UPDATES

ഒരു കുടുംബത്തിലെ അഞ്ചു പേരെ രണ്ടു സ്ത്രീകള്‍ കൊലപ്പെടുത്തിയതിന്റെ കഥ

രണ്ടു മാസം നീണ്ട ആസൂത്രണം, കൊലയാളിയായി തെരഞ്ഞെടുത്തത് താലിയം

                       

ഒരു കുടുംബത്തിലെ അഞ്ചു പേരുടെ, ഒരു മാസത്തിനുള്ളില്‍ അടുത്തടുത്ത ദിവസങ്ങളിലായുള്ള മരണം സ്വാഭാവികമായ സംശയം ജനിപ്പിച്ചു. മരണപ്പെടുന്നതിന് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അഞ്ചു പേരും പ്രകടിപ്പിച്ച ശാരീരികാസ്വസ്ഥതകളില്‍ സാമ്യമുണ്ടായിരുന്നു. അധികം വൈകാതെ പൊലീസിന് കാര്യങ്ങള്‍ ബോധ്യമായി. നടന്നിരിക്കുന്നത് ആസൂത്രിതമായ കൊലകളാണ്. വൈകാതെ പ്രതികളെയും പിടിച്ചു.

രണ്ടു സ്ത്രീകളായിരുന്നു അഞ്ചു കൊലകള്‍ക്കും പിന്നില്‍. 22 കാരിയായ സംഘമിത്ര കുംഭാരെയും 36 കാരിയായ റോസ രാംതെകെയും.

രണ്ടു മാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു സംഘമിത്രയും റോസയും മരണവിധി നടപ്പാലാക്കിയത്. എങ്ങനെ കൊല്ലണമെന്ന രീതി കണ്ടെത്താന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടി. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ ചെയ്യാനായെങ്കിലും, തങ്ങള്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് എല്ലാ കൊലയാളികളെയും പോലെ അവര്‍ക്കുമുണ്ടായിരുന്ന വിശ്വാസം തകര്‍ന്നു പോയി. ബുധാഴ്ച്ച പൊലീസ് രണ്ടു സ്ത്രീകളെയും അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ മഹാഗാവ് ഗ്രാമത്തില്‍ നിന്നാണ് ഈ കൂട്ടക്കൊലയുടെ വാര്‍ത്ത. ബന്ധുക്കളായ സംഘമിത്രയും റോസയും ചേര്‍ന്ന്, സാവധാനം ശരീരത്തില്‍ പ്രവര്‍ത്തിച്ച് മരണത്തിന് കാരണമായി തീരുന്ന താലിയം എന്ന വിഷം ഉപയോഗിച്ചാണ് മൂന്നു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും വകവരുത്തിയത്.

വിദര്‍ഭയിലുള്ള അകോലയാണ് സംഘമിത്രയുടെ നാട്. 2022-ല്‍ റോഷന്‍ കുംഭാരയെ വിവാഹം കഴിച്ചാണ് സംഘമിത്ര ഗഡ്ചിരോലിയില്‍ വരുന്നത്. റോഷനുമായുള്ള ബന്ധത്തിന് സംഘമിത്രയുടെ വീട്ടുകാര്‍ എതിരായിരുന്നു. തുടര്‍ന്നവള്‍ റോഷനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു..

റോഷന്റെ വീട്ടില്‍, അയാളെക്കൂടാതെ അച്ഛന്‍ ശങ്കര്‍, അമ്മ വിജയ, സഹോദരി കോമള, വിജയയുടെ സഹോദരി വര്‍ഷ ഉരടെ എന്നിവരുമുണ്ടായിരുന്നു. ഈ അഞ്ചുപേരുമാണ് സംഘമിത്രയുടെയും റോസയുടെയും ഇരകളായത്. വിജയയുടെ സഹോദരന്റെ ഭാര്യയാണ് റോസ.

പ്രണയകാലത്തുണ്ടായിരുന്ന ആളായിരുന്നില്ല വിവാഹശേഷമുള്ള റോഷന്‍. ആ വീട്ടില്‍ അവള്‍ ഭര്‍ത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും മാനസിക-ശാരീരിക പീഢനങ്ങള്‍ക്ക് നിരന്തരം വിധേയയായി. റോഷന്‍ അവളെ ഉപദ്രവിക്കുന്ന സമയത്ത് അത് പ്രോത്സാഹിപ്പിക്കുകയും സംഘമിത്രയെ പരിഹസിക്കുകയും ചെയ്യുന്നതായിരുന്നു വീട്ടുകാരുടെ പതിവെന്നാണ് പൊലീസ് മറ്റു കാര്യങ്ങള്‍ക്കൊപ്പം വിവരിക്കുന്നത്.

മകള്‍ തങ്ങളെ ധിക്കരിച്ച് മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയതാണെങ്കിലും, അവള്‍ ഭര്‍തൃവീട്ടില്‍ അനുഭവിക്കുന്ന ക്രൂരതകള്‍ അറിയേണ്ടി വന്നത് സംഘമിത്രയുടെ അച്ഛനെ വല്ലാതെ വിഷമിപ്പിച്ചു. മകളുടെ വിധിയോര്‍ത്ത് തകര്‍ന്ന ആ അച്ഛന്‍ ഈ വര്‍ഷം ഏപ്രിലില്‍ അകോലയിലുള്ള വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തു. അച്ഛന്റെ ആകസ്മിക വിയോഗം സംഘമിത്രയില്‍ കടുത്ത മാനസികാഘാതമേല്‍പ്പിച്ചു.

രക്ഷാബന്ധന്‍ ഉത്സവ സമയത്ത് സ്വന്തം വീട്ടില്‍ പോയി ബന്ധുക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ സംഘമിത്ര ആഗ്രഹിച്ചിരുന്നു. എന്നാല്‍, റോഷനും അയാളുടെ വീട്ടുകാരും സംഘമിത്രയെ പോകാന്‍ അനുവദിച്ചില്ല. സംഘമിത്ര വാശി പിടിച്ചതോടെ അതൊരു കുടുംബവഴക്കിലേക്ക് മാറി. റോഷന്‍ അവളെ ഉപദ്രവിച്ചു.

തന്റെ വിധിയെ പഴിച്ച് വീടിനു പുറത്തിരുന്നു കരയുന്ന സംഘമിത്രയെ ആശ്വസിപ്പിക്കാനുണ്ടായിരുന്നതു റോസ രാംതെകെ മാത്രമായിരുന്നു. തന്നോട് സഹാനുഭൂതി കാണിച്ച റോസയോടാണ് ഉള്ളില്‍ ഉരുണ്ട കൂടിയ പ്രതികാരദാഹം സംഘമിത്ര ആദ്യമായി പങ്കുവയ്ക്കുന്നത്.

ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ചെയ്തികളില്‍ മനംമടുത്തായിരുന്നു, അവരെയെല്ലാം കൊല്ലാന്‍ തനിക്കു തോന്നുണ്ടെന്ന് സംഘമിത്ര റോസയോട് പറഞ്ഞു പോയത്. റോസ, ആ 22കാരിയെ തിരുത്താനല്ല നോക്കിയത്. റോസയ്ക്കും റോഷന്റെ കുടുംബത്തിനുമിടയില്‍ പാരമ്പര്യ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ പകയുമായി നടക്കുന്ന സ്ത്രീയായിരുന്നു റോസി. വീണു കിട്ടിയ അവസരം മുതലാക്കാന്‍ റോസ തീരുമാനിച്ചു. സംഘമിത്രയുടെ ഉള്ളില്‍ അവള്‍ പകയൂതി കത്തിച്ചു. ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാനുളള തോന്നല്‍ ഒരു തീരുമാനമാക്കി മാറ്റാന്‍ സംഘമിത്രയെ അവള്‍ പ്രേരിപ്പിച്ചു.

റോഷന്റെ അമ്മയായ വിജയയ്ക്ക് മൂന്നു സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. സഹോദരന്റെ ഭാര്യയാണ് റോസ. വിജയയുടെ അച്ഛന് നാലേക്കര്‍ ഭൂമി സ്വന്തമായുണ്ടായിരുന്നു. ഭൂമി തങ്ങള്‍ അഞ്ചു മക്കള്‍ക്കും തുല്യമായി വീതം വച്ചു തരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു വിജയ. എന്നാല്‍, റോസയാകട്ടെ, തന്റെ ഭര്‍ത്താവിന് മുഴുവന്‍ മണ്ണും കിട്ടണമെന്ന ആഗ്രഹക്കാരിയായിരുന്നു. ഒരേയൊരു ആണ്‍ മകന്‍ തന്റെ ഭര്‍ത്താവല്ലേ, പെണ്‍മക്കള്‍ക്ക് എന്തിനാണ് സ്വത്ത് വീതം വയ്ക്കുന്നതെന്ന ചോദ്യമായിരുന്നു റോസയ്ക്കുണ്ടായിരുന്നത്.

സ്വത്തിനുമേലുള്ള ദുരാഗ്രഹം വിജയയ്ക്കുമേലുള്ള പകയായി മാറിയിരുന്ന റോസ തനിക്ക് കിട്ടിയ ആയുധമായ സംഘമിത്രയെ ഉപയോഗപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. എല്ലാവരെയും കൊല്ലാന്‍ താന്‍ കൂടെ നില്‍ക്കാമെന്ന് അവള്‍ സംഘമിത്രയ്ക്ക് ഉറപ്പു കൊടുത്തു.

കൊല്ലാന്‍ തീരുമാനിച്ചതിനു പിന്നാലെ, എങ്ങനെ കൊല്ലണമെന്ന കാര്യത്തില്‍ അന്വേഷണമായി. ഗൂഗിളിന്റെ സഹായമാണ് അതിനു തേടിയത്. ആദ്യമവര്‍ ഓണ്‍ലൈന്‍ വഴി വിഷാംശമുള്ളൊരു പുഷ്പം ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചു. ഈ പുഷ്പം ഭക്ഷണത്തില്‍ ചേര്‍ത്തു കൊടുക്കാനായിരുന്നു പദ്ധതി. പക്ഷേ, അതവര്‍ പാതിയില്‍ ഉപേക്ഷിച്ചു. പിടിക്കപ്പെട്ടേക്കാമെന്നു തോന്നിയതുകൊണ്ടാണ്. തുടര്‍ന്നുള്ള പരതലിലാണ് താലിയം ശ്രദ്ധയില്‍ പെടുന്നത്. സാവധാനം കര്‍ത്തവ്യം നിര്‍വഹിക്കുന്ന ഒരു കൊലയാളിയാണ് താലിയം. യാതൊരു തുമ്പും ശേഷിപ്പിക്കാതെ കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷണത്തില്‍ കലര്‍ത്താമെന്നു മനസിലാക്കിയതോടെ തങ്ങളുടെ പ്രതികാരം താലിയം കൊണ്ട് തന്നെ വീട്ടാന്‍ അവരിരുവരും തീരുമാനിച്ചു.

സെപ്തംബര്‍ പകുതിയോടെ താലിയം റോസയുടെയും സംഘമിത്രയുടെയും കൈകളിലെത്തി. തെലങ്കാനയില്‍ നിന്നാണ് താലിയം കിട്ടിയതെന്ന് മനസിലായെങ്കിലും, എങ്ങനെ കിട്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം പൊലീസ് കണ്ടെത്താനിരിക്കുന്നതെയുള്ളൂ.

സംഘമിത്ര നടത്തിയ കുറ്റസമ്മത പ്രകാരം, ശങ്കറിനും വിജയയ്ക്കും കോമളത്തിനും പാകം ചെയ്ത മാംസാഹരത്തില്‍ കലര്‍ത്തിയാണ് താലിയം നല്‍കിയത്. ഭര്‍ത്താവ് റോഷന് പരിപ്പു കറിയില്‍ കലര്‍ത്തിയും. വിജയയുടെ സഹോദരിയും തന്റെ മറ്റൊരു നാത്തൂനുമായ വര്‍ഷയ്ക്ക് താലിയം കൊടുക്കുന്നതിന്റെ ചുമതല റോസ ഏറ്റെടുത്തു.

സെപ്തംബര്‍ 20 നാണ് താലിയം എന്ന കൊലയാളിയുടെ പ്രവര്‍ത്തനങ്ങള്‍ ഇരകളില്‍ പ്രകടമായി തുടങ്ങിയത്. ശങ്കറും വിജയയുമാണ് ആദ്യം പ്രശ്‌നങ്ങള്‍ നേരിട്ടത്. ഇരുവരുടെയും കൈകാലുകളില്‍ കഴപ്പും കഠിനമായ വേദനയും ഉണ്ടായി. സഹിക്കാനാകാത്ത പുറംവേദനയും തലവേദനയും വന്നു. നാവുകള്‍ക്ക് ഭാരം തോന്നുകയും ചുണ്ടുകള്‍ കറക്കുകയും ചെയ്തു. ആദ്യം അവരെ അഹേരിയിലെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ചന്ദ്രപുരിയിലുള്ള മറ്റൊരാശ്രുപത്രിയിലേക്കും, അവിടെയും പറ്റാതെ വന്നതോടെ നാഗപൂരിലുള്ള ഒരു സ്വകാര്യാശുപത്രിയിലേക്കും മാറ്റി. എന്താണ് രോഗകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിനു മുമ്പേ, സെപ്തംബര്‍ 26 ന് ശങ്കര്‍ മരിച്ചു, പിറ്റേ ദിവസം വിജയയും.

ചികിത്സയിലായിരുന്നു റോഷന്റെയും കോമളിന്റെയും വര്‍ഷയുടെയും ആരോഗ്യം ആദ്യം കുറച്ചു മെച്ചപ്പെട്ടെങ്കിലും മൂവരും പെട്ടെന്ന് തന്നെ ഗുരുതരാവസ്ഥയിലായി. ഒക്ടോബര്‍ 8, 14, 15 തീയതികളിലായി മൂന്നുപേരും മരണപ്പെട്ടു.

അഞ്ചുപേരിലും കണ്ടെത്തിയ സമാനലക്ഷണങ്ങളാണ് അവരില്‍ വിഷാംശം എത്തിയിട്ടുണ്ടെന്ന നിഗമനത്തിലെത്താന്‍ ഡോക്ടര്‍മാരെ സഹായിച്ചത്. കൂട്ട മരണത്തില്‍ സംശയം തോന്നിയ ഗഡ്ചരോലി പൊലീസ് അന്വേഷണം ആരംഭിച്ചു. അവരുടെ സംശയം ആദ്യം പതിഞ്ഞത് സംഘമിത്രയിലായിരുന്നു. ആ കുടുംബത്തില്‍ ശേഷിക്കുന്നയാള്‍ സംഘമിത്രയാണ്. അവള്‍ക്കാകട്ടെ, യാതൊരു പ്രശ്‌നങ്ങളുമില്ല. മരിച്ച മറ്റ് കുടുംബാംഗങ്ങളുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ ആ പെണ്‍കുട്ടിയില്‍ കണ്ടെത്തിയതുമില്ല. മാത്രമല്ല, റോഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത്, ഭര്‍ത്താവിന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് സംഘമിത്രയ്ക്ക് കുറ്റബോധം ഉണ്ടായി. അവള്‍ ഡോക്ടറോട്, ഭര്‍ത്താവിന്റെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പറയുകയും ചെയ്തിരുന്നു.

സ്വാഭാവിക സംശയത്തോടെ സംഘമിത്രയെ ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ചെയ്ത തെറ്റുകളില്‍ അതിനകം തന്നെ പശ്ചാത്താപം തോന്നി തുടങ്ങിയിരുന്ന സംഘമിത്ര പൊലീസിനോട് എല്ലാ കാര്യങ്ങളിലും കുറ്റസമ്മതം നടത്തി. വൈകാതെ റോസയെയും കസ്റ്റഡിയിലെടുത്തി. വര്‍ഷയുടെ ഭക്ഷണത്തില്‍ താലിയം കലര്‍ത്തിയ കാര്യം റോസയും സമ്മതിച്ചു.

സംഘമിത്രയുടെയും റോസയുടെയും പദ്ധതിയില്‍ നേരിട്ടവര്‍ ലക്ഷ്യം വയ്ക്കാതിരുന്ന മറ്റു മൂന്നുപേര്‍ കൂടി ഇരകളായി തീര്‍ന്നിരുന്നു. റോഷന്റെ വീട്ടിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ആ മൂന്നു പേരും പക്ഷേ, മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു.

പ്രതികളെ രണ്ടു പേരെയും 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പൊലീസിന്റെ സംശയം, ഈ കൊലപാതകങ്ങള്‍ക്ക് റോസയ്ക്കും സംഘമിത്രയ്ക്കും മറ്റു ചിലരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ്. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗഡ്ചരോലി പൊലീസ്.

Share on

മറ്റുവാര്‍ത്തകള്‍