ഇതാദ്യമായല്ല മന്ദിര്‍-മസ്ജിദ് തര്‍ക്കത്തില്‍ വിധി പറഞ്ഞ ന്യായാധിപര്‍ക്ക് ഉത്തര്‍പ്രദേശില്‍ അധികാരസ്ഥാനങ്ങള്‍ കിട്ടുന്നത്
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുവാദം കൊടുത്ത് ഉത്തരവിട്ട വരാണസി മുന്‍ ജില്ല ജഡ്ജി അജയ കൃഷ്ണ വിശ്വേശയെ ഓംബുഡ്‌സ്മാന്‍ ആയി നിയമിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2024 ജനുവരി 31 ന്, സര്‍വീസിന്റെ അവസാന ദിവസത്തിലായിരുന്നു ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്കും ആരാധാന ചെയ്യാന്‍ ജഡ്ജി അനുകൂല ഉത്തരവിറക്കിയത്. മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഗ്യാന്‍വ്യാപി മസ്ജിദിന്റെ സീല്‍ ചെയ്തിരുന്ന താഴത്തെ അറയില്‍ ഹിന്ദുക്കള്‍ക്ക് ആരാധന ചെയ്യാന്‍ അവകാശമുണ്ടെന്നായിരുന്നു അജയ് കൃഷ്ണ വിശ്വേശയുടെ വിധി. പിന്നീട് ഈ വിധി ഹൈക്കോടതിയും ശരിവച്ചിരുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ യൂണിവേഴ്‌സിറ്റിയുടെ ഓംബുഡ്‌സ്മാനായാണ് റിട്ടയേര്‍ഡ് ജഡ്ജി അജയ കൃഷ്ണയെ നിയമിച്ചിരിക്കുന്നത്. ഫെബ്രുവരി 27 ന് ആയിരുന്നു നിയമനം. മൂന്നുവര്‍ഷമാണ് കാലാവധി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് സര്‍വകലാശാല ചെയര്‍പേഴ്‌സണ്‍. വിദ്യാര്‍ത്ഥികളുടെ പരാതി പരിഹാര അഥോറിറ്റിയായിരിക്കും ഓംബുഡ്‌സ്മാന്‍. ജ. വിജയ കൃഷ്ണയെ ഓംബുഡ്‌സ്മാനായി നിയമിച്ച കാര്യം സര്‍വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ ദ വയറിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ഓരോ സര്‍വകലാശാലകളും ഒരു ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന യുജിസി നിര്‍ദേശമുണ്ടെന്നും, നിയമിക്കപ്പെടുന്ന ഓംബുഡ്‌സ്മാന്‍ ഒരു വിരമിച്ച വൈസ് ചാന്‍സലറോ, വിരമിച്ച പ്രൊഫസറോ, അതല്ലെങ്കില്‍ ഒരു വിരമിച്ച ജില്ല ജഡ്ജിയോ ആയിരിക്കണമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ടെന്നു സര്‍വകലാശാല വക്താവ് യശ്വന്ത് വിറോഡേ പറയുന്നു. ആദ്യ പരിഗണന ഒരു ജഡ്ജിക്ക് ആയിരിക്കണമെന്നതുകൊണ്ടാണ് ജില്ല ജഡ്ജിയായിരുന്ന അജയ് കൃഷ്ണയെ നിയമിച്ചതെന്നും വിറോഡേ വയറിനോട് പറയുന്നു. വിദ്യാര്‍ത്ഥികളുടെ ദൈന്യംദിന പരാതികള്‍ സര്‍വകലാശാല അധികാരികള്‍ക്ക് പരിഹരിക്കാം, എന്നാല്‍ ചില കേസുകളില്‍ ‘സ്‌പെഷ്യലിസ്റ്റു’ കള്‍ തന്നെ വേണ്ടി വരുമെന്നും വിറോഡേ വാദിക്കുന്നു. സര്‍വകലാശാലയുടെ ആദ്യ ഓംബുഡ്‌സ്മാന്‍ ആണ് അജയ കൃഷ്ണ വിശ്വേശ.
ഇതാദ്യമായല്ല മന്ദിര്‍-മസ്ജിദ് തര്‍ക്കത്തില്‍ വിധി പറഞ്ഞ ന്യായാധിപരെ അവരുടെ റിട്ടയര്‍മെന്റിനുശേഷം പൊതുഖജനാവില്‍ നിന്നും ശമ്പളം കൊടുത്ത് അധികാരസ്ഥാനങ്ങളില്‍ ഇരുത്തുന്നതെന്നാണ് ദ വയര്‍ പറയുന്നത്.
2021 ഏപ്രിലിലാണ് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 32 കര്‍സേവകരെ കുറ്റവിമുക്തരാക്കി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പറഞ്ഞത്. പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന യാദവാണ് എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിംഗ് തുടങ്ങി 32 പേരെ തെളിവുകളില്ലെന്ന പേരില്‍ കുറ്റവിമുക്തരാക്കിയത്. സര്‍വീസില്‍ നിന്നും വിരമിച്ച യാദവിനെ യോഗി സര്‍ക്കാര്‍ ഉപ ലോകായുക്തയായി നിയമിച്ചു. സുരേന്ദ്ര കുമാറിന്റെ അനുകൂല വിധി വന്ന് ഏഴു മാസം കഴിയും മുന്നേയായിരുന്നു പുതിയ സ്ഥാനാരോഹണം. അജയ് കൃഷ്ണ വിശ്വേശയെ പോലെ, സര്‍വീസിന്റെ അവസാന ദിവസത്തിലായിരുന്നു യാദവിന്റെയും ബാബറി കേസിലെ വിധി.