December 10, 2024 |

‘നിലനില്‍പ്പിനു വേണ്ടി, കൂടപ്പിറപ്പുകള്‍ക്കു വേണ്ടി ഉയര്‍ത്തുന്ന ശബ്ദമാണിത്’

ബെഞ്ചിടങ്ങള്‍ വരെ എത്തിയ പൗരത്വ ഭേദഗതി നിയമം: നൂതന്‍ ധീര എഴുതുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊന്നാകെ ശക്തമായ വിയോജിപ്പുകളാണ് ഉയരുന്നത്. എന്ത് വന്നാലും നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. ചെറിയൊരു വിഭാഗത്തിന്റെ രാഷ്ട്രീയ താല്പര്യം മാറ്റി നിർത്തിയാൽ യോജിച്ച പ്രതിഷേധമാണ് നടക്കുന്നത്. എല്ലാ ജനവിഭാഗങ്ങളും പൗരത്വ ഭേദഗതിക്കെതിരെയുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായ പൗരത്വ ഭേദഗതി നിയമ വിരുദ്ധ അഭിപ്രായമായിരുന്നു ബിരുദ വിദ്യാർത്ഥിയായായ നൂതൻ ധീരയുടേത്. നിരവധി പേർ നൂതൻ ധീരയുടെ പോസ്റ്റ് പങ്കുവയ്ച്ചിരുന്നു. താൻ എന്തുകൊണ്ട് അത്തരമൊരു  നിലപാട് സ്വീകരിച്ചു എന്ന്  വിശദമാക്കുകയാണ് നൂതൻ.

പൗരത്വ ഭേദഗതി നിയമം സാധാരണ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബെഞ്ചിടങ്ങളിൽ വരെ എത്രത്തോളം ഭീതിയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളതിന്റെ ആവിഷ്കാരമായിരുന്നു യഥാർത്ഥത്തിൽ ഞാൻ ഫേസ്ബുക്കിൽ കുറിച്ച അനുഭവത്തിലൂടെ പറഞ്ഞത്. ഏറെ വൈകാരികമായ വിഷയമായിരുന്നു അത്, നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിലുള്ള വിഷയം. അപരമത വിദ്വേഷത്തിൽ അധിഷ്ഠിതമായി ഭൂരിപക്ഷ വർഗീയത പ്രചരിപ്പിക്കാനുള്ള സംഘപരിവാറിന്റെ വ്യക്തവും സ്പഷ്ടവുമായ നീക്കമാണ് പൗരത്വ ഭേദഗതി നിയമം. മതത്തിൻറെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ മറവിൽ മുതലാളിത്ത ലാഭം കൊയ്യാനുള്ള കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ സർക്കാരിൻറെ വ്യക്തമായ ആസൂത്രിത തന്ത്രം. സംഘപരിവാർ ഫാസിസ്റ്റ് ഭരണകൂടം തങ്ങളുടെ ആർഎസ്എസ് നയം വ്യക്തമാക്കിയ പ്രഖ്യാപനമായിരുന്നു അത്.

അംബേദ്കറിന്റെ ചരമദിനത്തിൽ പള്ളി പൊളിച്ചവർ, ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിന് ഒരാഴ്ച മുൻപ് പള്ളി തകർത്തിടത്ത് പ്രാണ പ്രതിഷ്ഠ നടത്തി. അവർ റമദാൻ മാസപ്പിറവി കണ്ട ദിവസം തന്നെ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുക എന്ന വലിയ തരത്തിലുള്ള അപരമത വിദ്വേഷത്തിൽ അധിഷ്ഠിത രാഷ്ട്രീയ അജണ്ടയാണ് കേന്ദ്രം ഭരിക്കുന്ന വർഗീയ സർക്കാർ നടപ്പിലാക്കുന്നത്.

നാസി കാലഘട്ടത്തിൽ, ജർമ്മനി രൂപപ്പെടുത്തിയ ജൂത വിരുദ്ധ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്, 1935 സെപ്റ്റംബർ 15ന് നാസി പാർട്ടിയുടെ വാർഷിക റാലിയിലാണ്. 2025 ൽ ആർഎസ്എസിന്റെ നൂറാം വാർഷികമാണ്, വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായാണ് ഈ നിയമം പ്രാബല്യത്തിൽ വരുത്തുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള അവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നോരോന്നായി പ്രയോഗിക്കുകയാണ്.

ഇതിനെതിരെ ചെറുത്തുനിൽപ്പുകൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. നിലനിൽപ്പിനു വേണ്ടി, കൂടപ്പിറപ്പുകൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഫാസിസത്തിനെതിരെ ഇന്ത്യയിലെ വിദ്യാർത്ഥികളും യുവജനങ്ങളും തീർച്ചയായും പോരാട്ടരംഗത്ത് ഉണ്ടാകും.
ഇന്നത്തെ തലമുറയിൽ തന്നെയാണ് പ്രതീക്ഷ. വിദ്യാർത്ഥികളും യുവജനങ്ങളും കാര്യങ്ങൾ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. ഏത് മാധ്യമത്തിലൂടെയും  പ്രതിഷേധം അറിയിക്കാൻ അവർ തയ്യാറാണ്. കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ മാച്ച് കാണാൻ പോയ വിദ്യാർത്ഥികളും യുവജനങ്ങളും ബാനർ ഉയർത്തി പ്രതിഷേധം അറിയിച്ചത് ഉൾപ്പെടെ അതിനുദാഹരണം ആണല്ലോ.

എൻറെ കൂട്ടുകാരെല്ലാവരും ഇന്നും ഈ നിയമത്തിന്റെ ആഘാതത്തിലാണ്. പൗരത്വ നിയമ ഭേദഗതി ബില്ല് പാസാക്കിയത് മുതൽ എല്ലാ പ്രതിഷേധ രംഗത്തും അവർ ഉണ്ടായിരുന്നു. ആ നിയമം നടപ്പിലാക്കാതിരിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും അവരുടെ ഭാഗത്ത് നിന്നുണ്ടാകും. ഞാനിത് പറയുമ്പോഴും പ്രത്യേകാനുകൂല്യത്തിൽ നിന്നുകൊണ്ടാണ് പറയുന്നത്. അവരെ സംബന്ധിച്ചിടത്തോളം അതില്ല. അവരുടെ ഓരോരുത്തരുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രശ്നമാണിത്. മതപരമായ സ്വത്വം ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി പൗരത്വം പോലുമില്ലാതാകുന്ന ദേശീയ സ്വത്വം പോലും നഷ്ടപ്പെടുന്ന ഗതികേട് വരുമോ എന്ന ആശങ്ക നിലനിൽക്കുമ്പോൾ എങ്ങനെ ശബ്ദിക്കാതിരിക്കും? സർവ ശക്തിയുമെടുത്ത്  പ്രക്ഷോഭ രംഗത്ത് ആകുന്ന രീതിയിൽ അവരും ഉണ്ട്.

ഹൈസ്കൂൾ വിദ്യാർത്ഥികൾ എന്ന നിലയ്ക്ക് ഞങ്ങളാൽ ആകും വിധം ഞങ്ങളും ചെയ്തിട്ടുണ്ട്. ബില്ല് വന്നത് മുതൽ ലഭിക്കുന്ന വേദികളിലെല്ലാം കഴിയും വിധം പ്രതിഷേധം രേഘപെടുത്തിയിട്ടുണ്ട്. കലോത്സവ വേദികൾ, സ്കൂൾ വാർഷികാഘോഷ വേദികൾ എല്ലാം തന്നെ പ്രതിഷേധം അറിയിക്കാനുള്ള ഇടങ്ങളാക്കി ഞങ്ങൾ മാറ്റിയെടുത്തു. ഒരു മാനേജ്മെൻറ് ഐഡഡ് വിദ്യാലയത്തിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രതിഷേധങ്ങൾ അറിയിക്കുമ്പോൾ അധ്യാപകരുടെ ഭാഗത്തുനിന്നും ഉൾപ്പെടെ, വലിയ രീതിയിലുള്ള പ്രതിസന്ധികളും സംഘർഷങ്ങളും ഞങ്ങളോരോരുത്തരും നേരിട്ടിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ച് അണ്ണാറ കുഞ്ഞിനും തന്നാലായത് എന്നപോലെ ആകും വിധം ഇതിനെതിരെ പ്രതിഷേധരംഗത്ത് ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയും യൂട്യൂബ് ചാനലുകൾ വഴിയും ഞങ്ങളുടെ നിലപാട് അറിയിക്കാനും ശ്രമിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല, സംഘപരിവാർ ഏറ്റെടുത്തിട്ടുള്ള വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം, പുത്തൻ വിദ്യാഭ്യാസ നയം തുടങ്ങിയവക്കെതിരെ കൂടിയാണ് ഞങ്ങളുടെ പ്രതിഷേധം. മറ്റെല്ലാ ഫാസിസ്റ്റ് വർഗീയ അജണ്ടകൾക്കെതിരെയും, ഞങ്ങളാൽ ആയത് അന്ന് ചെയ്തിട്ടുണ്ട്.

×