UPDATES

മെര്‍ലിന്‍ മണ്‍റോ ഏകയായി ജീവിച്ച്, ദുരൂഹമായി മരിച്ച വീട് പൊളിക്കുന്നത് തടഞ്ഞു

മെര്‍ലിന് സ്വന്തമായി ഉണ്ടായിരുന്ന ഏക വീട് ഇതായിരുന്നു

                       

‘ Cursum Perficio’ അലങ്കരിച്ച മാര്‍ബിള്‍ ഫലകത്തില്‍ കൊത്തിവച്ച ഈ ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം ‘ എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു’ എന്നായിരുന്നു. 2,900 ചതുരശ്ര അടിയില്‍ സ്പാനിഷ് കൊളോണിയല്‍ ശൈലിയില്‍ തീര്‍ത്ത ഒരു ഒറ്റ നിലയില്‍ പരന്നു കിടന്ന ഒരു വസതിക്ക് ആ പേരായിരുന്നു.

ലോസ് ആഞ്ചല്‍സിലെ ബ്രെന്റ്‌വുഡില്‍, 12305, ഫിഫ്ത് ഹെലേന ഡ്രൈവ് എന്ന മേല്‍വിലാസത്തില്‍ സ്ഥിതി ചെയ്തിരുന്ന ആ വീട് ലോകത്തിന്റെ ശ്രദ്ധയിലാകുന്നത് അവിടുത്തെ താമസക്കാരിയിലൂടെയായിരുന്നു. ലോകത്തിന് ഇന്നും മനോഹരമായൊരു പ്രഹേളികയായി നിലനില്‍ക്കുന്ന മെര്‍ലിന്‍ മണ്‍റോയുടെ വീടായിരുന്നു അത്.

അനാഥ മന്ദിരത്തിലും പരിചരണ കേന്ദ്രങ്ങളിലുമായി വളര്‍ന്ന്, ഹോളിവുഡിന്റെ താര റാണിയായി ലോകത്തിന്റെ മുഴുവന്‍ ആരാധനയും സ്വന്തമാക്കിയ മെര്‍ലിന്‍ മണ്‍റോ. തന്റെ മൂന്നാമത്തെ ഭര്‍ത്താവായ നാടകകൃത്ത് ആര്‍തര്‍ മില്ലറില്‍ നിന്നും പിരിഞ്ഞ ശേഷം ഒറ്റയ്ക്കുള്ള ജീവിതത്തില്‍ മെര്‍ലിന്‍ സ്വന്തമാക്കിയതായിരുന്നു ആ വീട്. മെര്‍ലിന് അവളുടെ ജീവിതത്തില്‍ സ്വന്തമായി ഉണ്ടായിരുന്ന ഒരേയൊരു വീട്, അവള്‍ താമസിച്ച അവസാന വീട്. ആ വീട്ടിലെ കിടപ്പ് മുറിയിലായിരുന്നു, 36 മത്തെ വയസില്‍ ഹോളിവുഡ് ഇതിഹാസം മരിച്ചു കിടന്നതും; ‘എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു’ എന്നവള്‍ ആ വീടിന് പേരിട്ടത് അന്വര്‍ത്ഥമാക്കാനെന്ന പോലെ.

ആറ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ലോകത്തിന് മനോഹരമായൊരു സ്മാരക ശിലയാണ് ആ വീട്. എന്നാലത് പൊളിക്കാനുള്ള ശ്രമം നടന്നിരുന്നു. മെര്‍ലിന്റെ ഓര്‍മകളെ മരിക്കാന്‍ അനുവദിക്കാത്ത ആരാധകരുടെ ഇടപെടലില്‍ ആ ശ്രമം നിര്‍ത്തിവച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

1960 കളുടെ തുടക്കത്തിലാണ് 75,000 ഡോളറിന് 1929 ല്‍ നിര്‍മിച്ച ഈ വസതി മെര്‍ലിന്‍ സ്വന്തമാക്കുന്നത്.

നീന്തല്‍ കുളവും അതിഥി മന്ദിരവുമൊക്കെ ചേര്‍ന്ന മെര്‍ലിന്‍ മണ്‍റോയുടെ വസതിയും പുരയിടവും 2017-ല്‍ ഡാന്‍ ലൂക്കാസിന്റെ ഗ്ലോറി ഓഫ് ദ സ്‌നോ എല്‍ എല്‍ സി കമ്പനി 7.25 മില്യണ്‍ ഡോളിന് സ്വന്തമാക്കിയിരുന്നു. പിന്നീടവരത് അന്‍ഡ്രൂ സഹ്യൂര്‍ ട്രസ്റ്റി ആയിട്ടുള്ള ഗ്ലോറി ഓഫ് ദ സ്‌നോ ട്രസ്റ്റിന് 8.35 മില്യണ്‍ ഡോളറിന് കൈമാറി.

വസതിയുടെ ഇപ്പോഴത്തെ ഉടമനസ്ഥരാണ് അത് പൊളിക്കാനുള്ള തീരുമാനം എടുത്തത്. അതിനുവേണ്ടി നല്‍കിയ അപേക്ഷയ്ക്ക് അനുമതി കിട്ടിയതോടെയാണ് മെര്‍ലിന്‍ മണ്‍റോയുടെ ആരാധകര്‍ രംഗത്തു വന്നത്. മെര്‍ലിന്റെ ഓര്‍മയായി ആ വസതി നിലനിര്‍ത്തണമെന്നതായിരുന്നു ആരാധകരുടെ ആവശ്യം.

ലോസ് ഏഞ്ചല്‍സ് സിറ്റി കൗണ്‍സിലര്‍ ട്രാസി പാര്‍ക്ക് ഈ വിഷത്തില്‍ ഇടപെട്ടു. അവര്‍ പറഞ്ഞത്, പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് നൂറോളം ഫോണ്‍ കോളുകള്‍ തനിക്കു വന്നിട്ടുണ്ടെന്നാണ്. ഉടമസ്ഥരെ ബന്ധപ്പെട്ട് സംസാരിച്ച് പിന്തിരിപ്പിക്കുന്നതിനു മുന്നേ തന്നെ ബില്‍ഡിംഗ് ആന്‍ഡ് സേഫ്റ്റി വകുപ്പ് പൊളിക്കാനുള്ള അനുമതി നല്‍കി കഴിഞ്ഞിരുന്നുവെന്നാണ്. അതിനാല്‍ ഉടനടി എന്തെങ്കിലും ചെയ്‌തേ മതിയാകുമായിരുന്നുവെന്നും അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

തുര്‍ന്നാണ് ചരിത്രപരമായ സംരക്ഷണം ആവശ്യമുള്ള വസതി പൊളിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം ട്രാസി പാര്‍ക്ക് സിറ്റി കൗണ്‍സില്‍ യോഗത്തില്‍ വയ്ക്കുന്നത്. സെപ്തംബര്‍ എട്ടിന് പ്രമേയത്തിന് യോഗം പൂര്‍ണ പിന്തുണ നല്‍കി. പൊളിക്കാനുള്ള അനുമതി ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പുനപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യാതൊരുവിധ മാറ്റങ്ങളും നഗരത്തിന്റെ അടയാളമായി നില്‍ക്കുന്ന മെര്‍ലിന്റെ വസതിയില്‍ നടത്തരുതെന്നും യോഗം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മെര്‍ലിന്‍ മണ്‍റോയുടെ വസതി സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള ആദ്യത്തെ പടിയാണിതെന്നാണ് ട്രാസി പാര്‍ക് പറഞ്ഞത്. പുതിയ ഉടമസ്ഥര്‍ എന്തിനാണ് മെര്‍ലിന്റെ വസതി പൊളിക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമല്ല. എന്തെങ്കിലും പദ്ധതി രൂപരേഖ ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നല്‍കിയിരുന്നില്ലെന്നാണ് പാര്‍ക്ക് വ്യക്തമാക്കിയത്. മെര്‍ലിന്റെ വസതി ചരിത്ര സ്മാരകമാക്കി മാറ്റാനുള്ള പഠനങ്ങളും നടപടികളും ഉടന്‍ തുടങ്ങുമെന്നാണ് വിവരം.

Share on

മറ്റുവാര്‍ത്തകള്‍