തെന്നിന്ത്യന്‍ നടി സായി പല്ലവി ഇസ്ലാം മതം സ്വീകരിച്ചെന്ന് പ്രചാരണം. രാമായണ സിനിമയില്‍ സീതയുടെ കഥാപാത്രമായാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിനിടെയാണ് പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. സായിപല്ലവി ബുര്‍ഖയിട്ടുള്ള ഫോട്ടോകളും കൊളാഷുകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സീത വേഷത്തിലുള്ള ചിത്രത്തിന് മുകളില്‍ വെട്ടിട്ട് ബുര്‍ഖ ധരിച്ച സായിപല്ലവിയെ കൂട്ടിചേര്‍ത്തും ചിത്രങ്ങള്‍ കാണാം. ഫോട്ടോയ്‌ക്കൊപ്പം സീത ദേവിയായി സിനിമയില്‍ എത്തുന്ന താരം യഥാര്‍ത്ഥത്തില്‍ ഇസ്ലാമത വിശ്വസിയാണെന്നാണ് കൊടുത്തിരിക്കുന്നത്. ഫെയ്‌സ് ബുക്കിലാണ് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കൂടുതലായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ സായിപല്ലവിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൊന്നും തന്നെ ഇസ്ലാം മതം സ്വീകരിച്ചെന്ന തരത്തിലുള്ള പോസ്റ്റുകളൊന്നും ഇല്ല. കൂടാതെ ഫെയ്‌സ് ബുക്കില്‍ ഉപയോഗിച്ച ചിത്രങ്ങളിലൊന്നായ ബുര്‍ഖ ധരിച്ചിട്ടുള്ളത് അവരുടെ തന്നെ പോസ്റ്റില്‍ കണ്ടെത്താനും സാധിച്ചു. എന്നാല്‍ ഇത് ശ്രീനഗറിലെ തീര്‍ഥാടന കേന്ദ്രമായ ഹസ്രത് ബാലില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ബുര്‍ഖ ധരിച്ചാണ് അകത്ത് പ്രവേശിക്കാറുള്ളു. സായിപല്ലവിയുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളിലും അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമിലും നേരത്തെ തന്നെ പോസ്റ്റിയിരുന്നുവെന്നതും വ്യക്തമാണ്. രണ്ടാമതായി പ്രചരിപ്പിക്കുന്ന ചിത്രം വേഷം മാറി 2021ല്‍ തീയറ്ററില്‍ സിനിമയ്ക്ക് പോയതിന്റെ ദൃശ്യങ്ങളില്‍ നിന്നുള്ളതാണ്. രാമായണ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നടിനടന്‍മാരെ കുറിച്ച് കുറച്ച് ദിവസങ്ങളായി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ട്.
Content summary; Fact-Check: False Claims About Sai Pallavi Being a Muslim Goes Viral