UPDATES

എന്‍ആര്‍ഐ വ്യവസായിയുടെ കത്തും, കാര്‍ഷിക ബില്ലിന് പിന്നിലെ കളികളും

പ്രധാനമന്ത്രിയുടെ മോഹന വാഗ്ദാനമായ കൃഷിക്കാരുടെ വരുമാനം ഇരട്ടിപ്പിക്കല്‍ പദ്ധതിക്ക് പിന്നിലെ യാഥാര്‍ഥ്യം എന്താണ്? അന്വേഷണ പരമ്പരയുടെ ഒന്നാം ഭാഗം

                       

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാന്‍ കൃഷിയുടെ കോര്‍പറേറ്റ്‌വത്കരണം എന്ന ആശയം മുന്നോട്ടുവെച്ച നീതി ആയോഗ് ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടിന് പിന്നില്‍ ബിജെപി അടുപ്പക്കാരനായ വിദേശ വ്യവസായിയുടെ ഇടപെടലെന്ന് രേഖകള്‍. വിദേശ വ്യവസായി നീതി ആയോഗിന് സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദൗത്യസംഘത്തിന്റെ രൂപീകരണം. കൃഷിയിലോ അനുബന്ധ മേഖലയിലോ വൈദഗ്ധ്യമോ പരിചയമോ അവകാശപ്പെടാനില്ലാത്ത ഒരു വിദേശ സോഫ്റ്റ്‌വെയര്‍ കമ്പനി മുതലാളിയാണ് ഇതിനു പിന്നില്‍ ചരടുവലിച്ചത്. ശരദ് മറാത്തെ എന്ന ബിജെപി ബന്ധമുള്ള വ്യവസായിയുടെ സംശയാസ്പദമായ നീക്കത്തിനൊത്ത് നീതി ആയോഗിന്റെ സംവിധാനങ്ങളാകെ അത്യസാധാരണ വേഗതയിലും ആവേശത്തിലും ചലിച്ചെന്നും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന് ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നു. കൃഷിസ്ഥലങ്ങള്‍ കുത്തക കമ്പനികള്‍ക്ക് പാട്ടത്തിന് വിട്ടുകൊടുത്ത് കര്‍ഷകരെ കമ്പനികളുടെ ഉപകരണങ്ങളാക്കി മാറ്റുന്നതായിരുന്നു പദ്ധതി.

വിവാദ വ്യവസായിയെ തന്നെ നീതി ആയോഗ് ദൗത്യസംഘത്തിലുള്‍പ്പെടുത്തി. അദാനി ഗ്രൂപ്പ്, പതഞ്ജലി, ബിഗ് ബാസ്‌കറ്റ്, മഹീന്ദ്ര ഗ്രൂപ്പ്, ഐറ്റിസി തുടങ്ങി വന്‍കിട കോര്‍പറേറ്റുകളുമായാണ് ദൗത്യസംഘത്തിന്റെ കൂടിയാലോചനകള്‍. ഒരൊറ്റ കര്‍ഷകരുമായോ കര്‍ഷക സംഘടനകളുമായോ സാമ്പത്തിക വിദഗ്ധരുമായോ ചര്‍ച്ചകളുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭാവനയുടെ ചുവടുപറ്റി കാര്‍ഷിക വൃത്തിയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന രാജ്യത്തെ 60 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ വരുമാനം ഇരട്ടിപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിട്ടതെന്നാണ് വെയ്പ്. എന്നാല്‍ 2018 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നാളിതുവരെ പുറത്തുവിട്ടിട്ടില്ല.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, കാര്‍ഷിക മേഖല കുത്തകകള്‍ക്ക് അടിയറവെക്കുകയും കാര്‍ഷിക വിപണിയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ചെയ്യുന്ന മൂന്ന് വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ കര്‍ഷകരുടെ നീണ്ട പോരാട്ടത്തിന് രാജ്യം സാക്ഷിയായി. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ തമ്പടിച്ച് സമരം ചെയ്തു. അക്കൂട്ടത്തില്‍ അഞ്ഞൂറില്‍പരം പേര്‍ കൊടും ചൂടിലും തണുപ്പിലും കോവിഡ് ബാധയിലും ജീവന്‍ ബലികൊടുക്കേണ്ടിവന്നു. എങ്കിലും ഒടുവില്‍ സര്‍ക്കാരിന് വിവാദ നിയമനിര്‍മാണത്തില്‍ നിന്ന് പിന്തിരിയേണ്ടിവന്നു.

പ്രധാനമന്ത്രിയുടെ മോഹന വാഗ്ദാനമായ കൃഷിക്കാരുടെ വരുമാനം ഇരട്ടിപ്പിക്കല്‍ പദ്ധതിക്ക് പിന്നിലെ യാഥാര്‍ഥ്യം എന്താണ്? രണ്ട് ഭാഗങ്ങളുള്ള ഈ വാര്‍ത്ത പരമ്പരയുടെ ആദ്യഭാഗത്ത് അതാണ് അന്വേഷിക്കുന്നത്. കാര്‍ഷിക മേഖലയോട് പുലബന്ധമില്ലാത്ത ഒരാളുടെ തലയിലുദിച്ചതാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വരെ എത്തിയത് എന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ ഏറ്റവും നിര്‍ണായക സെക്ടറുകളിലൊന്നിന് മേല്‍ സര്‍ക്കാര്‍ എത്ര നിര്‍ദയമായാണ് ഇടപെട്ടതെന്നും ഈ രേഖകള്‍ തുറന്നുകാട്ടുന്നു.

ഒരു കത്തില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. 2017 ഒക്ടോബറില്‍, ശരദ് മറാത്തെ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന് ഒരു കത്തെഴുത്തുന്നു. കാര്‍ഷിക മേഖലയെ ഉടച്ചുവാര്‍ക്കുന്നതിനുള്ള ബൃഹദ് ആശയത്തിന്റെ സംക്ഷിപ്തമാണ് ഉള്ളടക്കം.

ശരദ് മറാത്തെ പങ്കുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഉന്നത തല യോഗം വിളിച്ചുകൊണ്ട് നീതി ആയോഗ് പുറത്തിറക്കിയ മെമ്മോ

മറാത്തെയും രാജീവ്കുമാറും മുന്‍പരിചയക്കാരാണ്. നീതി ആയോഗ് പോലുള്ള സ്ഥാപനങ്ങളിലേക്ക് ദിനംപ്രതിയെന്നോണം വരുന്ന ആയിരക്കണക്കിന് കത്തുകളില്‍ നിന്നും ഇ-മെയിലുകളില്‍ നിന്നും മറാത്തെയുടെ കത്ത് മാത്രം തെരഞ്ഞെടുക്കപ്പെടുന്നതിന്റെ സാംഗത്യം ഒരു പക്ഷെ, അങ്ങനെ വിശദീകരിക്കാനായേക്കും. എന്നാല്‍ അതിലും പ്രധാനം, മറാത്തെയുടെ ബിജെപിയുമായുള്ള ചങ്ങാത്തമാണ്. ബിജെപിയുടെ വിദേശ ഘടകങ്ങളുടെ നേതാവുമായുള്ള അടുപ്പം മറാത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിന്‍ രാജകുമാരിയുമായി 2019 സെപ്റ്റംബറില്‍ നബാര്‍ഡ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ സംഘത്തില്‍ ശരദ് മറാത്തെയും ഉള്‍പ്പെട്ടിരുന്നു. ഭരണകക്ഷിയുമായുള്ള ഇയാളുടെ ചങ്ങാത്തതിന്റെ ആഴം വ്യക്തമാക്കുന്ന മറ്റൊരു ഉദാഹരണം.

ശരദ് മറാത്തെ(നടുവില്‍) സ്‌പെയ്ന്‍ രാജകുമാരി ഇന്‍ഫന്റ ക്രിസ്റ്റീന(ഇടത് വശം), നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. ഹര്‍ഷ് കുമാര്‍ ഭന്‍വാല എന്നിവര്‍ 2019 സെപ്തംബറില്‍ നബാര്‍ഡ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ച്ച(ഫോട്ടോ സോഴ്‌സ്-നബാര്‍ഡ്)

മെക്കാനിക്കല്‍ എഞ്ചിനീയറാണ് മറാത്തെ. അമേരിക്കയില്‍ യൂനിവേഴ്‌സല്‍ ടെക്‌നിക്കല്‍ സിസ്റ്റംസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി നടത്തുന്നു. അമേരിക്കയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ഇയാളുടെ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് യൂനിവേര്‍സല്‍ ടെക്‌നിക്കല്‍ സിസ്റ്റംസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്.

’60 കള്‍ തൊട്ട് അമേരിക്കയില്‍ താമസിക്കുന്നയാളാണ് ഞാന്‍. സമൂഹത്തില്‍ ശക്തമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വിഷയങ്ങളാണ് എനിക്ക് താല്‍പര്യം. സോഫ്റ്റ് വെയര്‍ കമ്പനി ഒരു വശത്ത്. മറുവശത്ത്, ജീവിതയാത്രയിലെ പാഠങ്ങള്‍ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിയുന്ന പദ്ധതികളായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു’ മറാത്തെ ഞങ്ങളോട് പറഞ്ഞതാണ്. രാജ്യത്തിന്റെ നയരൂപീകരണ വൃത്തങ്ങളില്‍ ശരദ് മറാത്തെയുടെ മാസ് എന്‍ട്രി വരുന്നത് മറ്റൊരു രൂപത്തിലാണ്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ, നാടെങ്ങും സോഫ്റ്റ് വെയര്‍ പാര്‍ക്കുകള്‍ എന്ന ആശയം മുന്നോട്ടുവെക്കുന്നത് മറാത്തെയാണെന്ന് രേഖകള്‍ പറയുന്നു.

2016 ല്‍ ഉത്തര്‍പ്രദേശില്‍ ഒരു റാലിയില്‍ പ്രസംഗിക്കവെയാണ് 2022 ആകുമ്പോഴേക്കും കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കുമെന്ന സ്വപ്ന പദ്ധതി മോദി പ്രഖ്യാപിക്കുന്നത്. അതിനുള്ള ഉപായങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ടായിരുന്നു. ‘വിപണിയധിഷ്ടിത (നിയന്ത്രിത) കാര്‍ഷിക വൃത്തിയിലൂടെ കര്‍ഷക വരുമാനം ഇരട്ടിപ്പിക്കല്‍-മെയ്ഡ് ഇന്‍ ഇന്ത്യ’ എന്നതായിരുന്നു മറാത്തെയുടെ ബ്ലൂപ്രിന്റ്. നീതി ആയോഗ് അത് രണ്ടുകൈയും നീട്ടി ഏറ്റുവാങ്ങി.

മൗലികവും പ്രായോഗികവുമായ പരിഹാരമാണ് തന്റേതെന്നാണ് മറാത്തെ അവകാശപ്പെട്ടത്. അതിനായി സര്‍ക്കാര്‍ പരീക്ഷിക്കുകയും സത്വരമായി വികസിപ്പിക്കുകയും ചെയ്യേണ്ട രൂപരേഖയും മറാത്തെ അവതരിപ്പിച്ചു. കര്‍ഷകരില്‍ നിന്ന് പാട്ടത്തിനെടുക്കുന്ന കൃഷി ഭൂമികള്‍ കൂട്ടിയിണക്കുക, സര്‍ക്കാര്‍ സഹായത്തോടെ വമ്പന്‍ മാര്‍ക്കറ്റിംഗ് കമ്പനിക്ക് രൂപം നല്‍കുക, കൃഷിക്കും അനുബന്ധ ജോലികള്‍ക്കുമായി ചെറു കമ്പനികളും രൂപീകരിക്കുക. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉത്പാദനവും വില്‍പ്പനയും കമ്പനികള്‍ കൂട്ടായി ചെയ്യണം. പാട്ടത്തിന് ഭൂമി നല്‍കുന്ന കര്‍ഷകരും ഈ പ്രക്രിയയുടെ ഭാഗമായി മാറും. ലാഭത്തില്‍ ഒരു വിഹിതം അവര്‍ക്കും കിട്ടും. മികച്ച കൃഷി. കൂടുതല്‍ വരുമാനം.

ഇവക്കെല്ലാം മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കണമെന്നും മറാത്തെ ശിപാര്‍ശ ചെയ്തു. ഒരു പടി കൂടി കടന്ന് ദൗത്യസംഘത്തിലുള്‍പ്പെടുത്തേണ്ട 11 പേരുടെ പട്ടികയും അയാള്‍ തന്നെ നല്‍കി. പട്ടികയില്‍ സ്വന്തം പേരും എഴുതിച്ചേര്‍ത്തു. അന്നത്തെ കൃഷിയുടെ ചുമതലയുള്ള സഹമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തുമുണ്ടായിരുന്നു മറാത്തെയുടെ പട്ടികയില്‍.

മറാത്തെ ഇടംപിടിച്ച ആദ്യത്തെ ദൗത്യസംഘമായിരുന്നില്ല ഇത്. 2018 ല്‍, പരമ്പരാഗത മരുന്നിന്റെ പരിപോഷണത്തിനായുള്ള ആയുഷ് മന്ത്രാലയത്തിന്റെ ദൗത്യ സംഘത്തിലും ടിയാന്‍ ഉള്‍പ്പെട്ടിരുന്നു. ആ രംഗത്തും ഒരു വൈദഗ്ധ്യവും അയാള്‍ക്ക് അവകാശപ്പെടാനില്ല എന്നത് വേറെ കാര്യം.

ഭക്ഷ്യോല്‍പന്ന വ്യവസായ മേഖലയിലെ പ്രമുഖനായ, 18 കമ്പനികളുടെ ഉടമയായ സഞ്ജയ മരിവാല എന്നയാളുമായി ചേര്‍ന്ന് പുതിയൊരു Non-Profit കമ്പനി രൂപീകരിക്കുകയായിരുന്നു മറാത്തെയുടെ അടുത്ത നീക്കം. മറാത്തെയുടെ ദൗത്യസംഘത്തിലെ 11 പേരുടെ പട്ടികയില്‍ ഇതേ സഞ്ജയയും ഉണ്ട്.

NRI-ക്കാരില്‍ നിന്നും സംരംഭകരില്‍ നിന്നും അഭിപ്രായം സ്വരൂപിക്കാന്‍ കാമ്പയിന്‍ നടത്തണമെന്നും നീതി ആയോഗിന് നല്‍കിയ concept note-ല്‍ മറാത്തെ നിര്‍ദേശിച്ചിരുന്നു. അതില്‍ നിര്‍ബന്ധമായും ബന്ധപ്പെടേണ്ടയാളായി മറാത്തെ പ്രത്യേകം നിര്‍ദേശിച്ചിരുന്നത് ആരെയെന്നല്ലേ; വിജയ് ചൗതയിവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശപരിപാടികളുടെ മുഖ്യ സംഘാടകന്‍. ബിജെപിയുടെ നയരൂപീകരണ വേദികളിലും വിദേശ യൂണിറ്റുകളിലും നിര്‍ണായക റോളുകള്‍ വഹിച്ചിരുന്നയാള്‍. നീതി ആയോഗിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും ചൗതയിവാല എന്തുകൊണ്ടോ ദൗത്യസംഘത്തിന്റെ ഭാഗമായില്ല. പാര്‍ട്ടി അംഗം കൂടിയായ അയാളുടെ പിന്മാറ്റത്തിന്റെ കാരണം അജ്ഞാതം.

മറാത്തെ പദ്ധതി നീതി ആയോഗ് അപാര ശുഷ്‌കാന്തിയോടെ ഏറ്റെടുത്തു. വിഷയം ദിവസങ്ങള്‍ക്കുള്ളില്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ചക്കെടുക്കാന്‍ തീരുമാനമായി. മറാത്തെയുടെ പിന്നാമ്പുറ നീക്കങ്ങള്‍ ശരിവെക്കുന്നവണ്ണം, ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിദഗ്ധര്‍ക്കുമൊപ്പം മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്തും ആ കൂടിയാലോചനയുടെ ഭാഗമായി.

തുടര്‍ന്ന് ഉന്നതതല യോഗം നടന്നു. പങ്കെടുത്ത 16 ല്‍ ഏഴുപേരും മറാത്തെ പേര് നിര്‍ദേശിച്ചവര്‍. വിശദ പദ്ധതി രേഖയും ചട്ടക്കൂടും തയ്യാറാക്കുന്നതിന് ഒരു ദൗത്യസംഘത്തെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ദൗത്യസംഘത്തിന്റെ രൂപീകരണം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതായും അവരുടെ മറുപടിക്ക് ശേഷം അനന്തര നടപടികള്‍ സ്വീകരിക്കാമെന്നും 2017 ഡിസംബര്‍ 8 ന് നീതി ആയോഗ് അംഗം രമേഷ് ചന്ദ് ഫയലിലെഴുതി. ഫയലില്‍ പക്ഷെ, പ്രധാനമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് പറയുന്നേയില്ല. സ്വാഭാവികം.

2018 ജനുവരിയോടെ, അതായത് മറാത്തെ ആദ്യ കരട് പദ്ധതി കൈമാറി മൂന്ന് മാസത്തിനകം നീതി ആയോഗ് ദൗത്യസംഘത്തെ രൂപീകരിച്ചു. സംഘത്തിന്റെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ടുള്ള നീതി ആയോഗ് കുറിപ്പില്‍ ഇങ്ങനെ വായിക്കാം; ‘വിപണിയധിഷ്ടിത, കാര്‍ഷിക ബന്ധമുള്ള, മെയ്ക് ഇന്‍ ഇന്ത്യ വീക്ഷണമുള്ള സാമൂഹ്യ സംരംഭകരിലൂടെ നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കും’.

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതിനകം തന്നെ ഉന്നത മന്ത്രിതല സമിതി രൂപീകരിച്ചിരിക്കെ എന്തുകൊണ്ടാണ് മറാത്തെയുടെ പദ്ധതിപ്രകാരമുള്ള ദൗത്യസംഘം ക്ഷണവേഗത്തില്‍ രൂപീകരിച്ചത്? നീതി ആയോഗ് രേഖകള്‍ ഈ ചോദ്യത്തിന് ഉത്തരമില്ല. നീതി ആയോഗിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഇത്തരം ഒരു ദൗത്യസംഘത്തെക്കുറിച്ച് പറഞ്ഞുപോകുന്നതല്ലാതെ അംഗങ്ങളുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് രണ്ട് മാസത്തിനുള്ളില്‍ തന്നെ മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു. 16 മാസങ്ങള്‍ക്ക് ശേഷം 13 വാല്യങ്ങളുള്ള റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം അവര്‍ സമര്‍പ്പിച്ചു. കൃഷി, കാര്‍ഷികോല്‍പ്പന്നങ്ങള്‍, ഗ്രാമീണ ജീവിതമാര്‍ഗം മെച്ചപ്പെടുത്തല്‍ തുടങ്ങി എല്ലാമേഖലയും സ്പര്‍ശിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. പക്ഷെ, പ്രധാനമന്ത്രി പ്രഖ്യാപിച്ചപോലെ കര്‍ഷകരുടെ വരുമാനം ഉയര്‍ന്നില്ല. 3000 പേജുവരുന്ന റിപ്പോര്‍ട്ടും അധികമാരും കണ്ടിട്ടുണ്ടാവില്ല. എങ്കിലും, ദൗത്യസംഘത്തിന്റെത് പോലെ ഈ റിപ്പോര്‍ട്ട് രഹസ്യമല്ല.

വാസ്തവത്തില്‍, മറാത്തെയുടെ ദൗത്യസംഘം രൂപീകരിക്കപ്പെട്ട അതേമാസമാണ് സര്‍ക്കാരിന്റെ ഔദ്യോഗിക മന്ത്രിതല സമിതി തങ്ങളുടെ റിപ്പോര്‍ട്ടിന്റെ 13-മത്തേതും അവസാനത്തേതുമായ വാല്യം സമര്‍പ്പിക്കുന്നത്. മന്ത്രിതല സമിതി റിപ്പോര്‍ട്ടും അവസാനിച്ചത് മറാത്തെ പദ്ധതിയുടെ വഴിയേ തന്നെ; കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുതകുന്ന ബിസിനസ് മാതൃകകള്‍ തയ്യാറാക്കാന്‍ ഒരു ദൗത്യസംഘം രൂപീകരിക്കുക.

ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തിന് വലിയതോതിലുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മറാത്തെയുടെ അപേക്ഷ നീതി ആയോഗ് അംഗീകരിച്ചതിന്റെ രേഖ

നീതി ആയോഗിന്റെ ദൗത്യസംഘം ഇതിനകം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അവര്‍ ആവശ്യപ്പെട്ടതെല്ലാം ഉടനടി ഒരുക്കപ്പെട്ടു. ഓഫീസും കമ്പ്യൂട്ടറും, എന്തിന് യാത്രാ ബത്തയുള്‍പ്പെടെ മറാത്തെ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും റെഡി.

ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ കാര്‍ഷിക രംഗത്തെ സകലരുമായും കൂടിയാലോചിച്ചാണ് മന്ത്രിതല സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്കില്‍ വമ്പന്‍ കോര്‍പറേറ്റുകളുമായി മാത്രമായിരുന്നു മറാത്തെ സംഘത്തിന്റെ ചര്‍ച്ചകള്‍. ആദ്യ യോഗത്തില്‍ തന്നെ അവര്‍ അജണ്ട നിര്‍ണയിച്ചു. മറാത്തെയുടെ വാക്കുകളില്‍ ‘കാര്‍ഷിക വൃത്തിയില്‍ നിന്ന് കാര്‍ഷിക വ്യവസായത്തിലേക്ക് മാറാന്‍ ഇതാണ് ശരിയായ സമയം’.

(നീതി ആയോഗ്, കൃഷി-കര്‍ഷക ക്ഷേമ വകുപ്പ്, ദൗത്യസംഘവുമായി കൂടിയാലോചന നടത്തിയ വിവിധ സ്ഥാപനങ്ങള്‍ എന്നിവരോട് കളക്ടീവ് വിശദമായ പ്രതികരണം തേടിയിരുന്നു. പലതവണ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ല).

(അടുത്ത ഭാഗത്ത്: ബിസിനസ് മാതൃകകള്‍ തയ്യാറാക്കുന്നതിന് ദൗത്യസംഘത്തിനുള്ളില്‍ നടന്ന കോര്‍പറേറ്റ് ലോബിയിംഗ് സംബന്ധിച്ച്)

ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ മലയാള വിവര്‍ത്തനമാണ് അഴിമുഖം നല്‍കിയിരിക്കുന്നത്‌.

Related news


Share on

മറ്റുവാര്‍ത്തകള്‍