രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-8
സ്വദേശാഭിമാനി രാമക്യഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് മലബാറിലേയ്ക്കാണ് ബ്രിട്ടീഷ് പിന്തുണയോടെ ദിവാന്‍ സര്‍ സി.പി. രാമസ്വാമി നാടുകടത്തിയത്. എന്നാല്‍ ആദ്യ കാര്‍ട്ടൂണിസ്റ്റായ പി.എസ്. ഗോവിന്ദപിള്ളയെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയത് കാലാപാനിയിലേയ്ക്കാണ്.
‘എന്തെടി പെണ്ണേ മാസം മൂന്നായിട്ടും വിചേഴമൊന്നുമില്ലേ…?’
1919 ഒക്ടോബര്‍ മാസം വിദൂഷകന്റെ അഞ്ചാം ലക്കത്തിലാണ് ആദ്യമായി ലക്ഷണമൊത്ത മലയാള കാര്‍ട്ടൂണ്‍ അച്ചടിച്ചു വരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്തായിരുന്നു പ്രസ്തുത കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. നാട്ടില്‍ കടുത്ത ഭക്ഷ്യ ക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. ക്ഷാമം ഒരു ഭീകരനായ അസുര രൂപം പൂണ്ട് ഇടത്തേ കൈയില്‍ മനുഷ്യരെ തന്റെ കുന്തത്തില്‍ കോര്‍ത്തിറക്കിയിരിക്കുന്നു. വലത്തേ കൈയില്‍ ജീവന് വേണ്ടി പിടയുന്ന അസ്ഥിപഞ്ജരനായ മറ്റൊരു മനുഷ്യന്‍ ജീവനായി പിടയുന്നു. കാല്‍ ചുവട്ടിലും മനുഷ്യര്‍ ചവിട്ടി മെതിക്കപ്പെടുന്നു. ഒരു ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥന്‍ ഭീകരനായ അസുര രൂപത്തോട് എന്തോ നിര്‍ദ്ദേശിക്കുന്നുണ്ട്. ക്ഷാമ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായ മരച്ചീനി (കപ്പ) ചിത്രത്തില്‍ പ്രാധാന്യത്തോടെ വരച്ചിട്ടിരിക്കുന്നു. മഹാക്ഷാമദേവത എന്ന തലക്കെട്ടോടെ വിദൂഷകനില്‍ വന്ന ആദ്യ കാര്‍ട്ടൂണിന് എത്ര ശക്തമായ ആശയമാണ് ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്.
സ്വതന്ത്ര സമരത്തെ അനുകൂലിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ എഴുതിയതിനും, വരച്ചതിനും വിദൂഷകന്‍ കണ്ടു കെട്ടി. അതിലെ പ്രധാന ഹാസ്യ ചിത്രകാരനായ പി.എസ്. ഗോവിന്ദപിള്ളയെ ബ്രിട്ടീഷുകാര്‍ നാടുകടത്തി. കാര്‍ട്ടൂണ്‍ വരച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നാടുകടത്തപ്പെട്ട പി.എസ്. ഗോവിന്ദപിള്ള കേരള മാധ്യമ ചരിത്രത്തിലെ പുതിയ ഏടാണ്. ആന്റമാനിലെ കലാപാനിയിലായിരുന്നു ജയില്‍ വാസം. ജയില്‍വാസം കഴിഞ്ഞ് മടങ്ങി എത്തിയ ഗോവിന്ദപിള്ള രോഗിയായി. ഭാര്യ ജാനകിഅമ്മയുടെ മടിയില്‍ കിടന്ന് മരണപ്പെട്ടു.