UPDATES

വിദേശം

ആയുഷ്‌കാലത്തേക്ക് തടവറയിലടയ്ക്കുമോ; എന്താകും ജൂലിയന്‍ അസാന്‍ജിന്റെ വിധി?

ജൂലിയൻ അസാൻജിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ലോകത്ത് എല്ലായിടത്തുമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നതാണ്.

                       

1,776 ദിവസങ്ങളായി ബ്രിട്ടനിലെ ഏറ്റവും കഠിന ജയിലായ ബെൽമാർഷിൽ കഴിയുകയാണ് വിക്കിലീക്‌സ് എന്ന വിസിൽ ബ്ലോയിങ്ങ് വെബ്സൈറ്റിന്റെ പത്രാധിപനായ ജൂലിയൻ അസാൻജ്. ഫെബ്രുവരി 20-ാം തീയതി ചൊവാഴ്ച യുഎസിലേക്ക് കൈമാറ്റം ചെയ്യണോ എന്ന കാര്യത്തിൽ നിർണ്ണായകമായ  വാദം നടക്കും. ബെൽമാർഷിലേക്ക് തടവിലാക്കപ്പെടുന്നതിന് മുൻപ് താൻ അറസ്റ്റ് ചെയ്യപ്പെടാതിരിക്കുന്നതിന് വേണ്ടി ഏഴ് വർഷത്തോളം ലണ്ടനിലെ ഇക്വഡോർ എംബസിയിൽ താമസിച്ചിരുന്നു. ചൊവാഴ്ച നടക്കുന്ന വാദത്തിൽ യു എസ് പ്രോസിക്യൂട്ടർമാർ വിജയിക്കുകയാണെങ്കിൽ ജൂലിയൻ അസാൻജിനെ കാത്തിരിക്കുന്നത് ഏറ്റവും കുറഞ്ഞത് 175 വർഷത്തെ തടവ് ശിക്ഷയാണ്.

യു എസിലേക്ക് മാറ്റാൻ ഹൈകോടതി വിധി പ്രഖ്യാപിച്ചാൽ ജൂലിയൻ അസാൻജിനെ യു എസ്സിലെ ചാരവൃത്തി നിയമപ്രകാരമായിരിക്കും കുറ്റം ചുമത്തുക. ഒന്നാം ലോക മഹായുദ്ധ കാലത്ത് രാജ്യദ്രോഹികളെയും ചാരന്മാരെയും ശിക്ഷിക്കുന്നതിനായാണ് 100 വർഷങ്ങൾക്ക് മുമ്പ് ഈ നിയമം യു എസ്സിൽ പാസാക്കിയത്. നിലവിൽ ജൂലിയൻ അസാൻജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ വിസിൽബ്ലോവർ ചെൽസി മാനിംഗിൻ്റെ സഹായത്തോടെ ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുഎസ് സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ മോഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നതാണ്. കൂടാതെ, ജൂലിയന്റെയും മാനിങ്ന്റെയും പ്രവർത്തനങ്ങൾ യു എസ് വിവരദാതാക്കളുടെ ജീവന് ആപത്തുണ്ടാക്കിയെന്നും 2010-ൽ അദ്ദേഹത്തിനെ മുൻ വൈസ് പ്രസിഡൻ്റും നിലവിലെ യുഎസ് പ്രസിഡൻ്റുമായ ജോ ബൈഡൻ “ഹൈടെക് തീവ്രവാദി” എന്നാണ് വിശേഷിപ്പിച്ചത്.

കസ്റ്റഡിയിൽ കഴിയുന്നതിനിടെ ആരോഗ്യനില വഷളായ അസാൻജിന് ഈ തീരുമാനം ജീവന്മരണ പ്രശ്നമാണെന്ന് ജൂലിയന്റെ ഭാര്യ സ്റ്റെല്ല അസാൻജ് പറഞ്ഞു. അദ്ദേഹം ജയിലിൽ കഴിയുന്ന ഓരോ ദിവസവും അവൻ്റെ ജീവൻ അപകടത്തിലാണ് എന്നും, അദേഹത്തെ കൈമാറുകയാണെങ്കിൽ, മരിക്കാൻ വിട്ടു നൽകുന്നതിന് തുല്യമാണെന്നും സ്റ്റെല്ല പറയുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും രേഖകൾ മുഴുവനും തിരുത്തലുകളില്ലാതെ പ്രസിദ്ധീകരിച്ചത് ജൂലിയൻ അസാജിന്റെ മാത്രം തെറ്റല്ല,  ന്യൂയോർക്ക് ടൈംസ്, ദി ഗാർഡിയൻ, ലെ മോണ്ടെ, ഡെർ സ്പീഗൽ, എൽ പൈസ്  തുടങ്ങിയ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി 2010 ൽ വിക്കിലീക്സ് സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ളതാണ്. ഒരു പ്രസിദ്ധീകരണത്തിൽ സംരക്ഷിത ഡാറ്റാസെറ്റിൻ്റെ പാസ്‌വേഡ് പത്രപ്രവർത്തകരിലൊരാൾ നൽകിയതാണ് കാര്യങ്ങൾ വഷളാക്കിയത്. എന്നിരുന്നാലും വെളിപ്പെടുത്തലുകൾ മൂലം യഥാർത്ഥത്തിൽ ആർക്കെങ്കിലും ഹാനികരമായ സംഭവങ്ങളുണ്ടായതിന്റെ തെളിവുകളൊന്നും യു എസ് സർക്കാർ കോടതിയിൽ നൽകിയിട്ടില്ല.

പെൻ്റഗൺ കമ്പ്യൂട്ടർ ഹാക്ക് ചെയ്യാനും ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള രഹസ്യ നയതന്ത്ര കേബിളുകളും സൈനിക ഫയലുകളും പുറത്തുവിടാൻ യുഎസ് ആർമി ഇൻ്റലിജൻസ് അനലിസ്റ്റ് ചെൽസി മാനിംഗുമായി ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂട്ടർമാർ പറയുന്നു.

വിക്കിലീക്സ് പ്രസിദ്ധീകരിച്ച ഫയലുകളിൽ 2007-ൽ ബാഗ്ദാദിൽ അമേരിക്കൻ സൈന്യം നടത്തിയ അപ്പാച്ചെ ഹെലികോപ്റ്റർ ആക്രമണത്തിൻ്റെ വീഡിയോയും ഉൾപ്പെടുന്നു. രണ്ട് റോയിട്ടേഴ്‌സ് പത്രപ്രവർത്തകർ ഉൾപ്പെടെ 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഒരു പത്രപ്രവർത്തകൻ എന്നനിലയിൽ ജൂലിയനെ അയോഗ്യനാക്കാനാണ് യുഎസ് സർക്കാർ ശ്രമിക്കുന്നത്. സാഹചര്യങ്ങൾ കണക്കിലെടുക്കാതെ നിർലോഭം ജൂലിയൻ പല പ്രധാന വിവരങ്ങളും പുറത്ത് വിട്ടുവെന്നാന്നാണ് യു എസ് സർക്കാരിന്റെ വാദം. തൻ്റെ പത്രപ്രവർത്തനത്തിന് നിരവധി മാധ്യമ അവാർഡുകൾ ജൂലിയൻ അസാൻജ് നേടിയിട്ടുണ്ട്. എന്നിരുന്നാലും, യുഎസ് പ്രോസിക്യൂഷനെ സംബന്ധിച്ചിടത്തോളം ചാരവൃത്തി നിയമം മാധ്യമപ്രവർത്തകരെയും മറ്റ് വ്യക്തികളെയും തമ്മിൽ വേർതിരിക്കുന്നില്ല എന്നതും പ്രസക്തമാണ്.
യുഎസ് സൈനിക അതിക്രമങ്ങൾ തുറന്നുകാട്ടാൻ ജൂലിയൻ ഒരു പത്രപ്രവർത്തകനായി പ്രവർത്തിച്ചുവെന്നും, യുഎസ് ഭരണഘടനയിലെ ആദ്യ ഭേദഗതി ഉറപ്പുനൽകുന്ന പത്രസ്വാതന്ത്ര്യത്തിന് കീഴിൽ അവ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ജൂലിയൻ അസാൻജും അദ്ദേഹത്തിൻ്റെ അനുയായികളും വാദിക്കുന്നുണ്ട്.

തെളിയാത്ത സത്യം

വിക്കിലീക്സിലെ പ്രസിദ്ധീകരണങ്ങൾ അമേരിക്കൻ സർക്കാരിന് ഏറെ നാണക്കേടുണ്ടാക്കി എന്നതാണ് വാസ്തവം. വിക്കിലീക്സ് പുറത്ത് വിട്ട ലക്ഷകണക്കിന് രഹസ്യ രേഖകൾ യു എസ് സൈന്യത്തിന്റെ വ്യത്യസ്തവും രക്തരൂക്ഷിതമായതുമായ ഒരു മുഖം ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തി. മറച്ചുവെക്കപ്പെട്ട യുദ്ധമുഖങ്ങളിൽ നടക്കുന്ന ക്രൂരതയുടെ യാഥാർഥ്യങ്ങളും ഒപ്പം കൊല്ലപ്പെട്ട സാധാരണക്കാരുടെ യഥാർത്ഥ കണക്കുകൾ തുടങ്ങിയവ യു എസ് സൈന്യത്തിന്റെ ക്രൂരതകൾ ലോകത്തോട് വിളിച്ച് പറയുന്നവയായിരുന്നു.
എല്ലാ പ്രമുഖ മനുഷ്യാവകാശ, പൗരാവകാശങ്ങളുടെയും പത്രപ്രവർത്തന സംഘടനകളുടെയും അഭിപ്രായത്തിലും ഒപ്പം കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്ണലിസ്റ്സും (CPJ) റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സും പറയുന്നത് അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തിന് ഇത്തരം വെളിപ്പെടുത്തലുകളെ നേരിടാൻ കഴിയണം എന്നാണ്. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (IFJ), യൂറോപ്യൻ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (EFJ) എന്നീ രണ്ട് സംഘടനകൾ അടുത്തിടെ നടത്തിയ ഒരു സംയുക്ത പ്രസ്താവനയിൽ ജൂലിയൻ അസാൻജിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ലോകത്ത് എല്ലായിടത്തുമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നുവെന്നാണ്.

ലോകമെമ്പാടുമുള്ള ജൂലിയന്റെ പിന്തുണ

ജൂലിയനെതിരെയുള്ള അനീതിപരമായ യുഎസ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകമായ പ്രതിക്ഷേതങ്ങൾ ഉയരുകയും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുന്നുണ്ട്. ഒപ്പം തന്നെ ഓസ്‌ട്രേലിയൻ പൗരനായ ജൂലിയൻ അസാൻജിനെ മോചിപ്പിക്കണം എന്നാവശ്യപെടുന്ന പ്രമേയം ഓസ്‌ട്രേലിയൻ പാർലമെൻ്റ്, പ്രധാനമന്ത്രി ആൻ്റണി അൽബാനീസിൻ്റെ പിന്തുണയോടെ പാസാക്കിയിരുന്നു. ജൂലിയൻ അസാൻജ് കേസ് മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിക്കുന്നതാണ്, എന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ ജർമ്മനിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ക്രിസ്റ്റ്യൻ മിഹ്ർ പറഞ്ഞിരുന്നു. കൂടാതെ, ജൂലിയൻ അസാൻജ് ഒരു തരത്തിലും കുറ്റക്കാരനാകുന്നില്ല, വിക്കിലീക്സ് മനുഷ്യാവകാശ ലംഘനങ്ങൾ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്നും അതൊരു കുറ്റകൃത്യമല്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജർമ്മൻ രാഷ്ട്രീയത്തിലെ പ്രതിഷേധത്തിന്റെ അലയൊലികൾ

ജൂലിയൻ അസാജിനെതിരെയുള്ള പീഡനങ്ങൾ ജർമ്മൻ രാഷ്ട്രീയക്കാരിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡി ഡബ്ല്യുവിന് നൽകിയ അഭിമുഖത്തിൽ ഗ്രീൻ പാർട്ടി പാർലമെൻ്റേറിയൻ മാക്സ് ലക്സ് ജൂലിയൻ അസാൻജിനെ ഒരു രാഷ്ട്രീയ തടവുകാരനായി പരാമർശിച്ചിരുന്നു. ജൂലിയൻ അഞ്ച് വർഷത്തോളമായി ബെൽമാർഷിൽ നേരിടുന്നത്  കൊടിയ പീഡനങ്ങളാണ് നേരിടുന്നതെന്നും ഇത്തരത്തിൽ അദ്ദേഹത്തെ തടവിൽ പാർപ്പിക്കുന്നതിന് യുക്തിസഹമായ കാരണങ്ങളൊന്നുമില്ല ഇതെല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

രണ്ട് വർഷം മുമ്പ്, ജർമ്മൻ പാർലമെൻ്റിലെ 80 അംഗങ്ങൾ ജൂലിയനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് പാർലമെൻ്റിന് തുറന്ന കത്തെഴുതിയിരുന്നു. ‘ലോകത്ത് എവിടെയും മാധ്യമപ്രവർത്തകർ അവരുടെ ജോലിയുടെ പേരിൽ പീഡിപ്പിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യരുത് എന്നും, ലോകമെമ്പാടുമുള്ള പത്രസ്വാതന്ത്ര്യത്തിലും അന്വേഷണാത്മക പത്രപ്രവർത്തനത്തിലും ജൂലിയനെതിരെയുള്ള ശിക്ഷാവിധിയും കൈമാറ്റവും ഉണ്ടാക്കിയേക്കാവുന്ന അനന്തര ഫലങ്ങളെക്കുറിച്ച് തങ്ങൾ വളരെ ഉത്കണ്ഠാകുലരാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. എങ്കിലും ബ്രിട്ടീഷ് പാർലമെൻ്റിന്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല.

ബെർലിൻ ഗവൺമെന്റിന്റെ തണുത്ത സമീപനം

പാർലമെൻ്റംഗങ്ങളായ പീറ്റർ ഹെയ്‌ഡും മാക്‌സ് ലക്‌സും ഭരണകക്ഷിയായ സഖ്യകക്ഷികളിൽ നിന്നുള്ളവരാണെങ്കിലും, ബെർലിൻ സർക്കാർ പക്ഷെ ജൂലിയനെ കുറിച്ച് കാര്യമായൊന്നും പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം, ഇടതുപക്ഷ  പാർലമെൻ്ററി പാർട്ടിയുടെ അഭ്യർത്ഥനയ്ക്ക് മറുപടിയായി, ജൂലിയൻ അസാൻജിനെതിരായ കൈമാറ്റ നടപടികളും കേസിനെക്കുറിച്ചുള്ള പൊതു ചർച്ചകളും തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണെന്ന് സർക്കാർ പ്രസ്താവിച്ചിരുന്നു.  നിലവിലുള്ള നിയമനടപടികളെക്കുറിച്ചും യൂറോപ്യൻ മനുഷ്യാവകാശ കോടതിയുമായി ബന്ധപെടാമെന്നും സർക്കാർ വക്താവ് പരാമർശിച്ചു. ജർമ്മൻ അന്വേഷണാത്മക പത്രപ്രവർത്തകനായ ഗുണ്ടർ വാൾറാഫ് പ്രോസിക്യൂട്ടർമാരുടെ ഈ നടപടികളെ ജൂലിയൻ പടി പടിയായി മരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

 

Share on

മറ്റുവാര്‍ത്തകള്‍