UPDATES

‘കറുത്ത ഡെന്‍സല്‍ വാഷിംഗ്ടണ്‍ ജനറല്‍ ഹന്നിബലിനെ അവതരിപ്പിക്കേണ്ട’

നെറ്റ്ഫ്‌ളിക്‌സ് സിനിമയ്‌ക്കെതിരേ ടുണീഷ്യയില്‍ വംശീയ പ്രതിഷേധം

                       

ചരിത്രത്തിലെ ഐതിഹാസിക പോരാളിയാണ് കര്‍ത്തജീനിയന്‍ ജനറല്‍ ഹന്നിബല്‍. നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ഹന്നിബല്‍ ചിത്രം പക്ഷേ വിവാദമായിരിക്കുകയാണ്. ആ വിവാദം ലോകം ആരാധിക്കുന്ന ഹോളിവുഡ് താരം ഡെന്‍സല്‍ വാഷിംഗ്ടണിന്റെ പേരിലാണെന്നതാണ് നിരാശാജനകമായ കാര്യം. ഹന്നിബലിന്റ വേഷം ഒരു കറുത്തവര്‍ഗ്ഗക്കാരനായ നടന്‍ അവതരിപ്പിക്കരുതെന്നാണ് ആവശ്യം. പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത് ഹന്നിബലിന്റെ ജന്മദേശമായി കരുതുന്ന ടുണീഷ്യയില്‍ നിന്നാണ്. തങ്ങള്‍ വീരനായകനായി കൊണ്ടു നടക്കുന്നൊരു യോദ്ധാവിനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആന്റോണ്‍ ഫുക്വയും കാസ്റ്റിംഗ് ടീമും പ്രായം ചെന്നവനും ആഫ്രിക്കന്‍ വംശജനും കറുത്തവനുമായ ഒരാളെ തെരഞ്ഞെടുത്തതിലാണ് സോഷ്യല്‍ മീഡിയയിലെ ടുണീഷ്യന്‍ പ്രതിഷേധം.

നെറ്റ്ഫ്‌ളിക്‌സിന്റെ ക്ലിയോപാട്രയെക്കുറിച്ചുള്ള ഡോക്യുഡ്രാമ ഈജിപ്തില്‍ ഉണ്ടാക്കിയ പ്രതിഷേധങ്ങള്‍ക്ക് സമാനമാണ് ഹന്നിബലിന്റെ പേരില്‍ ഇപ്പോള്‍ ടൂണിഷ്യയില്‍ നടക്കുന്നത്. ജമൈക്കന്‍ പിതാവിന്റെയും ബ്രിട്ടീഷ് മാതാവിന്റെയും മകളായ അയ്‌ഡെല്‍ ജയിംസ് ആയിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ ‘ ക്ലിയോപാട്ര’. എന്നാല്‍ ഈജിപ്തില്‍ ഇത് പ്രശ്‌നമായി. അവിടുത്തെ സര്‍ക്കാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നു. ക്ലിയോപാട്ര വെളുത്തതായിരുന്നുവെന്നും അവരുടെത് യവന പാരമ്പര്യമായിരുന്നുവെന്നുമൊക്കെയായിരുന്നു അയ്‌ഡെല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിനെ കുറ്റപ്പെടുത്തി ഈജിപ്ഷ്യന്‍ പുരാവസ്തു മന്ത്രാലയം പുറത്തിറക്കിയ പ്രതിഷേധ കുറിപ്പില്‍ അവകാശപ്പെട്ടിരുന്നത്. സമാന ബഹളങ്ങള്‍ തന്നെയാണ് ടുണീഷ്യയില്‍ ഹന്നിബലിന്റെ ‘ വംശ സവിശേഷതകളുടെ’ പേരില്‍ നടക്കുന്നത്. ടൂണീഷ്യന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മാത്രമല്ല, രാജ്യത്തെ പാര്‍ലമെന്റിനുള്ളില്‍ വരെ ഇപ്പോള്‍ ഹന്നിബലിന്റെ തൊലിനിറത്തിന്റെ പേരില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.

ഫ്രഞ്ച് ഭാഷയിലുള്ള ടുണീഷ്യന്‍ മാധ്യമമായ ലാ പ്രസ്സെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നത് ഹന്നിബല്‍ ആയുള്ള ഡെന്‍സല്‍ വാഷിംഗ്ടണിന്റെ കാസ്റ്റിംഗ് ‘ചരിത്രപരമായ തെറ്റ്’ ആണെന്നാണ്. ഇതുപോലൊരു സ്യൂഡോ ഡോക്യുമെന്ററി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 1,300 പേര്‍ ഒപ്പിട്ട ഒരു ഓണ്‍ലൈന്‍ പരാതി നെറ്റ്ഫ്‌ളിക്‌സിന് സമര്‍പ്പിച്ചിട്ടുമുണ്ട്. അതുപോലെ തന്നെ ഈ പരാതിയില്‍ ടുണീഷ്യന്‍ സംസ്‌കാരിക വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്, നമ്മുടെ ചരിത്രം മോഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ്.

ആധുനിക ടൂണീഷ്യയ്ക്ക് സമീപമുള്ള കാര്‍ത്തേജില്‍ ജനിച്ച ഹന്നിബലിനെ ഇതിഹാസ നായകനായ പടത്തലവനായാണ് ചരിത്രം വാഴ്ത്തുന്നത്. അതിശക്തമായ റോമന്‍ സാമ്രാജ്യത്തെ വിറപ്പിച്ച വീരനായ സേന നായകനായിരുന്നു ഹന്നിബല്‍. ബിസി 218-ല്‍ റോമാക്കാര്‍ക്കെതിരായി യുദ്ധം ചെയ്യാന്‍ വടക്ക് നിന്ന് റോമിലേക്ക് ഹന്നിബല്‍ തന്റെ സൈന്യത്തെയും (ആഫ്രിക്കന്‍ യുദ്ധ ആനകള്‍ ഉള്‍പ്പെടെ) ആല്‍പ്സ് പര്‍വതത്തിലെ ഉയര്‍ന്ന ചുരത്തിലൂടെ നയിച്ചുവെന്നാണ് ചരിത്രം പറയുന്നത്. 15 വര്‍ഷക്കാലം, അദ്ദേഹം റോമന്‍ സൈന്യത്തിന് മേല്‍ ഭീതി വിതച്ചു, പലപ്പോഴും അദ്ദേഹം പേരുകേട്ട റോമന്‍ സൈന്യത്തെ തകര്‍ത്തെറിഞ്ഞു. പക്ഷേ ഒരിക്കലും റോം പിടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, ഒടുവില്‍ വടക്കേ ആഫ്രിക്കയിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതനായി.

എന്തായിരുന്നു ഹന്നിബലിന്റെ തൊലിയുടെ നിറം എന്ന് ആര്‍ക്കും ഉറപ്പില്ല. ഹന്നിബല്‍ വെളുത്തതായിരുന്നോ കറുത്തതായിരുന്നോ എന്ന് ചരിത്രം വ്യക്തമാക്കുന്നില്ല. പുരാതന മെഡിറ്ററേനിയന്‍ സംസ്‌കാരത്തെക്കുറിച്ച് പഠിച്ചിട്ടുള്ള ചരിത്രകാരന്മാര്‍ പറയുന്നത്, ഹന്നിബല്‍ ഫിനീഷ്യന്‍ വംശജനായിരുന്നുവെന്നാണ്. ആധുനിക ലെബനനും സിറിയും കേന്ദ്രമായി നിലനിന്നിരുന്ന പുരാതന സെമറ്റിക് സംസ്‌കാരമാണ് ഫിനീഷ്യന്‍. മഹാസാമ്രാജ്യങ്ങളും അവയില്‍ നിന്നുണ്ടായിട്ടുള്ള മിശ്രഗോത്രങ്ങളുടെയും കാലത്തായിരുന്നു ഹന്നിബല്‍ ജീവിച്ചിരുന്നതെന്നും ചരിത്രകാരന്മാര്‍ പറയുന്നു.

വംശീയപ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി ടൂണീഷ്യയില്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. സഹറാന്‍ കുടിയേറ്റക്കാരുടെ രാജ്യത്തെക്കുള്ള ഒഴുക്ക് അറബ്-ടുണീഷ്യന്‍ ഭൂരിപക്ഷമുള്ള രാജ്യത്തെ പൂര്‍ണമായൊരു അഫ്രിക്കന്‍ രാജ്യമാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രസിഡന്റ് കയിസ് സയീദിന്റെ ആരോപണം. യാതൊരുവിധ തെളുവികളുടെയും അടിസ്ഥാനത്തിലല്ലാതെ, ഒരു സാങ്കല്‍പ്പിക ശത്രുവിനെ മുന്നില്‍ കണ്ടാണ് പ്രസിഡന്റിന്റെ ആരോപണങ്ങളെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് ഹന്നിബലിനെ കറുത്ത വര്‍ഗക്കാരനായ ഡെന്‍സില്‍ വാഷിംഗ്ടണ്‍ അവതരിപ്പിക്കുന്നതിലും പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്.

ഹന്നിബലിനെ വാഷിംഗ്ടണ്‍ അവതരപ്പിക്കുന്നുവെന്ന പ്രഖ്യാപനം നെറ്റ്ഫ്‌ളിക്‌സ് നടത്തിയതിനു പിന്നാലെ തന്നെ ഈ വിഷയം ടുണീഷ്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നു. ടുണൂഷ്യന്‍ എംപി യാസിന്‍ മാമി ഈ വിഷയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഹായെത്ത് കേറ്ററ്റ് ഗുവെര്‍മാസിയെ പാര്‍ലമെന്റിനുള്ളില്‍ ചോദ്യം ചെയ്യുകയുണ്ടായി.

ടുണീഷ്യയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രശ്‌നമാണെന്നും ജനങ്ങള്‍ക്ക് ഇതിലുള്ള പ്രതികരണം കേള്‍ക്കണമെന്നുമായിരുന്നു യാസിന്‍ മാമിയുടെ ആവശ്യം. കല-വിനോദ സഞ്ചാരം, സേവനം എന്നിവയ്ക്കുള്ള ഒരു ദേശീയ കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് യാസിന്‍ മാമി. വാഷിംഗ്ടണ്‍ ഹന്നിബലിനെ അവതരിപ്പിച്ചാല്‍ ചരിത്രം വ്യാജമായി പോകാന്‍ കാരണമാകുമെന്നാണ് മാമിയുടെ ആശങ്ക!

അതേസമയം സാംസ്‌കാരിക വകുപ്പ് മന്ത്രി ഗുവെര്‍മാസി പ്രായോഗികമായ സമീപനമാണ് ഇക്കാര്യത്തില്‍ എടുത്തിരിക്കുന്നത്. നായകന്റെ തൊലിയുടെ നിറമല്ല, സിനിമയുടെ ചില രംഗങ്ങള്‍ ടുണീഷ്യയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തന്റെ മന്ത്രാലയം നെറ്റ്ഫ്‌ളിക്‌സ് അധികൃതരുമായി സംസാരിച്ചതെന്നാണ് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. ‘ ഇതൊരു ഫിക്ഷന്‍ ആണ്, അതിലവര്‍ക്കുള്ള സ്വാതന്ത്ര്യമുണ്ട്. ഹന്നിബല്‍ ഒരു ചരിത്ര നായകനാണ്, അദ്ദേഹമൊരു ടുണീഷ്യക്കാരനായതില്‍ നമുക്കെല്ലാം അഭിമാനിക്കാം. അതിനപ്പുറം നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? എന്നെ സംബന്ധിച്ച് പ്രധാനമായി തോന്നിയത്, അവര്‍ ആ ചിത്രത്തിന്റെ ഒരു രംഗമെങ്കിലും ടുണീഷ്യയില്‍ ചിത്രീകരിക്കുകയോ രാജ്യത്തെ പരാമര്‍ശിക്കുകയോ ചെയ്യുന്നതാണ്. ടുണീഷ്യ ലോക സിനിമകളുടെ ലൊക്കേഷന്‍ ആകണമെന്നതാണ് എന്റെ ആഗ്രഹം.

വിവാദങ്ങള്‍ ഉയര്‍ന്നതില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികരണത്തിന് നെറ്റ്ഫ്‌ളിക്‌സോ ഡെന്‍സല്‍ വാഷിംഗ്ടണോ ഇതുവരെ തയ്യാറായിട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍