UPDATES

വിദേശം

11 പേരുടെ കൊലപാതകത്തിന് പകരം വീട്ടി ഇറാൻ; പാക്-ഇറാൻ ബന്ധം ഉലയുമോ

ഇറാൻ എന്തിനാണ് പാക്കിസ്ഥാനെ അക്രമിച്ചത് ആക്രമണം ലോകത്തെ എങ്ങനെ ബാധിക്കും

                       

പാക്കിസ്ഥാനിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ. ഇറാന്റെ റെവല്യൂഷണറി ഗാർഡാണ് ജനുവരി 16 നു പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീവ്രവാദ താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം സുന്നി തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദ്ലിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തീവ്രവാദ താവളങ്ങൾക്ക് നേരെ നടന്ന അക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെടുകയും,മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രകോപനമില്ലാതെ ഇറാൻ നടത്തിയ ആക്രമണം പരമാധികാരത്തിന്റെ ലംഘനമാണെന്ന് പാക്കിസ്ഥാൻ അപലപിച്ചു. പാക്കിസ്ഥാനിലെ ജെയ്‌ഷ് അൽ-ആദലിന്റെ രണ്ട് പ്രധാന താവളങ്ങളിൽ റെവല്യൂഷണറി ഗാർഡ്‌സ് മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ ജെയ്‌ഷ് അൽ-അദ്‌ൽ തീവ്രവാദ ഗ്രൂപ്പിന്റെ രണ്ട് പ്രധാന ശക്തികേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ ഓപ്പറേഷൻ, അത് പ്രത്യേകമായി ടാർഗെറ്റുചെയ്‌ത് വിജയകരമായി നടപ്പിലാക്കിയതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ ലക്ഷ്യമിടുന്ന ജെയ്‌ഷ് അൽ-ആദൽ ആരാണ് ?

2012 ൽ ഉയർന്നുവന്ന സുന്നി തീവ്രവാദ വിഭാഗമാണ് “ആർമി ഓഫ് ജസ്റ്റിസ്” എന്നറിയപ്പെടുന്ന ജയ്ഷ് അൽ-അദ്ൽ. പാക്കിസ്ഥാനിൽ സജീവമായ സുന്നി തീവ്രവാദ ഗ്രൂപ്പാണിത്.പാക്കിസ്ഥാന്റെ ബലൂചിസ്ഥാൻ പ്രവിശ്യയുടെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും അതിർത്തിയിലുള്ള ഇറാന്റെ തെക്കുകിഴക്കൻ കോണിലുള്ള സിസ്റ്റാൻ, ബാലുചെസ്ഥാൻ (അസ്ലി ബലൂചെസ്ഥാൻ എന്നറിയപ്പെടുന്നു) പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നതായി അവകാശപ്പെടുന്ന നിരവധി സുന്നി തീവ്രവാദ വിഘടനവാദ ഗ്രൂപ്പുകളിൽ ഒന്നാണിത്. 2013 മുതൽ ഇറാനിയൻ അതിർത്തി കാവൽക്കാർക്കെതിരെ ജെയ്‌ഷ് അൽ-അദ്ൽ ആക്രമണം നടത്തുന്നുണ്ട്, കൂടാതെ ബോംബ് സ്‌ഫോടനങ്ങൾ നടത്തുകയും ഇറാനിയൻ അതിർത്തി പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി അവകാശപ്പെട്ടിരുന്നു. ഡിസംബർ പകുതിയോടെ, ജെയ്‌ഷ് അൽ-അദ്‌ൽ “ഇറാൻ തെക്കുകിഴക്കുള്ള സിസ്താനിലെയും ബലൂഷെസ്ഥാൻ പ്രവിശ്യയിലെ നഗരമായ റാസ്കിലെയും ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു, 11 ഇറാനിയൻ പോലീസുകാർ സംഭവത്തിൽ കൊല്ലപ്പെട്ടതായി തസ്നിം റിപ്പോർട്ട് പറയുന്നു.

എന്തുകൊണ്ടാണ് ഇറാൻ പാക്കിസ്ഥാനെ ആക്രമിച്ചത്?
നിലവിലെ ആക്രമണത്തെ ഇറാന്റെ പ്രതികാര നീക്കമായാണ് വിദഗ്ധർ കാണുന്നത്. തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്റ്റാൻ-ബലൂചിസ്ഥാനിലെ ഇറാനിയൻ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ മാസം നടന്ന മാരകമായ ആക്രമണത്തിന് മറുപടിയായാണ് ജനുവരി 16 നടന്ന ആക്രമണം. പഞ്ച്ഗുറിന് സമീപം പാക്കിസ്ഥാൻ ഭാഗത്ത് നിന്നാണ് തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടതെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി ആരോപിക്കുന്നത്. ഈ സംഭവമാണ് ഇറാന്റെ സമീപകാല സൈനിക നടപടികൾക്ക് പിന്നിലെ പ്രേരണയായി കണക്കാക്കുന്നത്.

എന്താണ് പാക്കിസ്ഥാന്റെ നിലപാട് ?

പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇറാന്റെ ചാർജ് ഡി അഫയേഴ്‌സിനെ കൂടികാഴ്ചക്കായി വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം ഏകപക്ഷീയമായ പ്രവൃത്തികൾ അയാൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് നിരക്കുന്നതല്ലെന്നും ഉഭയകക്ഷി വിശ്വാസവും ആത്മവിശ്വാസവും ഗുരുതരമായി തകർക്കുമെന്നും ഊന്നിപ്പറഞ്ഞു. പാക്കിസ്ഥാനും ഇറാനും തമ്മിൽ ആശയവിനിമയത്തിനുള്ള നിരവധി ചാനലുകൾ നിലവിലുണ്ടെങ്കിലും ഈ നിയമവിരുദ്ധ പ്രവൃത്തി നടന്നുവെന്നത് കൂടുതൽ ആശങ്കാജനകമാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടിയ പാക്കിസ്ഥാൻ ഇരു രാജ്യങ്ങളും തമ്മിൽ ആശയവിനിമയത്തിനുള്ള സ്ഥാപിത മാർഗങ്ങൾ നിലവിലുണ്ടെങ്കിലും ആക്രമണം നടന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എന്താണ് ഇറാൻ പറയുന്നത് ?

ഇറാൻ സ്റ്റേറ്റ് മീഡിയ അക്രമങ്ങളുടെ പ്രത്യേക വിശദാംശങ്ങളോ തെളിവുകളോ ഇതുവരെ നൽകിയിട്ടില്ല. ചില റിപ്പോർട്ടുകൾ അവരുടെ വെബ്‌സൈറ്റുകളിൽ നിന്ന് വേഗത്തിൽ നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും, ചൊവ്വാഴ്ച സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കാക്കറുമായി കൂടിക്കാഴ്ച നടത്തി, ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.

ഇറാൻ പാക്കിസ്ഥാൻ ദുർബലമായ ബന്ധം

ഇറാനും പാക്കിസ്ഥാനും 959 കിലോമീറ്റർ (596-മൈൽ) അതിർത്തിയാണ് പങ്കിടുന്നത്. പ്രാഥമികമായി പ്രക്ഷുബ്ധമായ സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്, ഇറാനിലെ സുന്നി ന്യൂനപക്ഷം ഷിയാ ആധിപത്യമുള്ള ഭരണകൂടത്തിൽ നിന്ന് വിവേചനവും അടിച്ചമർത്തലും കാലങ്ങളായി നേരിടുന്നുണ്ട്. അതിർത്തി കടന്നുള്ള ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദി ഗ്രൂപ്പുകൾക്ക് പാക്കിസ്ഥാൻ അഭയവും പിന്തുണയും നൽകുന്നതായി ഇറാൻ ആരോപിച്ചു, ഇത് പാക്കിസ്ഥാനിൽ സൈനിക നടപടിയുടെ മുൻ ഭീഷണികളിലേക്ക് നയിച്ചു. ഈ ആരോപണങ്ങൾ നിഷേധിച്ച പാക്കിസ്ഥാൻ, ഇറാന്റെ പ്രാദേശിക അഖണ്ഡതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ പ്രഭലമായികൊണ്ടിരുന്ന മത്സരവും സഖ്യവും ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കാറുണ്ട്. ഈ ഭിന്നതകൾക്കിടയിലും വ്യാപാരം, ഊർജം, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ സഹകരണവും സംഭാഷണവും നിലനിർത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കാറുണ്ട്. എന്നാൽ ഈ അക്രമണത്തോടെ ഈ ബന്ധത്തിലും കോട്ടം തട്ടുമോ എന്നാണ് അറിയേണ്ടത്. പാക് മണ്ണിൽ ഇറാൻ നടത്തിയ ഈ ആക്രമണം ചരിത്രപരമായി പരസ്പരം ജാഗ്രത പുലർത്തുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ആശങ്ക ഉയർത്തുന്നു. വിവിധ സംഘട്ടനങ്ങളാൽ ഇതിനകം തന്നെ ബാധിച്ച പ്രദേശത്ത് കൂടുതൽ അസ്ഥിരതയുടെയും അപകടസാധ്യതയും ഉയർത്തുന്നതാണ് ആക്രമണം. മേഖലയിലെ ഇറാന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ആക്രമണം.

ആഗോളത്തിൽ ആക്രമണം ചെലുത്തിയ സ്വാധീനമെന്താണ് ?

രാഷ്ട്രീയ വൈരാഗ്യങ്ങൾ, ആഭ്യന്തര പ്രശ്നങ്ങൾ, തീവ്രവാദ ഗ്രൂപ്പുകൾക്കെതിരായ അക്രമങ്ങൾ തുടങ്ങി ഇറാൻ അതിർത്തിക്കകത്തും പുറത്തും സംഘർഷാവസ്ഥയിലാണ്. ഹൂതികളെ ആഗോള തീവ്രവാദികളായി മുദ്രകുത്തുന്നതിനായി അമേരിക്കൻ ഭരണകൂടം ആലോചന നടത്തുന്ന സമയമായതു കൊണ്ട് തന്നെ ഈ സംഘർഷങ്ങളിൽ വലിയ ലോക ശ്രദ്ധയുണ്ട്. ഇസ്രയേലിനെതിരെ ചെങ്കടലിൽ ആക്രമണം അഴിച്ചുവിടുന്നത്തിൽ അമേരിക്ക ബ്രിട്ടനും പ്രത്യാക്രമങ്ങളും നടത്തികൊണ്ടിരിക്കുകയാണ്. ഇതിനു പിന്നില്‍ ഇറാനാണെന്നാണ് ലോക രാജ്യങ്ങളുടെ ആക്ഷേപം.പാകിസ്താനു പുറമെ അഫ്ഗാനുമായി ഇറാന്‍ അതിര്‍ത്തി പ്രശ്‌നത്തിലാണ്.

Share on

മറ്റുവാര്‍ത്തകള്‍