ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഫെബ്രുവരി 15 നാണ് ജോവാക്കിന്‍ ഒലിവര്‍ എന്ന വിദ്യാര്‍ത്ഥി ഫ്ളോറിഡയിലെ തന്റെ ക്ലാസ് മുറിക്കു മുമ്പിലുള്ള ഇടനാഴിയില്‍ കൊല്ലപ്പെടുന്നത്. അന്നത്തെ വെടിവെപ്പില്‍ ജോവാക്കിന്‍ ഉള്‍പ്പടെ 17 വിദ്യാര്‍ത്ഥികള്‍ക്കും ഒരു സ്‌കൂള്‍ ജീവനക്കാരനും ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയെ പിടിച്ച് കുലുക്കിയ ഏറ്റവും വലിയ ഹൈസ്‌കൂള്‍ വെടിവെപ്പായിരുന്നു അത്.
അതിക്രൂരമായ ഈ അക്രമ സംഭവം നടന്ന് ആറുവര്‍ഷം തികയുന്ന വേളയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജോവാക്കിന്റെ ശബ്ദം പുനഃസൃഷ്ടിച്ചിരിക്കുകയാണ് അവന്റെ മാതാപിതാക്കള്‍. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അപ്രതീക്ഷിത വെടിവെപ്പുകള്‍ തടയാന്‍ വാഷിംഗ്ടണ്‍ ഡിസിയിലെ നിയമ നിര്‍മാതാക്കള്‍ തയ്യാറാകാത്തതെന്നാണ് പുനര്‍നിര്‍മിച്ച വീഡിയോയിലൂടെ ജോവാക്കിന്‍ ചോദിക്കുന്നത്.
ഫ്‌ളോറിഡ ഹൈസ്‌കൂള്‍ കൂട്ടക്കൊലപാതകത്തിനും ശേഷവും അതേ രീതിയിലുള്ള അനവധി നിഷ്ഠൂര സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും അധികൃതര്‍ യാതൊന്നും തന്നെ ചെയ്തില്ലെന്നും, ജോവാക്കിന്റെ മാതാപിതാക്കളും എ ഐയുടെ സഹായത്താല്‍ പുനഃസൃഷ്ടിച്ച വീഡിയോ സന്ദേശത്തില്‍ പരാതിപ്പെടുന്നുണ്ട്.
‘ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുമ്പില്‍ തിരിച്ചെത്തി, കാരണം നിങ്ങളോട് സംസാരിക്കാന്‍ എന്റെ ശബ്ദം പുനഃസൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ എ ഐ ഉപയോഗിച്ചു. എന്നെപ്പോലെ കൊല്ലപ്പെട്ട മറ്റുള്ളവരും ഇതിനെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും നിങ്ങളെ വിളിക്കും. തക്കതായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എത്ര തവണ വിളിക്കേണ്ടതായി വരും?’
‘ഷോട്ട്‌ലൈന്‍’ എന്ന പേരില്‍ ആരംഭിക്കുന്ന നൂതന ഓണ്‍ലൈന്‍ നവീകരണ കാമ്പയ്‌നിലൂടെ അക്രമണങ്ങള്‍ക്കെതിരേ പോരാടാന്‍ വീഡിയോ വഴിയും ശബ്ദസന്ദേശമായും ജോവാക്കിന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ഫ്ളോറിഡയിലെ മിയാമിയുടെ പ്രാന്തനഗരമായ പാര്‍ക്ക്‌ലാന്‍ഡിലെ ഹൈസ്‌കൂളില്‍ ഉണ്ടായ ജോവാക്കിന്‍ ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകത്തിന് ശേഷം രണ്ട് ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടിരുന്നു. ഇരു ഗ്രൂപ്പുകളുടെയും, ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സിയായ മല്ലന്‍ലോവിന്റെയും സംയുക്ത പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സന്ദേശങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. വെടിവെപ്പില്‍ ഇരയായവരുടെ ശബ്ദം ഉപയോഗിച്ച് അവര്‍ നേരിട്ട് സംസാരിക്കുന്ന രീതിയിലാണ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സന്ദേശങ്ങള്‍ പുനഃസൃഷ്ടിച്ചിരിക്കുന്നത്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ശബ്ദശകലങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നൂതന സാങ്കേതിക വിദ്യയായ ഡീപ്പ് മെഷീന്‍ ലേണിംഗ് വിദ്യ ഉപയോഗിച്ച് കൊണ്ടാണ് സന്ദേശങ്ങള്‍ നിര്‍മിച്ചത്. ശബ്ദ സന്ദേശങ്ങള്‍ വെടിവെപ്പ് ആക്രമണങ്ങള്‍ തടയുന്നതിനായി വേണ്ടത്ര മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായുള്ളതാണ്. കാമ്പയിന്റെ ഭാഗമാകാന്‍ താല്പര്യമുള്ളവര്‍ക്ക് അവരുടെ പിന്‍കോഡ് നല്‍കി തെരെഞ്ഞെടുത്ത ഔദ്യോഗിക പ്രതിനിധിക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്നതാണ്.
‘ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ മനസില്‍ കുട്ടികളുടെ ശബ്ദം കേള്‍ക്കാം. നിയമ നിര്‍മാതാക്കള്‍ യഥാര്‍ത്ഥത്തില്‍ അവരെ കേള്‍ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു’: 2018 ജനുവരിയില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചുണ്ടായ അപ്രതീക്ഷിത വെടിവെപ്പില്‍ 15 വയസുള്ള മകനെ നഷ്ടപെട്ട മൈക്ക് എന്ന പിതാവ് പറയുന്നു.
സുരക്ഷിതമായി തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് വേണ്ടിയുള്ള അശ്രാന്ത പോരാട്ടത്തതിലാണ് തങ്ങളെന്നാണ് ജോവാക്കിന്‍ ഒലിവറിന്റെ മാതാപിതാക്കള്‍ പറയുന്നത്. എ ഐ യുടെ സഹായത്തോടെ ശക്തമായ സന്ദേശമാണ് തങ്ങള്‍ പങ്കുവക്കുന്നതെന്നും ഇരുവരും പറയുന്നുണ്ട്. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ജോവാക്കിന്റെ സന്ദേശം യഥാര്‍ത്ഥത്തില്‍ ഞങ്ങളെ തളര്‍ത്തുന്നതാണ് എന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോവാക്കിന്‍ ഞങ്ങളോട് എ ഐയുടെ സഹായത്തോടെ സംസാരിക്കുമ്പോള്‍ അത് കേട്ടുകൊണ്ട് നില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടിയായിരുന്നു. അവിശ്വസനീയമായ ഒരു ഞെട്ടല്‍ തങ്ങളില്‍ ഉണ്ടായി എന്നും മാതാപിതാക്കളായ മാനിയും പാട്രീഷ്യയും പറയുന്നു.
വീടുകളില്‍ തോക്ക് സൂക്ഷിക്കുന്നതിനും അത് സുരക്ഷിതമായി ഉപയോഗിക്കുന്നതിനുമായി പ്രത്യേക നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും, മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ ഫെഡറല്‍ നിയമനിര്‍മ്മാതാക്കളോട് ആവശ്യപെടുന്നു. തോക്ക് കൈവശമുള്ളവര്‍ വളരെ അലക്ഷ്യമായാണ് അത് കൈകാര്യം ചെയ്യുന്നത് എന്നും, രാജ്യത്ത് ഒരു സാംസ്‌കാരിക മാറ്റം സൃഷ്ടിക്കുന്നത് വരെ തങ്ങളുടെ പോരാട്ടം നിര്‍ത്തില്ലെന്നും കുട്ടികളുടെ മാതാപിതാക്കള്‍ ആഹ്വാനം ചെയ്തു.
എ ഐ യുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, എങ്കിലും എല്ലാ പദ്ധതികളിലും വച്ച് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ പദ്ധതിയാണ് ഏറ്റവും മനോഹരമായതെന്നാണ് എ ഐ ക്രിയേറ്റീവ് ഡിസൈനറായ മിര്‍ക്കോ ലെംപേര്‍ട്ട് പറഞ്ഞത്.