സാമ്പത്തിക ബാധ്യതയും നിക്ഷേപകരുടെ സമ്മര്‍ദ്ദവും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന ബൈജൂസ്, അതിന്റെ വീഴ്ച്ചയുടെ ആഴം എത്രത്തോളം വലുതാണെന്നു കാണിക്കുന്ന മറ്റൊരു നടപടിയും സ്വീകരിക്കുന്നു. ബെംഗളൂരുവിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഒഴിച്ച് രാജ്യത്ത് ബാക്കിയുള്ള ഓഫിസുകളെല്ലാം ഒഴിയാനാണ് പുതിയ നിര്‍ദേശം. 14,000 ഓളം ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം എടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ഐബിസി നോളഡ്ജ് പാര്‍ക്കിലെ ഹെഡ് ഓഫിസ് ഒഴിച്ച് രാജ്യത്തെ ബാക്കി ഓഫിസുകള്‍ ഒഴിയാന്‍ തീരുമാനിച്ചതായി എഡ്യുടെക് കമ്പനി വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. ബെംഗളൂരുവിലെ ഓഫിസില്‍ ആയിരത്തിനു മുകളില്‍ ജീവനക്കാരുണ്ട്.
ഓഫിസുകള്‍ ഒഴിയുന്നത് ഇപ്പോള്‍ തുടങ്ങിയതല്ലെന്നും വാര്‍ത്താകേന്ദ്രങ്ങള്‍ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഓഫിസ് ബില്‍ഡിംഗുകളുടെ കരാര്‍ പുതുക്കുന്നുണ്ടായിരുന്നില്ല. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പിന്‍വാങ്ങല്‍ എന്നാണ് എന്‍ഡിടിവി പറയുന്നത്.
അതേസമയം ആറാം ക്ലാസ് മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് നേരിട്ട് ക്ലാസുകള്‍ നല്‍കുന്ന 300 ഓളം ട്യൂഷന്‍ സെന്ററുകള്‍ തത്കാലം പൂട്ടില്ല. ഇവയുടെ പ്രവര്‍ത്തനം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. നിക്ഷേപകരുടെ ഇടപെടലിലൂടെ ഫണ്ടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം പോലും കൊടുക്കാന്‍ സാധിച്ചിരുന്നില്ല. തൊള്ളായിരം കോടിക്കു മുകളിലുള്ള ലോണുമായി ബന്ധപ്പെട്ട് അടക്കം സാമ്പത്തിക കാര്യങ്ങളില്‍ ഓഹരി നിക്ഷേപകരുമായി ബൈജൂസ് മാനേജ്‌മെന്റ് കേസിലും തര്‍ക്കത്തിലുമാണ്. 20 ബില്യണ്‍ ഡോളറിന്റെ മൂല്യമുണ്ടായിരുന്ന ബൈജൂസിന്റെ സമീപവര്‍ഷങ്ങളിലെ അവസ്ഥ പരിതാപകരമാണ്. 90 ശതമാനത്തോളം മൂല്യത്തകര്‍ച്ച കമ്പനി നേരിട്ടെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക പരാധീനിത അലട്ടുന്നതിനൊപ്പമാണ് പ്രധാന ഓഹരി നിക്ഷേപകരുടെ സമ്മര്‍ദ്ദം. ബൈജൂ രവീന്ദ്രനെ കമ്പനി സിഇഒ സ്ഥാനത്ത് നിന്നും ഭാര്യയെയും സഹോദരനെയും മറ്റ് മാനേജ്‌മെന്റ് പദവികളില്‍ നിന്നും നീക്കാന്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഈ പ്രമേയം നിയമപരമായി നില്‍ക്കില്ലെന്ന വാദമാണ് ബൈജുവും കുടുംബങ്ങളും വാദിക്കുന്നത്. ഓഹരി നിക്ഷേപകര്‍ വിളിച്ചു ചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി മീറ്റിംഗിലായിരുന്നു ബൈജുവിനെയും കുടുംബങ്ങളെയും നീക്കാന്‍ തീരുമാനമെടുത്തത്. ബൈജുവിനെതിരായ നീക്കം കോടതിയില്‍ വരെ എത്തിച്ചിട്ടുണ്ട്. സിഇഒ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള സ്ഥാപകര്‍ കമ്പനി നടത്തിപ്പിന് യോഗ്യരല്ലെന്നും പുതിയ ബോര്‍ഡിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ബൈജൂസിന്റെ നാലംഗ നിക്ഷേപകര്‍ ബെംഗളൂരുവിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണ്‍ (എന്‍സിഎല്‍ടി) ബെഞ്ച് മുമ്പാകെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രധാന ഓഹരി നിക്ഷേപകരുടെയെല്ലാം വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണ് ബൈജൂസ്.
എഡ്‌ടെക് കമ്പനിയായ ബൈജൂസും മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനുമെതിരേ സാമ്പത്തിക ദുരുപയോഗം, ഓഫ്‌ഷോര്‍ ഇടപാടുകള്‍ എന്നിവയില്‍ ഓഹരിനിക്ഷേപകര്‍ നിയമനടപടി തുടരുന്നുണ്ട്. ഫ്ളോറിഡ ഹെഡ്ജ് ഫണ്ടിലേക്ക് നടത്തിയെന്നാരോപിക്കുന്ന 533 മില്യണ്‍ ഡോളറിന്റെ(44,16,21,41,400.00 കോടി) തിരിമറി ബൈജൂസ് നേരിടുന്ന ഏറ്റവും വലിയ നിയമപോരാട്ടം.