UPDATES

പക വീട്ടി ‘മൗറിസ് ഭായി’

ഫേസ്ബുക്ക് ലൈവിലെ കൊലപാതകം ആസൂത്രിതം

                       

മഹാരാഷ്ട്രയിലെ ശിവസേന മുന്‍ എംഎല്‍എയുടെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടയില്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടു പൊലീസ്. പ്രധാനമായും കൊലപാതകത്തിനു പിന്നിലെ കാരണവും പൊലീസ് വിശദീകരിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് അമരേന്ദ്ര മിശ്ര എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൗറിസ് നൊറോണയുടെ ബോഡിഗാര്‍ഡ് ആണ് മിശ്ര. ആയുധനിയമപ്രകാരമുള്ള സെക്ഷന്‍ 29(ബി) ചുമത്തിയാണ് അറസ്റ്റ്. അഭിഷേക് ഘോസാല്‍ക്കറെ കൊല ചെയ്യാന്‍ അമരീന്ദര്‍ മിശ്രയുടെ തോക്ക് ആയിരുന്നു നൊറോണ ഉപയോഗിച്ചത്. തോക്ക് കൈവശം വയ്ക്കാന്‍ നിയമപ്രകാരം അനുമതിയില്ലാത്ത വ്യക്തിക്ക് ആയുധം കൈമാറിയെന്നതാണ് മിശ്രയെക്കെതിരേ പൊലീസ് ആരോപിക്കുന്ന കുറ്റമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉദ്ധവ് താക്കറെ ഗ്രൂപ്പ് നേതാവായ അഭിഷേക് ഘോസാല്‍ക്കറെയാണ് പ്രാദേശിക ‘സാമൂഹിക പ്രവര്‍ത്തകന്‍’ മൗറിസ് നൊറോണ ലൈവിനിടെ വെടിവച്ചു കൊലപ്പെടുത്തിയത്. നൊറോണയും ജീവനൊടുക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മൗറീസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊറോണയുടെ ഓഫീസില്‍ വച്ച് അഭിഷേകിന് വെടിയേല്‍ക്കുന്നത്. വൈറലായ വീഡിയോ ദൃശ്യങ്ങളില്‍, അഭിഷേക് ഘോസാല്‍ക്കറുടെ വയറിലും തോളിലും വെടിയേല്‍ക്കുന്നത് വ്യക്തമാണ്. തുടര്‍ന്ന് നൊറോണ സ്വയം വെടിവെക്കുകയായിരുന്നു. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ബോറിവലിയിലെ കരുണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന സ്്പര്‍ദ്ധ പറഞ്ഞവസനിപ്പിക്കാനെന്ന വണ്ണമായിരുന്നു ഫെയ്‌സ്ബുക്ക് ലൈവ് വന്നത്. അതുപക്ഷേ ഒരു ആസൂത്രിത കൊലപാതകത്തിനു വേണ്ടിയുള്ള പശ്ചാത്തലമൊരുക്കലായിരുന്നു.

തന്റെ രാഷ്ട്രീയ ജീവിതം തര്‍ക്കാനായി അഭിഷേക് കളിച്ച കളികള്‍ക്കുള്ള പ്രതികാരം വീട്ടലായിരുന്നു നൊറോണ ചെയ്തതെന്നാണ് മുംബൈ പൊലീസ് പറയുന്നത്. മൗറിസ് നൊറോണ ഒരു ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ആ കേസില്‍ തന്നെ കുടുക്കിയത് അഭിഷേക് ആയിരുന്നുവെന്നാണ് നൊറോണ വിശ്വസിച്ചത്. അഞ്ചു മാസമാണ് ഈ കേസില്‍ നൊറോണ ജയിലില്‍ കിടന്നത്. അഭിഭേഷകാണ് തന്നെ കുടുക്കിയതെന്ന് നൊറോണ വിശ്വസിച്ചു. ഈ സംഭവത്തിന്റെ പേരില്‍ അഭിഷേകനോട് നൊറോണയ്ക്ക് വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ്, അയാളുടെ ഭാര്യടയക്കമുള്ള കുടുംബാംഗങ്ങള്‍ പൊലീസിനോട് പറയുന്നത്.

തന്റെ ഭര്‍ത്താവിന് രാഷ്ട്രീയ മോഹം ഉണ്ടായിരുന്നുവെന്നാണ് നൊറോണയുടെ ഭാര്യയുടെ മൊഴിയില്‍ പറയുന്നത്. ബലാത്സംഗ കേസില്‍ കുടുങ്ങിയതു രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയായി. ഇത്തരമൊരു ബലാത്സംഗ കേസില്‍ നൊറോണയെ കുടിക്കിയത് അഭിഭേഷകാണെന്നാണ് ആരോപണം. ജോയിന്റ് പൊലീസ് കമ്മീഷണര്‍ സത്യനാരായണന്റെയും ഡെപ്യൂട്ടി കമ്മീഷണര്‍ ദത്ത നല്‍വാഡെയുടെയും നേതൃത്വത്തിലുള്ള മുംബൈ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, അറസ്റ്റിലായ അമരീന്ദര്‍ മിശ്രയുടെ ഭാര്യയുടെ മൊഴിയില്‍ പറയുന്നത്, ഡ്യൂട്ടി സമയം കഴിയുമ്പോള്‍ അമരീന്ദര്‍ തോക്ക് നൊറോണയുടെ ഓഫിസില്‍ വച്ചിട്ടാണ് വീട്ടിലേക്ക് തിരികെ പോരുന്നതെന്നാണ്.

‘ അഭിഷേക് ഘോസ്ലക്കറിനെ വെറുടെ വിടില്ല’ എന്ന് ജയില്‍ മോചിതനായശേഷം നൊറോണ എപ്പോഴും പറയുമായിരുന്നുവെന്നു പൊലീസ് വിശദീകരിക്കുന്നുണ്ട്. തന്റെ പ്രതികാരം നടത്താന്‍ വേണ്ടി, നൊറോണ ആദ്യം ചെയ്തത് അഭിഷേകുമായി ചങ്ങാത്തും കൂടുകയായിരുന്നു. അഭിഷേകിന്റെ വിശ്വാസം ആര്‍ജ്ജിക്കാനായി അയാള്‍ സമാധാനത്തിന്റെ വക്താവായി. താന്‍ അഭിഷേകിന്റെ ഒരു വിശ്വസ്തനായ അനുയായി ആണെന്നു വരുത്തി തീര്‍ക്കാനുള്ള പദ്ധതികളായിരുന്നു പിന്നീട് നടപ്പാക്കിയത്. നൊറോണയ്ക്ക് സ്വാധീനമുള്ള മേഖലയില്‍ അഭിഷേകിന്റെ ബാനറുകളും പോസ്റ്ററുകളും നിറയുന്നതൊക്കെ അങ്ങനെയായിരുന്നു. അഭിഷേക് തന്നെ പൂര്‍ണമായി വിശ്വസിക്കുന്നു എന്ന് ഉറപ്പു വരുത്തിയശേഷമാണ് പ്രഭു ഉദ്യോഗ് ഭവന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ നിന്നും വ്യാഴാഴ്ച്ച രാത്രി ഏഴരയോടെ ബോറിവാലിയുടെ പ്രാന്തപ്രദേശത്തുള്ള ഐസി കോളനിയിലെ അഭിഷേക് ഘോസാല്‍ക്കറിന്റെ ഓഫിസിലേക്ക് ഫോണ്‍ ചെയ്യുന്നത്. രണ്ട് ഓഫിസുകള്‍ക്കുമിടയില്‍ വെറും 100 മീറ്റര്‍ അകലം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

തന്റെ പ്രദേശത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ക്കായുള്ള സാരി വിതരണത്തെ കുറിച്ച് സംസാരിക്കാനായി ഓഫിസിലേക്ക് വരാമോയെന്നായിരുന്നു നൊറോണ ഫോണ്‍ ചെയ്ത് അഭിഷേകിനോട് ചോദിച്ചത്. അതിനൊപ്പം തന്നെ നമുക്കൊരു ഫെയ്‌സ്ബുക്ക് ലൈവ് നട
ത്താമെന്നും അതിലൂടെ തങ്ങള്‍ക്കിടയിലുള്ള ഭിന്നതകളെല്ലാം അവസാനിപ്പിച്ചിരിക്കുന്നവെന്നും ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും എല്ലാവരെയും അറിയിക്കാമെന്നും നൊറോണ അഭിഷേകിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

നൊറോണയെ വിശ്വസിച്ച് എത്തിയ അഭിഷേകനെ ഫെയ്‌സ്ബുക്ക് ലൈവ് പോകുന്നതിനിടയിലായിരുന്നു കൊലപ്പെടുത്തിയത്.

അഞ്ചു വെടിയുണ്ടകളാണ് അഭിഷേകിന്റെ ശരീരത്തിലേക്ക് നൊറോണ പായിച്ചത്. തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയശേഷം വാതിലിനടുത്തായി മൂന്നു നാല് സെക്കന്‍ഡ് നേരം ചോരയില്‍ കുളിച്ച അഭിഷേകിന്റെ ശരീരം നോക്കി അയാള്‍ നിന്നും. അതിനുശേഷമാണ് സ്വയം വെടിയുതിര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആ സമയത്ത് തോക്ക് പ്രവര്‍ത്തിച്ചില്ല. തുടര്‍ന്നാണയാള്‍ ഒന്നാം നിലയിലേക്ക് പോകുന്നതും, അവിടെ വച്ച് തോക്കില്‍ വീണ്ടും തിര നിറച്ചശേഷം തന്റെ ശരീരത്തിലേക്കും അതു പായിച്ചു. എല്ലാം വെറും 25 സെക്കന്‍ഡുകള്‍ക്കിടയില്‍ കഴിഞ്ഞുവെന്നാണ് പൊലീസ് സംഘം പറയുന്നത്. മൊത്തം ആറ് വെടികളാണ് അവിടെ പൊട്ടിയത്. അതില്‍ അഞ്ചെണ്ണം അഭിഷേകിന്റെ ജീവനെടുത്തപ്പോള്‍, ശേഷിച്ച ഒന്നാണ് നൊറോണയെ അവസാനിപ്പിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍