‘തേപ്പ്’ എന്ന ലേബല്‍ ഒട്ടിച്ച വഞ്ചനയുടെ പല അവസ്ഥാന്തരങ്ങളിലൂടെ ഒരു പക്ഷെ നാം ഓരോരുത്തര്‍ക്കും കടന്നുപോകേണ്ടി വന്നിട്ടുണ്ടാകാം. അതല്ലെങ്കില്‍ അത്തരം അവസ്ഥയിലൂടെ കടന്ന് പോയ വളരെ അടുത്ത ആരെങ്കിലും നമ്മുടെ പരിചയത്തിലുണ്ടാകും. അവര്‍ അതിജീവിച്ച ആത്മസംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായും വന്നിട്ടുണ്ടാകും. പ്രണയം ആനന്ദം നല്‍കാനും ഉണങ്ങാത്ത മുറിവവശേഷിപ്പിക്കാനും പോന്നതാണ്. പലര്‍ക്കും പ്രണയം എന്നത് ഒരു തേപ്പിനുള്ള മറയാണ്. പ്രണയത്തിന്റെയും പ്രണയ നഷ്ടങ്ങളുടെയും പേരില്‍ ജീവന്‍ പൊലിഞ്ഞവരും ആ ദുഃഖത്തിന്റെ കയ്പ്പും പേറി ജീവിതാവസാനം വരെ വിലപിച്ചു നടക്കുന്ന പലരും നമുക്കിടയിലുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വഞ്ചിക്കപെടുകയും അതിനെ ആത്മവിശ്വാസം കൊണ്ട് അതിജീവിക്കുകയും, സമാന അനുഭവമുള്ളവര്‍ക്കു താങ്ങാവാനും ഒരുങ്ങിയിരിക്കുകയാണ് അന്ന റോവും സിസിലിയയും. പ്രണയം നടിച്ച് ഒരു വ്യക്തിയെ വൈകാരികമായും സാമ്പത്തികമായും ചൂഷണം ചെയ്തിട്ടും അത് പ്രണയിതാക്കള്‍ തമ്മിലുള്ള നിസാര പ്രശ്‌നമായി എടുത്താലോ? ഗുരുതരമായി കാണേണ്ട ഈ വിഷയത്തെ തികച്ചും ലാഘവത്തോടെ കൈകാര്യം ചെയുന്ന മനസ്ഥിതിയെ മാറ്റാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് രണ്ട് വനിതകള്‍.
അതിന് വേണ്ടി സിസിലി ഫെല്‍ഹോയും അന്ന റോവും ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന സംഘടനയാണ് ‘ലവ് സെഡ്’ (love said ). പ്രണയത്തിന്റെ പേരില്‍ ചൂഷണം അനുഭവിക്കുന്നവര്‍ക്കും അതിന്റെ ഇരകളായവര്‍ക്കും ബോധവത്കരണം നല്‍കുന്നതിനും പ്രതീക്ഷയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും വേണ്ടിയുള്ളതാണ് അന്നയുടെയും സിസിലിയുടെയും ‘ലവ് സെഡ്’. ചൂഷണം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കുകയും സാമ്പത്തികമായി പിന്തുണക്കുന്നതിനായി ധനസമാഹരണവും ഇര്‍ നടത്തുന്നുണ്ട്.
2022 ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ പുറത്ത് ഇറങ്ങിയ ‘ട്വിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍’ എന്ന ഡോക്യൂമെന്ററി സിസിലിയുടെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. സൈമണ്‍ ലെവീവ് എന്നയാള്‍ വ്യാജ പേരില്‍ പ്രണയം നടിച്ച് വഞ്ചിച്ച് സിസിലിയയുടെ കയ്യില്‍ നിന്നും 250,000 ഡോളര്‍ തട്ടിയടുക്കുകയായിരുന്നു. താന്‍ ഒരു വലിയ വജ്ര വ്യാപാരി ആണെന്നും ജോലിയുമായി ബന്ധപെട്ട കുറച്ച സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സാമ്പത്തിക സഹായം നല്‍കാന്‍ സൈമണ്‍ സിസിലിയയെ നിര്‍ബന്ധിതയാക്കുകയുമായിരുന്നു.
ഇതേ വ്യക്തിയാല്‍ കബളിപ്പിക്കപ്പെട്ട മറ്റു സ്ത്രീകളും സിസിലിക്കൊപ്പം ചേര്‍ന്ന് പരാതി നല്‍കുകയും ഒടുവില്‍ സൈമണ്‍ ലെവീവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എങ്കിലും ജയില്‍ മോചിതനായ ഇയാള്‍ തുടര്‍ന്നും ഇത്തരത്തില്‍ പെണ്‍കുട്ടികളെ വഞ്ചിക്കുന്നുണ്ടെന്നാണ് സിസിലി പറയുന്നത്. ‘നിങ്ങളെ ഞങ്ങള്‍ ഒരു ഇരയായി കാണണമോ’ എന്നാണ് പോലീസുകാര്‍ എന്നോട് ചോദിച്ചത്. എനിക്ക് സംഭവിച്ചത് യഥാര്‍ത്ഥത്തില്‍ ഒന്നുമല്ല എന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. എന്നെ പോലൊരു വ്യക്തിക്ക് ലഭിച്ചത് ഇങ്ങനെയുള്ള പെരുമാറ്റമാണെങ്കില്‍ സാധാരണക്കാരോട് ഇവര്‍ എങ്ങനെയായിരിക്കും പെരുമാറുക?’
അന്ന റോവിന് പറയാനുള്ളത് മറ്റൊരു കഥയാണ്, താന്‍ അകമഴിഞ്ഞ് സ്‌നേഹിച്ച, തന്നെ സ്നേഹിക്കുന്നുണ്ടെന്ന് കരുതിയ കാമുകന്‍ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇതിനെ പറ്റി പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍ തുടക്കത്തില്‍ കേസെടുക്കാന്‍ തയ്യാറായില്ല. രണ്ട് വര്‍ഷമെടുത്താണ് അന്നയുടെ കേസ് പോലീസ് ഫയല്‍ ചെയ്തത്.
ഈ സംഭവം കഴിഞ്ഞതോടെ അന്ന സ്വമേധയാ ഇത്തരത്തിലുളള സംഭവങ്ങളെ അന്വേഷിക്കുകയായിരുന്നു. അവര്‍ സ്വയമേവ നടത്തിയ അന്വേഷണത്തില്‍ 16 ഓളം സമാന സംഭവങ്ങള്‍ കണ്ടെത്തുകയും തുടര്‍നടപടികള്‍ക്കായി കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരിയില്‍ ലോയ്ഡ്‌സ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രണയ തട്ടിപ്പുകളില്‍ കഴിഞ്ഞ വര്‍ഷം 30% ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 53% കേസുകളിലും 65 മുതല്‍ 74 വയസ്സുള്ള പുരുഷന്മാരാണ് ഇരകളായിട്ടുളളത്.
സിറ്റി ഓഫ് ലണ്ടന്‍ പോലീസ് കഴിഞ്ഞ ഒക്ടോബറില്‍ നാഷണല്‍ ഫ്രോഡ് ഇന്റലിജന്‍സ് ബ്യൂറോയുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ 8,036 തട്ടിപ്പ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും ഏകദേശം 92 മില്യണിലധികം നഷ്ടം ഉണ്ടാക്കിയവയുമാണെന്ന് പറയുന്നു.
‘ഇത്തരത്തില്‍ ഒരാളെ പ്രണയിച്ചു വഞ്ചിക്കുമ്പോള്‍ അത് വഞ്ചിക്കപെട്ട വ്യക്തിയില്‍ വലിയ മാനസിക ആഘാതം സൃഷ്ടിക്കുന്നതാണ്. ആ ബന്ധത്തില്‍ നിന്ന് ഓരോരുത്തരും പ്രതീക്ഷിക്കുന്നത് തന്റെ പങ്കാളിയുമായുള്ള ആത്മബന്ധമാണ്. എന്നാല്‍ അത് ലഭിക്കാതെ വരികയും, അങ്ങനെ ഒരു വ്യക്തിയില്ലെന്ന് അറിയുമ്പോഴും ഉണ്ടാകുന്ന ആഘാതം ഒരാളെ തകര്‍ക്കാന്‍ മാത്രം പോന്നതാണ്. എന്റെ കാമുകന്‍ വഞ്ചിക്കുകയായിരുന്നു എന്നറിഞ്ഞപ്പോള്‍ അതെന്നെ ഒരു മോശം അവസ്ഥയിലാണ് കൊണ്ടെത്തിച്ചത്. സത്യത്തില്‍ പ്രണയ നഷ്ടമുണ്ടാക്കുന്ന മാനസിക ആഘാതം അത്ര എളുപ്പം മറികടക്കാന്‍ കഴിയുന്ന ഒന്നല്ല. ഞാന്‍ വഞ്ചിക്കപെട്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷവും, എനിക്കതില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. മനസിന്റെ അടിത്തട്ടില്‍ നിന്നും ഉപരിതലത്തിലേക്ക് വികാരങ്ങള്‍ ഇപ്പോഴും തികട്ടി വരും. അതുകൊണ്ട് താനെ ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ക്ക് ദീര്‍ഘകാല പിന്തുണ അത്യാവശ്യമാണ്’. അന്നയുടെ വാക്കുകള്‍.
സിസിലിയുടെ അനുഭവവും മറ്റൊന്നായിരുന്നില്ല. ‘ഞാന്‍ സ്‌നേഹിച്ച മനുഷ്യന്‍ ഒരിക്കലും യാഥാര്‍ത്ഥമായിരുന്നില്ല. പൊള്ളയായ ഒരു വ്യക്തിയെയാണ് ഞാന്‍ അകമഴിഞ്ഞ് സ്‌നേഹിച്ചത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഇപ്പോഴും അയാളെ സ്‌നേഹിക്കുന്നുണ്ട്’.
പ്രണയം നടിച്ച് വഞ്ചിക്കുന്നതിന് ഒരു പ്രായപരിധി നിശ്ചയിക്കാനാകില്ലെന്നാണ് അന്ന പറയുന്നത്. കാരണം ഇത്തരം കുറ്റകൃത്യങ്ങളെ പറ്റി ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി താന്‍ ആയിരക്കണക്കിന് ആളുകളുമായി സംസാരിച്ചിരുന്നുവെന്നും അതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇരക്ക് 16 വയസും ഏറ്റവും പ്രായമേറിയ വ്യക്തിക്ക് 80 വയസ്സുമായിരുന്നു. ഞാന്‍ സംസാരിച്ചവരില്‍ പരുഷന്മാരും സ്ത്രീകളും ഒരു പോലെ ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ മുന്നോട്ട് വന്നു പരസ്യമായി സംസാരിക്കാന്‍ സാധ്യത കുറവാണ് എന്നും അന്ന പറയുന്നു.
‘വഞ്ചിക്കപ്പെട്ട ഓരോരുത്തരും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ എല്ലാവരിലുമുള്ള പൊതുവായ കാര്യം അവര്‍ സഹ ജീവികളോട് ദയയും സഹാനുഭൂതിയുള്ളവരുമാണ് എന്നതാണ്. എന്നിരുന്നാലും സാഹചര്യവശാല്‍ അലപം ദുര്‍ബലരായ ആളുകളെയാണ് ഇത്തരം തട്ടിപ്പുകാര്‍ പ്രധാന ഇരകളാക്കുന്നത്. ചിലര്‍ ഈ വേദനയില്‍ മനം നൊന്ത് സ്വയം ജീവനൊടുക്കയും ചെയ്തിട്ടുണ്ട്. ഒരു സുപ്രഭാത്തില്‍ ഇതിനെ തടയാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല, എന്നിരുന്നാലും അധികാരികളും ബന്ധപ്പെട്ടവരും ഞങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുമ്പോള്‍ തട്ടിപ്പുകള്‍ തടയാനായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ’.
‘നിങ്ങള്‍ ഓരോരുത്തരോടും ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, ശരിയായ പിന്തുണ ലഭിക്കുകയാണെങ്കില്‍ ഓരോരുത്തരും യോദ്ധാക്കളായി മാറും. ഈ പോരാട്ടത്തില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരെ ഞാന്‍ ഞങ്ങളുടെ സൈന്യത്തിലേക്ക് ക്ഷണിക്കുന്നു, തിന്മ വിജയിച്ചിട്ടില്ല, അതിനെ വിജയിക്കാന്‍ അനുവദിക്കുകയുമില്ല’.