കുടിയേറ്റ തൊഴിലാളികള്‍ എവിടെ, എങ്ങനെ താമസിക്കുന്നു എന്നത് സര്‍ക്കാര്‍ സംവിധാനത്തില്‍ പരിശോധിക്കേണ്ട കാര്യമാണ്
രാവിലെ ഏഴ് മണിക്ക് ജോലിക്കു പോകുന്ന മാതാപിതാക്കള്‍ രാത്രി ഏഴിന് തിരിച്ചു വരുന്നതുവരെ മുറിയില്‍ കതകടച്ച് ഇരിക്കേണ്ടി വരുന്നൊരു 16 കാരിയെക്കുറിച്ച് ആലോചിക്കുക!
ഒരു പകലന്തിയോളം അവളുടെ ചുറ്റും ആണ്‍കൂട്ടങ്ങളുണ്ടാകും. ഏതു നിമിഷവും കടന്നു വരാവുന്ന അപകടത്തെ ഭയന്നും, ജീവിതത്തിന്റെ വസന്തമായ കൗമാരത്തില്‍, നാലു ചുവരുകള്‍ക്കുള്ളിലെ നിശബ്ദതയോട് സമരസപ്പെട്ടും കഴിയേണ്ടി വരുന്നൊരു 16 കാരി.
ആലുവ മേഖലയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണവള്‍. ആ 16 കാരിയെ പോലെ അരക്ഷിതരായ പല കുട്ടികളുമുണ്ട്. അതിലൊരാളായിരുന്നു രണ്ടു മാസങ്ങള്‍ക്ക് മുമ്പ് നിഷ്ഠൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി. മറ്റൊരാളാണ്, വ്യാഴാഴ്ച്ച പുലര്‍ച്ചെ ഉപദ്രവിക്കപ്പെട്ട എട്ടു വയസുകാരി. ഒരാളെ പകല്‍ വെളിച്ചത്തില്‍ താമസസ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അക്രമി കൈക്കലാക്കിയതെങ്കില്‍, രണ്ടാമത്തെ സംഭവത്തില്‍ താമസസ്ഥലത്ത് ഉറങ്ങി കിടന്ന കുട്ടിയെ പുലര്‍ച്ചെ കവര്‍ന്നെടുത്തു കൊണ്ടു പോവുകയായിരുന്നു.
രാജ്യത്തെ പിന്നാക്ക മേഖലകളില്‍ നിന്നും പിന്നാക്ക ജനവിഭാഗത്തില്‍പ്പെട്ട, അതിജീവിനത്തിനായി ഏറെ പൊരുതേണ്ടി വരുന്ന മനുഷ്യരാണ് കേരളത്തിലെത്തുന്നത്. ഇവിടെയും അവര്‍ സുരക്ഷിതരല്ലെങ്കില്‍ ഉത്തരവാദിത്തം പറയേണ്ടത് കേരളമാണ്.
കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ പത്തു ശതമാനത്തോളമേ കുടുംബത്തെ കൂടെ കൊണ്ടു വരുന്നുള്ളു. താങ്ങാന്‍ കഴിയുന്ന ജീവിത സാഹചര്യം കിട്ടുന്നവര്‍ മാത്രം, അതല്ലെങ്കില്‍ സ്വന്തം നാടിനെക്കാള്‍ ഇവിടെ പ്രതീക്ഷകള്‍ നെയ്യുന്നവര്‍. കുടുംബമായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം സുരക്ഷിതമായ ഇടമാണോ എന്നാണ് ആലുവയില്‍ തന്നെ രണ്ടു മാസത്തിനുള്ളില്‍ നടന്നിരിക്കുന്ന രണ്ടു സംഭവങ്ങളും ഉയര്‍ത്തുന്ന ചോദ്യം. ഇവിടെ ഇരകള്‍, എട്ടും അഞ്ചും വയസ് മാത്രം പ്രായമനുള്ള പെണ്‍കുട്ടികളാണ്.
നിസ്സഹായരായ മനുഷ്യരാണ് ജോലി തേടിയെത്തുന്ന പുറം നാട്ടുകാര്‍. അവര്‍ക്ക് താങ്ങാന്‍ പറ്റുന്ന ജീവിത ചുറ്റുപാടുകളില്‍ മാത്രം കഴിയേണ്ടി വരുന്നവര്‍. ഭാര്യയുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോകുന്നുണ്ട്. കുടുംബമായി എത്തുന്നവരില്‍ ഭര്‍ത്താവും ഭാര്യയും ജോലിക്കു പോകേണ്ടി വരും. അവര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിക്കില്ല. അതവരുടെ നിസ്സഹായതയാണ്. കുട്ടികളെക്കുറിച്ച് ചിന്തയില്ലാത്ത മാതാപിതാക്കളായതുകൊണ്ടല്ല.
രാവിലെ മുതല്‍ ഇരുള്‍ വീഴുന്നതുവരെ ജോലി ചെയ്യേണ്ടി വരുന്നവരാണ് ഭൂരിഭാഗവും. ഇവര്‍ക്ക് കുട്ടികളുണ്ടെങ്കില്‍ ഒന്നുകില്‍ ജോലി സ്ഥലത്ത് കൂടെ കൊണ്ടുപോണം, അതല്ലെങ്കില്‍ വിദ്യാഭ്യാസ-അനുബന്ധ സ്ഥാപനങ്ങളില്‍ ചേര്‍ക്കണം, ഇല്ലെങ്കില്‍ താമസസ്ഥലത്ത് നിര്‍ത്തണം. ഈ മൂന്ന് വഴികള്‍ മാത്രമാണുള്ളത്.
ജോലി സ്ഥലത്ത് കൊണ്ടു പോവുക അത്ര പ്രായോഗികമല്ല. തൊഴിലുടമകള്‍ അനുവദിക്കാറുമില്ല. അംഗന്‍വാടികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം, മാതാപിതാക്കളുടെ ജോലി തുടങ്ങിയതിനു ശേഷം ആരംഭിച്ച് ജോലി തീരുന്നതിന് മുമ്പ് അവസാനിക്കുന്ന തരത്തിലാണ്. കേരളത്തിലെ ഭൂരിഭാഗം അംഗന്‍വാടികളും സ്‌കൂളുകളും പത്തു മുതല്‍ നാല് വരെ പ്രവര്‍ത്തിക്കുന്നവയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കേരള സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്‍കുന്നുണ്ടെങ്കിലും എല്ലാവരും തന്നെ കുട്ടികളെ പഠനത്തിന് അയക്കാറുമില്ല. കൂടുതല്‍ പേരുടെയും കുട്ടികള്‍-ചെറിയ കുട്ടികള്‍ മുതല്‍ കൗമാരക്കാരായവര്‍ വരെ-വീടിനുള്ളില്‍ കഴിയേണ്ടി വരികയാണ്.
മാതാപിതാക്കള്‍ക്കൊപ്പം ജോലി സ്ഥലത്ത് പോയൊരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അതിനു പിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ, അവരുടെ ജോലി സമയം കഴിയുന്നതുവരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നെങ്കിലും, സ്വകാര്യ തലത്തിലെങ്കിലും അത്തരമൊരു കേന്ദ്രം തുറന്നത്(രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെ) ആലുവയില്‍ അഞ്ചുവയസുകാരി ക്രൂരമായി കൊലപ്പെട്ടതിനു ശേഷമാണ്. ഇപ്പോഴൊരു എട്ടു വയസുകാരിയും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കുമെന്ന് പ്രതീക്ഷിക്കാം.
കുടിയേറ്റ തൊഴിലാളികള്‍ എവിടെ, എങ്ങനെ താമസിക്കുന്നു എന്നത് സര്‍ക്കാര്‍ സംവിധാനത്തില്‍ പരിശോധിക്കേണ്ട കാര്യമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യം കൊടുത്ത് വലിയ വരുമാനം മലയാളി ഉണ്ടാക്കുന്നുണ്ട്. ആട്ടിന്‍കൂടുപോലുള്ള മുറികളില്‍ തലയെണ്ണി കാശുവാങ്ങി ഇതരസംസ്ഥാനക്കാരെ താമസിപ്പിച്ചു ലാഭം കൊയ്യുന്നവരാണ് കൂടുതലും. ഇതരസംസ്ഥാന തൊഴിലാളികളുടെ വാടക ജീവിതം നരകതുല്യമാണ്. ഒരു മുറിയില്‍ പത്തും ഇരുപതും പേരാണ് താമസിക്കുന്നത്. ചെറു മുറികള്‍ തിരിച്ച ലൈന്‍ കെട്ടിടങ്ങള്‍ ഇവരെ ലക്ഷ്യം വച്ചു നിര്‍മിക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങള്‍ക്കു മുകളിലോ സ്വന്തം വീടുകളോട് ചേര്‍ന്നോ ഒക്കെ ഇത്തരം വാടകയിടങ്ങള്‍ ഉണ്ടാക്കിയിടുന്നു. ഒരു മുറിയില്‍ പരമാവധി പേരെ താമസിപ്പിക്കും. ഒരാളില്‍ നിന്നും രണ്ടായിരവും അയ്യായിരവുമൊക്കെ വാടക വാങ്ങും. ആകെ ഒരു കക്കൂസും ഒരു കുളിമുറിയും ആയിരിക്കും പത്തും അമ്പതുംപേര്‍ക്ക് കൂടിയുള്ളത്. തൊഴില്‍ സ്ഥാപനങ്ങള്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രത്യേകം താമസ സൗകര്യം ഏര്‍പ്പെടുത്തില്ല. ഉറങ്ങാനും പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള ഇടമാണ് തൊഴില്‍ സ്ഥാപനങ്ങള്‍ നല്‍കുന്നത്.
കുടിയേറ്റ തൊഴിലാളികള്‍ അവരുടെ വരുമാനത്തില്‍ താങ്ങാന്‍ കഴിയുന്ന ഇടങ്ങളാണ് തെരഞ്ഞെടുക്കുന്നത്. സുരക്ഷിതമായ, സ്വതന്ത്രമായ താമസസ്ഥലങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുറഞ്ഞ വരുമാനത്തില്‍ നിന്നാകില്ല. ഒന്നുകില്‍ ഇവര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന കെട്ടിടങ്ങള്‍, അതല്ലെങ്കില്‍ മലയാളി ഉപേക്ഷിച്ച ഇടങ്ങള്‍; ഇതിലൊക്കെയാണ് എല്ലാ കുടിയേറ്റ തൊഴിലാളികളും തങ്ങുന്നത്. ഭാര്യയും കുട്ടികളുമായി വരുന്നവര്‍ക്കും ഇത്തരം ഇടങ്ങളില്‍ പാര്‍ക്കേണ്ടി വരും. ഒരു മുറിയില്‍ ഒരുമിച്ച് താമസിക്കുന്നവര്‍ ഒരേ സ്ഥലത്ത് നിന്നുള്ളവരായിരിക്കാമെങ്കിലും, ഒരേ സ്ഥലത്ത് തങ്ങുന്നത് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ, കുട്ടികളെ, ശ്രദ്ധിക്കാന്‍ അയല്‍പക്കത്തുള്ളവരെ ഏല്‍പ്പിച്ചു പോരാന്‍ കഴിയാറില്ല. പുരുഷന്മാര്‍ അധികമുള്ള ഇടങ്ങളാണ് പലതും. അതിനിടയില്‍ പെണ്‍കുട്ടികളെയടക്കം നിര്‍ത്തേണ്ടി വരുന്നു. ആ നാടിനെ കുറിച്ചും അവര്‍ക്ക് അറിയില്ല. ആരൊക്കെ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നോ, എവിടെ നിന്നൊക്കെ അപകടം വരാമെന്നോ അവര്‍ക്കറിയില്ല.
ഇതരമാര്‍ഗം ആലോചിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ്, അരക്ഷിതമായ ചുറ്റുപാടാണ് എന്നറിഞ്ഞിട്ടും കുട്ടികളെ അവിടെ നിര്‍ത്തി മാതാപിതാക്കള്‍ക്ക് പോകേണ്ടി വരുന്നത്. അതിജീവനമാണ് അവരുടെ പ്രധാന വെല്ലുവിളി. ജോലിയുണ്ടെങ്കില്‍ മാത്രമാണ്, കുട്ടികളും കുടുംബവുമെന്നവര്‍ ചിന്തിക്കുന്നു.
കേരളത്തിന് പുറത്തേക്ക് പോകുന്നവരെക്കാള്‍ അധികമാണ് ഇങ്ങോട്ട് വരുന്നവര്‍. അതുകൊണ്ട് തന്നെ, കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിച്ചേ മതിയാകൂ. തൊഴില്‍ വകുപ്പിനെക്കൊണ്ട് മാത്രം ഒന്നും ചെയ്യാനാകില്ല. നോര്‍ക പോലൊരു സംവിധാനം ഉണ്ടാക്കണം. കേരളത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ വളര്‍ത്തുന്നതില്‍ അതിഥി തൊഴിലാളികള്‍ എന്നു നാം വിളിക്കുന്നവരുടെ പങ്ക് അവഗണിക്കാനാകാത്തതാണ്. അവരെ ഒഴിവാക്കി നിര്‍ത്താനും ഇനി നമുക്കാകില്ല. സംസ്ഥാന സര്‍ക്കാര്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വരെ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. അവരുടെ തൊഴിലവകാശങ്ങളില്‍ മാത്രമല്ല, ജീവിത സുരക്ഷിതത്വത്തിലും. പൊലീസിന്റെ സംരക്ഷണവും സഹായവും അവര്‍ക്ക് ലഭ്യമാകണം. സമൂഹവും ഉത്തരവാദിത്തം കാണിക്കണം. ‘ ഭായിമാരെ താമസിപ്പിക്കേണ്ട’ എന്ന് റെസിഡന്‍സ് അസോസിയേഷനുകള്‍ പ്രമേയം പാസിക്കുകയല്ല, അവരെക്കൂടി സംരക്ഷിക്കാനുള്ള കടമ ചെയ്യുകയാണ് വേണ്ടത്.