UPDATES

ഇന്ത്യ ഒഴിവാക്കുന്നു, പകരം ഭാരത്

റിപ്പബ്ലിക് ഓഫ് ഇന്ത്യ, റിപ്പബ്ലിക് ഓഫ് ഭാരത് ആകുമെന്ന് വിവരം

                       

റിപ്പബ്ലിക് ഓഫ് ഇന്ത്യ, റിപ്പബ്ലിക് ഓഫ് ഭാരത് ആകുമെന്ന് വിവരം. കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത്തരമൊരു നിര്‍ദേശം വരുമെന്നാണ് വിവരം.  ‘ജി 20 ന്യൂഡല്‍ഹി’ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറങ്ങിയിരിക്കുന്ന എല്ലാ ക്ഷണക്കത്തുകളിലും ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്ന വാക്ക് സ്ഥാനം പിടിച്ചിരിക്കുന്നു. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ജി20 രാഷ്ട്രത്തലവന്‍മാര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന അത്താഴവിരുന്നിലെ ക്ഷണക്കത്തിലെ തലവാചകം. രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ മാത്രമല്ല, പ്രധാനമന്ത്രി പുറത്തിരിക്കുന്ന എല്ലാ ക്ഷണക്കത്തുകളിലും ഇന്ത്യ അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് വിമര്‍ശനം ഉയരുന്നത്.

ജി 20 ഉച്ചകോടി സമ്മേളനത്തിന് ന്യൂഡല്‍ഹി ആതിഥ്യമരുളുമെന്ന പ്രഖ്യാപനം വന്നശേഷം രാജ്യതലസ്ഥാനങ്ങളില്‍ നിറഞ്ഞ ബോര്‍ഡുകളില്‍ ഇന്ത്യയും ഭാരത് എന്നും സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരസ്യങ്ങളില്‍ നിന്നുപോലും ഇന്ത്യ അപ്രത്യക്ഷമായിരിക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന് ഇന്ത്യ(ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്നു പേരിട്ടതാണ് ഇതിന് കാരണം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രതിപക്ഷ സഖ്യം ‘ ഇന്ത്യ’ പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപി രൂക്ഷമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു.

രാജ്യത്താകമാനം ഭാരതം എന്നുള്ള വാചകം പ്രചരിപ്പിക്കുവാനുള്ള തുടക്കമായി തന്നെ വേണം ജി-20യുടെ ഭാഗമായി ഇന്ത്യയെ നീക്കം ചെയ്യുന്നതിന് പിന്നിലെന്ന് സംസാരമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പല ഉത്തരവുകളിലും സമീപ ദിവസങ്ങളിലായി ഇന്ത്യ എന്ന വാക്ക് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്, കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ പ്രസ്താവിക്കുന്നത്, ഭാരത്, അതായത് ഇന്ത്യ ഒരു യൂണിയന്‍ ഓഫ് സ്റ്റേറ്റ് ആയിരിക്കുമെന്നാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുന്നത് ആ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണിയായിട്ടാണെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടരി ജയറാം രമേശ് കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രം തകര്‍ക്കുകയാണെന്നും രാജ്യത്തെ വിഭജിക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. ഇന്ത്യയുടെ ഏകതയ്ക്കുവേണ്ടി പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ’ പോരാടുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 

Share on

മറ്റുവാര്‍ത്തകള്‍