UPDATES

വിദേശം

കറുത്ത വര്‍ഗക്കാരുടെ വോട്ടിന് ട്രംപ് അനുകൂലികളുടെ എ ഐ തട്ടിപ്പ്

കറുത്തവർഗക്കാർക്കിടയിൽ ജനപ്രിയനാണെന്ന തെറ്റിദ്ധാരണ പരത്തുന്ന ട്രംപിന്റെ വ്യാജ ചിത്രങ്ങൾ

                       

ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെ നിർമ്മിക്കുന്ന ഡീപ്പ് ഫേക്ക് ചിത്രങ്ങൾ ഒറ്റ നോട്ടത്തിൽ യഥാർത്ഥമാണെന്ന് തെറ്റിധരിപ്പിക്കുന്നവയാണ്. ഇത്തരത്തിൽ, മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ പിന്തുണയ്ക്കുന്ന രീതിയിൽ കറുത്തവർഗക്കാരെ ചിത്രീകരിക്കുന്ന ഡസൻ കണക്കിന് ഡീപ്ഫേക്ക് ചിത്രങ്ങൾ സാമൂഹ്യമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി റിപോർട്ടുകൾ പുറത്ത് വന്നു. ബിബിസി പനോരമയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പും പ്രചരണങ്ങളും വ്യാപകമായി നടക്കുന്നുണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾ ട്രംപിന്റെ കാമ്പയിനിന്റെ ഭാഗമാണ് എന്ന് വെളിവാക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സാധ്യതകൾ അതിവേഗം പടർന്ന് പന്തലിക്കുന്ന കാലഘട്ടമാണിന്ന്. പുരോഗതി കൈവരിക്കാൻ സഹായിക്കുന്നതിനൊപ്പം എ ഐയുടെ അപകട സാധ്യതകളും ഏറെയാണ്. തെറ്റിധരിപ്പിക്കുന്ന വിവരങ്ങളും ചിത്രങ്ങളും എളുപ്പം നിർമ്മിക്കാനും പ്രചരിപ്പിക്കാനും സാധിക്കുമെന്നതിനാൽ തെരെഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഏവരും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഉപാധിയാണ് എ ഐ.

കൃത്രിമമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് വഴി ട്രംപ് കറുത്തവർഗക്കാർക്കിടയിൽ ജനപ്രിയനാണെന്ന തെറ്റായ ചിന്ത പരത്താനാണ് ഉദ്ദേശിക്കുന്നതെന്നും. ഇത്തരത്തിൽ രൂപകൽപ്പന ചെയ്‌ത ചിത്രങ്ങൾ പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുന്നത് തന്ത്രപരമായ നീക്ക മാണെന്നാണ് കറുത്തവർഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനായ ‘ബ്ലാക്ക് വോട്ടേഴ്‌സ് മാറ്ററിൻ്റെ സഹസ്ഥാപകൻ പറയുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായത്തോടെ സൃഷ്ടിച്ച കറുത്തവർഗക്കാരായ ട്രംപ് അനുകൂലികളുടെ വ്യാജ ചിത്രങ്ങൾ നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മനപ്പൂർവം പടർത്തുന്ന തെറ്റിദ്ധരിക്കുന്ന പ്രവണതകളിലൊന്നാണെന്ന ആരോപണവുമുണ്ട്.

ഒരു പാർട്ടിയിൽ വച്ച് ഒരു കൂട്ടം കറുത്തവർഗക്കാരായ സ്ത്രീകളെ ആശ്ലേഷിച്ചുകൊണ്ട് പുഞ്ചിരിക്കുന്ന ട്രംപിൻ്റെ ഒരു ചിത്രം വ്യാപകമായി പ്രചാരം നേടിയിരുന്നു . അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിൽ യാഥാസ്ഥിതിക റേഡിയോ ഷോ നടത്തുന്ന മാർക്ക് കേയും സംഘവുമാണ് പ്രധാമായും ഈ ചിത്രം സൃഷ്‌ടിക്കുകയും അത് ഫേസ്ബുക്കിൽ പങ്കിടുകയും ചെയ്തത്, മാർക്കിന് ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

ചിത്രത്തോടപ്പം ട്രംപിനെ പിന്തുണയ്ക്കുന്ന കറുത്തവർഗക്കാരായ വോട്ടർമാരെക്കുറിച്ച് മാർക്ക് ഒരു ലേഖനം കൂടി എഴുതി പോസ്റ്റ് ചെയ്തിരുന്നു, ചിത്രത്തിലുള്ളവർ എല്ലാവരും തെരെഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ പിന്തുണക്കുന്നുവെന്ന പ്രതീതിയുളവാക്കുന്നതായിരുന്നു പങ്കുവച്ച ലേഖനം.

സമാനമായ രീതിയിൽ വ്യാപകമായി പ്രചരിച്ച മറ്റൊരു ചിത്രം ഒരു കൂട്ടം യുവാക്കൾക്കൊപ്പം ഡോണൾഡ്‌ ട്രംപ് ഇരിക്കുന്നതായിരുന്നു. ഡോണൾഡ്‌ ട്രംപിന്റെ ചിത്രങ്ങൾ സൃഷ്ടിക്കുന്ന ആക്ഷേപഹാസ്യ അക്കൗണ്ടാണ് ആദ്യം ചിത്രം പുറത്ത് ഇറക്കിയതെങ്കിലും. ചിത്രത്തിലുള്ള യുവാക്കൾക്കൊപ്പം ഫോട്ടോയെടുക്കാൻ ട്രംപ് തന്റെ വാഹനവ്യൂഹം നിർത്തിയെന്ന അവകാശപ്പെടുന്ന വ്യാജ അടിക്കുറിപ്പോടെ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ലോകശ്രദ്ധ നേടിയത്. യു എസിലെ മിഷിഗണിൽ താമസിക്കുന്ന കടുത്ത ട്രംപ് അനുകൂലിയായ വ്യക്തിയാണ് ഈ പ്രചരണത്തിന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

2020 -ലെ തെരെഞ്ഞെടുപ്പിലെന്നത്പോലെ കറുത്തവർഗക്കാരെ ലക്ഷ്യമിട്ടുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന തന്ത്രങ്ങളാണിതെന്ന് വളരെ വ്യക്തമാണ് എന്ന് കാമ്പെയ്ൻ സംഘടനായ ബ്ലാക്ക് വോട്ടേഴ്‌സ് മാറ്ററിൻ്റെ സഹസ്ഥാപകനായ ക്ലിഫ് ആൽബ്രൈറ്റ് പറഞ്ഞു. കറുത്തവർഗക്കാരിൽ, പ്രത്യേകിച്ച് യുവ വോട്ടർമാർക്കിടയിൽ ഒരിക്കൽക്കൂടി തെറ്റായ വിവരങ്ങൾ നൽകാനുള്ള ശ്രമങ്ങളായി ഇത്തരം പ്രവർത്തികളെ രേഖപ്പെടുത്താം, എന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് ടൈംസും സിയന്ന കോളേജും അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിൽ, ആറ് പ്രധാന സംസ്ഥാങ്ങളിൽ 71% ശതമാനം കറുത്തവർഗത്തിൽ പെടുന്ന വോട്ടർമാർ 2024 ലിലെ തെരെഞ്ഞെടുപ്പിൽ ജോ ബൈഡന് പിന്തുണ നൽകുമെന്ന് കണ്ടെത്തിയിരുന്നു. ട്രംപ് തന്റെ കാമ്പയിൻ ലക്ഷ്യമിടുന്നത് കൂടുതലും കറുത്തവർഗക്കാരായ ചെറുപ്പക്കാരെയാണ്, സ്ത്രീകളേക്കാൾ അധികം ട്രംപിന് വോട്ടുചെയ്യാൻ സാധ്യത യുവാക്കൾ ആണെന്നാണ് കരുതപ്പെടുന്നത്. 2016-ൽ ഡോണൾഡ്‌ ട്രംപ് വിജയിച്ചതോടെയാണ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തെറ്റായ സന്ദേശങ്ങൾക്ക് പ്രചരണം കൊടുത്തുകൊണ്ടുള്ള തന്ത്രങ്ങൾക്ക് ശക്തിപ്രാപിക്കുന്നത്.

എല്ലാ പ്രധാനപ്പെട്ട സാമൂഹ്യ മാധ്യമ കമ്പനികൾക്കും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനായുളള പ്രത്യേക നയങ്ങളുണ്ട്, കൂടാതെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തെരെഞ്ഞെടുപ്പ് സമയത്ത് പങ്കു വക്കുന്ന എ ഐ നിർമ്മിത ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് പുതിയ നടപടികളും അവതരിപ്പിച്ചിരുന്നു.

ലോകമെമ്പാടുമുള്ള പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ ഈ വർഷം എ ഐ സൃഷ്ടിച്ച ഉള്ളടക്കങ്ങളുടെ അപകടസാധ്യതകൾ എടുത്തുകാണിക്കുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍