UPDATES

ഫിനാന്‍സ്/ ബിസിനസ്‌

മലയാളികൾക്ക് പ്രിയം അവക്കാഡോ

മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി അവക്കാഡോ മാറുന്നു

                       

മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികൾ. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവിൽ കേരളത്തിൽ 300-400 രൂപക്ക് ലഭിക്കാൻ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിംഗ് ആൻ്റ് ട്രേഡിംഗ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡൻ ഫ്രൂട്ട്‌സ് ഇൻ്റർനാഷണലുമായി സഹകരിച്ചു കൊണ്ടാണ് വിദേശ അവക്കാഡോ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കൊച്ചി തുറമുഖം വഴി അവക്കാഡോ എത്തിക്കാണാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിലെ ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള ട്രേഡ് ലോഞ്ച് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ഇന്ത്യ ജനറൽ മാനേജർ അജയ് ടി. ജെ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിർവഹിച്ചു.

യൂറോപ്പ് , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് അവക്കാഡോ കേരളീയർക്ക് പരിചിതമായ പഴമാണെന്ന് ഈഡൻ ഫ്രൂട്ട്‌സ് മാനേജിംഗ് ഡയറക്ടർ കമറുദ്ധീൻ സിഎച്ച് പറഞ്ഞു.

ലോകവിപണിയിൽ 15 മുതൽ 20 ശതമാനം വരെയാണ് അവക്കാഡോ ഉപഭോഗം. എന്നാൽ ഇന്ത്യയിൽ ഇത് 100 ശതമാനമാണ്. ഈ വർഷവും അവക്കാഡോ വില്പനയിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ജനറൽ മാനേജർ അജയ് ടിജി പറഞ്ഞു. ഇന്ത്യയിലേക്കുള്ള അവക്കാഡോ ഇറക്കുമതിയുടെ 50 ശതമാനവും വെസ്റ്റ്ഫാലിയയിൽ നിന്നാണ്.

2021-ൽ ഇന്ത്യയിലേക്ക് 1,000 ടൺ അവോക്കാഡോയാണ് ഇറക്കുമതി ചെയ്തത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ 2,000, 4,000 ടണ്ണായും ഇറക്കുമതി ഇരട്ടിയായി. ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് 8,000 ടണ്ണായി ഇറക്കുമതി ഉയരുമെന്നുമാണ്.

പെറു, ചിലി, ന്യൂസിലാൻഡ്, കെനിയ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ഓസ്‌ട്രേലിയ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്ന് വിമാനമാർഗം ഇന്ത്യയിലേക്ക് അവക്കാഡോ പഴങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, കുത്തനെയുള്ള വിമാന ചിലവും 35 ശതമാനത്തോളം നികുതിയും കാരണം വലിയ വില വർധനവാണ് കേരളത്തിലെ മാർക്കറ്റിൽ ഈ പഴങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായത്. നിലവിൽ ടാൻസാനിയയും, ഓസ്‌ട്രേലിയയും അവക്കാഡോ ഇറക്കുമതി നികുതി പൂർണ്ണമായും ഒഴിവാക്കി. കടൽ വഴിയുള്ള ഇറക്കുമതി റീട്ടെയിൽ പോയിൻ്റിൽ വില കുറയാൻ സഹായിച്ചിട്ടുണ്ട്.

കേരളത്തിലേത് മികച്ച മാർക്കറ്റാണ്. മലയാളിയുടെ ദിനചര്യയിൽ പഴവർഗ്ഗങ്ങളുടെ ഉപഭോഗം കൂടിയിട്ടുണ്ട്. 300 രൂപക്ക് മുകളിൽ വില വരുന്ന അവക്കാഡോയുടെ ഉപഭോഗം കേരളത്തിൽ സമീപകാലത്ത് വർധിച്ചത് കേരളത്തിന്റെ വാങ്ങൽ ശേഷിയുടെ പ്രതിഫലനമാണെന്ന് അജയ് ടിജി പറഞ്ഞു.

avocado love of Malayali

കേരളത്തിൽ ഇടുക്കി, വയനാട്, പത്തനംതിട്ട, ചില ജില്ലകളുടെ കിഴക്കൻ മേഖലകൾ തുടങ്ങിയ മലയോര പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് അവക്കാഡോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അവക്കാഡോ ധാരാളമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും അതൊക്കെ പ്രാദേശിക ഉപഭോഗത്തിന് മാത്രമേ തികയുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള പഴവർഗ്ഗമാണ് അവക്കാഡോ പഴം. വെണ്ണപ്പഴം എന്നാണ് മലയാളത്തിൽ ഇതിന്റെ നാമം. ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു അംഗമാണ് ഈ പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്‌ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരക്ഷിക്കും. ആന്റി-ഇൻഫ്ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ബി -6, ഫോളേറ്റ് എന്നിവയുൾപ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ അവക്കാഡോ ഭാ​ഗമാക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കാരണം, അവയിലെ നാരുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പും ദഹനനാളത്തിലെ സൂക്ഷ്മാണുക്കളെ ബാധിക്കുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെ സാന്ദ്രത കുറയ്‌ക്കാനും പിത്തരസം കുറയ്‌ക്കാനും ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ വർദ്ധിപ്പിക്കാനും അവകാഡോ സഹായിക്കും. ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യവും നാരുകളും അടങ്ങിയ ഇവ ഊർജസാന്ദ്രവും പോഷക സാന്ദ്രവുമായ പഴമാണ്. ഇന്ത്യൻ വിപണിയിൽ ഐസ്‌ക്രീം, ജ്യൂസുകൾ മുതൽ ചാറ്റുകൾ, പാനി പൂരി വരെയുള്ള ഭക്ഷണങ്ങളുടെ ശ്രേണിയിൽ ഈ പഴം ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യയിലെ വേൾഡ് അവക്കാഡോ ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് സുമിത് സരൺ പറഞ്ഞു.

 

content summary : Trading company Westphalia Fruit has partnered with Kochi-based Eden Fruits International to import foreign avocados to Kerala.

Share on

മറ്റുവാര്‍ത്തകള്‍