UPDATES

‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’… ആനിമലിലെ വൈറല്‍ പാട്ടിന്റെ പിന്നിലെ കഥ

ആനിമലിനെ കുറിച്ച് അഭിപ്രായങ്ങള്‍ പലതുണ്ടെങ്കിലും ‘ ജമല്‍ ജമാലൂ കുഡു’ എന്ന പാട്ട് ഒരു വലിയ തംരഗമായി മാറിയെന്നതില്‍ തര്‍ക്കമില്ല

                       

സന്ദീപ് റെഡ്ഡി വാംഗയുടെ ‘ ആനിമല്‍’ ഉണ്ടാക്കിയിട്ടുള്ള വിവാദങ്ങള്‍ ചെറുതല്ല. അര്‍ജുന്‍ റെഡ്ഡിയെക്കാളും കബീര്‍ സിംഗിനെക്കാളും വലിയ ആണ്‍പോരിമയാണ് ആനിമലില്‍ വാംഗ ഒരുക്കി വച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ആ സിനിമ ഒരിക്കലും കാണില്ല എന്ന പ്രഖ്യാപിച്ചവരുടെ എണ്ണം ചെറുതല്ല. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ഈ രണ്‍ബീര്‍ കപൂര്‍ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വ്യാപാരവിജയങ്ങളില്‍ ഒന്നായി മാറിയെന്നത് മറ്റൊരു വശം.

ആനിമലിനെ കുറിച്ച് അഭിപ്രായങ്ങള്‍ പലതുണ്ടെങ്കിലും ‘ ജമല്‍ ജമാലൂ കുഡു’ എന്ന പാട്ട് ഒരു വലിയ തംരഗമായി മാറിയെന്നതില്‍ തര്‍ക്കമില്ല. സിനിമ ഇഷ്ടപ്പെടാത്തവര്‍ പോലും ജമല്‍ കുഡുവിന് അടിമപ്പെട്ടു പോയി. ഇന്‍സ്റ്റഗ്രാം റീലുകള്‍ മുഴുവന്‍ ആ പാട്ടാണ്. ഡിസംബര്‍ ഏഴിന് ഈ പാട്ടിന്റെ പൂര്‍ണരൂപം ടി-സീരിസ് യൂട്യൂബില്‍ പുറത്തുവിടുന്നത്. ഇതുവരെ 46 മല്യണ് മുകളില്‍ ആളുകള്‍ യൂട്യൂബില്‍ പാട്ട് കണ്ടുകഴിഞ്ഞു.

സിനിമയിലെ വില്ലന്‍ അബ്രാറിന്റെ എന്‍ട്രി സോംഗ് ആണ് ജമല്‍ കുഡു. ബോബി ഡിയോളിന്റെ ലുക്കും സ്‌റ്റൈലും ജമല്‍ കുഡുവിനെ കൂടുതല്‍ പോപ്പുലറാക്കി. ബോബിയുടെ ‘ വൈറല്‍ എന്‍ട്രി’ എന്ന നിലയിലും ജമല്‍ കുഡു സൂപ്പര്‍ ഹിറ്റാണ്.

ജമാല്‍ കുഡു ഒരു കോറസ് സോംഗ് ആയാണ് വാംഗ സിനിമയില്‍ അവതരിപ്പിക്കുന്നത്. ആ പാട്ടിനെ മനോഹരമാക്കുന്നതും കോറസ് ശബ്ദത്തില്‍ അത് കേള്‍ക്കുന്നതാണ്. പിന്നെയാ സംഗീതവും. ട്യൂണ്‍ ആണ് ആദ്യം മനസിലേക്ക് ഇരച്ചു കയറുന്നത്. വരികള്‍ മനസിലാക്കുക തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. കാരണം, ഇതൊരു ഇറാനിയന്‍ സോംഗ് ആണ്.

സംവിധായകന്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. വാംഗ നല്‍കിയൊരു അഭിമുഖത്തില്‍, അയാള്‍ പറയുന്നത്, ആനിമലിന്റെ കഥ എഴുതുന്ന സമയത്ത് നടത്തിയ റിസര്‍ച്ചിലാണ് ഈ പാട്ട് കേള്‍ക്കുന്നത്. അപ്പോള്‍ തന്നെ സിനിമയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് ബോബി ഡിയോലിനെ കണ്ട് കഥ പറഞ്ഞിട്ടു പോലുമില്ലായിരുന്നു. യൂട്യൂബില്‍ ഈ ഇറാന്‍ പാട്ട് കേട്ടപ്പോള്‍ തന്നെ മനസിലുറപ്പിച്ചതാണ്, വില്ലനെ അവതരിപ്പിക്കുമ്പോള്‍ ഈ പാട്ട് വേണമെന്ന്. ഒറിജനല്‍ പാട്ടില്‍ നിന്നും ചില വ്യത്യാസങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ജമല്‍ കുഡുവില്‍ സംഗിത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ വരുത്തിയിട്ടുണ്ടെന്നും വാംഗ പറയുന്നു.

പാട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഇറാനിലെ ‘ ഹട്ടരെ ഗ്രൂപ്പ്’ (Khatareh Group) ആണ്. 1950 കളില്‍ ഖരാസെമി ഗേള്‍സ് ഹൈസ്‌കൂളിലെ ഷിറാസി വനിത ഗായക സംഘമാണ് ഒരു സ്‌കൂള്‍ പരിപാടിയില്‍ ഈ ഗാനം ആദ്യമായി അവതരിപ്പിക്കുന്നത്. വിഖ്യാത ഇറാനിയന്‍ കവി ബിജന്‍ സ്മന്ദറിന്റെ ഒരു കവിതയാണിത്. ഇറാനിലെ വിവാഹ ചടങ്ങുകളിലെല്ലാം ഈ പാട്ട് ഒഴിച്ചുകൂടാനാകാത്തൊരു ഘടകമായി പിന്നീട് മാറുകയായിരുന്നു. ഇറാനിയന്‍ പരമ്പരാഗത സംഗീതരൂപമായ ബാണ്ടാരി ശൈലിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഏറിയും കുറഞ്ഞുമുള്ള നൃത്തസംഗീത രൂപമാണ് ബാണ്ടരി. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയുള്‍പ്പെടുന്ന തെക്കന്‍ ഇറാനില്‍ നിന്നാണ് ഈ സംഗീത രൂപ പ്രചാരം നേടിയത്. ഇതിന്റെ ശരിയായ രൂപവും നവീകരിക്കപ്പെട്ട പതിപ്പുകളും സോഷ്യല്‍ മീഡിയയില്‍ ഒരുപോലെ സ്വീകരിക്കപ്പെട്ടതാണ്. ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ അവതരിപ്പിച്ച അനിമല്‍ വേര്‍ഷന്‍ സൂപ്പര്‍ ഹിറ്റായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ പഴയ രൂപങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.

‘ ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു എന്ന വരികളാണ് ഈ പാട്ടിന്റെ ഹുക് ലൈന്‍. ‘ എന്റെ പ്രണയമേ, എന്റെ പ്രിയേ, എന്റെ മധുര പ്രണയമേ’ എന്നാണ് ഇതിന്റെ ഏകദേശ മലയാള അര്‍ത്ഥം. സൗനിക്, ഹര്‍ഷിത, കീരതന, വാഗ്‌ദേവി എന്നീ കുട്ടി ഗായകസംഘത്തിനൊപ്പം മേഘ്‌ന നായിഡു, സബിയ, ഐശ്വര്യ ദസരി, അഭിക്യ എന്നിവരും ചേര്‍ന്നാണ് സിനിമയില്‍ ജമല്‍ കുഡു ആലപിച്ചിരിക്കുന്നത്.

ജമല്‍ കുഡു കൊണ്ട് നേട്ടമുണ്ടായ മറ്റൊരാള്‍ കൂടിയുണ്ട്. ഗാനരംഗത്തിലെ കോറസ് സംഘത്തില്‍ മനോഹരമായ ചിരി കൊണ്ട് ഏവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തന്നാസ് ദാവൂദി. ഇറാനിയന്‍ മോഡലും ഗായികയുമാണ് തന്നാസ്. ഫാഷന്‍ ഡിസൈനര്‍ പഠനത്തിന് ശേഷമാണ് തന്നി എന്ന തന്നാസ് മോഡലിംഗിലേക്ക് തിരിയുന്നത്. ഡാന്‍സര്‍, മോഡല്‍ എന്നീ നിലകളില്‍ ഇന്ന് ഇന്ത്യയില്‍ പോപ്പുലറാണ് ഈ ടെഹ്‌റാന്‍ സുന്ദരി. വിവിധ സിനിമകളില്‍ പ്രശസ്ത താരങ്ങള്‍ക്കൊപ്പം ഗാനരംഗങ്ങളില്‍ തന്നിയുടെ സാന്നിധ്യമുണ്ട്. ജമല്‍ കുഡു തരംഗമായതോടെ തന്നിയും പോപ്പുലറായി. ജമല്‍ കുഡു ഗേള്‍ എന്ന ഹാഷ് ടാഗില്‍ തന്നി ഇപ്പോള്‍ ഇന്‍സ്റ്റയില്‍ താരമാണ്. അവരുടെ ഫോളോവേഴ്‌സ് ലക്ഷങ്ങളാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

‘വേയ് സിയാഹ് സാംഗി ഡെലമോ നകോന്‍ ഖുന്‍’ (ഇരുണ്ട കണ്ണുകളുള്ള സുന്ദരി, നിന്റെ നിര്‍ദ്ദയമായ പ്രവര്‍ത്തികള്‍ കൊണ്ട് എന്റെ ഹൃദയം തകര്‍ക്കരുതേ)

‘വേയ് തു റഫ്തി സഫര്‍ ഷോദം ചോ മജ്‌നും’ (നീ എന്നെ വിട്ടുകന്നു, ഞാന്‍ മജ്‌നുവിനെ പോലെ അലഞ്ഞു തിരയുന്നവനായി)

‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’

‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’

ഏതോ നാട്ടില്‍ എന്നോ ഉണ്ടായൊരു പാട്ടിന്റെ വരികളാണ് ഇപ്പോഴീ കൊച്ചു മലയാളത്തില്‍ പോലും ‘ വൈറല്‍’ ആയിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍