കല്‍ക്കരി, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന വാതക ബഹിര്‍ഗമനം(കാര്‍ബണ്‍ എമിഷന്‍ അഥവ കാര്‍ബണ്‍ ഉദ്വമനം).ആഗോളതാപനം വര്‍ധിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറച്ചുകൊണ്ടു വന്നു പൂജ്യത്തില്‍ എത്തിക്കേണ്ടത് ഭൂമിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന തിരിച്ചറിവില്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടികള്‍ക്ക് നിര്‍ബന്ധിതരാകുന്നുണ്ട്. ആഗോള കാര്‍ബണ്‍ ഉദ്വമനത്തില്‍ ആഫ്രിക്കയുടെ സംഭാവന മറ്റ് ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഈ സാഹചര്യത്തിലാണ് ആഫ്രിക്കന്‍ വനങ്ങള്‍ ഉള്‍പ്പെടുന്ന വലിയ ഭൂപ്രദേശങ്ങളുടെ അവകാശങ്ങള്‍ സ്വന്തമാക്കാന്‍ ദുബായ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ‘കാര്‍ബണ്‍ ഓഫ്സെറ്റിംഗ്’ എന്നറിയപ്പെടുന്ന ഈ കരാര്‍ കാലാവസ്ഥ വ്യതിയാനം ചെറുക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതാണ്. ഷെയ്ഖ് അഹമ്മദ് ദല്‍മൂക്ക് അല്‍ മക്തൂമിന്റെ ഉടമസ്ഥതയ്ക്കു കീഴിലുള്ള യു എ ഇ ആസ്ഥാനമായുള്ള ബ്ലൂ കാര്‍ബണ്‍ കമ്പനിയാണ് ആഫ്രിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതിയ കരാര്‍ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ഭൂമി കൈക്കലാക്കുമെന്നും, കൂടുതല്‍ പാരിസ്ഥിക പ്രശ്ങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നും ആശങ്കയുണ്ട്. അതുകൊണ്ട്, പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും പ്രയോജനകരമാകുന്ന തരത്തില്‍ ഈ ഇടപാടുകള്‍ ന്യായമായും സൂക്ഷ്മമായും കൈകാര്യം ചെയ്യണമെന്നാണ് ആവശ്യം.
ആഫ്രിക്കയുടെ ജൈവ വൈവിധ്യത്തെയും നിര്‍ണായകമായ വന്യജീവി സങ്കേതങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി പര്യവേക്ഷണ പദ്ധതികള്‍ ബ്ലൂ കാര്‍ബണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിംബാബ്വെയുടെ അഞ്ചിലൊന്നും, ലൈബീരിയയുടെ പത്ത് ശതമാനവും, ടാന്‍സാനിയയുടെ എട്ട് ശതമാനവും ഉള്‍കൊള്ളിച്ചു കൊണ്ടുള്ളതാണ് കരാര്‍. ഒക്ടോബറിലാണ് ബ്ലൂ കാര്‍ബണ്‍ കമ്പനി കെനിയയിലെ ദലക്ഷക്കണക്കിനു ഹെക്ടര്‍ വനം ഏറ്റെടുത്തുകൊണ്ടുള്ള കരാറില്‍ ഒപ്പ് വച്ചത്. ബ്ലൂ കാര്‍ബണ്‍ പാകിസ്താനുമായി സമാനമായ കരാര്‍ നടത്താനൊരുങ്ങുകയാണെന്നും, ഭാവിയില്‍ കൂടുതല്‍ കരാറുകള്‍ പ്രതീക്ഷിക്കാമെന്നും അറിയിച്ചു. ആഫ്രിക്കന്‍ വനങ്ങളുടെ അവകാശങ്ങള്‍ ഉള്‍പ്പെടുന്ന ഇത്തരത്തിലുള്ള ഡീലുകള്‍ ബ്ലൂ കാര്‍ബണ്‍ പോലുള്ള വലിയ കമ്പനികള്‍ക്കു പാരീസ് ഉടമ്പടി പ്രകാരം വാങ്ങാവുന്നതാണ്(കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനുള്ള അന്തരാഷ്ട്ര ശ്രമാണ് പാരീസ് ഉടമ്പടി).
ആഗോള കാലാവസ്ഥാ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനോടൊപ്പം പ്രാദേശിക തലത്തില്‍ നിര്‍ണായകമായ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയും അതുവഴി സമൂഹത്തിനായി നേട്ടങ്ങള്‍ കൈവരിക്കുന്നതിനും, രാജ്യങ്ങളില്‍ സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതുമാണ് ഈ പദ്ധതികളിലൂടെയുള്ള തങ്ങളുടെ കാഴ്ചപ്പാടെന്ന് ബ്ലൂ കാര്‍ബണ്‍ വ്യക്തമാക്കുന്നുണ്ട്.
വന്‍തോതില്‍ ഭൂമി പിടിച്ചെടുക്കുന്നു
ബ്ലൂ കാര്‍ബണ്‍ ഡീലുകളെക്കുറിച്ചുള്ള ചെറിയ വിശദാംശങ്ങള്‍ മാത്രമേ പരസ്യമാക്കിയിട്ടുള്ളു. ജൂലൈയില്‍ ലൈബീരിയയില്‍ നിന്നുള്ള കരട് കരാറില്‍ നിന്ന് ലഭിച്ച വിശദംശങ്ങള്‍ അനുസരിച്ച്, ക്രെഡിറ്റ് വില്പനയുടെ 70 ശതമാനം അടുത്ത 30 വര്‍ഷത്തേക്ക് വില്‍ക്കാനുള്ള പ്രത്യേക അവകാശം ആഫ്രിക്കയുമായുള്ള ഈ കരാര്‍ വഴി ബ്ലൂകാര്‍ബണിനു ലഭിക്കും. പാരീസ് ഉടമ്പടിയില്‍ കൈകൊണ്ട നിയമങ്ങള്‍ പ്രകാരം ഇത്തരത്തില്‍ ക്രെഡിറ്റുകള്‍ വിറ്റ രാജ്യങ്ങള്‍ക്ക് അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള കൈമാറ്റങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു കാര്‍ബണ്‍ വിപണിയില്‍ നിന്ന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെങ്കിലും, വലിയ തോതിലുള്ള ഭൂമി ഇടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍ ആഫ്രിക്കയ്ക്ക് ഇത് ചിലപ്പോള്‍ ഒരു പുതിയ പോരാട്ടമായേക്കുമെന്നുള്ള പാരിസ്ഥിതിക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു.
‘ദശലക്ഷക്കണക്കിന് ദുര്‍ബലരായ സമൂഹങ്ങള്‍ അവരുടെ ഉപജീവനത്തിനായി ആശ്രയിക്കുന്ന പ്രദേശത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നതരത്തിലുള്ള ഇടപാടുകളാണ് ബ്ലൂ കാര്‍ബണ്‍ മുന്നോട്ട് വച്ചിരിക്കുന്നത്.’ ലൈബീരിയയിലും , ഘാനയിലുമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ-യിലെ ഫോറസ്റ്റ് ഗവേണന്‍സ് കാമ്പെയ്നറായി പ്രവര്‍ത്തിക്കുന്ന അലക്സാന്ദ്ര ബെഞ്ചമിന്റെ വാക്കുകള്‍. ആഫ്രിക്കയിലുടനീളമുള്ള വലിയ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കുന്ന തരത്തിലുള്ള ഒന്നിലധികം ദീര്‍ഘകാല ഇടപാടുകളില്‍ ബ്ലൂ കാര്‍ബണുമായി ഏര്‍പെടുന്നതിലുള്ള ആശങ്ക അലക്സാന്ദ്രയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാക്കാം.
ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം കാര്‍ബണ്‍ വിഭവങ്ങള്‍ സമാനതകളില്ലാത്ത ‘സ്വര്‍ണ്ണ ഖനി’യാണെന്നാണ്
കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞത്. എന്നാല്‍ ഈ കാര്‍ബണ്‍ പദ്ധതികള്‍ കമ്മ്യൂണിറ്റികള്‍ക്ക് ഗുണം ചെയ്യുമെന്നും കര്‍ശനമായ ഓഡിറ്റിങ്ങോടെയായിരിക്കും വിപണികളില്‍ പ്രവര്‍ത്തിക്കുക എന്നും ബ്ലൂ കാര്‍ബണ്‍ വ്യക്തമാക്കുന്നു. ലൈബീരിയയിലുള്ള എന്‍ ജി ഒ-കള്‍ പ്രദേശ വാസികളുടെ ഭൂമിയിലുള്ള അവകാശത്തിനും വനത്തിലേക്കുള്ള ആളുകളുടെ പ്രവേശനത്തിനും തടയിടാന്‍ സാധ്യതയുള്ള കരാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വനവിഭവങ്ങള്‍ ഒട്ടുമിക്ക ആളുകളുടെയും ഉപജീവനത്തിന് അത്യന്തപേക്ഷിതമായ ഒന്നാണ്. സെപ്റ്റംബറില്‍ നടന്ന ആഫ്രിക്കന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ 2030-ഓടെ 450 മില്യണ്‍ ഡോളര്‍ (356 മില്യണ്‍ പൗണ്ട്) ആഫ്രിക്കന്‍ ക്രെഡിറ്റുകള്‍ വാങ്ങുമെന്ന് ബ്ലൂ കാര്‍ബണ്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) തങ്ങളുടെ എണ്ണ, വാതക വ്യവസായം വിപുലീകരിക്കാനുള്ള സുപ്രധനമായ പദ്ധതികളുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. നിലവില്‍ എണ്ണ, വാതക വ്യാപത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് യു എ ഇ. സൗദി അറേബ്യയും ഖത്തറുമാണ് ഈ വ്യാപാരത്തിലുള്ള യു എ ഇ യുടെ എതിരാളികള്‍.
എന്താണ് കാര്‍ബണ്‍ വ്യാപാരം?
ഒരു നിശ്ചിത അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അല്ലെങ്കില്‍ മറ്റ് ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടാന്‍ ഒരു കമ്പനിയെയോ മറ്റ് സ്ഥാപനത്തെയോ അനുവദിക്കുന്ന ക്രെഡിറ്റുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതാണ് കാര്‍ബണ്‍ വ്യാപാരം. മൊത്തത്തിലുള്ള കാര്‍ബണ്‍ ഉദ്വമനം(പുറന്തള്ളല്‍) ക്രമേണ കുറയ്ക്കുകയും കാലാവസ്ഥാ വ്യതിയാനത്തില്‍ അവരുടെ സംഭാവന ലഘൂകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ബണ്‍ ക്രെഡിറ്റുകളും കാര്‍ബണ്‍ വ്യാപാരവും ഗവണ്‍മെന്റുകള്‍ അംഗീകരിക്കുന്നത്. 2005-ല്‍ പ്രാബല്യത്തില്‍ വന്ന കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ഐക്യരാഷ്ട്ര ഉടമ്പടിയായ ക്യോട്ടോ പ്രോട്ടോക്കോളില്‍ നിന്നാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് ഒരു പരിധി അല്ലെങ്കില്‍ വ്യാപാര പരിഹാരം പ്രയോഗിക്കുക എന്ന ആശയം ഉടലെടുത്തത്. മൊത്തത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ നടപടി.
ഓരോ രാജ്യത്തിനെയും കാര്‍ബണ്‍ ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്നതാണ് ഈ ആശയം. വലിയ, സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ ക്രെഡിറ്റുകള്‍ വാങ്ങിക്കൊണ്ട് ദരിദ്രരരും ഉയര്‍ന്ന മലിനീകരണ അളവുള്ള രാജ്യങ്ങള്‍ക്ക് ഫലപ്രദമായ രീതിയില്‍ സബ്സിഡി നല്‍കുന്നു. എന്നാല്‍ കാലക്രമേണ, സമ്പന്ന രാജ്യങ്ങള്‍ അവരുടെ ബഹിര്‍ഗമനം കുറയ്ക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നതിനാല്‍ അവര്‍ക്ക് വിപണിയില്‍ കൂടുതല്‍ ക്രെഡിറ്റുകള്‍ വാങ്ങേണ്ട ആവശ്യം വരുന്നില്ല. ഒരു നിശ്ചിത അളവിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളാന്‍ കമ്പനികളെയോ മറ്റ് കക്ഷികളെയോ അനുവദിക്കുന്ന ക്രെഡിറ്റുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ഒരു വിപണിയുടെ ഉപയോഗമാണ് കാര്‍ബണ്‍ എമിഷന്‍ ട്രേഡിംഗ് എന്നറിയപ്പെടുന്ന കാര്‍ബണ്‍ ട്രേഡിംഗ്.
കാര്‍ബണ്‍ വ്യാപാരത്തിന്റെ ഗുണങ്ങളും ദോഷങ്ങളും
കാര്‍ബണ്‍ വ്യാപാരത്തിന്റെ വക്താക്കള്‍ ഇത് കാലാവസ്ഥാ വ്യതിയാനത്തിനെ ചെറുക്കുന്നതിനുള്ള ചിലവ് കുറഞ്ഞ ഭാഗിക പരിഹാരമാണെന്നും നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനെ ഇത് പ്രോത്സാഹിപ്പികുകയും ചെയ്യുന്നുവെന്ന് വാദിക്കുന്നു. കാര്‍ബണ്‍ വ്യാപാരം വ്യാപകമായി വിമര്‍ശന വിധേയമായിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്കിടയിലും, കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ലഘൂകരിക്കാനുള്ള പല നിര്‍ദ്ദേശങ്ങളിലും കാര്‍ബണ്‍ വ്യാപാരം ഒരു കേന്ദ്ര ആശയമായി തുടരുന്നു.
കാര്‍ബണ്‍ വ്യാപാരത്തിനായി ഉപയോഗിക്കാവുന്ന നിരവധി പ്രാദേശിക എക്‌സ്‌ചേഞ്ചുകളുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ എക്‌സ്പന്‍സിവ് സിബിഎല്‍, സിംഗപ്പൂര്‍ ആസ്ഥാനമായ എയര്‍കാര്‍ബണ്‍ എക്‌സ്‌ചേഞ്ച് എന്നിവയാണ് ചിലത്. 2021-ല്‍ സ്ഥാപിതമായ ഷാങ്ഹായ് എന്‍വയോണ്‍മെന്റ് ആന്‍ഡ് എനര്‍ജി എക്‌സ്‌ചേഞ്ചാണ് നിലവിലെ ഏറ്റവും വലിയ കാര്‍ബണ്‍ എക്‌സ്‌ചേഞ്ച്.
ഗ്ലാസ്ഗോ COP26നു ശേഷമുള്ള കാര്‍ബണ്‍ വ്യാപാര കരാര്‍
2021 നവംബറില്‍ നടന്ന ഗ്ലാസ്ഗോ COP26 കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ ആഗോള കാര്‍ബണ്‍ മാര്‍ക്കറ്റിനുള്ള നിയമങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 6 എന്നറിയപ്പെടുന്ന അംഗീകരിച്ച ഈ നിയമസംഹിതിയില്‍ ഒരു കേന്ദ്രീകൃത സംവിധാനവും പ്രത്യേക ഉഭയകക്ഷി സംവിധാനവും ഉള്‍പ്പെടുന്നതാണ്. കേന്ദ്രീകൃത സംവിധാനം പൊതു- സ്വകാര്യ മേഖലകള്‍ക്കുള്ളതാണ്, അതേസമയം ഉഭയകക്ഷി സംവിധാനം രാജ്യങ്ങള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ ഉടമ്പടി പ്രകാരം, കാര്‍ബണ്‍ ക്രെഡിറ്റുകള്‍ ഉണ്ടാക്കുന്നവര്‍, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 5% ഒരു ഫണ്ടിലേക്ക് നിക്ഷേപിക്കുകയും, കൂടാതെ മലിനീകരണത്തിന്റെ തോതിലുള്ള കുറവ് ഉറപ്പാക്കാന്‍ ക്രെഡിറ്റുകളുടെ 2% റദ്ദാക്കുകയും ചെയ്യും.
ഇന്ത്യയുടെ കാര്‍ബണ്‍ വിപണി
രാജ്യത്ത് കാബണ്‍ വിപണിയുടെ പ്രവര്‍ത്തനം സംബന്ധിച്ച സുപ്രധാനമായ നിയമഭേദഗതി 2022 ഡിസംബര്‍ 12-ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പാസ്സാക്കിയിരുന്നു. കാര്‍ബണ്‍ ക്രഡിറ്റ് വോളണ്ടറി ട്രേഡിങ് സിസ്റ്റം എങ്ങനെയായിരിക്കണം, ആഭ്യന്തര കാര്‍ബണ്‍ വ്യാപാര പദ്ധതി എങ്ങനെ ക്രമീകരിക്കണം, കാര്‍ബര്‍ ക്രഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്‍ക്കായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഈ ഊര്‍ജ്ജ ഉപയോഗ (ഭേദഗതി) നിയമം 2022 എന്ന ഈ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. പരിശോധനകള്‍ നടത്തി കാര്‍ബണ്‍ ക്രഡിറ്റ് അനുവദിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനോ അംഗീകൃത ഏജന്‍സികള്‍ക്കോ ആയിരിക്കുമെന്നാണ് നിയമം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിയമങ്ങളും ഇനി രൂപീകരിക്കപ്പെടേണ്ടതുണ്ട്.