‘ഈ പടം കളിക്കണ്ടാ എന്നു ഭാരതീയ ജനത പാര്‍ട്ടിയങ്ങ് തീരുമാനിച്ചിരുന്നെങ്കില്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഇത് വെട്ടിമാറ്റുമായിരുന്നു…’
‘ മെര്‍സല്‍ വിവാദം കത്തി നില്‍ക്കുമ്പോഴായിരുന്നു ബിജെപി നേതാവ് ബി ഗോപാലൃഷ്ണന്‍ മനോരമ ന്യൂസിലെ ഒമ്പതു മണി ചര്‍ച്ചയിലിരുന്നു ഇങ്ങനെയൊരു വെല്ലുവിളി നടത്തിയത്. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഗോപാലകൃഷ്ണന്‍ പറഞ്ഞതു കേട്ട് നമ്മള്‍ വെറുതെ ചിരിക്കുകയായിരുന്നു. 2017-ല്‍ നിന്നും 2023-ല്‍ എത്തുമ്പോള്‍, മറ്റൊരു തമിഴ് ചിത്രത്തിന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നു.
ഇപ്പോഴും നിങ്ങള്‍ക്ക് ചിരിക്കാനാണോ തോന്നുന്നത്?
അന്നപൂരണി; ദ ഗോഡ്‌സ് ഓഫ് ഫുഡ് എന്ന നയന്‍താര ചിത്രം മതവികാരം വൃണപ്പെടുത്തുന്നുവെന്ന ഹിന്ദുത്വവാദികളുടെ പരാതിയെ തുടര്‍ന്നാണ് നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചത്.
നിങ്ങള്‍ എന്തു കഴിക്കണം, എന്ത് ധരിക്കണം എന്ന് ചട്ടം കെട്ടുന്നതുപോലെ, ഇനി നിങ്ങള്‍ എങ്ങനെയുള്ള സിനിമകളും സീരിസുകളും കാണണം എന്നും ഞങ്ങള്‍ തീരുമാനിക്കും എന്നാണ് സംഘപരിവാര്‍ പറഞ്ഞിരിക്കുന്നത്. ഫാസിസം നിങ്ങളുടെ ആവിഷ്‌കാര സങ്കല്‍പ്പങ്ങളെയും പിടികൂടിയിരിക്കുന്നു.
ഒരു ബ്രാഹ്‌മണ യുവതിയുടെ പാചക താത്പര്യത്തെ ഒരു മുസ്ലിം യുവാവ് പിന്തുണയ്ക്കുന്നതും, ക്ഷേത്ര പൂജാരിയുടെ മകള്‍ ഹിജാബ് ധരിക്കുന്നതും ബിരിയാണി വയ്ക്കുന്നതുമൊക്കെ ഹിന്ദു മത വികാരം വൃണപ്പെടുത്തുന്നതും ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതുമൊക്കെയാണെന്ന് കാണിച്ചൊരു പരാതി കൊടുത്തപ്പോഴെ മുംബൈ പൊലീസ് കേസ് എടുത്തു. പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് പടം അവരുടെ പ്ലാറ്റ്‌ഫോമില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.
നെറ്റ്ഫ്‌ളിക്‌സ് അങ്ങനെ ചെയ്‌തോ എന്നോര്‍ത്ത് ഞെട്ടേണ്ട കാര്യമില്ല.
ഇന്ത്യയിലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഹിന്ദുത്വ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കിയിട്ട് കുറച്ചു വര്‍ഷങ്ങളായി. സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വയ്ക്കുന്നില്ലെങ്കിലും ഹിന്ദുത്വ ബോഡികളുടെ സൂക്ഷ്മപരിശോധനകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ കൃത്യമായി നടക്കുന്നുണ്ടായിരുന്നു. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടതുപോലുള്ള സീരിസുകളോ സിനിമകളോ ആമസോണ്‍ പ്രൈമോ, നെറ്റ്ഫ്‌ളിക്‌സോ അവരുടെ ഒറിജിനല്‍ പ്രൊജക്ടുകളായി നിങ്ങളെ കാണിക്കുന്നുണ്ടോ? എന്തുകൊണ്ട് പാതാള്‍ ലോക് സീരീസ് 2 ഉണ്ടായില്ലെന്ന് ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും ഹിറ്റായ ഇന്ത്യന്‍ വെബ്‌സീരീസ് അല്ലായിരുന്നോ പതാള്‍ ലോക്? എന്തുകൊണ്ട് ഉണ്ടായില്ല?
ഇത്ര വലിയ സിനിമ പ്രേമിയായിട്ടും ഫാസിസം നിങ്ങളുടെ കണ്ണ് പൊത്തുന്നത് അറിഞ്ഞില്ലെന്നാണോ? ഇന്ത്യയില്‍ സ്ട്രീംമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഭരണകൂട ഫാസിസത്തിന്റെ വിധേയരായി മാറിയ കാര്യം അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്(അതേക്കുറിച്ച് അഴിമുഖം എഴുതിയത് ഇവിടെ വായിക്കാം). ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനത പാര്‍ട്ടി രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ പിടിമുറുക്കിയതോടെയാണ് ഇന്ത്യയിലെ സ്ട്രീമിംഗ് വ്യവസായത്തില്‍ ഒരു തണുപ്പ് പടര്‍ന്നതെന്നാണ് ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഇന്നു ശക്തമായിരിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം തന്നെയാണ് വിനോദ വ്യാവസായത്തിന്റെ സ്വതന്ത്രഷശേഷികളെയും മരവിപ്പിച്ചു കളയുന്നതെന്നും പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.
സെന്‍സര്‍ഷിപ്പ് ഇല്ല എന്നതായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രത്യേകത. പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ എഴുത്തുകാരെയും സംവിധായകരെയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ സഹായിച്ചു, അവരത് ഉപയോഗിക്കുകയും ചെയ്തു. രാഷ്ട്രീയ ബോധമുള്ള ഇന്ത്യയിലെ ചലച്ചിത്രകാരന്മാര്‍ക്ക് ഇവിടുത്തെ ഭരണകൂട-ഹൈന്ദവ ഫാസിസത്തെ തുറന്നു കാണിക്കാനും വിമര്‍ശിക്കാനും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉപകാരപ്പെട്ടു. ആ അപകടം ഭരണകൂടം വേഗം തന്നെ തിരിച്ചറിഞ്ഞതോടെ അവരതിന് തടയിടാന്‍ തുടങ്ങി.
ദേശീയതയായിരുന്നു ഹിറ്റ്‌ലറുടെയും നാസി ജര്‍മനിയുടെയും ആയുധമെങ്കില്‍, ഇന്ത്യയില്‍ ദേശീയതയെക്കാള്‍ മൂര്‍ച്ച മതത്തിനാണ്. ബിജെപി-സംഘപരിവാര്‍ ഭരണകൂടം പ്രതിരോധിക്കാനും ആക്രമിക്കാനും മതത്തെയാണ് കൂടുതലായി കൂട്ടുപിടിക്കുന്നത്, സാംസ്‌കാരിക മേഖലയിലും അവരത് തന്നെ പ്രയോഗിച്ചു.
2019 മുതലാണ് നെറ്റ്ഫ്ളിക്സിലും പ്രൈം വീഡിയോയിലും വരുന്ന സിനിമ/ സീരീസുകള്‍ക്കെതിരേ ഹിന്ദുത്വ ശക്തികള്‍ രംഗത്തിറങ്ങാന്‍ തുടങ്ങിയതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയെയും ഹിന്ദു മതത്തെയും അപമാനിക്കുന്ന പ്രമേയങ്ങളാണ് ഈ സ്ട്രീംമിംഗ് പ്ലാറ്റ്ഫോമുകളില്‍ ഉള്ളതെന്ന് ആരോപിച്ച് അവര്‍ കേസുകള്‍ നല്‍കാന്‍ തുടങ്ങി. 2021-ല്‍ അവര്‍ കൂടുതല്‍ പ്രകോപിതരായി. പ്രൈമില്‍ സംപ്രേക്ഷണം ചെയ്ത താണ്ടവ് എന്ന പൊളിറ്റിക്കല്‍ സീരീസിനെതിരായിട്ടായിരുന്നു അത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നത് എന്നാരോപിച്ച് രാജ്യവ്യാപകമായി പ്രൈം വീഡിയോയ്ക്കെതിരേ പരാതികള്‍ നല്‍കി. ആമസോണ്‍ പ്രൈമിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് തന്റെ പാസ്പോര്‍ട്ട് കെട്ടിവയ്ക്കേണ്ട അവസ്ഥയൊക്കെ വന്നു. ഈ സംഭവം സ്ട്രീംമിംഗ് പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളെ ഭയപ്പെടുത്താന്‍ കാരണമായി. അവര്‍ തങ്ങളുടെ പ്രൊജക്ടറുകളെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠാകുലരായി. ‘താണ്ടവ്’-ന്റെ കാര്യത്തില്‍ പറ്റിയ അബദ്ധം ഇനിയവാര്‍ത്തിക്കാതിരിക്കാന്‍ ഉറപ്പ് വരുത്തുക’ എന്ന സൂക്ഷ്മതയിലേക്ക് സ്ട്രീമിംഗ് പ്രതിനിധികളെ എത്തിച്ചെന്നാണ് നെറ്റ്ഫ്ളിക്സിന്റെ മുന്‍ പ്രൊഡക്ഷന്‍ മാനേജ്മെന്റ് ഡയറക്ടര്‍ പാര്‍ത്ഥ് അറോറ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.
ഫാസിസം എന്നത് ഒറ്റയാനല്ല, മദമിളകിയ ആനക്കൂട്ടമാണത്. ഫാസിസത്തിന്റെ ബിജം പേറുന്നവരെയെല്ലാം അത് അതിന്റെ പടയില്‍ നിര്‍ത്തും. താണ്ടവിനെതിരേ കേസ് വരുന്നത് രാജ്യത്തിന്റെ പലഭാഗത്ത് നിന്നാണ്. ഒമ്പത് സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പ്രൈമുകാര്‍ കോടതികള്‍ കയറിയിറങ്ങേണ്ടി വന്നു. ആദ്യം ആകാശത്തേക്കൊരു വെടി പൊട്ടിയിട്ടുണ്ടെങ്കില്‍, വേട്ടയാടല്‍ തുടങ്ങിയിരിക്കുന്നുവെന്ന് എല്ലാവരും മനസിലാക്കണം. താണ്ടവ് തീവ്രമായൊരു മുന്നറിയിപ്പായിരുന്നു; ബാക്കി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം പേടിക്കാന്‍ ആ ഒരു വെടിയൊച്ച മതിയായിരുന്നു.
അനുരാഗ് കശ്യപ്, വിശാല്‍ ഭര്‍ദ്വജ്, അയപ്പ കെ എം തുടങ്ങി പല പ്രഗത്ഭര്‍ക്കും അവരുടെ ഡ്രീം പ്രൊജക്റ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നത് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമകള്‍ ഭയന്നു പിന്‍വാങ്ങിയതുകൊണ്ടാണ്. സുകേതു മേത്തയുടെ ‘മാക്സിമം സിറ്റി’ എന്ന പുസ്തകത്തെ ആസ്പദമാക്കി മുന്നുഭാഗങ്ങളിലായി, തന്റെ മാസ്റ്റര്‍പീസ് ആയി അനുരാഗ് കശ്യപ് ഒരുക്കാനിരുന്ന പ്രൊജക്ടാണ് നെറ്റ്ഫ്ള്കിസ് ഉപേക്ഷിച്ചത്. ഹിന്ദു മതഭ്രാന്തും, മുംബൈയുടെ തീവ്രമായ പ്രതീക്ഷയും നിരാശയും പര്യവേഷണം ചെയ്യുന്നൊരു പ്രമേയമായതായിരുന്നു കാരണം. 1999ല്‍ നടന്ന കണ്ഡഹാര്‍ വിമാന റാഞ്ചല്‍ ആസ്പദമാക്കിയുള്ളതായിരുന്നു വിശാല്‍ ഭര്‍ദ്വജിന്റെ പ്രൊജക്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ സി 814 വിമാനം ഭീകര്‍ റാഞ്ചിയതുമായി ബന്ധപ്പെട്ട പ്രമേയം’ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കാന്‍’ താത്പര്യമില്ലാത്തതുകൊണ്ട് പ്രൈം ഉപേക്ഷിക്കുകയായിരുന്നു.(കൂടുതലായി ഇവിടെ വായിക്കാം), ‘ഗോര്‍മിന്റ്’ എന്ന രാഷ്ട്രീയാക്ഷേപ ഹാസ്യ പരമ്പര ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിഹസിക്കുന്നതാണെന്ന കാരണത്താലാണ് പ്രൈം വീഡിയോ ഉപേക്ഷിച്ചതെന്നാണു സംവിധായകന്‍ അയപ്പ കെ എം പറഞ്ഞത്. ഉദ്ദാഹരണങ്ങള്‍ മൂന്നല്ല, അതിലേറെയുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിനും അതിന്റെ മതതാത്പര്യത്തിനും വിരുദ്ധമായതുകൊണ്ട് പാതിയില്‍ നിര്‍ത്തി വച്ചതുള്‍പ്പെടെ നിരവധി പ്രൊജക്ടുകളുണ്ട്.
ആഗോള സ്ട്രീംമിംഗ് ഭീമന്മാര്‍ക്ക് ഏറ്റവും ലാഭകരമായ കമ്പോളമാണ് ഇന്ത്യ. ഇവിടെ കച്ചവടം നിലനിര്‍ത്തേണ്ടത് അവരുടെ വ്യാപാരതാത്പര്യമാണ്. അതിനുവേണ്ടത് ഭരണകൂടത്തിന്റെ പിന്തുണയാണെന്നവര്‍ക്കറിയാം. കല വേറെ കച്ചവടം വേറെ. അതുകൊണ്ട്, ഇതുപോലെ സ്ട്രീമിംഗുകള്‍ നിര്‍ത്തിവച്ചും, പ്രൊജക്ടുകള്‍ ഉപേക്ഷിച്ചും ഭരണകൂടം വിധേയത്വം അവര്‍ തുടരും.
അപ്പോള്‍ ചോദ്യം, പ്രേക്ഷകരോടും, ചലച്ചിത്ര പ്രവര്‍ത്തകരോടുമാണ്; നിങ്ങള്‍ എന്തു ചെയ്യും?
ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് മൊത്തം സംവിധാനങ്ങളെയും മാറ്റിയെടുക്കുകയാണ് ബിജെപി-സംഘപരിവാര്‍. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെക്കാള്‍ ഏകാധിപതികള്‍ എന്നും ഭയപ്പെടുന്നത് കലാകാരന്മാരും ചിന്തകരുമെല്ലാമടങ്ങിയ ധിഷണാസംഘങ്ങളെയാണ്. കാരണം കലാകാരന്മാര്‍ക്ക് സമൂഹത്തെ വേഗത്തില്‍ സ്വാധീനിക്കാന്‍ കഴിയും. ഒരു രാഷ്ട്രീയക്കാരന്‍ ഉച്ചഭാഷിണിക്കു മുന്നില്‍ നിന്നും അലറി വിളിച്ചാല്‍ കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരോടു സംവദിക്കാന്‍ ഒരു എഴുത്തുകാരന് അടച്ചിട്ട മുറിയിലിരുന്ന് കഴിയും. അതുകൊണ്ട് തന്നെ പ്രധാന എതിരാളികളെ തകര്‍ത്തു കഴിഞ്ഞാല്‍ പിന്നെ ഫാസിസം ഉന്നം വയ്ക്കുന്നത് ഈ ധിഷണമേഖലയിലായിരിക്കും. കൊല്ലേണ്ടവരെ കൊന്നും തടവിലാക്കേണ്ടവരെ തടവിലിട്ടും വിലയിട്ടാല്‍ വാങ്ങാന്‍ കഴിയുന്നവരെ വാങ്ങിയും ബാക്കിയുള്ളവരെ നിശബ്ദരാക്കിയും സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കും. ജര്‍മനിയെ വിഴുങ്ങാന്‍ പോകുന്ന സേച്ഛാധിപത്യത്തെ കുറിച്ച് അവിടുത്തെ ചലച്ചിത്രകാരന്മാര്‍ക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്നും അവരത് പ്രവചനസ്വഭാവത്തോടെ തങ്ങളുടെ സൃഷ്ടികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നതായി വായിച്ചിട്ടുണ്ട്. പക്ഷേ ജര്‍മനിയിലെ ജനങ്ങള്‍ക്ക് ആ സൃഷ്ടികളെ മനസിലാക്കാന്‍ കഴിഞ്ഞില്ല. സിനിമകള്‍ക്ക് വ്യാപകമായൊരു സ്വാധീനം ജര്‍മന്‍ ജനതയ്ക്കുമേല്‍ ചെലുത്താന്‍ കഴിയാതിരുന്നതിനാല്‍ തന്നെ ഫാസിസത്തിന് അതിന്റെ കടന്നു വരവിന് തടസമുണ്ടായില്ല. ഇന്ത്യയില്‍ ഇന്നതല്ല സ്ഥിതി. സിനിമകള്‍ അടക്കമുള്ള കലാമാധ്യമങ്ങള്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഓര്‍മപ്പെടുത്തുമ്പോള്‍ അതു മനസിലാക്കുന്നതില്‍ ജര്‍മന്‍ ജനതയെപോലെ ഇന്ത്യന്‍ ജനത പരാജയപ്പെടുന്നില്ല. ഇവിടുത്തെ ഫാസിസ്റ്റ് ശക്തികളെ ഭയപ്പെടുത്തുന്നതും അതാണ്.
സിനിമ ഒരു കലാരൂപമാണ്. അത് അതിന്റെതായ അഭിപ്രായങ്ങള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കും. യോജിപ്പും വിയോജിപ്പും ഉണ്ടാവും. ഭരണകൂടത്തെ സ്തുതിക്കുന്ന കലാരൂപങ്ങളെ ഉണ്ടാകാന്‍ പാടുള്ളൂ എന്നു വന്നാല്‍, പിന്നെ നമ്മളെങ്ങനെ ജനാധിപത്യ രാജ്യമാണെന്ന് മേനി നടിക്കും?
അതുകൊണ്ട് ചോദ്യം വീണ്ടും ആവര്‍ത്തിക്കുകയാണ്; കലാകാരന്മാരേ(സിനിമാക്കാരേ) പ്രേക്ഷകരെ നിങ്ങളതിനെ എങ്ങനെ നേരിടും?