UPDATES

‘ബ്രാഹ്‌മണ്യത്തെ എതിര്‍ക്കുന്നവന്‍, പെരിയാറെ മഹത്വവത്കരിക്കുന്നവന്‍’

ടി എം കൃഷ്ണയെ ബഹിഷ്‌കരിക്കാനുള്ള രഞ്ജിനി-ഗായത്രിമാരുടെ കാരണങ്ങള്‍

                       

കര്‍ണാടക സംഗീതത്തിലെ ‘ബ്രാഹ്‌മണ പാരമ്പര്യത്തെ’ എതിര്‍ക്കുന്ന ടി എം കൃഷ്ണയെ ബഹിഷ്‌കരിക്കാനുള്ള രഞ്ജിനി-ഗായത്രി സഹോദരിമാരുടെ തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനവും പരിഹാസവും. കര്‍ണാടക സംഗീത ലോകത്തെ വിഖ്യാത പ്രതിഭകളാണെങ്കിലും അവരുടെ ഇപ്പോഴത്തെ തീരുമാനവും, അതിനു പറയുന്ന കാരണങ്ങളും സംഗീതജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.

കര്‍ണാടക സംഗീതത്തിന്റെ പാരമ്പര്യ ചട്ടക്കൂടുകളെ പൊളിച്ച ഗായകനാണ് ടി എം കൃഷ്ണ. തനി സാധാരണക്കാരന് പോലും ആസ്വദിക്കാന്‍ തക്കതരത്തില്‍ കര്‍ണാട്ടിക് കീര്‍ത്തനങ്ങള്‍ അദ്ദേഹം ജനകീയമാക്കി. ആഢംബര വേദികള്‍ വിട്ടിറങ്ങി തെരുവുകളിലും ചേരികളിലും അദ്ദേഹം തന്റെ സംഗീതവുമായി ചെന്നു. ശാസ്ത്രീയ സംഗീതം ജനത്തിന് കൂടുതല്‍ താളാത്മകമായി തോന്നി. മേളമോ രാഗമോ അറിയാത്തവര്‍ക്കു പോലും കൃഷ്ണ പാടുമ്പോള്‍ കേട്ടിരിക്കാനും കൂടെപ്പാടാനും തോന്നി. മനസുകള്‍ തമ്മിലുള്ള ശ്രുതിപ്പൊരുത്തമായിരുന്നു ടി എം കൃഷ്ണ നോക്കിയിരുന്നത്. ‘ പാട്ടില്‍ മാത്രം ശ്രദ്ധിക്കുന്ന’വരില്‍ നിന്നും വ്യത്യസ്തമായി, നാടിന്റെയും ജനങ്ങളുടെയും കാര്യങ്ങളില്‍ പോലും ആ സംഗീതജ്ഞന്‍ ശ്രദ്ധാലുവായിരുന്നു. പാട്ടുകാരനു പുറമെ അദ്ദേഹമൊരു ആക്ടീവിസ്റ്റുമാണ്. എതിര്‍പ്പുകള്‍ ഉയര്‍ത്താന്‍ മടിയില്ലാത്തതുകൊണ്ട് പാരമ്പര്യവാദികളുടെ ശത്രുവായി.

ഇപ്പോള്‍, രഞ്ജിനി-ഗായത്രിമാരുടെ പ്രശ്‌നവും കൃഷ്ണയുടെ ‘സ്വഭാവമാണ്’. സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ സമ്മേളനത്തില്‍ നിന്നും പിന്‍മാറിക്കൊണ്ടാണ് കൃഷ്ണയോടുള്ള എതിര്‍പ്പ് സഹോദരിമാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് ടി എം കൃഷ്ണ ആയതുകൊണ്ടാണ് തങ്ങള്‍ പിന്മാറുന്നതെന്ന് രഞ്ജിനി-ഗായത്രിമാര്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചു. ഡിസംബറില്‍ സംഘടിപ്പിക്കുന്ന അക്കാദമിയുടെ സംഗീതോത്സവത്തിലും പങ്കെടുക്കില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. സംഗീത ലോകത്തെ വിശിഷ്ട ബഹുമതിയായ സംഗീത കലാനിധി പുരസ്‌കാരത്തിന് അക്കാദമി കൃഷ്ണയെ തെരഞ്ഞെടുത്തതിനെതിരേയുള്ള പ്രതിഷേധം കൂടിയാണ് തങ്ങളുടെ പിന്മാറ്റമെന്നാണ് എക്‌സില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റുകളില്‍ പറയുന്നത്. ടി എം കൃഷ്ണയെ അക്കാദമി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിന് തൊട്ടുപിറ്റേന്നാണ് രഞ്ജിനി-ഗായത്രിമാര്‍ പ്രതിഷേധവുമായി ഇറങ്ങിയത്.

കര്‍ണാട സംഗീതത്തിന് സാരമായ നാശമുണ്ടാക്കിയാള്‍ എന്നാണ് കൃഷ്ണയ്‌ക്കെതിരേ സഹോദരിമാരുടെ ആക്ഷേപം. കര്‍ണാടിക് സംഗീത ലോകത്തിന്റെ വികാരങ്ങള്‍ വൃണപ്പെടുത്തിയ കൃഷ്ണ, ത്യാഗരാജസ്വാമികള്‍, എം എസ് സുബ്ബലക്ഷ്മി തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളെ വരെ അപമാനിച്ചിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഒരു കര്‍ണാടിക് സംഗീതജ്ഞന്‍ എന്ന നിലയില്‍ നാണക്കേടുണ്ടാക്കുന്നവയാണ് കൃഷ്ണയുടെ പ്രവര്‍ത്തികളെന്നും കുറ്റപ്പെടുത്തുന്നു.

ടി എം കൃഷ്ണയ്‌ക്കെതിരെയുള്ള രഞ്ജിനി-ഗായത്രിമാരുടെ ഏറ്റവും വലിയ പരാതി, അദ്ദേഹം ഇ വി രാമസ്വാമി നായ്ക്കരെ(പെരിയാര്‍) മഹത്വവത്കരിക്കുന്നു എന്നതാണ്. ബ്രാഹ്‌മണരെ വംശഹത്യ ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തവന്‍, ബ്രഹ്‌മണ സ്ത്രീകളെ നിരന്തരം അവഹേളിച്ചവന്‍, അശ്ലീല പ്രയോഗങ്ങള്‍ സമൂഹത്തില്‍ സാധാരണമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവന്‍ തുടങ്ങിയ കുറ്റങ്ങളാണ് പെരിയാര്‍ക്കു മേല്‍ കര്‍ണാടിക് സംഗീത സഹോദരിമാര്‍ ചാര്‍ത്തിയിരിക്കുന്നത്. അങ്ങനെയുള്ള പെരിയാറിനെയാണ് കൃഷ്ണ മഹാനാക്കുന്നതെന്നാണ്, കൃഷ്ണയോടുള്ള വിരോധത്തിന് കാരണം.

എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് കലാമേഖലയില്‍ ഉള്ളവരടക്കം സഹോദരിമാരോട് ചോദിക്കുന്നത്. പെരിയാര്‍ എപ്പോഴാണ് ബ്രാഹ്‌മണരെ ഉന്മൂലം ചെയ്യാന്‍ പറഞ്ഞതെന്നും, ബ്രാഹ്‌മണ സ്ത്രീകളെ അക്ഷേപിച്ചതെന്നും വ്യക്തമാക്കണമെന്നാണ് രഞ്ജിനി-ഗായത്രിമാരോട് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ വെറും അല്‍പ്പരും അസൂയക്കാരുമാണെന്നാണ് മീന കന്ദസാമി കുറ്റപ്പെടുത്തുന്നത്. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്ന ഗീബല്‍സ് സംരംഭം വരെ നിങ്ങള്‍ ഏറ്റെടുത്തേക്കുമെന്നും മീന പരിഹസിക്കുന്നു.

ഗായിക ചിന്മയി ശ്രീപദയും സഹോദരിമാര്‍ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. ഇവരുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് ചിന്മയി ആഞ്ഞടിച്ചിരിക്കുന്നത്. 2018 ല്‍ നിരവധി കര്‍ണാട്ടിക് സംഗീത വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് സംഗീത അധ്യാപകരില്‍ നിന്നും നേരിടേണ്ടിവന്ന ലൈംഗികാധിക്ഷേപങ്ങളും മാനസിക പീഢനങ്ങളും തുറന്നു പറഞ്ഞു രംഗത്തു വന്നിരുന്നു. വിപുലമായ ആരാധകരും സ്വാധീനമുള്ള ഇത്തരം വ്യക്തികള്‍ക്ക് ആ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്താമായിരുന്നു, അവരത് ചെയ്തില്ല. ആരും ഒരു വാക്കു പോലും പറഞ്ഞില്ല.’ രഞ്ജിനി-ഗായത്രിമാരെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന ചിന്മയി, ഒപ്പം ടി എം കൃഷ്ണയെ അഭിനന്ദിക്കുന്നുമുണ്ട്.

രഞ്ജിനി-ഗായത്രിമാരെ പിന്തുണയ്ക്കുന്നവരുമുണ്ട്. കാലാലോകത്തു നിന്നും പിന്തുണയുണ്ട്. അവരുടെ നിലപാടാണ് പറഞ്ഞതെന്നും കൃഷ്ണയെ കുറ്റപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് പിന്തുണക്കാര്‍ രഞ്ജിനി-ഗായത്രിമാര്‍ക്കു വേണ്ടി വാദിക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍