UPDATES

എന്തുകൊണ്ടവര്‍ യേശുദാസിന് പുരസ്‌കാരം കൊടുത്തില്ല, ബ്രാഹ്‌മണനായിട്ടും കൃഷ്ണയെ എതിര്‍ക്കുന്നു?

കര്‍ണാടക സംഗീത ലോകത്തെ ജാതീയത തുറന്നു പറഞ്ഞ് ചിന്മയി

                       

കര്‍ണാട സംഗീത ലോകത്തെ ജാതീയത തുറന്നു പറഞ്ഞ് ചിന്മയിസംഗീത ലോകത്തെ വിശിഷ്ട ബഹുമതിയായ ‘സംഗീത കലാനിധി പുരസ്‌കാരത്തിന് ടിം എം കൃഷ്ണയെ തെരഞ്ഞെടുത്തത്, കര്‍ണാടക സംഗീത ലോകത്തെ ബ്രാഹ്‌മണിക് പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരെ പാടെ നിരാശരാക്കിയിരുന്നു. ബ്രാഹ്‌മണ്യത്തെ വിമര്‍ശിക്കുന്നവരും, ബ്രാഹ്‌മണരെ എതിര്‍ത്തിരുന്ന പെരിയാറെ(ഇ വി രാമസാമി നായ്ക്കര്‍)പിന്തുടരുന്നവനുമാണ് കൃഷ്ണയെന്നതായിരുന്നു വിരോധികളുടെ പ്രശ്‌നം. കൃഷ്ണയോടുള്ള എതിര്‍പ്പ് പരസ്യമായി പ്രഖ്യാപിച്ച് പ്രശസ്ത കര്‍ണാട്ടിക് ഗായിക സഹോദരിമാരായ രഞ്ജിനി-ഗായത്രിമാര്‍ രംഗത്തു വന്നതോടെയാണ് ഈ വിഷയം പുറം ലോകത്തും വിവാദമായത്. സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ സമ്മേളനത്തില്‍ നിന്നും പിന്‍മാറിക്കൊണ്ടാണ് കൃഷ്ണയോടുള്ള എതിര്‍പ്പ് സഹോദരിമാര്‍ പ്രകടിപ്പിച്ചിച്ചത്. സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് ടി എം കൃഷ്ണ ആയതുകൊണ്ടാണ് തങ്ങള്‍ പിന്മാറുന്നതെന്നായിരുന്നു രഞ്ജിനി-ഗായത്രിമാര്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചത്. ഡിസംബറില്‍ സംഘടിപ്പിക്കുന്ന അക്കാദമിയുടെ സംഗീതോത്സവത്തിലും പങ്കെടുക്കില്ലെന്ന് ഇരുവരും അറിയിച്ചു. സഹോദരിമാര്‍ക്ക് പിന്നാലെ വേറെയും ചില പാരമ്പര്യവാദികള്‍ കൃഷ്ണയെ ബഹിഷ്‌കരിച്ചു രംഗത്തു വന്നിരുന്നു.

എന്നാല്‍, സംഗീത അക്കാദമി ഉള്‍പ്പെടെ പൊതുസമൂഹവും, സംഗീതലോകത്തിലെ നിരവധി പ്രതിഭകളും കൃഷ്ണയ്‌ക്കൊപ്പമാണ് നിന്നത്. ബ്രാഹ്‌മണവാദികളെ അവര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞു. ആ കൂട്ടത്തില്‍ ശക്തമായ നിലപാടിലൂടെ ശ്രദ്ധനേടിയയൊരാള്‍ ഗായിക ചിന്മയി ശ്രീപദയാണ്. രഞ്ജിനി-ഗായത്രിമാരുടെ ഇരട്ടത്താപ്പ് ചൂണ്ടാക്കാട്ടിയായിരുന്നു പാരമ്പര്യവാദികള്‍ക്കെതിരേ ചിന്മയി ആഞ്ഞടിച്ചത്. 2018 ല്‍ നിരവധി കര്‍ണാട്ടിക് സംഗീത വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് സംഗീത അധ്യാപകരില്‍ നിന്നും നേരിടേണ്ടിവന്ന ലൈംഗികാധിക്ഷേപങ്ങളും മാനസിക പീഢനങ്ങളും തുറന്നു പറഞ്ഞു രംഗത്തു വന്നിരുന്നു. വിപുലമായ ആരാധകരും സ്വാധീനമുള്ള ഇത്തരം വ്യക്തികള്‍ക്ക് ആ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്താമായിരുന്നു, അവരത് ചെയ്തില്ല. ആരും ഒരു വാക്കു പോലും പറഞ്ഞില്ല.’ രഞ്ജിനി-ഗായത്രിമാരെ പരോക്ഷമായി കുറ്റപ്പെടുത്തിയ ചിന്മയി, ടി എം കൃഷ്ണയ്ക്കുള്ള ഐക്യദാര്‍ഢ്യവും പരസ്യമായി പ്രഖ്യാപിച്ചു. വൈരമുത്തുവിനെതിരേയുള്ള ലൈംഗിക ആരോപണത്തിന്റെ പേരില്‍ തമിഴ് സിനിമയില്‍ വിലക്ക് നേരിടേണ്ടി വന്നിട്ടും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന സ്ത്രീയാണ് ചിന്മയി. ടി എം കൃഷ്ണ വിവാദത്തിലും തന്റെ നിലപാടുകള്‍ ശക്തമായി തന്നെയാണ് ഗായിക പ്രകടിപ്പിക്കുന്നത്. ദ വയറിന് നല്‍കി അഭിമുഖത്തിലും ഈ വ്യക്തത കാണാം.

കൃഷ്ണയെ എതിര്‍ക്കുന്നവര്‍ കര്‍ണാടക സംഗീതത്തില്‍ ബ്രാഹ്‌മണാധിപത്യം നടപ്പാക്കാന്‍ അഗ്രഹിക്കുന്നവരാണെന്നാണ് അഭിമുഖത്തില്‍ ചിന്മയി ആരോപിക്കുന്നത്. തങ്ങളാണ് ഇതിന്റെ കാവല്‍ക്കാര്‍ എന്നാണവര്‍ സമര്‍ത്ഥിക്കുന്നതെന്നും ബ്രാഹ്‌മണ സമുദായത്തിനാണ് സംഗീതം അഭ്യസിക്കാനുള്ള യോഗ്യതയുള്ളതെന്നുമൊക്കെയാണ് അവര്‍ വരുത്തിതീര്‍ക്കാന്‍ സ്രമിക്കുന്നതെന്നും ചിന്മയി പറയുന്നു. ദേവദാസി സമുദായത്തില്‍ നിന്ന് അവരീ സംഗീതം ഹൈജാക്ക് ചെയ്താണ്. ഭക്തരായ ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് ചെയ്യാന്‍ കഴിയില്ലെന്നാണവര്‍ പ്രചരിപ്പിച്ചത്.

കൃഷ്ണ കര്‍ണാടക സംഗീതത്തില്‍ നിന്നും ജാതിയെ ഉന്മൂലം ചെയ്യാന്‍ പരിശ്രമിക്കുന്ന സംഗീതജ്ഞനാണ്. അദ്ദേഹം ബ്രാഹ്‌മണ സമുദായത്തിന് പുറത്തു നിന്നുള്ള കലാകാരന്മാരോട് അടുത്തിടപഴകുന്നു. ഇതൊക്കെ പരാമ്പര്യവാദികള്‍ വെറുക്കുന്ന കാര്യമാണ്. അവരെ ചോദ്യം ചെയ്യുന്നവരെയെല്ലാം അവര്‍ വെറുക്കുന്നു. ബ്രാഹ്‌മണനായ കൃഷ്ണ സ്വസമുദായത്തിലെ മോശം പ്രവണതകളെ ചോദ്യം ചെയ്യുകയാണ്, അതാണവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തത്.

കൃഷ്ണയ്ക്ക് തെറ്റിയിട്ടില്ല. ഈ പ്രശ്‌നങ്ങളൊക്കെ എനിക്കും അറിയാവുന്നതാണ്. ഒരു വിവാഹമോചിതയുടെ മകളെന്ന നിലയില്‍ ഇതൊക്കെ ഞാനും അഭിമുഖീകരിച്ചിട്ടുണ്ട്. സ്വസമുദായത്തിലാണെങ്കിലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവേചനമെന്താണെന്ന് എനിക്കറിയാം.

പരിശുദ്ധി, ഉപാസന, ഭക്തി ഇതൊക്കെ പറഞ്ഞാണ് അവര്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത്. അവരോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചു ചോദിക്കുന്നത് നിങ്ങളുടെ പാരമ്പര്യം എന്താണെന്നാണ്. അവരുടെ ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോഴാണ് എനിക്ക് എന്റെ പാരമ്പര്യത്തെക്കുറിച്ച് ആവശ്യമില്ലെങ്കിലും പറയേണ്ടി വരുന്നത്. എന്റെ മുത്തച്ഛന്‍ ശ്രീപദ പിനാകപാണി സംഗീത കലാനിധിയും പത്മഭൂഷണുമായിരുന്നു. ഇതൊക്കെ പറയാത്ത പക്ഷം അവര്‍ നമ്മളെ കേള്‍ക്കാന്‍ പോലും തയ്യാറാകില്ല.

ജാതിയതയ്ക്കപ്പുറം കൃഷ്ണയെ എതിര്‍ക്കാന്‍ പാരമ്പര്യവാദികള്‍ക്ക് മറ്റൊരു കാരണവുമില്ലെന്നാണ് ചിന്മയി അഭിമുഖത്തില്‍ പറയുന്നത്. ബ്രാഹ്‌മണ പാരമ്പര്യത്തെ എതിര്‍ക്കുന്നവനും പെരിയാറെ പിന്തുടരുന്നവനുമായ ഒരാള്‍ക്ക് സംഗീത കലാനിധി പുരസ്‌കാരം കൊടുത്തതാണ് അവര്‍ പിടിക്കാത്തത്. വിമര്‍ശനാത്മക ചിന്തകളും ചോദ്യം ചെയ്യലുകളും മതഭ്രാന്തന്മാര്‍ക്ക് ഇഷ്ടമല്ല എന്നാണ് പെരിയാറോടുള്ള പാരമ്പര്യവാദികളുടെ എതിര്‍പ്പിന് കാരണമായി ചിന്മയി ചൂണ്ടിക്കാണിക്കുന്നത്. പെരിയാറിനല്ല അവാര്‍ഡ് കൊടുക്കുന്നത്, അദ്ദേഹം മരിച്ചു. പിന്നെന്തുകാര്യമാണിവിടെ. കൃഷ്ണ നാളെ മറ്റൊരു മതം സ്വീകരിച്ചാലും അദ്ദേഹം മികച്ചൊരു കര്‍ണാടക സംഗീതജ്ഞന്‍ തന്നെയായിരിക്കും, അപ്പോള്‍ അദ്ദേഹത്തിന് പുരസ്‌കാരം കൊടുത്താല്‍ കൃഷ്ണ ഹിന്ദുവല്ല എന്ന കാരണം ഇവര്‍ പറയുമോ എന്നാണ് ചിന്മയി ചോദിക്കുന്നത്.

കര്‍ണാടക സംഗീത ലോകത്ത് നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ രഞ്ജിനി-ഗായത്രിമാര്‍ അടക്കമുള്ളവര്‍ നിശബ്ദപാലിക്കുകയാണെന്നു ചിന്മയി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തിനെതിരേ രംഗത്തു വന്നവര്‍ പറഞ്ഞത്, തങ്ങള്‍ നിശബ്ദരായിരുന്നുവെന്ന ചിന്മയിയുടെ ആരോപണം നുണയാണെന്നാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചിന്മയി പരിഹാസരൂപേണ പറഞ്ഞത്, അവര്‍ മിണ്ടിയിരുന്നുവെന്ന് അറിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ്. അങ്ങനെയൊന്നും താന്‍ ഇതുവരെ പറഞ്ഞു കേട്ടിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ അവര്‍ അക്കാര്യത്തില്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും ചിന്മയി പറയുന്നു.

കര്‍ണാടക സംഗീതജ്ഞന്‍ രവികിരണ്‍, കൃഷ്ണ വിഷയത്തില്‍ ചിന്മയിക്കെതിരേ രംഗത്തു വന്നിരുന്നു. ചിന്മയിക്ക് ലഭിച്ച സംഗീത കലാനിധി പുരസ്‌കാരം തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു രവി കിരണിന്റെ ആവശ്യം. അതിനുള്ള മറുപടിയും ചിന്മയി നല്‍കുന്നുണ്ട്. സ്വന്തം വിദ്യാര്‍ത്ഥികളില്‍ നിന്നും ലൈംഗിക ചൂഷണ പരാതി നേരിട്ടവനാണ് രവികൃഷ്ണന്‍. അവന് കൊടുത്ത പുരസ്‌കാരമാണ് തിരിച്ചെടുക്കേണ്ടത്- ചിന്മയി പറയുന്നു.

കൃഷ്ണ നിസാരക്കാരനായിരുന്നുവെങ്കില്‍ അവര്‍ അദ്ദേഹത്തെ കശാപ്പ് ചെയ്യുമായിരുന്നു. പക്ഷേ, കൃഷ്ണയെ അവര്‍ക്ക് തൊടാന്‍ സാധിക്കില്ല, അദ്ദേഹത്തിന് അത്രയും അരാധക പിന്തുണയുണ്ട്. അതുകൊണ്ട് അവര്‍ക്ക് ആകെ കഴിയുന്നത് ഇങ്ങനെ കരയാന്‍ മാത്രമാണ്- ചിന്മയി പറയുന്നു. ആരെങ്കിലും സമുദായത്തെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ സംഘം ചേര്‍ന്ന് ചോദ്യം ചെയ്യും. കര്‍ണാടക സംഗീത ലോകത്തെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമപരമായ സംവിധാനം(ആഭ്യന്തര പരാതി പരിഹാര സമിതി) വേണമെന്ന് ആവശ്യപ്പെട്ട കുട്ടികളെ അവര്‍ കണ്ടുപിടിച്ച് അവരെ കരിവാരിത്തേക്കാനും അവര്‍ക്ക് കച്ചേരി നിഷേധിക്കാനും തുടങ്ങിയെന്നും ചിന്മയി പരാതിപ്പെടുന്നു. ഞങ്ങള്‍ക്കെതിരേ ആരെങ്കിലും നിന്നാല്‍ അവരുടെ ഗതി ഇതായിരിക്കുമെന്നു പ്രഖ്യാപിക്കുകയാണവര്‍.

കൃഷ്ണയ്‌ക്കെതിരേ അക്ഷമരായി സോഷ്യല്‍ മീഡിയ പോസ്റ്റിട്ടവര്‍ 2018(മീ ടൂ വേളയില്‍) ല്‍ ഞാനുയര്‍ത്തിയ പരാതികളില്‍ എനിക്കു വേണ്ടി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ചിന്മയി കുറ്റപ്പെടുത്തുന്നു. രാധ രവിയാണ് എന്നെ വിലക്കിയത്. അയാള്‍ ഇന്ന് ബിജെപിയിലാണ്. വൈരമുത്തുവാണ് എന്നെ അപമാനിച്ചത്, അയാള്‍ ഡിഎംകെ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. കമല്‍ഹാസന്‍, മുഖ്യമന്ത്രി (സ്റ്റാലിന്‍)എന്നിവര്‍ ഇടതുപക്ഷ രാഷ്ട്രീയം പറയുന്നവരാണ്. ഞാന്‍ ഉള്‍പ്പെടെ 18 സ്ത്രീകളാണ് വൈരമുത്തുവിനെതിരേ പരാതി പറഞ്ഞത്. വൈരമുത്തുവിന് ഒന്നും നഷ്ടമായില്ല. വില നല്‍കേണ്ടി വന്നത് ഞാനാണ്. എന്നെയവര്‍ വിലക്കി, ഞാനിപ്പോഴും നീതിക്കായി കോടതിയില്‍ കേസ് കൊടുത്ത് പോരാടിക്കൊണ്ടിരിക്കുകയാണ്-ചിന്മയി പറയുന്നു.

സമാന്ത, പാര്‍വതി തുടങ്ങി ഏതാനും പേരാണ് എനിക്ക് പിന്തുണയുമായി വന്നത്. തമിഴ്, കന്നഡ, മലയാളം, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പാടിയിട്ടുള്ള, അഞ്ചു തവണ ഫിലിം ഫെയര്‍ അവാര്‍ഡും, അഞ്ചു തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുള്ള ഒരു ഗായികയാണ് ഞാന്‍. മീ ടൂ പരാതിക്ക് ശേഷം ഗോവിന്ദ് വസന്തയെ പോലുള്ള ചിലര്‍ മാത്രമാണ് എന്നെ പാടാന്‍ വിളിച്ചത്. അവരാണെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പടം ചെയ്യുന്നവരാണ്. പരാതി പറയുന്നതിന് മുമ്പ് ഞാന്‍ വളരെ തിരക്കേറിയ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു. എന്റെ കരിയര്‍ തകര്‍ന്നു, അവസരങ്ങള്‍ ഇല്ലാതായി, വരുമാനം മോശമായി. വളരെ വലിയ വിലയാണ് ഞാന്‍ കൊടുക്കേണ്ടി വന്നത്.

മീ ടൂ പരാതിക്കാലത്ത് ബുദ്ധിപൂര്‍വമായ നിശബ്ദത പാലിച്ചവരാണ് രഞ്ജിനി-ഗായത്രിമാരെന്ന് ചിന്മയി കുറ്റപ്പെടുത്തുന്നു. കൃഷ്ണയെ ബഹിഷ്‌കരിക്കുമെന്നു പറയുന്നവര്‍ രവികിരണിന്റെ കാര്യത്തില്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയില്ല. അങ്ങനെയൊരു നിലപാട് അവര്‍ മുമ്പ് എടുത്തിരുന്നുവെങ്കില്‍, ഇപ്പോള്‍ അവര്‍ പറയുന്നത് പൂര്‍ണമായും മണ്ടത്തരമാണെങ്കില്‍ കൂടി എനിക്കവരോട് കുറച്ചു ബഹുമാനം തോന്നിയേനെ-ചിന്മയി പറയുന്നു.

കര്‍ണാടക സംഗീതലോകത്ത് ജാതീയത സജീവമാണെന്നാണ് ചിന്മയി ഉറപ്പിച്ചു പറയുന്നത്. ഇതേ ജാതീയതകൊണ്ട് പലരും സംഗീത പഠനം ഉപേക്ഷിച്ചു പോയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ബ്രഹ്‌മണ പാരമ്പര്യത്തില്‍ നിന്നു വരുന്നവരെയാണ് ഇവിടെ സ്വീകരിക്കുന്നതും അവര്‍ക്കാണ് അവസരങ്ങള്‍ ലഭിക്കുന്നതെന്നും മനസിലാക്കിയവരാണ് വിട്ടു പോകുന്നത്.

യേശുദാസ് ഇത്രയും മികച്ചൊരു ഗായകനായിട്ടും, ഹിന്ദുവല്ലാത്തതുകൊണ്ട് മാത്രം അദ്ദേഹത്തെ പുരസ്‌കാരത്തിന് പരിഗണിച്ചിട്ടില്ലെന്നും ചിന്മയി പറയുന്നു. എന്നാണ് അവസാനമായി, ഒരു അബ്രാഹ്‌മണന്, ഒരു അവര്‍ണന്, ഒരു അഹിന്ദുവിന് സംഗീത കലാനിധി പോലുള്ള പുരസ്‌കാരം സമ്മാനിച്ചത്? നിങ്ങള്‍ക്ക് പുരസ്‌കാര പട്ടിക പരിശോധിക്കാം, അതില്‍ 95 ശതമാനവും ബ്രാഹ്‌മണരാണ്. ബ്രാഹ്‌മണനല്ലാത്ത ഒരാള്‍ക്ക് സംഗീക കലാനിധി പുരസ്‌കാരം കൊടുത്തതിന്റെ പേരിലല്ല ഇപ്പോള്‍ അവരുടെ ദേഷ്യം, കൃഷ്ണ സ്വസമുദായത്തില്‍ തന്നെയുള്ളയാളാണ്, അവരുടെ പ്രശ്‌നം കൃഷ്ണ അവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതാണ്- ചിന്മയി പറയുന്നു.

കടപ്പാട്; ദ വയര്‍

അഭിമുഖം പൂര്‍ണമായി ഇവിടെ വായിക്കാം

Share on

മറ്റുവാര്‍ത്തകള്‍