UPDATES

വിദേശം

അമേരിക്കയുടെ കൈയില്‍പ്പെടാതെ വീണ്ടും രക്ഷപ്പെട്ട് അസാൻജ്

ചാരവൃത്തിക്കേസില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി

                       

ഈ ലോകം മുഴുവൻ നിയന്ത്രിക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കൻ ഭരണകൂടം നാളുകളായി പിടികൂടാൻ ശ്രമിക്കുന്ന വ്യക്തിയാണ് ജൂലിയൻ അസാൻജ്. ഇത്തവണയും യു എസിന് തിരിച്ചടിയാണ് ഫലം, സൈനിക രഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന്റെ വിചാരണക്കായി യുഎസിലേക്ക് കൈമാറുന്നതിനെതിരെ പുതിയ അപ്പീൽ നൽകാൻ ജൂലിയൻ അസാൻജിന് അനുമതി ലഭിച്ചിരിക്കുകയാണ്. 2010 ൽ യുഎസ് സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളും പുറത്തുവിട്ടതിന് ചാരവൃത്തി നിയമപ്രകാരം വിചാരണ ചെയ്യാൻ വിട്ടുകിട്ടണമെന്നായിരുന്നു യുഎസ് ആവശ്യം. julian assange

തൻ്റെ അപ്പീലിൽ ഉന്നയിക്കപ്പെട്ട ഒമ്പത് പോയിൻ്റുകളിൽ മൂന്നിലും വിജയിക്കാൻ അസാൻജിന് സാധ്യതയുണ്ടെന്ന് കിംഗ്സ് ഡിവിഷൻ ബെഞ്ച് ഡിവിഷൻ പ്രസിഡൻ്റ് വിക്ടോറിയ ഷാർപ്പും ജസ്റ്റിസ് ജോൺസണും പറഞ്ഞു. എന്നിരുന്നാലും ഈ വിഷയങ്ങളിലെ തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ യുഎസ് സർക്കാരിന് മൂന്നാഴ്ചത്തെ സമയം അനുവദിക്കാനുള്ള തീരുമാനം ഇരുവരും മാറ്റിവക്കുകയൂം ചെയ്തു. അസാൻജിന് അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ചിരുന്നെങ്കിൽ, ചാരവൃത്തി ആരോപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ യു എസിന് കൈമാറാൻ സാധിക്കുമായിരുന്നു.

13 വർഷത്തെ നിയമപോരാട്ടങ്ങളുടെ മുന്നോടിയായി നൂറുകണക്കിന് പ്രതിഷേധക്കാർ കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. അമേരിക്കൻ ഭരണഘടനയുടെ ആദ്യ ഭേദഗതിയിലുൾപ്പെട്ട അഭിപ്രായസ്വാതന്ത്ര്യം അപ്പീൽ നൽകാൻ ജൂലിയൻ അസാൻജിനെ അനുവദിക്കുന്നതാണെന്നും കോടതി കണ്ടെത്തിയിരുന്നു. കൈമാറ്റത്തിന് അനുകൂലമായ തീരുമാനമുണ്ടാകുമെങ്കിൽ 24 മണിക്കൂറിനുള്ളിൽ യുഎസിലേക്ക് എത്താനാകുമെന്ന് അസാൻജിൻ്റെ നിയമസംഘം നിർദ്ദേശിക്കുന്നുണ്ട്.  കൂടുതൽ നിയമപോരാട്ടങ്ങൾ നേരിടാൻ, സാധ്യതയുണ്ടെന്നും അസാൻജിൻ്റെ നിയമസംഘം പറയുന്നു. മെയ് 20 തിങ്കളാഴ്ച ലണ്ടനിലെ ഹൈക്കോടതിയിൽ, ജൂലിയനെ കൈമാറുന്നതിനെ എതിർക്കാൻ ജഡ്ജിമാർ അനുമതി നൽകിയിരുന്നു. യുഎസിൻ്റെ ആദ്യ ഭേദഗതിക്ക് സമാനമായ മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷനു കീഴിലുള്ള തൻ്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇത് ലംഘിക്കുമോ എന്നതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് വെല്ലുവിളിക്കാൻ കഴിയും.

ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ വരുമ്പോൾ ആദ്യ ഭേദഗതി വിദേശികൾക്ക് ബാധകമല്ലെന്ന് യുഎസ് പ്രോസിക്യൂട്ടർ വാദം ഉന്നയിച്ചിരുന്നു.

എന്നാൽ ഓസ്‌ട്രേലിയൻ വംശജനായ അസാൻജിന് ഒരു യുഎസ് പൗരനെന്ന നിലയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അതേ ആദ്യ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സംരക്ഷണം തേടാമെന്നതിനാൽ സ്ഥിതി വ്യത്യസ്തമാണെന്ന് അസാൻജിൻ്റെ നിയമസംഘം മറു വാദം ഉന്നയിച്ചു.

യുഎസിൽ നിന്നുള്ള ഉറപ്പുകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും നിയമ സംഘം ചൂണ്ടിക്കാട്ടി. ജൂലിയൻ അസാൻജ് വിദേശിയായതിനാൽ ആദ്യ ഭേദഗതി അവകാശങ്ങൾക്ക് അർഹതയില്ലെന്നും, യുഎസ് കോടതിക്ക് തീരുമാനിക്കാൻ കഴിയുന്ന സാധ്യത ഉൾപ്പെടെ ഒന്നിലധികം പ്രശ്‌നങ്ങളുണ്ടെന്ന് അസാഞ്ചിൻ്റെ പ്രതിനിധി എഡ്വേർഡ് ഫിറ്റ്‌സ്‌ജെറാൾഡ് പറഞ്ഞു.

അസാൻജിൻ്റെ നിയമസംഘം ഉന്നയിക്കുന്ന വാദങ്ങളെ തുടർന്ന് തീരുമാനങ്ങളിൽ വ്യതിചലിക്കരുതെന്ന് ജഡ്ജിമാർക്ക് മുന്നറിയിപ്പ് നൽകി. യുഎസിൽ നീതിയുക്തമായ വിചാരണ ലഭിക്കാനുള്ള സാധ്യതയെ അസാൻജിൻ്റെ ദേശീയത ബാധിക്കില്ലെന്ന് യുഎസിനെ പ്രതിനിധീകരിച്ച് ജെയിംസ് ലൂയിസ് വാദിച്ചു.

ആയുഷ്‌കാലത്തേക്ക് തടവറയിലടയ്ക്കുമോ; എന്താകും ജൂലിയന്‍ അസാന്‍ജിന്റെ വിധി? 

നിരപരാധികളെ അപകടപ്പെടുത്തുന്ന, നിയമവിരുദ്ധമായി നേടിയ ദേശീയ പ്രതിരോധ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനാൽ യുഎസ് പൗരന്മാർക്കും വിദേശ പൗരന്മാർക്കും ഒന്നാം ഭേദഗതി പ്രതിരോധമാർഗമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ജെയിംസ് ലൂയിസ് പറയുന്നുണ്ട്. പൗരത്വം ഏതായാലും നിയമം എല്ലാവർക്കും ബാധകമാണെന്നും , ഇക്കാര്യത്തിൽ അന്തിമ തീരുമാനം യുഎസ് കോടതിയുടേതാണ് എന്നും ജെയിംസ് പറഞ്ഞു.

ആരോഗ്യപരമായ അസ്വസ്ഥതകൾ ഉള്ളതിനാൽ ജൂലിയൻ അസാൻജ് കോടതിയിൽ എത്തിയിരുന്നില്ല. അദ്ദേഹത്തിൻ്റെ ഭാര്യ സ്റ്റെല്ലയും പിതാവ് ജോൺ ഷിപ്റ്റണും കോടതിയിൽ ഹാജരായിരുന്നു. ശരിയായ തീരുമാനമെടുക്കാനുള്ള ജോ ബൈഡന്റെ സമയം തീർന്നുകൊണ്ടിരിക്കുകയാണെന്നും, ഉടനടി പ്രതികരിക്കണം എന്നും വിചാരണക്ക് ശേഷം സ്റ്റെല്ല അസാൻജ്, കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു കുടുംബം എന്ന നിലയിൽ ആശ്വസിക്കാവുന്ന വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും സ്റ്റെല്ല തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

വിസിൽബ്ലോവർ ചെൽസി മാനിംഗിൻ്റെ സഹായത്തോടെ ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുഎസ് സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ മോഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നതാണ് ജൂലിയൻ അസാൻജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കൂടാതെ, ജൂലിയന്റെയും മാനിങ്ന്റെയും പ്രവർത്തനങ്ങൾ യു എസ് വിവരദാതാക്കളുടെ ജീവന് ആപത്തുണ്ടാക്കിയെന്നും, 2010-ൽ അദ്ദേഹത്തിനെ മുൻ വൈസ് പ്രസിഡൻ്റും നിലവിലെ യുഎസ് പ്രസിഡൻ്റുമായ ജോ ബൈഡൻ “ഹൈടെക് തീവ്രവാദി” എന്നാണ് വിശേഷിപ്പിച്ചത്. 5 വർഷമായി ലണ്ടനിലെ ബെൽമാഷ് ജയിലിലാണ് ഓസ്ട്രേലിയൻ പൗരനായ അസാൻജ്.

വിക്കിലീക്സിലെ പ്രസിദ്ധീകരണങ്ങൾ അമേരിക്കൻ സർക്കാരിന് ഏറെ നാണക്കേടുണ്ടാക്കി എന്നതാണ് വാസ്തവം. വിക്കിലീക്സ് പുറത്ത് വിട്ട ലക്ഷകണക്കിന് രഹസ്യ രേഖകൾ യു എസ് സൈന്യത്തിന്റെ വ്യത്യസ്തവും രക്തരൂക്ഷിതമായ ഒരു മുഖം ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തി. മറച്ചുവെക്കപ്പെട്ട യുദ്ധമുഖങ്ങളിൽ നടക്കുന്ന ക്രൂരതയുടെ യാഥാർഥ്യങ്ങളും ഒപ്പം കൊല്ലപ്പെട്ട സാധാരണക്കാരുടെ യഥാർത്ഥ കണക്കുകൾ തുടങ്ങിയവ യു എസ് സൈന്യത്തിന്റെ ക്രൂരതകൾ ലോകത്തോട് വിളിച്ച് പറയുന്നവയായിരുന്നു. എല്ലാ പ്രമുഖ മനുഷ്യാവകാശ, പൗരാവകാശങ്ങളുടെയും പത്രപ്രവർത്തന സംഘടനകളുടെയും അഭിപ്രായത്തിലും ഒപ്പം കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്ണലിസ്റ്സും (CPJ) റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സും പറയുന്നത് അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തിന് ഇത്തരം വെളിപ്പെടുത്തലുകളെ നേരിടാൻ കഴിയണം എന്നാണ്. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (IFJ), യൂറോപ്യൻ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (EFJ) എന്നീ രണ്ട് സംഘടനകൾ അടുത്തിടെ നടത്തിയ ഒരു സംയുക്ത പ്രസ്താവനയിൽ ജൂലിയൻ അസാൻജിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ലോകത്ത് എല്ലായിടത്തുമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നുവെന്നാണ്.

 

content summary : Julian Assange wins right to appeal against extradition to US

Share on

മറ്റുവാര്‍ത്തകള്‍