2023 നവംബറിലാണ് ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് 44 തൊഴിലാളികള്‍ കുടുങ്ങിയത്. അഞ്ചു ദിവസത്തിലധികം രക്ഷാപ്രവര്‍ത്തനം നീണ്ടുനിന്നിട്ടും ഉള്ളിലുള്ളവരെ രക്ഷപ്പെടുത്താനായില്ല. തൊഴിലാളികളെ രക്ഷിക്കാനായി മറ്റു രാജ്യങ്ങളില്‍ നിന്ന് പോലും മെഷീനുകളെത്തിച്ചു. എന്നാല്‍ ഇറക്കുമതി ചെയ്ത മെഷീനുകള്‍ക്ക് പോലും രക്ഷാപ്രവര്‍ത്തനത്തില്‍ വിജയം കണ്ടെത്താനായില്ല.
ഒടുവില്‍ യന്ത്രങ്ങള്‍ പോലും തോറ്റു പിന്മാറിയിടത്ത് 44 മനുഷ്യ ജീവനുകള്‍ കൈവിട്ടുപോകാതെ കാത്തത് സാധാരണക്കാരായ 12 മനുഷ്യരായിരുന്നു. കൈയില്‍ കിട്ടിയ ആയുധങ്ങള്‍ ഉപയോഗിച്ച് രാവും പകലുമില്ലാതെ അവര്‍ തുരങ്കം കുഴിച്ചുകൊണ്ടിരുന്നു. അപകടസാധ്യതകള്‍ നിലനില്‍ക്കുന്നതു കൊണ്ട് സാധാരണ ഗതിയില്‍ അനുവദനീയമല്ലാത്ത റാറ്റ്-ഹോള്‍ മൈനിംഗ് എന്ന ഈ പരമ്പരാഗത രീതി ഉപയോഗിച്ച് അവര്‍ തൊഴിലാളികളെ എല്ലാവരെയും പുറത്തെത്തിച്ചു. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും അപകടം നിറഞ്ഞ ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ 17-ാം നാള്‍ കൃത്യം 400 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തൊഴിലാളികളെയും കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തി. രാജ്യം ഒറ്റക്കെട്ടായി ‘രാജ്യത്തിന്റെ ഹീറോകള്‍’ക്ക് വേണ്ടി കൈയടിച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിച്ച റാറ്റ്-ഹോള്‍ ഖനിത്തൊഴിലാളികളില്‍ ഒരാള്‍ വക്കീല്‍ ഹസനെന്ന ഡല്‍ഹി സ്വദേശിയാണ്. അന്ന് ഹസന്‍ നീട്ടിയ പ്രതീക്ഷയുടെ കൈ 44 പേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. എന്നാല്‍ അതേ കൈകള്‍ നീട്ടി സഹായം ചോദിച്ചു തെരുവില്‍ നില്‍ക്കുകയാണ് ഹസന്‍.
കഴിഞ്ഞ ദിവസം ഡല്‍ഹി ഡെവലപ്മെന്റ് അഥോറിറ്റി അനധികൃത നിര്‍മാണമെന്ന് മുദ്രകുത്തി പൊളിച്ചു കളഞ്ഞ വീടുകളില്‍ ഒന്ന് വക്കീല്‍ ഹസന്റേതായിരുന്നു.
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള വിപുലമായ ശ്രമത്തിലാണ് ഡല്‍ഹി ഡെവലപ്മെന്റ് അഥോറിറ്റി. ഏറ്റവുമൊടുവില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്തും വ്യപകമായ പൊളിച്ചുനീക്കലാണ് നടത്തുന്നത്. പ്രദേശത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണെന്നു ചൂണ്ടിക്കാണിച്ചാണ് ഫെബ്രുവരി 28 ന് അഥോറിറ്റി പ്രദേശത്തെ വീടുകള്‍ പൊളിച്ചു മാറ്റിയത്. ഇതില്‍ വക്കീല്‍ ഹസന്റെ വീടും ഉള്‍പ്പെട്ടിരുന്നു.
അധികൃതര്‍ വീട് പൊളിച്ചുമാറ്റാന്‍ എത്തുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നില്ലെന്നുമാണ് ഹസനും, പ്രദേശത്തെ മറ്റ് താമസക്കാരും പരാതിപ്പെടുന്നത്. ‘എന്റെ പേര് വക്കീല്‍ ഹസനെന്നാണ്. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ നിന്ന് 44 പേരെ രക്ഷിച്ചതിന് ഞങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം, പൊളിച്ചു മാറ്റപ്പെട്ട എന്റെ ഈ വീടാണ്. എനിക്ക് സഹായം കൂടിയേ തീരു. അവര്‍ എന്നെയും എന്റെ മക്കളെയും പിടികൂടി പൊലീസ് സ്റ്റേഷനകത്താക്കി. അവര്‍ ഞങ്ങളില്‍ ചിലരെയും മര്‍ദിച്ചു’- നിരാശയും രോഷവു കലര്‍ന്ന ഭാഷയില്‍ ഹസന്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന ഖനിത്തൊഴിലാളിയായ മുന്ന ഖുറേഷിയും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്.”ഞങ്ങളുടെ ഈ പ്രവര്‍ത്തനത്തിന് പാരിതോഷികമെന്ന നിലയില്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഞങ്ങള്‍ക്ക് സമാധാനമായി വീടിനുള്ളില്‍ കഴിയാമെന്ന വാഗ്ദാനം, പക്ഷേ ഈ വാഗ്ദാനത്തിന് എതിരായാണ് സംഭവിക്കുന്നത്. അവര്‍ ഞങ്ങളുടെ ടീമംഗത്തിന്റെ വീട് തട്ടിയെടുത്തു’.
എന്നാല്‍ മുന്നറിയിപ്പ് നോട്ടീസുകള്‍ ലഭിച്ചിട്ടില്ലെന്ന ആരോപണങ്ങള്‍ ഡിഡിഎ തള്ളി. എല്ലാ താമസക്കാര്‍ക്കും മുന്‍കൂര്‍ വിവരം നല്‍കിയിട്ടുണ്ടെന്നാണു ഡിഡിഎ വാദിക്കുന്നത്. ആസൂത്രിത വികസനത്തിനായാണ് ഭൂമി അനുവദിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
രാജ്യത്തിന്റെ ഹീറോസിനെ അധികൃതര്‍ പരിഗണിക്കുന്ന വിധം ഇങ്ങനെയാണോയെന്ന ചോദ്യമാണ് പല കോണില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.