രാജ്യം മുഴുവന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ ആണ് തെലങ്കാനയില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ മിഷണറി വക സ്‌കൂള്‍ തകര്‍ക്കുന്നത്. മഞ്ചേരിയല്‍ ജില്ലയിലെ കണ്ണേപള്ളി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ലക്‌സെറ്റിപേട്ട് സെന്റ് മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ഏപ്രില്‍ 16 ന് തകര്‍ത്തത്. കാവി വസ്ത്രധാരികള്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ടു സ്‌കൂള്‍ അടിച്ചു തകര്‍ക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ബ്ലെസ്ഡ് സേക്രമെന്റ്(എംസിബിഎസ്) ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്.
സ്‌കൂള്‍ യൂണിഫോമിന് പകരം കാവി വസ്ത്രം ധരിച്ചെത്തിയ ഏതാനും വിദ്യാര്‍ത്ഥികളോട് മുന്‍കൂര്‍ അനുമതി വാങ്ങാതെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്. എന്നാല്‍ തങ്ങള്‍ ഇതിന്റെ പേരില്‍ ഒരു കുട്ടിയെയും ക്ലാസില്‍ പ്രവേശിപ്പിക്കാതിരുന്നിട്ടില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സമയമാണ്. പരീക്ഷയെഴുതാനെത്തിയ ചില വിദ്യാര്‍ത്ഥികളാണ് കാവി വസ്ത്രങ്ങള്‍ ധരിച്ചെത്തിയത്. പരീക്ഷ കഴിഞ്ഞ സമയം പ്രിന്‍സിപ്പാള്‍ ഈ കുട്ടികളെ വിളിപ്പിക്കുകയും, മുന്‍കൂര്‍ അനുമതിയില്ലാതെ യൂണിഫോം ഇതര വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഈ വിവരം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അടുത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. മുമ്പ് തന്നെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാളുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച്ച ദിവസം, സ്‌കൂളിന് സമീപത്തുള്ള ക്ഷേത്രത്തിലാണ് ആള്‍ക്കൂട്ടം സംഘം ചേര്‍ന്നത്. അവിടെ നിന്നായിരുന്നു സ്‌കൂള്‍ ആക്രമിക്കാനായി ഇവര്‍ പോയത്, മാഞ്ചേരിയല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.
ഹനുമാന്‍ ദീക്ഷയുടെ ഭാഗമായുള്ള വൃതം നോക്കിയിരുന്ന കുട്ടികളാണ് കാവി വസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും, സ്‌കൂള്‍ അധികൃതരില്‍ നിന്നും കിട്ടിയ പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ് ഐആറുകള്‍ ദണ്ഡേപള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതവികാരം വൃണപ്പെടത്തുക, മതസ്പര്‍ദ്ധ വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും സ്‌കൂള്‍ തല്ലിത്തകര്‍ത്തവര്‍ക്കെതിരേയും രണ്ട് എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീഡിയോ പരിശോധിച്ച് സ്‌കൂളില്‍ അക്രമം കാണിച്ച പ്രതികളെ കണ്ടെത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
നാലാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനെയും സഹപാഠികളെയും ഹനുമാന്‍ ദീക്ഷയുടെ ഭാഗമായുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാളും മാനേജ്‌മെന്റ് അധികൃതരും കുട്ടികളെ പരസ്യമായി അപമാനിക്കുകയും തങ്ങളുടെ മതവികാരം വൃണപ്പെടുത്തുകയും മതസ്പര്‍ദ്ധ വളര്‍ത്തുകയാണെന്നുമാണ് മാതാപിതാക്കള്‍ പരാതിപ്പെടുന്നത്.
സ്‌കൂളില്‍ അനധികൃതമായി നാല് പേര്‍ പ്രവേശിക്കുകയും അവര്‍ സ്‌കൂള്‍ ്പ്രതിനിധിയെ ശാരീരികമായി മര്‍ദ്ദിക്കുകയും ക്ലാസ് മുറികളുടെ ജനാലകളും വാതിലുകളും തര്‍ക്കുകയും മദര്‍ തെരേസയുടെ പ്രതിമയ്ക്കും ഗേറ്റിനും കേടുപാടുകള്‍ വരുത്തുകയും 30,000 രൂപ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് സ്‌കൂളിന്റെ പരാതിയില്‍ പറയുന്നത്.
കാവി വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നാണ് ഫാദര്‍ ജെയ്‌മോന്‍ ജോസഫ് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നുവെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ 500 ഓളം വരുന്ന അക്രമികള്‍ നാലു മണിക്കൂറോളം സ്‌കൂളിനു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ഫാദര്‍ ജെയ്‌മോന്‍ പറയുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നിരിക്കുന്നതെന്നാണ് ഫാദര്‍ പറയുന്നത്. തിങ്കളാഴ്ച്ച യൂണിഫോം ഇതര വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളോടു മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഫോണ്‍ വിളിച്ച് സംസാരിക്കുകയും അവര്‍ അഭ്യര്‍ത്ഥിച്ചതിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ചയും കുട്ടികളിലൊരാള്‍ കാവി വസ്ത്രം ധരിച്ചാണ് വന്നത്. ആ കുട്ടിയെയും ക്ലാസില്‍ പ്രവേശിപ്പിച്ചു. അതിനു പിന്നാലെയാണ് വലിയൊരു ആള്‍ക്കൂട്ടം സ്‌കൂള്‍ ആക്രമിക്കുന്നത്, ഫാദര്‍ ജെയ്‌മോന്‍ ജോസഫ് പറയുന്നു.