2030-കളുടെ മധ്യത്തില്‍ മാത്രം പ്രതീക്ഷിച്ചിരുന്ന 1.5 സെല്‍ഷ്യസ് എന്ന താപനില തുടര്‍ച്ചയായ കലാവസ്ഥ വ്യതിയാനങ്ങള്‍ നിമിത്തം 2029-തിന്റെ ആദ്യം തന്നെ അനുഭവപ്പെട്ടേക്കാം എന്ന് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. കഴിഞ്ഞ മൂന്നു വര്‍ഷമായുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടുള്ള പുറന്തള്ളല്‍ ഇത്തരത്തില്‍ അനിയന്ത്രിതമായി ചൂട് കൂടുന്നതിന് പ്രധാന കാരണമാണ്. അതോടൊപ്പം പറയാവുന്ന മറ്റൊരു കാരണമാണ് ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം അന്തരീക്ഷത്തെ മോശമായ രീതിയില്‍ ബാധിക്കുന്നതും.
ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷത്തിലൂടെയാണ് കടന്ന് പോകുന്നത്, 2023 ലെ താപനില 1 .5 ഡിഗ്രി സെല്‍ഷ്യസ് അനുപാതത്തിന് അടുത്ത് നില്‍ക്കുന്ന തരത്തിലുള്ളതാണ്. നിലവില്‍ അനുഭവപെടുന്ന ഉയര്‍ന്ന തപാനില ഇതേ രീതിയില്‍ തുടരാന്‍ പാകത്തില്‍ ഹരിത ഗ്രഹ വാതകങ്ങളുടെ അളവ് ഇനിയും ഉയര്‍ന്നേക്കും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും മറ്റ് വാതകങ്ങളുടെയും അളവ് വര്‍ധിക്കുന്നത് താപ നില വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇവയുടെ വര്‍ദ്ധനവ് മൂലം ഹരിതഗ്രഹ പ്രതിഭാസത്തിന് കാരണമാകുന്നു. ഭൂമിയില്‍ പതിക്കുന്ന സൂര്യകിരണങ്ങള്‍ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീര്‍ഘതരംഗങ്ങളായിത്തീരുമ്പോള്‍ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ഭൂമിയിലെ ചൂട് വര്‍ദ്ധിപ്പിക്കുന്നതാണ് ഹരിതഗൃഹ പ്രതിഭാസം.
2015-ല്‍ ചേര്‍ന്ന പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ ഒപ്പിട്ട എല്ലാ രാഷ്ട്രീയ നേതാക്കളും നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ആഗോള താപനില വര്‍ദ്ധനവ് 2 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലയിലും ഈ നൂറ്റാണ്ടിലെ പരമാവധി വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് ആയും നിലനിര്‍ത്തുമെന്നുള്ളത്. വികസ്വര സംസ്ഥാനങ്ങളെയും ചെറിയ ദ്വീപ് രാഷ്ട്രങ്ങളെയും സംബന്ധിച്ച് 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന കണക്ക് വളരെ പ്രധാനപെട്ടതാണ്. കാരണം, മേല്പറഞ്ഞ അളവിനപ്പുറത്തേക്ക് ചൂട് വര്‍ദ്ധിക്കുന്നത് മൂലം സമുദ്ര നിരപ്പിലെ വര്‍ദ്ധനവിനും ഊഷ്ണ തരംഗങ്ങളുടെ ഉയര്‍ന്ന ഉത്പാദനത്തിനും മറ്റു പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത് ഇവരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാന്‍ പോന്നതാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.
സമുദ്രാന്തരീക്ഷത്തിലെ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരല്‍, സമുദ്രത്തിലെ അസിഡിഫിക്കേഷന്‍, താപ തരംഗങ്ങള്‍, തീവ്രതയേറിയ ചുഴലിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ വ്യതിയാനം മൂല മുണ്ടാകുന്ന സമുദ്ര പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറിയ ദ്വീപ് രാഷ്ട്രങ്ങളെയാണ്. മഴ പെയ്യുന്ന രീതി അസന്തുലിതമാകുന്നത് വരള്‍ച്ചക്കും കാരണമാകുന്നു. കാലാവസ്ഥ വ്യതിയാനം ഇത്തരം രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഇക്കോടൂറിസം, മത്സ്യബന്ധനം, കൃഷി തുടങ്ങിയ, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ ശോഷണം വരുത്തുന്നു. ഇത്തരത്തിലുണ്ടായ പാരിസ്ഥിതികാഘാതം മൂലം അലാസ്‌കയില്‍ ലക്ഷണക്കിന് മഞ്ഞ് ഞണ്ടുകളുടെ(സ്നോ ഞണ്ടുകള്‍) പെട്ടെന്നുള്ള തിരോധാനം വലിയ ആശങ്കയിലാഴ്ത്തിയിരുന്നു. സമുദ്ര താപനിലയിലെ വ്യതിയാനം മൂലം മഞ്ഞ് ഞണ്ടുകളുടെ പെട്ടെന്നുള്ള തിരോധാനം 150 മില്യണിലധികം മൂല്യമുള്ള അലാസ്‌കയിലെ വാണിജ്യ മത്സ്യബന്ധന വ്യവസായത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു.
ഈ വര്‍ഷമാദ്യത്തില്‍, യുഎന്നിന്റെ പ്രധാന ഉപദേശക സമിതിയായ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി), ലോകത്തിന് 500 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ മാത്രമേ പുറന്തള്ളാന്‍ കഴിയൂവെന്നും 1.5 സെല്‍ഷ്യസ് എന്ന കണക്കില്‍ ചൂട് നിലനിര്‍ത്താനുള്ള 50% സാധ്യതയുണ്ടെന്നും പ്രവചിച്ചിരുന്നു. വാര്‍ഷിക കാര്‍ബണ്‍ പുറന്തള്ളല്‍ ഏകദേശം 40 ബില്യണ്‍ ടണ്‍ ആയതിനാല്‍, അടുത്ത പത്ത് വര്‍ഷത്തിന്റെ പകുതിയോടെ മാത്രമേ 1.5 സെല്‍ഷ്യസ് പരിധി മറികടക്കുയുള്ളൂ എന്നുമായിരുന്നു ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ പ്രതീക്ഷ.
എന്നാല്‍ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് മുന്‍പ് ഐ പി സി സി പറഞ്ഞ കണക്കുകളേക്കാള്‍ വേഗത്തില്‍ ഇത് ഉയരുമെന്നാണ്.
ഐ പി സി സിയില്‍ 2020 വരെയുള്ള വിവരങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന വസ്തുത ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ പുറന്തള്ളപ്പെട്ട കാര്‍ബണ്‍ന്റെ അളവുകള്‍ എടുത്താണ് പുതിയ റിപ്പോര്‍ട്ട് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ താപനില ഉയര്‍ത്താന്‍ കാരണമാകുന്ന കാര്‍ബണ്‍ ഇതര ഘടകങ്ങളുടെ പങ്കുകളെ പറ്റിയും പുനര്‍പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും നിര്‍ണായകമായ ഒരു ഘടകം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന എയറോസോള്‍ എന്ന അഴുക്കുപുരണ്ട കണികകളാണ്. ഇവ വലിയതോതില്‍ വായു മലീകരണത്തിന് കാരണമാകുന്നു. പക്ഷെ ഇവ മറ്റൊരുരത്തില്‍ ഉപകാരപ്രദമാണ്. ഇവ സൂര്യപ്രകാശം ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിച്ച് അന്തരീക്ഷത്തെ തണുപ്പിക്കാന്‍ സഹായിക്കുന്നു. ഇതുമൂലം താപനിലയില്‍ കാര്യമായ കുറവ് അനുഭവപ്പെടുന്നു. എന്നാല്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നത് മൂലം എയറോസോളുകളുടെ അളവ് കുറഞ്ഞിട്ടുണ്ട്. ഇതും താപ നില ഉയരാനുള്ള കാരണമാണ്.
‘1.5 ഡിഗ്രി സെല്‍ഷ്യസില്‍ താപനില പിടിച്ചു നിര്‍ത്താനുള്ള വഴികള്‍ അടയുകയാണ്. കാരണം, പരമാവധി ആറ് വര്‍ഷം കൂടി മാത്രമേ നിലവിലെ കാര്‍ബണ്‍ പുറന്തള്ളല്‍ പ്രകാരം താപനില ഇതേ രീതിയില്‍ നിലനില്‍ക്കൂ. ഇത് ഇനിയും ഉയരാനാണ് സാധ്യത’; ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഡോ. റോബിന്‍ ലാംബോള്‍ പറയുന്നു.
ഗവേഷകരുടെ കണ്ടെത്തലുകള്‍ പ്രകാരം താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഉയരുന്നത് ഒഴിവാക്കണമെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറം തള്ളുന്നതിന്റെ അളവ് 2034 ഓടെ പൂജ്യത്തിലെത്തണം.
എന്നാല്‍ ഇത് സാധ്യമാകുന്ന തരത്തിലുള്ള സാമൂഹിക-സാങ്കേതിക കണ്ടത്തലുകളോ പഠനങ്ങളോ നിലവില്‍ ലഭ്യമല്ല. അതിനാല്‍ തന്നെ എത്ര ഊര്‍ജിതമായ രാഷ്ട്രീയ നടപടികളും നയങ്ങളും ഉണ്ടായാലും 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്താനുള്ള സാധ്യത ഒട്ടും തന്നെയില്ല. അതിനര്‍ത്ഥം മൂന്നോ നാലോ ഡിഗ്രി കൂടും എന്നല്ല, ആഗോളതാപനത്തിന്റെ തോത് 1.5 ഡിഗ്രി സെല്‍ഷ്യസിലും കൂടുതലായിരിക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്”; ലണ്ടനില്‍ ഇംപീരിയല്‍ കോളേജില്‍ അധ്യാപകനായ ജോറി റോഗല്‍ജ് പറയുന്നു.