UPDATES

രണ്ട് മരണമെന്ന് സംശയം, വെസ്റ്റ് നൈല്‍ പനി വ്യാപിക്കുന്നു; അറിയേണ്ടതെല്ലാം

രോഗം നാഡി വ്യൂഹത്തെ ബാധിക്കുന്നത് മരണത്തിലേക്ക് നയിക്കാം.

                       

വെസ്റ്റ് നൈല്‍ പനി കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലാണ് പനി വ്യാപിക്കുന്നത്. അതേസമയം ആശങ്കയായിരിക്കുന്നത് കോഴിക്കോടുണ്ടായ രണ്ട് മരണങ്ങളാണ്. വൃക്ക മാറ്റി വയ്ക്കലിന് വിധേയരായ രോഗികളാണ് മരിച്ചത്. ഇത് വെസ്റ്റ് നൈല്‍ ബാധയേറ്റാണോയെന്ന സംശയത്തിലാണ് ആരോഗ്യ വിദഗ്ധര്‍. പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരു. കോഴിക്കോട് ഈ പനി ബാധിച്ച ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുമാണ്. കൊതുകുജന്യ രോഗമായ വെസ്റ്റ് നൈല്‍ പനി കേരളത്തില്‍ 2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. 2016ല്‍ മലപ്പുറത്തും ഈ രോഗമുണ്ടായി. അന്ന് ആറുവയസുകാരനാണ് മരണമടഞ്ഞത്.

എന്താണ് വെസ്റ്റ് നൈല്‍ പനി?

കൊതുകുജന്യ രോഗമാണ് വെസ്റ്റ് നൈല്‍ പനി. പക്ഷികളുടെയും മറ്റും രക്തം കുടിക്കുന്ന കൊതുക് അവയെ കടിക്കുന്നു. അവരില്‍ നിന്ന് മുട്ടവഴിയോ അല്ലാതെയോ മറ്റ് ജീവികളിലേക്ക് എത്തുകയും ചെയ്യുന്നു. ഒപ്പം കൊതുകില്‍ നിന്നും രോഗം പടരാം. കൊതുക് നിര്‍മാര്‍ജനമാണ് രോഗത്തിനുള്ള പ്രതിരോധ മാര്‍ഗങ്ങളിലൊന്ന്.രോഗപ്രതിരോധ ശേഷിയും അത്യാവശ്യമാണ്. കാരണം ഇതിനെതിരായ മരുന്നുകള്‍ ഇതുവരെ നിലവിലില്ല. കൊതുകിന്റെ കടിയേറ്റാല്‍ 3 ദിവസം മുതല്‍ 2 ആഴ്ചയ്ക്കകം പനി പ്രകടമാവും. പനി പുറത്തേക്ക് വരാതിരിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. 80% പേര്‍ക്കും ലക്ഷണങ്ങളില്ലാതെ രോഗം വന്നു പോവാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പനി, പേശിവേദന, തലവേദന, ക്ഷീണം, ശരീരവേദന, തലചുറ്റല്‍, ഛര്‍ദ്ദി പോലുള്ളവയും ഓര്‍മക്കുറവ്, ശരീരത്തില്‍ പാടുകള്‍ എന്നിവയും വരാം. രോഗം നാഡി വ്യൂഹത്തെ ബാധിക്കുന്നത് മരണത്തിലേക്ക് നയിക്കാം.തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും വരാം.

പ്രതിരോധ മാര്‍ഗങ്ങള്‍

ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കലാണ് പ്രധാന പ്രതിരോധ മാര്‍ഗം. കൊതുകു വല ഉപയോഗിക്കാം.കൊതുകുതിരി, ലേപനം, പരിസര വൃത്തി, ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികില്‍സ തേടുക എന്നിവയാണ് മറ്റ് മാര്‍ഗങ്ങള്‍.

 

Content summary; West Nile fever in Kerala

Share on

മറ്റുവാര്‍ത്തകള്‍