UPDATES

വിദേശം

സ്ത്രീകളുടെ അവകാശത്തിനായി പ്രവർത്തിച്ചു ശിക്ഷ ; 11 വർഷം തടവ്

യുവ വനിതാ ആക്ടിവിസ്റ്റിന് ജയിൽ വിധിച്ച് സൗദി സർക്കാർ

                       

വസ്ത്രസ്വാതന്ത്രത്തെ പ്രോത്സാഹിപ്പിച്ചതിനും സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ചതിനും സൗദി അറേബ്യയിലെ യുവ വനിതാ ആക്ടിവിസ്റ്റായ മനാഹെൽ അൽ-ഒതൈബിയെ തീവ്രവാദ വിരുദ്ധ കോടതി 11 വർഷത്തെ തടവിന് ശിക്ഷിച്ചു.

ജനുവരി 9 ന് സൗദി സർക്കാർ തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് മനാഹെൽ അൽ-ഒതൈബിയെ ശിക്ഷിച്ചതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർക്ക് നൽകിയ പ്രസ്താവനയിൽ സൗദി ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട തെറ്റായതോ ഹാനികരമായതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന സൗദി തീവ്രവാദ വിരുദ്ധ നിയമം ലംഘിച്ചതിനാണ് മനാഹെൽ അൽ-ഒതൈബിയെ ശിക്ഷ വിധിച്ചിരിക്കുന്നത്.

തൻ്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴി സ്ത്രീ ശാക്തീകരണം പതിവായി പ്രോത്സാഹിപ്പിച്ച മനാഹെൽ അൽ-ഒതൈബിയെ 2022 നവംബറിലാണ് അറസ്റ്റ് ചെയ്യുന്നത്. കലാകാരിയും ഒപ്പം സർട്ടിഫൈഡ് ഫിറ്റ്നസ് ഇൻസ്ട്രക്ടറും കൂടിയാണ് മനാഹെൽ അൽ-ഒതൈബി.

അൽ-ഒതൈബിക്കെതിരെയുള്ള മറ്റ് ആരോപണങ്ങൾക്കൊപ്പം , പുരുഷ രക്ഷാകർതൃ നിയമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചതിനും സൗദി അധികാരികൾ മനാഹെൽ അൽ-ഒതൈബിയെ കുറ്റപ്പെടുത്തി. കൂടാതെ, മനാഹെലിന്റെ സഹോദരി ഫൗസ് അൽ-ഒതൈബിയും മാന്യമായ വസ്ത്രം ധരിച്ചിലെന്നും ആരോപിക്കപ്പെട്ടിരുന്നു. പക്ഷെ അറസ്റ്റിന് മുമ്പ് ഫൗസ് അൽ-ഒതൈബി സൗദി അറേബ്യയിൽ നിന്ന് പലായനം ചെയ്‌തു.

സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന അറിയപ്പെടുന്ന അഭിഭാഷകയായ മറിയം. രക്ഷാകർതൃ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് 2017 ൽ സമാനമായി തടവിലിടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. ആംനസ്റ്റി ഇൻ്റർനാഷണലും അവകാശ സംഘടനയായ എഎൽക്യുഎസ്ടിയും മനാഹെൽ അൽ-ഒതൈബിയെ ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്ന് സൗദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ നവീകരണത്തിനും ശാക്തീകരണത്തിനും നില കൊള്ളുന്നുവെന്ന സൗദി ഗവൺമെന്റിന്റെ
അവകാശവാദങ്ങൾക്ക് എതിരാണ് മനാഹെൽ അൽ-ഒതൈബി തടവ് എന്നും അവർ പറഞ്ഞു.

“മനാഹെൽ അൽ-ഒതൈബിയുടെ നേർക്കുന്നതായ ഈ പ്രവർത്തിയിലൂടെ സൗദി അധികാരികൾ സമീപ വർഷങ്ങളിലായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട സ്ത്രീകളുടെ അവകാശ പരിഷ്കാരങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയും സമാധാനപരമായ വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള അവരുടെ പ്രവർത്തനങ്ങളെ തുറന്ന് കാണിക്കുന്നതെന്നും,” സൗദി അറേബ്യയിലെ ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ പ്രചാരകനായ ബിസ്സാൻ ഫക്കിഹ് പറഞ്ഞു.

ആംനസ്റ്റിയും എഎൽക്യുഎസ്ടിയും ( ALQST )യും മനാഹെൽ അൽ-ഒതൈബിയുടെ കേസിലെ വിരോധാഭാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്,
സ്ത്രീകൾക്കുള്ള വസ്ത്രധാരണരീതിയിൽ ഇളവ് വരുത്തുന്നത് ഉൾപ്പെടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ മാറ്റങ്ങളെ മനാഹെൽ പിന്തുണച്ചിരുന്നു.

എക്‌സ്, സ്‌നാപ്ചാറ്റ് എന്നിവയിലെ ഒതൈബിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫിറ്റ്‌നസ്, കല, യോഗ, യാത്ര എന്നിവ ഇഷ്ടപ്പെടുന്ന ഒരു യുവതിയും പുരോഗമനപരമായ ആശയങ്ങൾ പിന്തുടരുന്ന സ്ത്രീയാണ് കാണാൻ സാധിക്കുക. അതോടൊപ്പം തന്റെ സാമൂഹ്യ മാധ്യമമാണ് വഴി പരമാവധി സ്ത്രീകളുടെ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാൻ സാധിക്കും.

2023 നവംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള അഞ്ച് മാസത്തോളമായി മനാഹെൽ അൽ-ഒതൈബി കടുത്ത പീഡനങ്ങൾക്ക് വിധേയയായതായി അവകാശ സംഘടനകൾ പറയുന്നുണ്ട്. ഒരിക്കൽ കുടുംബവുമായി സംസാരിച്ചപ്പോൾ , തന്നെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും, കാൽ ഒടിഞ്ഞ അവസ്ഥയിലാണുള്ളതെന്നും മനാഹെൽ അൽ-ഒതൈബി പറഞ്ഞു. എന്നാൽ, സൗദി അധികൃതർ ഇത്തരം അവകാശവാദങ്ങൾ പൂർണമായും നിഷേധിക്കുകയും ചെയ്തു.

സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചതിന് സമാനമായ രീതിയിൽ സൗദിയിൽ ശിക്ഷിക്കപ്പെടുന്നത്‌ ആദ്യമായല്ല. ഇതിന് മുൻപ് സൽമ അൽ-ഷെഹാബ് 27 വർഷങ്ങൾക്കാണ് ശിക്ഷിക്കപ്പെട്ടത്. 30 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഫാത്തിമ അൽ-ഷവാർബി, 40 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സുകൈന അൽ-ഐതാൻ, 45 വർഷം തടവിന് ശിക്ഷിക്കപ്പെട്ട നൗറ അൽ-ഖഹ്താനി തുടങ്ങിയ സ്ത്രീകളും അൽ-ഒതൈബിക്ക് സമാനമായി ശിക്ഷ ഏറ്റ് വാങ്ങിയവരാണ്.

 

content summary : Saudi Arabia activist sentenced to 11 years in prison for ‘support’ of women’s rights

Share on

മറ്റുവാര്‍ത്തകള്‍