ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബൈയിലുള്ള വസതിക്കു മുന്നില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ത്തത് മഹാരാഷ്ട്രയെ ഞെട്ടിച്ചിരിക്കുകയാണ്. ബാന്ദ്രയിലെ ഗ്യാലക്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ താരം ഉള്ള സമയത്താണ് പുറത്ത് വെടിപൊട്ടിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഒരു ബുള്ളറ്റ് പതിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മുംബൈ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, സല്‍മാന്റെ വീടിനു മുന്നിലെ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് രംഗത്തു വന്നു. പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ള ഗ്യാങ്സ്റ്റര്‍ ആണ് അന്‍മോള്‍. ‘ ഇത് സല്‍മാനുള്ള ആദ്യത്തെയും അവസാനത്തെയും താക്കീതാണെന്നും, ഇനി വെടിയുണ്ടകള്‍ പായുന്നത് മതിലുകളിലേക്കും ആളൊഴിഞ്ഞ വീടുകളിലേക്കുമായിരിക്കില്ലെന്നുമാണ് അന്‍മോള്‍ ഫേസ്ബുക്കിലൂടെ സല്‍മാന് നേരെ നടത്തുന്ന ഭീഷണി.
അന്‍മോള്‍ ബിഷ്‌ണോയ് കാനഡയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ‘ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അടിച്ചമര്‍ത്തലിനെതിരായ ഏക തീരുമാനം യുദ്ധമാണെങ്കില്‍, അങ്ങനെയാകട്ടെ. സല്‍മാന്‍ ഖാന്‍, ഇത് നിങ്ങള്‍ക്കുള്ള ട്രെയിലറാണ്. ഇതിലൂടെ ഞങ്ങള്‍ എന്തൊക്കെ ചെയ്യാനാകുമെന്നതിനെക്കുറിച്ച് നിങ്ങള്‍ക്കൊരു ധാരണ ലഭിക്കും, ഞങ്ങളെ പരീക്ഷിക്കരുത്. ഇത് സല്‍മാനുള്ള ആദ്യത്തെയും അവസാനത്തെയും താക്കീതാണ്. ഇനി വെടിയുണ്ടകള്‍ പായുന്നത് മതിലുകളിലേക്കും ആളൊഴിഞ്ഞ വീടുകളിലേക്കുമായിരിക്കില്ല’ ഞായറാഴ്്ച്ച രാവിലെ 11.30 ഓടെ പുറത്തു വന്ന ഫേസ്ബുക്ക് പോസ്റ്റ് ഭീഷണിയില്‍ പറയുന്ന കാര്യങ്ങളാണ്.
‘ ഓം, ജയ് ശ്രീറാം’ എന്നിങ്ങനെ എഴുതിയാണ് ഭീഷണി പോസ്റ്റ് തുടങ്ങുന്നത്. സല്‍മാന്‍ ഖാന്‍ ദൈവങ്ങളായി കണക്കാക്കുന്ന ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരുടെ പേരുകളിട്ട രണ്ട് പട്ടികള്‍ തങ്ങള്‍ക്കുണ്ടെന്നും ഭീഷണിയില്‍ പറയുന്നുണ്ട്. കത്തിന്റെ അവസാനം ‘ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പ്, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗോഡാറ, കാലാ ജട്ഹരി എന്നീ പേരുകളും പരാമര്‍ശിക്കുന്നുണ്ട്.
18 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അന്‍മോള്‍ ബിഷ്‌ണോയ്. ജോധ്പൂരില്‍ ജയിലില്‍ നിന്നും 2021 ഒക്ടോബര്‍ ഏഴിനാണ് അയാള്‍ പരോളില്‍ പുറത്തിറങ്ങുന്നത്. ഡല്‍ഹി റിജീയണല്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നും വ്യാജ വിവരങ്ങള്‍ നല്‍കി ഇയാളൊരു പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചിരുന്നു. ബിഷ്‌ണോയ് ഗ്രൂപ്പ് നടത്തുന്ന കൊള്ളകളില്‍ അന്‍മോള്‍ സുപ്രധാന കണ്ണിയാണ്. ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട അന്‍മോള്‍ തന്റെ സങ്കേതം അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിലായി മാറ്റിക്കൊണ്ടിരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
ലോറന്‍സ് ബിഷ്ണോയ്, ഗോള്‍ഡി ബാര്‍ എന്നീ അധോലോക നായകന്മാരില്‍ നിന്നും വധ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് 2022 നവംബര്‍ മുതല്‍ സല്‍മാന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, ഒരു ലൈസന്‍സുള്ള തോക്ക് കൈവശം വയ്ക്കാനും സല്‍മാന് അനുവാദം കൊടുത്തിട്ടുണ്ട്. താരം പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനവും സമീപകാലത്തായി സ്വന്തമാക്കിയിരുന്നു. ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബാര്‍ എന്നിവരില്‍ നിന്നും ഇമെയ്ല്‍ ഭീഷണി വന്നതിനു പിന്നാലെ മുംബൈ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്‍ ഐ എ യുടെ റിപ്പോര്‍ട്ട് പ്രകാരം തടവറയില്‍ കിടക്കുന്ന ലോറന്‍സ് ബിഷ്ണോയ്യുടെ പ്രധാനപ്പെട്ട 10 ടാര്‍ഗറ്റുകളില്‍ ഒന്ന് സല്‍മാന്‍ ഖാനാണ്. 1999 ലെ കുപ്രസിദ്ധമായ കൃഷ്ണ മൃഗ വേട്ടയുടെ പേരിലാണ് ബിഷ്ണോയ്ക്ക് സല്‍മാനുമേല്‍ ശത്രുതയെന്നാണ് പറയുന്നത്. സല്‍മാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിയതിലൂടെ തങ്ങളുടെ സമുദായത്തെ വൃണപ്പെടുത്തിയെന്നാണ് ലോറന്‍സ് ബിഷ്ണോയ്യുടെ പരാതി. തന്റെ സഹായി സമ്പത്ത് നെഹ്റ ബാന്ദ്രയിലെ സല്‍മാന്റെ വസതി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ബിഷ്ണോയ് പറഞ്ഞിരുന്നു. സമ്പത്ത് നെഹ്റയെ ഹരിയാന സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സല്‍മാന് ഭീഷണികള്‍ കൂടി വരുന്നുണ്ട്. 2023 മാര്‍ച്ചില്‍ സല്‍മാന്റെ മാനേജര്‍ക്ക് ഒരു ഭീഷണി ഇമെയ്ല്‍ വന്നിരുന്നു. ഇതും ബിഷ്‌ണോയ് ഗ്രൂപ്പില്‍ നിന്നായിരുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയ്, ജയില്‍ നിന്ന് നല്‍കിയ അഭിമുഖത്തിലും നടനെതിരേ ഭീഷണി മുഴക്കിയിരുന്നു.
സല്‍മാന്റെ മാനേജര്‍ക്ക് വന്ന ഇമെയല്‍ ബിഷ്‌ണോയ് ഗ്രൂപ്പിലെ മോഹിത് ഗാര്‍ഗിന്റെ മെയ്ല്‍ ഐഡിയില്‍ നിന്നായിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സല്‍മാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗോള്‍ഡി ബ്രാറുമായി മുഖാമുഖം സംസാരിക്കാന്‍ തയ്യാറാവുകയെന്നായിരുന്നു ഇമെയ്‌ലില്‍ പറഞ്ഞിരുന്നത്. ഇത്തവണ ഒരു അറിയിപ്പ് നല്‍കുകയാണെന്നും അടുത്ത തവണ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടതായി വരുമെന്നും മെയ്‌ലില്‍ ഭീഷണിയുണ്ടായിരുന്നു.
2022 ജൂണില്‍, ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡില്‍ നിന്നും നടന്റെ പിതാവ് സലിം ഖാന് ഒരു ഭീഷണി കത്ത് ലഭിച്ചിരുന്നു. അതിലുണ്ടായിരുന്ന ഭീഷണി ഗായകന്‍ സിദ്ദു മൂസെവാലയുടെ അനുഭവം സല്‍മാനും ഉണ്ടാകുമെന്നായിരുന്നു. മൂസെവാലെയ 2022 മേയില്‍ കൊലപ്പെടുത്തിരുന്നു. ഇതിനു പിന്നില്‍ ബിഷ്‌ണോയ് ഗ്രൂപ്പ് ആണെന്നാണ് ആരോപണം. ബിഷ്‌ണോയ് സംഘത്തിലെ രണ്ടു പേര്‍ ഒരു മാസത്തോളം വാടകയ്ക്കു മുറിയെടുത്ത് താമസിച്ച് സല്‍മാന്റെ പന്‍വേല്‍ ഫാം ഹൗസില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രകളില്‍ നടനെ തുടര്‍ച്ചയായി പിന്തുടര്‍ന്നിരുന്നുവെന്നാണ് പഞ്ചാബ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.