‍, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായുള്ള 12 മൃഗശാലകളില്‍ 13 സീത സിംഹങ്ങളുണ്ടായിരുന്നു. 2011 ല്‍ ഹൈദരാബാദിലെ മൃഗശാലയില്‍ അതുല്‍ എന്ന ആണ്‍ സിംഹത്തിനും സോണിയ എന്ന പെണ്‍സിംഹത്തിനും പിറന്ന കുട്ടിക്ക് പേരിട്ടത് അക്ബര്‍ എന്നായിരുന്നു. അക്ബറിന്റെ സഹോദരി ആരായിരുന്നെന്നോ, ലക്ഷ്മി! 1981ല്‍ മൈസൂര്‍ മൃഗശാലയില്‍ പിറന്ന മൂന്ന് കടുവ സഹോദരങ്ങളായിരുന്നു- അമര്‍, അക്ബര്‍, ആന്റണി. 2016-ല്‍ മാംഗ്ലൂര്‍ മൃഗശാലയിലും അമര്‍-അക്ബര്‍-ആന്റണിമാരുണ്ടായിരുന്നു.

എന്തിനാണ് മൃഗങ്ങള്‍ക്ക് ഇങ്ങനെ പേരിടുന്നത്? ഓരോ മൃഗശാലയിലെ മൃഗങ്ങള്‍ക്കും മൂന്ന് ഐഡന്റിറ്റികളുണ്ടാകും. അതിന്റെ ട്രാന്‍സ്‌പോണ്ടര്‍ മൈക്രോചിപ്പിലെ നമ്പര്‍, ദേശീയ സ്റ്റഡ്ബുക്കിലെ നമ്പര്‍, ഒരു പ്രാദേശിക നാമം(ഹൗസ് നെയിം). ഒരു മൃഗത്തെ ഒരു വ്യക്തി എന്ന നിലയില്‍ കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍, ആശയവിനിമയത്തിനാണ് ഇത്തരം പേരുകള്‍ നല്‍കുന്നത് എന്നാണ് കൊല്‍ക്കത്ത മൃഗശാലയിലെ ഒരു മുന്‍ മൃഗപരിപാലകന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറയുന്നത്. എന്നാല്‍ ഇത്തരം പേരുകളില്‍ വലിയ കാര്യമൊന്നുമില്ല. മൃഗങ്ങളുടെ കൈമാറ്റത്തിനും പ്രജനനത്തിനുമൊക്കെ പരിഗണിക്കുന്നത് സ്റ്റഡ്ബുക്കിലെ നമ്പറായിരിക്കും. പേരുകള്‍ ഇടുന്നതിലോ, അതിന്റെ പിന്നാലെ പരാതിയുമായി പോകുന്നതിലോ യാതൊരു കാര്യവുമില്ലെന്നാണ് സെന്‍ട്രല്‍ സൂ അഥോറിറ്റിയുടെയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും മുന്‍ ഡയറക്ടര്‍ ആര്‍ പി സിംഗ് ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞത്.

കാട്ടില്‍ നിന്നും പിടിക്കപ്പെട്ട രണ്ട് കടുവകളായിരുന്നു മധ്യപ്രദേശിലെ രേവ മൃഗശാലയിലുണ്ടായിരുന്ന മോഹനും ബീഗവും. അവര്‍ക്ക് 1955-ല്‍ ഒരു പെണ്‍ കുഞ്ഞ് പിറന്നു. അവളായിരുന്നു ഇന്ത്യയില്‍ ആദ്യമായി ഒരു മൃഗശാലയില്‍ പിറക്കുന്ന കടുവ. അവളുടെ പേര് സീത എന്നായിരുന്നു. ഒരു പ്രതിഷേധവും അന്നുണ്ടായില്ല. പൂനെ മൃഗശാലയിലെ കൈകേയി എന്ന പെണ്‍കടുവ 1992 ലും 1994 ലും ഓരോ കുട്ടികളെ പ്രസവിച്ചു. അവര്‍ യഥാക്രമം സുല്‍ത്താനും മസ്താനിയും എന്നു വിളിക്കപ്പെട്ടു. ആന്ധ്രയിലെ തിരുപ്പതി മൃഗശാലയിലെ ഹസീന എന്ന പെണ്‍ കടുവ മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു. അവര്‍ക്ക് മൃഗശാലക്കാര്‍ ഇട്ട പേരുകള്‍ കൃഷ്ണ, ബലറാം, സുഭദ്ര എന്നിങ്ങനെയായിരുന്നു. ഡല്‍ഹി മൃഗശാലയിലെ പെണ്‍കടുവ കുന്തി പ്രസവിച്ച കുഞ്ഞുങ്ങളായിരുന്നു കര്‍ണനും അര്‍ജുനനും. അതുപോലെ ഛത്തീസ്ഗഡിലെ ഭിലായ് മൃഗശാലയിലെ ശങ്കറിനും പാര്‍വതിക്കും 1991ലും 1992 ലും പിറന്ന കുട്ടികളായിരുന്നു ഗണേഷും സരസ്വതിയും. ചിലയിടങ്ങളില്‍ പുരാണ കഥകള്‍ അതുപോലെ പിന്തുടരുമ്പോള്‍, മറ്റു ചിലയിടങ്ങളില്‍ കഥകളും കഥാപാത്രങ്ങളും മാറിമാറിയും. 1999-ല്‍ ഗണേഷ് എന്ന കടുവ തന്റെ ഇണയായ പാര്‍വതിയില്‍ ജന്മം നല്‍കിയത് വികാസ് എന്ന കുഞ്ഞിനായിരുന്നു. ഗണേഷിന്റെ മറ്റൊരു ഇണയായ സരസ്വതി ജന്മം നല്‍കിയതാകട്ടെ വിഷ്ണു, കൃഷ്ണ, ദുര്‍ഗ എന്നിവര്‍ക്കും. അതായത്, പ്രജനനത്തിനായി മൃഗങ്ങളെ ഒരുമിപ്പിക്കുന്നതില്‍ മൃഗശാലകളില്‍ ഇടുന്ന പേരുകള്‍ ഒരു തടസമായിട്ടില്ലെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. 1991 ല്‍ പഞ്ചാബിലെ ഛത്ബിര്‍ മൃഗശാലയില്‍ ഇണകളായി ഉണ്ടായിരുന്നത് സീതയും ബലരാമനുമായിരുന്നു. 1991-ല്‍ പൂനെ മൃഗശാലയിലെ ഇണകള്‍ ലക്ഷ്മിയും ആന്റണിയുമായിരുന്നു. ഇതുപോലെ, പുരാണങ്ങളിലും ചരിത്രങ്ങളിലും ദമ്പതിമാരോ, പ്രണയജോടികളോ ആയിരുന്നവര്‍ മൃഗശാലകളില്‍ സഹോദരങ്ങളായും മാറിയിട്ടുണ്ട്. 1995-ല്‍ മധ്യപ്രദേശിലെ ശിവ്പുരി മൃഗശാലയില്‍ ജനിച്ച രാമനും സീതയും, 1987-ല്‍ ഒഡീഷയിലെ നന്ദന്‍കനനില്‍ പിറന്ന സാവിത്രിയും സത്യവാനും, 2003-ല്‍ മുംബൈയിലെ ബോറിവാലിയില്‍ പിറന്ന ബാജിറാവുവും മസ്താനിയുമെല്ലാം ഇതിനുള്ള ഉദ്ദാഹരണങ്ങളാണ്.

മറ്റ് ചില പേരുകള്‍ കൂടി അറിയുക:

1976-ല്‍ മൈസൂര്‍ മൃഗശാലയിലെ കൃഷ്ണ എന്ന കടുവയുടെ മകളായിരുന്നു ശൂര്‍പ്പണഖ.

1987-ല്‍ കൊല്‍ക്കത്തയിലെ ശിവ എന്ന കടുവയുടെ മകളുടെ പേര് ബീഗം എന്നായിരുന്നു.

1997-ല്‍ പൂനെയില്‍ ലക്ഷ്മി എന്ന കടുവ പ്രസവിച്ച കുട്ടികളായിരുന്നു ജിപ്സിയും റസിയയും.

1998-ല്‍ കൊല്‍ക്കത്തയില്‍ ഗായത്രി കടുവയ്ക്ക് ജനിച്ച കുട്ടിയായിരുന്നു ബാദുഷ.

2004-ല്‍ ഔറംഗബാദില്‍ സീത എന്ന കടുവ ജന്മം നല്‍കിയ കുട്ടിക്കിട്ട പേര് കൈഫ് എന്നായിരുന്നു.

2010-ല്‍ ഗുജറാത്തിലെ ജുനാഗഡ് മൃഗശാലയില്‍ തുളസി, സര്‍ജിത് എന്നീ സിംഹ ജോടികള്‍ക്ക് പിറന്ന കുട്ടിയുടെ പേര് താക്കൂര്‍ എന്നായിരുന്നു.

2011-ല്‍ കര്‍ണാടകയിലെ ബനേര്‍ഘട്ട മൃഗശാലയില്‍ പിറന്ന ശിവ എന്ന കടുവ കുട്ടിക്ക് ജന്മം നല്‍കിയത് മേനകയായിരുന്നു.

2016-ല്‍ ഭിലായ് മൃഗശാലയില്‍ ഗംഗ എന്ന കടുവ സുല്‍ത്താന് ജന്മം നല്‍കിയപ്പോള്‍, ഇറ്റാവയിലെ സുല്‍ത്താന്റെ പേരിലുള്ള സിംഹത്തിന്റെ മകനായി ശങ്കറും ജനിച്ചു.

സമകാലിക സംഭവവികാസങ്ങളില്‍ നിന്നും മൃഗങ്ങള്‍ക്ക് പേര് കണ്ടുപിടിക്കാറുണ്ട്. അത്തരത്തിലൊരു പേരായിരുന്നു 1999-ല്‍ കാണ്‍പൂരിലെ മൃഗശാലയിലെ ഒരു സിംഹത്തിന് ഇട്ട ‘ കാര്‍ഗില്‍’. 1983-ല്‍ ബ്ലോക്ബസ്റ്റര്‍ ആയി മാറിയ ബോളിവുഡ് സിനിമയായിരുന്നു ഹീറോ. പാട്ന മൃഗശാലക്കാര്‍ അവരുടെ പുതിയ കടുവയ്ക്ക് നല്‍കിയ പേര് ജാക്കി എന്നായിരുന്നു. ഹീറോയിലൂടെ തരംഗം സൃഷ്ടിച്ച ജാക്കി ഷറോഫിന്റെ പേര് തന്നെ! 1996-ല്‍ കാണ്‍പൂര്‍ മൃഗശാലയില്‍ ഒരു കടുവയ്ക്ക് ഐശ്വര്യ എന്നു പേരിട്ടു. അതിന് രണ്ടു വര്‍ഷം മുമ്പായിരുന്നു ഐശ്വര്യ റായി വിശ്വസുന്ദരി പട്ടം ചൂടിയത്. 2002 ല്‍ ബെംഗളൂരുവിലെ ബനേര്‍ഘട്ട് മൃഗശാലയില്‍ മൂന്നു കടുവ കുഞ്ഞുങ്ങള്‍ക്ക് പേരിട്ടത് ദ്രാവിഡ്, ടെന്‍ഡുല്‍ക്കര്‍, കല്‍പ്പന ചൗള എന്നിങ്ങനെയായിരുന്നു.

വിഖ്യാത വേട്ടക്കാരന്‍ ജീം കോര്‍ബേറ്റിന്റെ പേരിലെ ജിം എടുത്തായിരുന്നു 1967-ല്‍ ഡല്‍ഹി മൃഗശാലയിലെ ഒരു കടുവയ്ക്ക് പേര് നല്‍കിയത്. 1984-ല്‍ കാണ്‍പൂര്‍ മൃഗശാലയില്‍ ഷേരൂ എന്ന കടുവ പിറന്നു. ജുനാഗഡ് മൃഗശാലയില്‍ 1996-ല്‍ പിറന്ന രണ്ട് സിംഹങ്ങളുടെ പേരുകള്‍ മുഫാസയെന്നും സിംബയെന്നുമായിരുന്നു.

ഹൈക്കോടതി ഉത്തരവിട്ടതുപോലെ അത്ര എളുപ്പമല്ല മൃഗങ്ങള്‍ക്ക് നിലവിലുള്ള പേരുകള്‍ മാറ്റുന്നതെന്നാണ് ഒരു മൃഗശാല പരിപാലകന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറയുന്നത്. ഇവിടെ വരുന്ന ദിവസം മുതല്‍ ഒരു പേര് വിളിച്ചായിരിക്കും പരിപാലകര്‍ ഓരോ മൃഗത്തെയും ഇണക്കിയെടുക്കുന്നത്. ആ പേരാണ് മനുഷ്യനും മൃഗത്തിനും ഇടയിലുള്ള ആശയവിനിമയത്തിന് പ്രധാന പങ്കുവഹിക്കുന്നത്. ഒറ്റ രാത്രികൊണ്ട് പുതിയൊരു പേരിട്ട് വിളിച്ചാല്‍ മൃഗങ്ങള്‍ തിരിച്ചു പ്രതികരിക്കില്ലെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍