UPDATES

പലസ്തീന് വേണ്ടി ഉയരുന്ന ശബ്ദം അമേരിക്കയില്‍ അടിച്ചമര്‍ത്തപ്പെടുന്നതെങ്ങനെ?

ജൂത ഭീഷണികള്‍, മാധ്യമ പക്ഷപാതിത്വം/അഴിമുഖം എക്‌സ്‌പ്ലെയ്‌നര്‍

                       

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ജോ ബൈഡന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രസിഡന്റിന്റെ ‘ ഉത്സാഹം’ ആത്മാര്‍ത്ഥമാണോ എന്നല്ല, രാജ്യത്തിന്റെ പൊതുവിലുള്ള താത്പര്യം ആരോടാണ് എന്നാണ് ചോദ്യം.

അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത് പലസ്തീന്‍ അനുകൂല ശബ്ദങ്ങളുടെ അടിച്ചമര്‍ത്തലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലസ്തീന് പിന്തുണ അറിയിക്കുന്ന സമ്മേളനങ്ങളോ യോഗങ്ങളോ അനുവദിക്കുന്നില്ല, പലസ്തീന്‍ അനുകൂലികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ആവശ്യപ്പെടുന്നു, ഇസ്രയേല്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന അറബ്-അമേരിക്കന്‍ ശബ്ദങ്ങളെ വിരട്ടുന്നു, പ്രധാന മാധ്യമങ്ങള്‍ ഇസ്രയേലിനു വേണ്ടി ഒച്ചയിടുമ്പോള്‍, പലസ്തീനികള്‍ക്കു വേണ്ടി പറയുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നു..’ ഇതൊക്കെയാണ് അമേരിക്കയില്‍ നടക്കുന്നതെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞാഴ്ച്ച ആദ്യം പലസ്തീന്‍ അനുകൂല പ്രചാരണ സംഘടന നിശ്ചയിച്ചിരുന്ന ദേശീയ സമ്മേളനം ജൂത സംഘങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടത്താനായില്ല. ഹമാസിന്റെ മുന്നണിയില്‍ നില്‍ക്കുന്നവരെന്നാരോപിച്ചായിരുന്നു പലസ്തീന്‍ സംഘത്തിന് അനുമതി നിഷേധിച്ചത്.

മാധ്യമങ്ങളും പലസ്തീന്‍ അനുകൂല ശബ്ദം കേള്‍പ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പരാതി. ‘തങ്ങളുടെ പ്രസ്താവനകളും അഭിമുഖങ്ങളും സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറാകുന്നില്ല, കൊടുക്കുകയാണെങ്കില്‍ സെന്‍സര്‍ ചെയ്തു മാത്രം’ അമേരിക്കന്‍ ടെലിവിഷന്‍ ശൃംഖലകള്‍ക്കെതിരെയുള്ള പലസ്തീന്‍-അമേരിക്കന്‍ ആക്ടിവിസ്റ്റുകളുടെ പരാതിയാണ്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള വളരെ പ്രചാരം നേടിയൊരു പുസ്തകത്തിന്റെ പരസ്യം എന്‍പിആറും ബിബിസിയും പിന്‍വലിച്ചു. ‘ ശ്രോതാക്കളുടെ പരാതി’ യാണ് കാരണമായി പറഞ്ഞത്.

ഹൂസ്റ്റണിലെ ഹില്‍ട്ടണില്‍ ഈ മാസം അവസാനം ഒരു പരിപാടി നിശ്ചയിച്ചിരുന്നു. യുഎസ് കാമ്പയിന്‍ ഫോര്‍ പലസ്തീനിയന്‍ റൈറ്റ്‌സ്-യുഎസ്‌സിപിആര്‍-.പലസ്തീന്‍ അവകാശങ്ങളെക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടി ആയിരുന്നു. യു എസ് കോണ്‍ഗ്രസ് പ്രതിനിധി റാഷിദ ത്‌ളെയ്ബ് ആയിരുന്നു മുഖ്യ പ്രഭാഷക. ആ പരിപാടി ഇനി നടക്കില്ല. ദ ഓര്‍ത്തഡോക്‌സ് ജൂത ചേംബര്‍ ഓഫ് കൊമേഴ്‌സ്, പരിപാടി റദ്ദാക്കപ്പെട്ടത് തങ്ങളുടെ ‘ വിജയം’ ആയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വെറുപ്പിന്റെ പ്രയോഗങ്ങളായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്ന യോഗത്തിനും അതില്‍ പങ്കെടുക്കാനിരുന്നവര്‍ക്കുമെതിരേ ജൂത സംഘടന പരസ്യമായി നടത്തിയത്. ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപകനും സിഇഒയുമായ ഡുവി ഹോനിഗ് ആരോപിച്ചത് യുഎസ്‌സിപിആര്‍ ഹമാസ് പിന്തുണക്കാരുടെ യോഗം ആണെന്നായിരുന്നു. റാഷിദ ത്‌ളെയ്ബ് ഉള്‍പ്പെടെയുള്ളവര്‍ കുപ്രസിദ്ധ ജൂതവിരോധികളാണെന്നും ഹോനിഗ് ആക്ഷേപിച്ചു. ഹോനിഗിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരം നേടി. ഹില്‍ട്ടണ്‍ ഹോട്ടലിന്റെ പ്രസിഡന്റ് ക്രിസ്റ്റഫര്‍ നസ്സേറ്റയുടെ കോണ്‍ടാക്റ്റ് വിവരങ്ങളും ചേര്‍ത്തായിരുന്നു പോസ്റ്റുകള്‍ പ്രചരിച്ചത്. ഇസ്രയേലില്‍ ഹമാസ് നടത്തിയ അക്രമത്തെ പിന്തുണച്ച് പ്രസ്താവനയിറക്കിയവരാണ് എന്ന തെറ്റായ ആരോപണവും യുഎസ്‌സിപിആറിന് മേല്‍ പ്രചരിക്കപ്പെട്ടു.

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന 300 ഓളം മനുഷ്യാവകാശ സംഘടനകളുടെ സഖ്യമാണ് യുഎസ് കാമ്പയിന്‍ ഫോര്‍ പലസ്തീനിയന്‍ റൈറ്റ്‌സ്. തങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ ഹോട്ടലില്‍ സമ്മേളന വേദി ബുക്ക് ചെയ്തിരുന്നതാണെന്നാണ് യുഎസ്‌സിപിആര്‍ പ്രസിഡന്റ് അഹമ്മദ് അബുസ്‌നെയ്ദ് ഗാര്‍ഡിയനോട് പറയുന്നത്. ഹമാസ് ആക്രമണം നടന്നതിനു പിന്നാലെ ഹോട്ടലുകാര്‍ തങ്ങളെ ബന്ധപ്പെട്ട് സുരക്ഷ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും അവരുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അബുസ്‌നെയ്ദ് പറയുന്നു.

‘ അവര്‍ പറഞ്ഞത്, പരിപാടി നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും ആളുകള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നുമാണ്. ഹോട്ടലുകാര്‍ പ്രത്യേകിച്ചൊരു രാഷ്ട്രീയ നിലപാട് എടുക്കുകയൊന്നും ചെയ്തില്ല. അവരുടെ ആശങ്ക സുരക്ഷയെച്ചൊല്ലിയായിരുന്നു. പിന്നീട് സംഭാഷണമൊന്നും ഉണ്ടായില്ല, അവര്‍ ഏകപക്ഷീയമായ തീരുമാനമെടുത്ത് പരിപാടി റദ്ദാക്കുകയായിരുന്നു.’ അബുസ്‌നെയ്ദ് പറയുന്നു.

”ഹോട്ടലുകാര്‍ ആദ്യം ചെയ്തത്, സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാനെന്ന പേരില്‍ ഒരു ലക്ഷം ഡോളര്‍ അടയ്ക്കാന്‍ ഞങ്ങളോട് അവശ്യപ്പെടുകയായിരുന്നു, അതും 48 മണിക്കൂറിനുള്ളില്‍ ബില്ല് അടയ്ക്കുകയും വേണം. സംഘടനയെ സംബന്ധിച്ച് അതൊരു വലിയ തുകയായിരുന്നു. എങ്കിലും പിന്തിരിയാന്‍ തയ്യാറായില്ല. പക്ഷേ അടുത്ത ദിവസം ഹോട്ടല്‍ അയച്ച ഇമെയ്‌ലില്‍ പറഞ്ഞത് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നാണ്. സുരക്ഷ പ്രശ്‌നം എന്നു മാത്രമം, അതിനപ്പുറം ഏകപക്ഷീയമായ ആ തീരുമാനത്തിന് മറ്റൊരു കാരണവും അവര്‍ വിശദീകരിച്ചില്ല”.

തീവ്രവാദത്തിനെതിരെ ഒന്നിച്ചു നില്‍ക്കുന്നവരുടെ ശക്തിയാണ് കാണാനായതെന്ന് യുഎസ്‌സിപിആറിനെ പരാജയപ്പെടുത്തിയെന്ന മട്ടില്‍ ആഘോഷം നടത്തിയ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ജൂത ചേംബര്‍ കൊമേഴ്‌സ് പ്രസ്താവനയിറക്കി.

പലസ്തീനു വേണ്ടി, ഇസ്രയേല്‍ അധിനിവേശത്തിനെതിരേയായി സംഘടിപ്പിച്ച ആ സമ്മേളനം റദ്ദാക്കപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരിലെ പ്രമുഖനാണ് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെയ്ഗ് അബോട്ട്. ഹമാസിനെ പിന്തുണയ്ക്കും വിധമുള്ള സെമറ്റിസം വിരുദ്ധതയ്ക്കും വെറുപ്പിനും ടെക്‌സാസില്‍ ഇടമില്ലെന്നായിരുന്നു ഗവര്‍ണര്‍ ‘ എക്‌സില്‍’ എഴുതിയത്.

ജൂത ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഇപ്പോഴുള്ള സമ്മര്‍ദ്ദം സ്റ്റാര്‍ബക്‌സിനുമേലാണ്. സ്റ്റാര്‍ബക്‌സ് ഷോപ്പുകള്‍ അടച്ചിടുക, അവിടെയുള്ള ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള കാമ്പയിന്‍ നടക്കുകയാണ്. കാരണം, സ്റ്റാര്‍ബക്‌സ് തൊഴിലാളി യൂണിയന്‍ എക്‌സില്‍ ‘ പലസ്തീന് ഐക്യദാര്‍ഢ്യം’ പറഞ്ഞൊരു പോസ്റ്റ് ചെയ്തു. ഹമാസിനെ അനുകൂലിക്കുന്ന എല്ലാ തൊഴിലാളികളെയും എത്രയും വേഗം ജോലിയില്‍ നിന്നു പുറത്താക്കണമെന്നാണ് സ്റ്റാര്‍ബക്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റാര്‍ബക്‌സിനെ അനുസരണ പഠിപ്പിക്കാന്‍ ചേംബര്‍ ബഹിഷ്‌കരണ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ആരും സ്റ്റാര്‍ബക്‌സില്‍ നിന്നും കോഫി കുടിക്കരുതെന്നാണ് ആവശ്യം. അതിനവര്‍ പ്രകോപനപരമായൊരു മുദ്രാവാക്യവും ഉണ്ടാക്കിയിട്ടുണ്ട്; ‘ സ്റ്റാര്‍ബക്‌സിലെ ഒരു കപ്പ് കോഫി കുടിക്കുന്നത്, ഒരു കപ്പ് ജൂത രക്തം കുടിക്കുന്നതിന് തുല്യമാണ്’.

ജൂത ഭീഷണി ഏറ്റൂ എന്നു തന്നെയാണ് സ്റ്റാര്‍ബക്‌സിന്റെ വിശദീകരണത്തില്‍ നിന്നും മനസിലാകുന്നത്. ഷോപ്പുകള്‍ അടച്ചിടുകയെന്നത് പ്രായോഗികമല്ലെങ്കിലും തൊഴിലാളി യൂണിയനെ സ്റ്റാര്‍ബക്‌സിന്റെ ലേബലില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോഫി ശൃംഖല ഉറപ്പു കൊടുത്തിട്ടുണ്ട്. സ്റ്റാര്‍ബര്‍ക്‌സ് വര്‍ക്കേസ് യൂണൈറ്റഡ് എന്ന പേരും, കമ്പനി ലോഗും ഉപയോഗിക്കുന്നതില്‍ നിന്നും തൊഴിലാളികളെ വിലക്കണമെന്നാവശ്യപ്പെട്ട് അവര്‍ കേസും കൊടുത്തിട്ടുണ്ട്.

വിര്‍ജീനയയിലെ ആര്‍ലിങ്ടണില്‍ ദ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ്(കെയര്‍) അവരുടെ വാര്‍ഷിക ഔദ്യോഗിക വിരുന്ന് നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ ശനിയാഴ്ച്ചയുണ്ടായ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മാരിയറ്റ് ഹോട്ടലില്‍ ഏര്‍പ്പാട് ചെയ്തിരുന്ന വിരുന്ന് ഉപേക്ഷിക്കേണ്ടി വന്നു. അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയാണ് കെയര്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തങ്ങളുടെ വിരുന്ന് സത്കാരം സംഘടിപ്പിക്കുന്ന മാരിയറ്റ് ഹോട്ടല്‍ അധികൃതരുമായി സംസാരിച്ചശേഷമാണ് പരിപാടി റദ്ദാക്കാന്‍ കെയര്‍ തീരുമാനിച്ചത്.

ഇത്തരമൊരു ബോംബ് ഭീഷണിക്കു പിന്നില്‍ ആരെന്ന് വ്യക്തമല്ലെങ്കിലും അതിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും മനസിലാകുന്നതാണ്. സമീപ ദിവസങ്ങളില്‍ മാരിയറ്റ് ഹോട്ടലിലേക്ക് വന്നുകൊണ്ടിരുന്ന അജ്ഞാത ഫോണ്‍ സന്ദേശങ്ങളിലാണ് ബോംബ് ഭീഷണിയുണ്ടായിരുന്നത്. ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗാരേജില്‍ ബോംബ് വച്ചിട്ടുണ്ടെന്നും, ഹോട്ടലിലെ ജീവനക്കാരെ അവരുടെ വീട്ടില്‍ വച്ച് കൊല്ലുമെന്നൊക്കെ തുടര്‍ച്ചയായി ഭീഷണികള്‍ വന്നു. ജനുവരി ആറിന് യു എസ് തലസ്ഥാനത്തുണ്ടായതിന്റെ ആവര്‍ത്തനമായിരിക്കും കെയറിന്റെ പരിപാടിയുമായി മുന്നോട്ടു പോയാല്‍ സംഭവിക്കുകയെന്നും ഭയപ്പെടുത്തി.

തങ്ങള്‍ പകരം മറ്റൊരു വേദി കണ്ടെത്തുമെന്നും എവിടെയാണെന്ന് ഇപ്പോള്‍ പരസ്യമാക്കുന്നില്ലെന്നുമാണ് കെയര്‍ പ്രവര്‍ത്തകര്‍ പറഞ്ഞത്. അവര്‍ ഒരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്; ‘ പലസ്തീന്‍ ജനതയെ ഉന്മൂലം ചെയ്യാനും അമേരിക്കയിലെ മുസ്ലിങ്ങളെ നിശബ്ദരാക്കാനും ശ്രമിക്കുന്ന പലസ്തീന്‍ വിരുദ്ധ വംശവെറിയന്‍മാര്‍ക്കും മുസ്ലിം വിരുദ്ധ തെമ്മാടികള്‍ക്കും ഒരിക്കലും കഴിയാത്ത കാര്യമാണ്, നീതിക്കു വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ഭീഷണിപ്പെടുത്തി അവസാനിപ്പിക്കാമെന്നത്…’

ഇസ്രയേല്‍ അനുകൂലികള്‍ വ്യാപകമായി പലസ്തീന്‍ പ്രതിരോധ ശബ്ദങ്ങളെ അമേരിക്കയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പലസ്തീന്‍ മനുഷ്യാവകാശത്തിനു വേണ്ടി നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗങ്ങളും സമ്മേളനങ്ങളും തുടര്‍ച്ചയായി റദ്ദ് ചെയ്യേണ്ട അവസ്ഥയാണുണ്ടാകുന്നതെന്ന് അമേരിക്കന്‍-പലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ പരാതിപ്പെടുന്നുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തെ ന്യായീകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ഇസ്രയേലിന്റെ നടപടികളെ ചോദ്യം ചെയ്യുന്ന എല്ലാ കാഴ്ച്ചപ്പാടുകളെയും അവര്‍ എതിര്‍ക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അമേരിക്കന്‍ മാധ്യമങ്ങള്‍ ഇസ്രയേല്‍ അനുകൂല വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നതാണ് മറ്റൊരു പ്രധാന പരാതി. ഹമാസ് ആക്രമണമാണ് എല്ലാവരും ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിന് കാരണമായി പറയുന്നത്. അതുകൊണ്ടായിരുന്നു, അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പശ്ചാത്തലത്തില്‍ വേണം നിങ്ങള്‍ ഹമാസ് ആക്രമണത്തെ ചര്‍ച്ച ചെയ്യേണ്ടതെന്നു പലസ്തീന്‍-അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ നൂറ എറകറ്റ് സിബിഎസിലും എബിസിയിലും നടന്ന ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടത്. ഹമാസില്‍ ചേരുന്നത് ആശയവാദികളല്ല, യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും ഇടയില്‍ വളരേണ്ടി വരുന്ന യുവാക്കളാണ്, പ്രതീക്ഷയുടെ തുള്ളിപോലും ബാക്കിയില്ലാത്തവര്‍’ എംഎസ്എന്‍ബിസിയുടെ കാറ്റി ടൂര്‍ റിപ്പോര്‍ട്ട്‌സ് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നൂറ വ്യക്തമാക്കുന്നു. തന്റെ അഭിപ്രായം സംപ്രേക്ഷണം ചെയ്യപ്പെട്ടതിനു ശേഷം ചാനലില്‍ വലിയ പ്രശ്‌നങ്ങള്‍ നടന്നുവെന്നു നൂറ പറയുന്നു. തന്നെ പാനലില്‍ ഉള്‍പ്പെടുത്തിയത് അബദ്ധമായെന്ന മട്ടിലാണ് ചാനലുള്ളതെന്നും നൂറ പറയുന്നു.

‘ചാനലുകാര്‍, മരിച്ചവരെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ കരയുന്നതാണ് ആഗ്രഹിക്കുന്നത്, ആ മരണം എങ്ങനെ നടന്നുവെന്നതിനെക്കുറിച്ചോ, അതിന്റെ ഉത്തരവാദിത്വത്തെ കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നില്ല’ എന്നാണ് നൂറ തുറന്നടിക്കുന്നത്. സി എന്‍ എന്‍ ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരെയാണ് പരാതികള്‍.

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അതിഥികള്‍ എന്താണ് പറഞ്ഞതെന്നു ചോദിക്കാന്‍ ഷോ സംപ്രേക്ഷണം ചെയ്യുന്നതിനു മുമ്പായി പ്രൊഡ്യൂസേഴ്‌സ് വിളിക്കും, അവര്‍ക്ക് ഇഷ്ടപ്പെടാത്തതാണ് പറഞ്ഞിട്ടുള്ളതെങ്കില്‍ ഷെഡ്യൂള്‍ ചെയ്തു വച്ചിരിക്കുന്ന ഷോകള്‍ റദ്ദ് ചെയ്യും എന്നും പരാതിയുണ്ട്.

മാധ്യമങ്ങള്‍ ഇസ്രയേല്‍ പക്ഷപാതിത്വം കാണിക്കുമ്പോള്‍ പലസ്തീന്‍ അനുകൂല അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ എതിരാളികളാല്‍ ലക്ഷ്യം വയ്ക്കപ്പെടുകയാണ്.

കമ്മിറ്റി ഫോര്‍ ആക്യുറസി ഇന്‍ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് അനാലിസിസ് അഥവ കാമറ എന്നത് രഹസ്യ ഫണ്ടിംഗ് ഉറവിടമുള്ള ഒരു വലതുപക്ഷ സമ്മര്‍ദ്ദ ഗ്രൂപ്പാണ്. കാമറ ലോസ് ആഞ്ചല്‍സ് ടൈംസിന്റെ മാനേജിംഗ് എഡിറ്റര്‍ സാറ യാസിമിനെതിരേ ഒരാരോപണം ഉയര്‍ത്തി. പലസ്തീന്‍ അമേരിക്കനായ സാറ ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നവളും പ്രൊഫഷണല്‍ മര്യാദകള്‍ ലംഘിക്കുന്നവളുമാണെന്നായിരുന്നു ആരോപണം. അതിന് കാരണമായി പറഞ്ഞത്, ഒരു അമേരിക്കന്‍-ജൂത മാസികയില്‍ ഇസ്രയേലിയായിട്ടുള്ള വ്യക്തി ഗാസ അധിനിവേശത്തെ വിമര്‍ശച്ച് എഴുതിയ ലേഖനം സാറ യാസിം എക്‌സില്‍ റീപോസ്റ്റ് ചെയ്തുവെന്നാണ്. പക്ഷേ ലോസ് ആഞ്ചല്‍സ് ടൈം ആരോപണം തള്ളിക്കളഞ്ഞു. സാറ ഹമാസ് അനുകൂലിയാണെന്ന വിഡ്ഢിത്തം വിളമ്പരുതെന്നായിരുന്നു പത്രത്തിന്റെ പരിഹാസം.

കാമറ എന്ന സംഘടന തീവ്രമനോഗതിയുള്ളവരാണ്. ഇസ്രയേല്‍ പിന്തുണ പോരായെന്നാരോപിച്ച് ഇസ്രയേലി ജേര്‍ണലിസ്റ്റുകളെ തന്നെ കുറ്റപ്പെടുത്താറുണ്ട് ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഈ സംഘടന. ന്യൂയോര്‍ക്ക് െൈടസ് ഓഫിസിന് അഭിമുഖമായുള്ള കെട്ടിടത്തിലും നഗരത്തിന്റെ പല ഭാഗത്തുള്ള പാലങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ഇസ്രയേല്‍ വിരുദ്ധ പ്രസിദ്ധീകരണം എന്ന ബാനറുകള്‍ സ്ഥാപിച്ചത് അവരുടെ തീവ്രമനോനിലയുടെ പ്രകടനമായിരുന്നു.

ഗാസയിലെ ജനങ്ങളോട് മനുഷ്യത്വം കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടതിന് ഹാപ്പേഴ്‌സ് ബസാര്‍ ചീഫ് എഡിറ്റര്‍ സമീറ നാസര്‍ സമാനതകളില്ലാത്ത വിദ്വേഷത്തിന് ഇരയായി. ഇസ്രയേല്‍ ഉപരോധം ശക്തമാക്കിയതോടെ ഗാസയിലെ സാധാരണക്കാര്‍ നരകയാതനയിലാണ്. അതില്‍ നൊന്തുകൊണ്ടാണ്, ‘ രണ്ടര ലക്ഷത്തോളം ജനങ്ങള്‍ക്കുള്ള വൈദ്യുതിയും കുടിവെള്ളവും തടസപ്പെടുത്തിയിരിക്കുന്നു. എന്റെ ജീവിതത്തില്‍ കണ്ടതില്‍വച്ച് ഏറ്റവും മനുഷ്യവിരുദ്ധ പ്രവര്‍ത്തി’ എന്നൊരു പോസ്റ്റ് സമീറ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. അതിനവര്‍ നേരിടേണ്ടി വന്നത് അതിഭീകരമായ വിമര്‍ശനങ്ങളായിരുന്നു. ജീവന്‍ നഷ്ടപ്പെട്ട ഇസ്രയേലികളെ സമീറ ചെറുതാക്കി കണ്ടു എന്നൊക്കെ വിചാരണ ചെയ്യപ്പെട്ടു. ഒടുവിലര്‍ക്ക് മാപ്പ് പറയേണ്ടി വന്നു. ഫാഷന്‍ മാഗസിനില്‍ നിന്നു മാത്രമല്ല, ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ നേരിടേണ്ടി വന്ന തിരിച്ചടികള്‍ക്ക് പിന്നാലെ അവര്‍ ക്ഷമാപണ കുറിപ്പ് എഴുതി. താനൊരിക്കലുമൊരു ഹമാസ് അനുകൂലിയല്ലെന്ന് പ്രസ്താവന ഇറക്കി.

അറബ് പേരുള്ള മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് രഹസ്യ സംഘങ്ങള്‍ അമേരിക്കയില്‍ സംഘടിത കാമ്പയിനുകള്‍ നടക്കുന്നുണ്ടെന്നാണ് ഗാര്‍ഡിയനോട് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത്.

എന്തിനാണതെന്നും ആ മാധ്യമപ്രവര്‍ത്തകന്‍ തുറന്നു പറയുന്നുണ്ട്; ‘ പലസ്തീനുവേണ്ടി ഉയരുന്ന ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍. ഒരു വഴിയിലൂടെ മാത്രം കാര്യങ്ങള്‍ അറിഞ്ഞാല്‍ മതിയെന്നും മറ്റൊന്നും ചര്‍ച്ച ചെയ്യേണ്ടെന്നുമുള്ള താത്പര്യവും അതിനു പിന്നിലുണ്ട്.’

ഭയപ്പെടുത്തി നിശബ്ദമാക്കാല്‍ അമേരിക്കയ്ക്ക് പുറത്തും നടക്കുന്നുണ്ട്. ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള സംഘാടകര്‍ കാണിച്ച ‘ ഭീരുത്വം’ അതിനൊരു ഉദ്ദാഹരണമാണ്. പുസ്തകമേളയില്‍ പലസ്തീന്‍ എഴുത്തുകാരി അദാനിയ ഷിബ്ലിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ഹമാസ് ആക്രമണത്തിന്റെ പേര് പറഞ്ഞ് സംഘാടകര്‍ ചടങ്ങ് ഉപേക്ഷിച്ചു. പലസ്തീനുവേണ്ടിയുള്ള ശബ്ദം അടിച്ചമര്‍ത്താനാണ് ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയുടെ സംഘാടകര്‍ ശ്രമിച്ചതെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നു.

ഐറിഷ് നോവലിസ്റ്റ് കോം തോയ്ബിന്‍, അമേരിക്കന്‍-ലിബിയന്‍ പുലിസ്റ്റര്‍ ജേതാവായ ഹിഷാം മറ്റര്‍, ബ്രിട്ടീഷ് ചരിത്രകാരന്‍ വില്യം ഡാല്‍റൈംബിള്‍ തുടങ്ങി 350 ന് മുകളില്‍ എഴുത്തുകാര്‍ സംഘാടകരുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തെത്തി.

ജൂത-അമേരിക്കന്‍ എഴുത്തുകാരന്‍ നഥാന്‍ ത്രാളും ഇസ്രയേല്‍ അനുകൂലികളുടെ ഭീഷണിയുടെ പ്രത്യാഘാതം നേരിടേണ്ടി വന്നു. നഥാന്‍ ത്രാള്‍ എഴുതിയ ‘ ദ ഡേ ഇന്‍ ദ ലൈഫ് ഓഫ് അബേദ് സലാമ; എ പലസ്തീന്‍ സ്റ്റോറി എന്ന പുസ്തകം ഏറെ ശ്രദ്ധനേടിയതാണ്. ഗാര്‍ഡിയന്‍ ആ പുസ്തകത്തെ വിശേഷിപ്പിച്ചത്, ‘ ഈ സമയത്ത് ആവശ്യമായ അനുകമ്പയും വിവേകവും നിറഞ്ഞൊരു പുസ്തകം’ എന്നാണ്. പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബ്രിട്ടനിലും അമേരിക്കയിലും നിരവധി വേദികളിലേക്ക് ത്രോള്‍ ക്ഷണിക്കപ്പെട്ടിരുന്നു. നഥാന്‍ ത്രോള്‍ ഇപ്പോള്‍ പറയുന്നത്, അമേരിക്കയില്‍ പല പരിപാടികളും റദ്ദാക്കിയെന്നാണ്. അതൊരു നിഷ്പക്ഷ പുസ്തകമാണെന്നാണ് നഥാന്‍ ത്രോള്‍ പറയുന്നത്. ജനങ്ങളുടെ പരാതികള്‍ കാരണമാണേ്രത ത്രോളിന്റെ വേദികള്‍ റദ്ദാക്കപ്പെട്ടതെന്നാണ് വിശദീകരണം.

അവര്‍ എല്ലാവരും പറയുന്ന കാരണം, ജനങ്ങളുടെ പരാതി’ എന്നാണ്. അവര്‍ പറയുന്ന ജനം ഇസ്രയേലികളും അവരുടെ പിന്തുണക്കാരും മാത്രമാണ് എന്ന കാര്യം സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നുമുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍