UPDATES

‘ഖജനാവിലെ പണം ബ്രാഹ്‌മണരെ ഊട്ടാനാണെന്നും സാധാരണക്കാരന് വഴി വെട്ടാനല്ലെന്നും പറഞ്ഞ മാന്യമാരായിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നതെന്ന് മറക്കരുത്?’

മന്ത്രി രാധാകൃഷ്ണന്റെ പേരെന്തു കൊണ്ട് നോട്ടീസില്‍ ഉണ്ടായില്ല, മഹാറാണിമാര്‍ എഴുന്നള്ളുമ്പോള്‍ പട്ടികജാതിക്കാരനൊന്നും വരേണ്ടന്നായിരുന്നോ തീരുമാനം?- സണ്ണി എം കപിക്കാട് സംസാരിക്കുന്നു

                       

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാംസ്‌കാരിക പുരാവസ്തു വകുപ്പ് പുറത്തിറക്കിയ നോട്ടീസ് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കവടിയാര്‍ കൊട്ടാരത്തിലെ ഗൗരി ലക്ഷ്മി ഭായി, ഗൗരി പാര്‍വതി ഭായ് എന്നിവരെ തിരുവിതാംകൂര്‍ രാജ്ഞിമാരായും, ക്ഷേത്ര പ്രവേശനം സനാതന ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കാന്‍ വേണ്ടിയാണെന്നും, ചിത്തിര തിരുനാള്‍ അറിഞ്ഞു നല്‍കിയതാണ് ക്ഷേത്ര പ്രവേശനമെന്നൊക്കെയാണ് ജനാധിപത്യ സര്‍ക്കാര്‍ വക നോട്ടീസില്‍ ഉടനീളം രാജഭക്തി നിറഞ്ഞു നില്‍ക്കുന്ന വിധം വിവരിച്ചിരുന്നത്. വലിയ വിമര്‍ശനം നേരിട്ടതോടെ, നോട്ടീസ് പിന്‍വലിക്കേണ്ടി വന്നു. ഇപ്പോഴിതാ, കവടിയാര്‍ കൊട്ടരത്തിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചരിക്കുന്നു. അനാരോഗ്യമാണ് കാരണമായി പറയുന്നതെങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ‘ വിട്ടുനില്‍ക്കല്‍’ എന്നും പറയുന്നുണ്ട്.


എവിടെയാണ് ഗാസ? ആരാണ് അവിടെയുള്ള മനുഷ്യര്‍? എങ്ങനെയാണവിടുത്തെ ജീവതം?


ക്ഷേത്രപ്രവേശന വിളമ്പരം തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഔദാര്യമായിരുന്നുവെന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ രാജകുടുംബത്തെ മഹത്വവത്കരിക്കുന്ന നോട്ടീസ് പിന്‍വലിച്ചതുകൊണ്ടോ, നോട്ടീസില്‍ രാജ്ഞിമാരെന്ന് വിശേഷിപ്പിച്ചവര്‍ പങ്കെടുക്കുന്നില്ലെന്നതോ എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കുന്നില്ല.

നാടുവാഴിത്ത മേധാവിത്വ സംസ്‌കാരം തിരികെ കൊണ്ട് വരാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്നും, പൗരന്മാരെ പ്രജകളാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നുമാണ് സാമൂഹിക ചിന്തകനായ സണ്ണി എം കപിക്കാട് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍;

”അവര്‍ പങ്കെടുക്കില്ല എന്നു തീരുമാനിച്ചെങ്കില്‍, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെക്കാളും മെച്ചപ്പെട്ട ബോധമുള്ളവരാണ് മുന്‍ രാജ കുടുംബം എന്നു പറയാം. ഇത്തരത്തില്‍ ക്ഷണിച്ചത് ഒരു അപമാനായി അവര്‍ക്ക് തോന്നിയെങ്കില്‍ വളരെ നല്ലത്. ഇനി അതല്ല, ഹിസ് ഹൈനസിന് അല്പം വലുപ്പം കുറഞ്ഞതു കൊണ്ടാണെങ്കില്‍ അവരെയൊക്കെ ഭ്രാന്താശുപത്രിയില്‍ ഇടേണ്ടതായി വരും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഉദ്ദേശം എന്താണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ഭരണ ഘടന രൂപീകരണ അസംബ്ലിയില്‍ രാജാവ്, രാജ്ഞി, തുടങ്ങിയ രാജ പദവികള്‍ ഉപയോഗിക്കരുത് എന്ന വ്യവസ്ഥയുണ്ട്. അത് ലംഘിച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇപ്പോഴും ഇത്തരം അഭിസംബോധനകള്‍ എന്തുകൊണ്ട് ഉണ്ടാകുന്നുവെന്നത് വളരെ വ്യക്തമാണ്. ഹിന്ദു വോട്ട് സമാഹരിക്കുക എന്നതാണ് അതിന്റെ പിറകിലെ ലക്ഷ്യം. വോട്ട് കിട്ടാന്‍ വേണ്ടി രാജാവിനെയോ രാജ്ഞിയെയോ എഴുന്നള്ളിച്ച് നടത്തണമെങ്കില്‍ അതും അവര്‍ ചെയ്യും.

കേരളത്തില്‍ ഈയടുത്ത കാലത്ത് നടന്ന ഏറ്റവും പരിതാപകരമായതും വലിയ അശ്ലീലങ്ങളിലും ഒന്നായിരുന്നു ഈ നോട്ടീസ്. അതുകൊണ്ട് തന്നെ അവര്‍ വരുന്നില്ലെന്ന് തീരുമാനിച്ചത് വളരെ നല്ല തീരുമാനമാണ്. എനിക്ക് അവരെ അത്ര വിശ്വാസം പോരാ, അവര്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് പറഞ്ഞത് ആര്‍ത്തവം ഉള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടി കരിഞ്ഞു പോകും എന്നാണ്. ഇത്രയും ബോധക്കേടുള്ള മനുഷ്യരൊക്കെ വരുന്നില്ല എന്ന് പറയുന്നത് സത്യത്തില്‍ ആശ്ചര്യം ഉണര്‍ത്തുന്നതാണ്. സത്യത്തില്‍ അവര്‍ വരാതിരിക്കാന്‍ തീരുമാനിച്ചു എന്ന് പറയുന്നത് തന്നെ പോസിറ്റീവ് ആയ ഒരു കാര്യമാണ്.


‘ഇവരോട് മാറി നില്‍ക്കാന്‍ പറയു എന്നു സുരേഷ് ഗോപി പറഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്നവരാണ് എന്നെ നിരാശപ്പെടുത്തിയത്’


ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വളരെ ബോധപൂര്‍വം ചെയ്യുന്ന ഒരു കാര്യമാണിത്. രാജാവിന്റെ പ്രജകളാക്കി തീര്‍ക്കുക എന്നതാണ് അവര്‍ ഇതു പോലുള്ള പ്രവര്‍ത്തികളിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് ഞാന്‍ മനസിലാകുന്നത്. സംഘപരിവാര്‍ ബോധമുള്ള മനുഷ്യരാണ് കൂടുതലും അവരോടൊന്നും പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ല.

കേരളത്തിന്റ സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്നതും കേരളീയ സമൂഹത്തെ അപമാനിക്കുന്ന വിധത്തിലുള്ളതുമാണ് ക്ഷേത്ര പ്രവേശന വിളംബരവുമായു ബന്ധപ്പെട്ട് ഇറക്കിയ ഈ നോട്ടീസ്. ഇവരെയൊക്കെ എന്തിനാണ് പങ്കെടുപ്പിക്കുന്നത് എന്നതും സംശയാസ്പദമായ കാര്യമാണ്. ആധുനിക കേരളത്തിലെ ഒരു പ്രധാന പെട്ട വ്യക്തിയല്ല അവര്‍. ഒരു പൗര എന്ന നിലയില്‍ അവര്‍ ഒന്നും തന്നെ സംഭാവന ചെയ്തിട്ടുള്ള ആളുമല്ല. ഏറ്റവും കുറഞ്ഞ പക്ഷം പണമുള്ളവര്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ പോലും ചെയുന്ന ആളുമല്ല. ഇങ്ങനെ നോക്കുമ്പോള്‍ ഒരു തരത്തിലും ആധുനിക സമൂഹത്തില്‍ ആദരിക്കപ്പെടേണ്ട വ്യക്തിത്വത്തങ്ങള്‍ അല്ല ഇവരാരും. ഇവരുടെ പൂര്‍വികര്‍ തിരുവിതാകൂര്‍ ഭരിച്ചിരുന്നു എന്നല്ലാതെ വേറെ ഒരു യോഗ്യതയും ഇല്ലാത്ത ഇവരെയൊക്കെ വിളിച്ച് ആദരിക്കുന്നത് എന്തിനാണ്. സത്യത്തില്‍ ഇതൊക്കെ ഒരു അപമാനിക്കല്‍ പരിപാടികള്‍ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്.


ശാന്തമായി സുന്ദരമായി ജീവിക്കൂ(GVQ)


ആധുനിക സമൂഹത്തില്‍ കഴിവ് കൊണ്ടോ മികവ് കൊണ്ടോ വ്യക്തി മുദ്ര പതിപ്പിക്കാത്ത വ്യക്തി എന്ന നിലക്ക്, അവരെ വിളിക്കുന്നതിന്റ ഒരേ ഒരു കാരണം അവര്‍ രാജാവിന്റെ ആളുകള്‍ ആയിരുന്നു എന്നതു മാത്രമാണ്. മഹാന്മാരായ രാജാക്കന്മാരാണെന്നു നോട്ടീസില്‍ കൃത്യമായി പറയുകയും ചെയ്യുന്നുണ്ട്. ഇതൊക്ക ശുദ്ധ വിവരക്കേട് അല്ലേ? ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരോ നോട്ടീസ് തയ്യാറാക്കിയവരോ ഒന്നും വിവരദോഷികള്‍ അല്ലല്ലോ, ജനങ്ങള്‍ ഇങ്ങനെ വിശ്വസിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഇതെല്ലം ചെയ്യുന്നത്. രാജാക്കന്മാരൊക്കെ പൊന്നു തിരുമേനിമാര്‍ ആണെന്നും അവരാണ് ഈ രാജ്യത്തെ നിലനിര്‍ത്തിയത് എന്നൊക്ക ജനം കരുതണം. അതാണ് അവരുടെ താല്പര്യം.

യഥാര്‍ത്ഥത്തില്‍ ജനോപകാരപ്രദം എന്നു പറയാന്‍ തക്കവിധത്തില്‍ ഒരു കാര്യവും ചെയ്യാത്ത ആളുകളാണ് തിവിതാംകൂര്‍ ഭരിച്ചു കൊണ്ടിരുന്നത്. ശ്രീമൂലം തിരുന്നാള്‍ കേരളം ഭരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ മുന്‍പില്‍ ഒരു പ്രമേയം വന്നു, തിരുവിതാംകൂറിന്റെ തെക്ക് – വടക്ക് റോഡുകള്‍ വേണം എന്ന്, അതിനുള്ള ശ്രീമൂലം തിരുന്നാളിന്റെ മറുപടി ‘ ശ്രീ പത്മനാഭ കേഷത്രത്തില്‍ 16 വര്‍ഷത്തില്‍ ഒരിക്കലുള്ള മുറജപ മഹോത്സവം വരുകയാണ്, അതിനായി ധാരാളം പണം ആവശ്യമുണ്ട്. അതുപോലെ തന്നെ മനുഷ്യന്റെ ഊഴിയ വേലയും ആവശ്യമുണ്ട്.(കൂലികൊടുക്കാതെ ഭക്ഷണത്തെ മാത്രം നല്‍കികൊണ്ട് നിര്‍ബന്ധമായും പണി എടുപ്പിക്കുന്ന രീതി). അതുകൊണ്ട് റോഡ് പണി തത്കാലം അവിടെ നില്‍ക്കട്ടെ മുറജപ മഹോത്സവം നടക്കട്ടെ എന്നാണ് നല്‍കിയ മറുപടി. നാട്ടിലുള്ള പട്ടമ്മാരെയൊക്കെ വിളിച്ചു വരുത്തി അവര്‍ക്ക് പൊന്നും പണവും പുടവയും കൊടുത്ത ആദരിക്കുന്ന രീതിയാണ് മുറജപ മഹോത്സവം. രാഷ്ട്രത്തിന്റെ ഖജനാവിലെ പണമെടുത്ത് ബ്രാഹ്‌മണരെ ഊട്ടുന്ന മുറജപ മഹോത്സവത്തിനേ എന്റെ കൈയില്‍ പണമുള്ളൂ, പൊതു ജനത്തിന് നടക്കാനുള്ള വഴി വെട്ടണമെങ്കില്‍ പോയി പണി നോക്കട്ടെ എന്ന് പറഞ്ഞ മാന്യന്‍ മാരാണ് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. ഇത് നായര്‍ മേധാവിത്വത്തിന്റെ പതനം എന്ന റോബിന്‍ ജഫ്രിയുടെ പുസ്തകത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്.

അതുപോലെ തന്നെ ആദ്യത്തെ സ്‌കൂളിന്റെ തറക്കല്ലിട്ട് കൊട്ടാരത്തിലേക്ക് വന്ന രാജാവ് പറഞ്ഞത് ‘തമ്പി ഞാന്‍ അരാജകത്വത്തിന് തറക്കല്ലിട്ടിട്ട്’ വന്നു എന്നാണ്. വിദ്യാഭ്യാസത്തെ അരാജകത്വമായി കണ്ട നാലാം കിട മനുഷ്യരാണ് കേരളത്തിലെ രാജാക്കന്മാര്‍. ഗതികേട് കൊണ്ട് ചുമന്നതാണ് അവരെ. ഗൗരി ലക്ഷ്മി ഭായി ഹിസ് ഹൈനസ്സ് ആണെന്നൊക്കെ പറയുമ്പോള്‍ ജനങ്ങളെ കൊണ്ടു രാജഭക്തി പറയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പൗരന്മാരെ വീണ്ടും പ്രജകളാക്കി തീര്‍ക്കാനുള്ള ഉദ്ദേശമുണ്ട് പിന്നില്‍. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നോ എന്ന് ചിലര്‍ക്ക് ആശ്ചര്യം തോന്നുമായിരിക്കും, എന്നാല്‍ എനിക്ക് അതില്‍ വലിയ പുതുമയൊന്നും തോന്നുന്നില്ല.

ഇതിലെ മറ്റൊരു വിരോധാഭാസം എന്താണെന്നാല്‍ നോട്ടീസില്‍ എവിടെയും കെ. രാധാകൃഷ്ണന്റെ പേരില്ല. മഹാറാണി എഴുന്നള്ളുമ്പോള്‍ പട്ടികജാതിക്കാരനൊന്നും വരണ്ട എന്നുള്ളത് അവരുടെ തീരുമാനമാണ്. ദേവസ്വം ബോര്‍ഡ് ഒരു കെട്ടിടം ഉത്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹമല്ലേ ചടങ്ങിന്റെ അധ്യക്ഷന്‍ ആവുകയോ ഉത്ഘാടകന്‍ ആവുകയോ ചെയ്യേണ്ടത്. എന്തുകൊണ്ടാണ് അദ്ദേഹം ഇല്ലാത്തത്? ഇതു വളരെ വിചിത്രമായൊരു സ്ഥലമാണ്, ‘ജാതിയില്ലാത്ത മനുഷ്യര്‍’ കൂട്ടം കൂടി ജാതി പ്രയോഗിക്കുന്ന സ്ഥലമാണ്. പലപ്പോഴും നമ്മള്‍ പറയും, ഇടതുപക്ഷം ഭരിക്കുന്നിടത്ത് പോലും’ എന്ന്. ഇനി ഈ ‘പോലും’ എന്ന് പറയേണ്ട ആവശ്യമില്ല, ഇത് സ്ഥിരം ചെയ്തികളായി മാറിയിട്ടുണ്ട്. അസുഖം ബാധിച്ചത് മൂലം ആണ് വിട്ടു നില്‍ക്കുന്നത് എന്ന് അവര്‍ പറയുന്നു. സത്യത്തില്‍ അവരുടെ തലക്കാണ് അസുഖം ബാധിച്ചത്, മാനസികമായി അവര്‍ ഒട്ടും സ്ഥിരതയില്ല എന്നാണ് എനിക്ക് തോന്നുന്നത്.”

 

Share on

മറ്റുവാര്‍ത്തകള്‍