June 14, 2025 |

മുഖപ്രസംഗമില്ല, അവിടെ ഒരു കാര്‍ട്ടണ്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-9

ഒരു പത്രത്തിന്റെ അല്ലെങ്കില്‍ ഒരു പ്രസിദ്ധീകരണത്തിന്റെ നിലപാട് എന്താണെന്നത് മനസിലാക്കണമെങ്കില്‍ അതിലെ മുഖപ്രസംഗം മാത്രം വായിച്ചാല്‍ മതിയാകും. സ്വതന്ത്ര രാഷ്ട്രീയ നിലപാടുള്ള പത്രമാണെന്ന് പറയുമ്പോഴും എല്ലാ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നിടത്താണ് അത് സ്വീകാര്യമാകുന്നത്. പത്രങ്ങള്‍ക്കും, പ്രസിദ്ധീകരണങ്ങള്‍ക്കും അവരുടേതായ ഒരു അഭിപ്രായം പറയുവാന്‍ മുഖപ്രസംഗം സ്വാതന്ത്ര്യം നല്‍കുന്നു. ഒരു പത്രത്തിന്റെ അല്ലെങ്കില്‍ പ്രസിദ്ധീകരണത്തിന്റെ ചായ്‌വാണ് മുഖപ്രസംഗം അല്ലെങ്കില്‍ എഡിറ്റോറിയല്‍ വഴി വായനക്കാര്‍ മനസിലാക്കുന്നത്. ചില വിദേശ മാധ്യമങ്ങള്‍ എഡിറ്റോറിയലിനെ ഒപ്പീനിയന്‍ എന്നാണ് വിശേഷിപ്പിക്കാറ്.

മുഖപ്രസംഗത്തിന്റെ ശൈലി ഉപന്യാസത്തില്‍ നിന്ന് വിഭിന്നമാണ്. ഒരു മുഖപ്രസംഗത്തിന് സാധാരണയായി മൂന്ന് ഘട്ടങ്ങള്‍ ഉണ്ടാകും. പരാമര്‍ശിക്കുന്ന വിഷയത്തിന്റെ ചുരുക്കം തുടക്കത്തില്‍ നല്‍കുന്നതാണ് ആദ്യഘട്ടം, പിന്നീട് വിഷയം സമഗ്രമായി പ്രതിപാദിക്കുന്നു. വിശകലനത്തിലൂടെ എത്തിച്ചേരുന്ന നിഗമനവും ഉപസംഹാരവുമാണ് അവസാനം. ഒരു പത്രത്തിലെ അതീവ പ്രാധാന്യമുള്ള ഒന്നാണ് മുഖപ്രസംഗം.

മലയാളത്തിന്റെ ആദ്യ കാര്‍ട്ടൂണിസ്റ്റിനെ നാടു കടത്തി

1983ല്‍ കേരള സര്‍ക്കാരിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സമയം. കെ. കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. ഒട്ടേറെ പ്രതിസന്ധികള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്ന കാലമാണ്. കലാകൗമുദി വാരിക സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ അന്ന് മുഖപ്രസംഗത്തിന് പകരം പതിവിന് വിപരീതമായി അവിടെ ഒരു കാര്‍ട്ടൂണ്‍ കൊടുത്തു. കാര്‍ട്ടൂണിസ്റ്റ് നാഥനായിരുന്നു ഈ കാര്‍ട്ടൂണ്‍ വരച്ചത്. ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ സമാനമായ ഇങ്ങനെ ഒരു സംഭവം മുന്‍പ് ഉണ്ടായിട്ടില്ല.

പോക്കണം കെട്ട പ്രതിപക്ഷത്തിന് ഒരു വയസ്സ് എന്നാണ് തലക്കെട്ട് കൊടുത്തത്. ഗുരുവായൂരപ്പന്റെ ഭക്തനായ കെ. കരുണാകരന്‍ തൊഴു കൈകളോടെ പ്രാര്‍ത്ഥിക്കുകയാണ്. ഭഗവാനേ ഗുരുവായൂരപ്പാ ! സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും, ഘടക കക്ഷികളില്‍ നിന്നും, പോഷക സംഘടനകളില്‍ നിന്നും, അടിയനെ കാത്തു രക്ഷിച്ചു കൊള്ളണേ ! പ്രതിപക്ഷത്തിന്റെ കാര്യം അടിയന്‍ നോക്കിക്കൊള്ളാം.

കാര്‍ട്ടൂണ്‍ കടപ്പാട്: കലാകൗമുദി

 

Leave a Reply

Your email address will not be published. Required fields are marked *

×