November 09, 2024 |

കൂടുതല്‍ സെക്യുലര്‍ ആകുന്ന ഇംഗ്ലീഷുകാരും, പബ്ബുകള്‍ മുതല്‍ പോസ്റ്റ് ഓഫീസുകള്‍ വരെയാകുന്ന പള്ളികളും

നിങ്ങളുടെ മതം ഏതാണ്? എന്ന ചോദ്യത്തിന് ‘മതമില്ല’ എന്നു പറയുന്ന തലമുറയാണ് ഇന്ന് ഇംഗ്ലണ്ടില്‍ അധികവും

ബിയറുകള്‍ ആരാധിക്കപ്പെടുകയും തിളങ്ങുന്ന കാറുകള്‍ വില്‍ക്കുകയും ചെയ്യുന്ന ഇടങ്ങളായി മാറ്റപ്പെട്ട പള്ളികളെ കുറിച്ചു ബിസിനസ് ഇന്‍സൈഡര്‍ 2014 മാര്‍ച്ച് 31 ന് എഴുതിയിട്ടുണ്ട്. ‘ഇംഗ്ലണ്ടിലെ പള്ളികള്‍ ബാറുകളാക്കി മാറ്റുന്നു’ എന്നായിരുന്നു തലക്കെട്ട്. 1902 ല്‍ പണികഴിപ്പിച്ചൊരു പ്രെസ്‌ബൈറ്റീരിയന്‍ പള്ളി അതിന്റെ ഗോഥിക് കമാനം അവശേഷിപ്പിച്ചും പുറം മോടിയില്‍ അധികം മാറ്റം വരുത്താതെയും അകത്തളം ഹൃദയമിടിപ്പുകളെ സ്വാധീനിക്കുന്ന പോപ്പ് സംഗീതം കലര്‍ന്ന അലങ്കാരങ്ങളോടെ ഒരു ഐറിഷ് പബ്ബാക്കിയിരിക്കുകയാണെന്നും ആ ലേഖനത്തിലുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏകദേശം ഒരു പതിറ്റാണ്ടിനും മുന്നേ എഴുതി തുടങ്ങിയ കാര്യങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇംഗ്ലണ്ടിലെ പള്ളികളെക്കുറിച്ച് പറഞ്ഞത്. ഇംഗ്ലണ്ടിലെ സെക്യുലര്‍ യുവതയെക്കുറിച്ച് സിപിഎം നേതാവ് പറഞ്ഞതായിരുന്നു പോസിറ്റീവ് ആയ ചര്‍ച്ചയ്ക്ക് വകയാക്കേണ്ടിയിരുന്നത്. കാരണം, നിങ്ങളുടെ മതം ഏതാണ്? എന്ന ചോദ്യത്തിന് ‘ മതമില്ല’ എന്നു പറയുന്നൊരു തലമുറയാണ് ഇന്ന് ഇംഗ്ലണ്ടില്‍ അധികവും. നിര്‍ഭാഗ്യവശാല്‍, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ളവര്‍ തന്നെ സമ്മതിക്കുന്ന കാര്യങ്ങള്‍ അവര്‍ത്തിച്ചതിന് എം വി ഗോവിന്ദനെ വിവാദത്തിലാക്കുകയാണ് ചെയ്തതിരിക്കുന്നത്.

ദൈവത്തിലുള്ളതിനെക്കാള്‍ വേഗത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് മതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടൂ എന്നായിരുന്നു ആന്‍ഡ്രൂ ബ്രൗണ്‍, ദ ഗാര്‍ഡിയനില്‍ ‘ ബ്രിട്ടീഷുകാര്‍ക്ക് എങ്ങനെയവരുടെ മതം നഷ്ടമാകുന്നു’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത്. ബ്രിട്ടന്‍ ലോകത്തിലെ മതവിരുദ്ധ രാജ്യങ്ങളിലൊന്നായി മാറുന്നുവെന്ന് സര്‍വ്വേ വിവരങ്ങള്‍ അടിസ്ഥാനമാക്കി ബ്രൗണ്‍ ചൂണ്ടിക്കാട്ടി. 2015 ല്‍ എഴുതിയ ആ ലേഖനത്തില്‍, ബ്രിട്ടനില്‍ മതവിശ്വാസികള്‍ വെറും 30 ശതമാനം മാത്രമാണെന്നു പറയുന്നു. ഗാര്‍ഡിയന്റെ റിലീജിയസ് കറസ്‌പോണ്ടന്റ് ഹാരിയറ്റ് ഷെര്‍വൂഡ്, 2019ലെ തന്റെ റിപ്പോര്‍ട്ടില്‍ എഴുതിയത്, യു കെ യിലെ അമ്പത് ശതമാനവും തങ്ങള്‍ക്കൊരു മതവും ഇല്ലെന്നു പറയുന്നുവെന്നാണ്. സെക്യുലറിസം ശക്തി പ്രാപിക്കുന്നു. പുതിയ തലമുറ തങ്ങളുടെ മതനിഷേധം സമ്മതിക്കാന്‍ ധൈര്യം കാണിക്കുന്നുവെന്നും ബ്രൗണ്‍ നിരീക്ഷിക്കുന്നു. ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വ്വേ(ബിഎസ്എ)യില്‍ പറയുന്നത്, യു കെ യിലെ പകുതി ജനങ്ങളും(50 ശതമാനം) തങ്ങളെ ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരായി കണക്കാക്കുന്നില്ല എന്നാണ്. 18-24 വയസ് പ്രായമുള്ളവരില്‍ ഏകദേശം മൂന്നില്‍ രണ്ട് (64%) പേരും ഒരു മതത്തിലും പെട്ടവരല്ലെന്നും സര്‍വ്വേയില്‍ പറയുന്നു. ഒരു മതത്തില്‍ പെട്ടവരോ അതില്‍ വളര്‍ന്നവരോ ആയ പകുതിയിലധികം (56%) ആളുകള്‍ അവരുടെ മതപരമായ ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കുന്നില്ല. ആഴ്ചയില്‍ 14% പേര്‍ മാത്രമാണ് ഇത്തരം മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതെന്നും ബിഎസ്എ സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മത വിശ്വാസത്തിന്റെ നിലവാരം രാജ്യത്ത് കുറഞ്ഞു വരികയാണ്. തലമുറകള്‍ മാറി വരുന്നതോടെയാണ് മതനിരാസം ശക്തിപ്പെടുന്നത്. 1983 ല്‍ മൂന്നില്‍ ഒരാളായിരുന്നു(31 ശതമാനം) മതത്തിനു പുറത്തു നിന്നിരുന്നതെങ്കില്‍, ഇന്നത് രണ്ടില്‍ ഒരാള്‍(50 ശതമാനം) എന്നതായി. 2018 ലെ സര്‍വ്വേയില്‍ പറയുന്നതാകട്ടെ, ഒരു മതത്തിലുമില്ലാത്ത/ ഒരു മതത്തിലും വളര്‍ത്തപ്പെടാത്തവര്‍ 1998 ല്‍ നിന്നും 2018 ല്‍ എത്തുമ്പോള്‍ 11 ശതമാനത്തില്‍ നിന്നും 23 ശതമാനമെത്തിയെന്നാണ്. മതനിരപേക്ഷതയാണ് യു കെ യിലെ ജനങ്ങള്‍ പിന്തുടരുന്നത്. ഏതെങ്കിലും മതത്തില്‍പ്പെട്ടവരായി സ്വയം കരുതുന്നില്ല. പുതിയ സര്‍വ്വേ പ്രകാരവും 52 ശതമാനം പറയുന്നത് തങ്ങള്‍ ഏതെങ്കിലും മതത്തില്‍പ്പെട്ടവരല്ലെന്നാണ്. ബ്രിട്ടനില്‍ വിവാഹം/ മരണനാന്തര ചടങ്ങ്/ മാമോദിസ തുടങ്ങിയ ചടങ്ങുകളൊഴിച്ചാല്‍ മറ്റ് മതപരമായ ചടങ്ങുകള്‍ക്കായി രണ്ടില്‍ ഒന്ന് പേരും(66 ശതമാനം) പള്ളിയില്‍ പോകുന്നില്ല.

2022 നവംബര്‍ 29 ല്‍ ഗാര്‍ഡിയനിലെ വിശകലനത്തില്‍ ഹാരിയറ്റ് ഷെര്‍വുഡ് പറയുന്നത് 2022 ല്‍ പ്രസിദ്ധീകരിച്ച തൊട്ടുമുമ്പത്തെ വര്‍ഷത്തെ സെന്‍സസ് ഡാറ്റ പ്രകാരം ആദ്യമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ന്യൂനപക്ഷ ക്രിസ്ത്യന്‍ രാജ്യമാണന്നാണ്. ജനസംഖ്യയുടെ പകുതിയില്‍ താഴെ പേര്‍ മാത്രമാണ് തങ്ങളെ ക്രിസ്ത്യാനികളാണെന്ന് വിശേഷിപ്പിക്കുന്നത്. തങ്ങള്‍ക്ക് മതമില്ല എന്ന് പറയുന്ന ആളുകളുടെ എണ്ണത്തിലാണെങ്കില്‍ വലിയ വര്‍ധനവുമുണ്ടായിരിക്കുന്നു. സര്‍വ്വേയില്‍ ഇംഗ്ലീഷ്, വെയ്ല്‍സ് ജനസംഖ്യയുടെ 46.2% ആണ് തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് പറയുന്നത്. 2011 ലെ അവസാന സെന്‍സസില്‍ നിന്നും പരിശോധിച്ചാല്‍ 13.1 ശതമാനം ഇടിവ് ഇതിലുണ്ട്. ഞങ്ങള്‍ക്കൊരു മതവുമില്ലെന്നു പറഞ്ഞതാണ് സെന്‍സസില്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ പൊതു അഭിപ്രായം. 2011 ല്‍ ഇത് 12 ശതമാനമായിരുന്നുവെങ്കില്‍ 2021 ല്‍ 37.2 ആയി വര്‍ദ്ധിച്ചു. 2011 ലെ സെന്‍സില്‍ ക്രിസ്ത്യാനികള്‍ 59.5%, മുസ്ലിം 4.4%, ഹിന്ദു 1.3% എന്നായിരുന്നു കണക്ക്. 25.7% പേര്‍ മതം നിരാകരിച്ചവരായിരുന്നു. മറ്റൊരു കണക്കു പറയുകയാണെങ്കില്‍ 1930 ല്‍ നിന്നും 2013 ല്‍ എത്തിയപ്പോള്‍ പള്ളി അംഗത്വം 10.6 മില്യണില്‍ നിന്നും 5.4 മില്യണായി കുറഞ്ഞു. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഏറിയ പങ്കും പ്രായമേറിയവരാണ്. ആ തലമുറ കുറഞ്ഞു വരുന്നതാണ് മതവിശ്വാസികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവരുന്നത്. കുടുംബങ്ങളിലെ പുതുതലമുറയിലേക്ക് മ തവിശ്വാസം കൈമാറ്റം ചെയ്യപ്പെടാത്തതും അനന്തരം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് ലണ്ടന്‍ കിംഗ്‌സ് കോളേജ് പ്രൊഫസര്‍ ലിന്‍ഡ വുഡ്‌ഹെഡ് ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടനിലെ മാതാപിതാക്കളില്‍ ഭൂരിഭാഗവും അവരുടെ കുട്ടികളെ മതവിശ്വാസികളായിട്ടല്ല വളര്‍ത്തുന്നത്.

ആരാധാനലയങ്ങളെ വിശ്വാസികള്‍ ഒഴിവാക്കി തുടങ്ങിയതോടെ ശില്‍പ്പചാരുതയുടെ മഹത്തായ പാരമ്പര്യങ്ങള്‍ പേറുന്നവയടക്കം നിരവധി പള്ളിക്കെട്ടിടങ്ങള്‍ ഇതര വ്യാപാരങ്ങള്‍ക്ക് ഉതകുന്ന തരത്തിലോ, ആഢംബര ഗേഹങ്ങളാക്കിയോ കൈമാറ്റം ചെയ്യപ്പെടാന്‍ തുടങ്ങി. വലിയ വിലയ്ക്ക് വില്‍പ്പനയ്‌ക്കോ വാടകയ്‌ക്കോ. 1969 നും 2011 നും ഇടയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അവരുടെ 500 പള്ളികളാണ് തകര്‍ത്തു കളഞ്ഞത്. ആയിരത്തോളം ചര്‍ച്ചുകള്‍ അവര്‍ വാടകയ്ക്ക് കൈമാറുകയോ വില്‍ക്കുകയോ ചെയ്തൂ. കുട്ടികളുടെ നഴ്‌സറികള്‍, സാമൂഹിക കേന്ദ്രങ്ങള്‍, മുതിര്‍ന്ന പൗരന്മാരുടെ ലഞ്ച് ക്ലബ്ബുകള്‍, കണ്‍സേര്‍ട്ട് കേന്ദ്രങ്ങള്‍, എക്‌സിബിഷന്‍ വേദികള്‍ എന്നിങ്ങനെ മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗുകളായി മാറി പള്ളികള്‍. ചില സമയങ്ങളില്‍ അവ പോസ്റ്റ് ഓഫിസുകളായോ, കര്‍ഷക കമ്പോളങ്ങളായോ, ഓപ്പറേഷന്‍ തിയേറ്ററുകളായോ, എന്തിനേറെ പോളിംഗ് സ്‌റ്റേഷനുകളായോ ഒക്കെ രൂപം മാറപ്പെട്ടു. കൈമാറപ്പെട്ടവയില്‍ ചിലതാകട്ടെ നീന്തല്‍കുളങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഴ് സെവന്‍ ബെഡ്‌റൂം അള്‍ട്രാ മോഡേണ്‍ ലണ്ടന്‍ ഹൗസുകളുടെ ലക്ഷ്വറി മോഡലുകളായി രൂപമാറ്റം ചെയ്യപ്പെട്ടു. കോടികളായിരുന്നു അവയുടെ വില.

അടഞ്ഞു കിടക്കുന്ന പള്ളികള്‍ വാടകയ്‌ക്കോ വില്‍പ്പനയ്‌ക്കോ വയ്ക്കാന്‍ സഭ മേലധികാരികള്‍ തന്നെയാണ് തീരുമാനമെടുത്തത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പറയുന്ന കണക്കനുസരിച്ച് 2013 ല്‍ ഞായറാഴ്ച്ച ആരാധനയില്‍ ഏകദേശം ഒരു മില്യണ്‍ വിശ്വാസികള്‍ പങ്കെടുത്തിരുന്നുവെങ്കില്‍ 2019 ല്‍ ആ കണക്ക് 854,000 ആയി കുറഞ്ഞു.15 ശതമാനത്തിന്റെ ഇടിവ്. കോവിഡ് മഹാവ്യാധി ഇടിവ് വീണ്ടും വര്‍ദ്ധിപ്പിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഡേറ്റ വിശകലനം ചെയ്ത ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്, 2010 നും 2019 നും ഇടയില്‍ 423 പള്ളികള്‍ അടച്ചു പൂട്ടി, 1987 നും 2019 നും ഇടയില്‍ ആയിരം പള്ളികളും. ഈ കുറവുകള്‍ ആരാധന നടക്കുന്ന പള്ളികളുടെ എണ്ണം 15,496 ആക്കി. ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ ക്രിസ്ത്യാനികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2011 ല്‍ 59.3 ശതമാനമായിരുന്നത്, 2021 ല്‍ 46.2 ശതമാനമായി.

2019 ലെ കണക്ക് പ്രകാരം യു കെ യില്‍ മദ്യശാലകളെക്കാള്‍ അധികം ക്രിസ്ത്യന്‍ പള്ളികളുണ്ട്. 40,300 പള്ളികളും 39,000 പബ്ബുകളും എന്നായിരുന്നു കണക്ക്. കഴിഞ്ഞൊരു ദശകത്തില്‍, ആഴ്ച്ചയില്‍ മൂന്ന് എന്ന കണക്കില്‍ 11,000 പബ്ബുകള്‍ പൂട്ടിയതുകൊണ്ടായിരുന്നു ഈ വ്യത്യാസം. പബ്ബുകളെക്കാല്‍ പള്ളികള്‍ കൂടുതലുണ്ടെങ്കിലും വിശ്വാസികളെക്കാള്‍ കൂടുതലും മദ്യപാനികളാണ് യു കെ യില്‍. ജിമ്മി എന്‍സുബുഗ മെട്രോയില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ്ബ് അസോസിയേഷന്‍(ബിബിപിഎ) ചീഫ് എക്‌സിക്യൂട്ടീവ് ബ്രിജിഡ് സൈമണ്ട്‌സ് പറയുന്നത്; പബ്ബുകള്‍ പള്ളികള്‍ പോലെയാണെന്നാണ്. ആളുകള്‍ മദ്യപിക്കാന്‍ വരുന്ന ഇടം മാത്രമല്ല, മനുഷ്യര്‍ പരസ്പരം ഇടകലര്‍ന്നിരിക്കുന്ന അവസാനത്തെ സാമൂഹിക ഇടങ്ങളിലൊന്നു കൂടിയാണ് പബ്ബുകള്‍. ബ്രിട്ടീഷ് സമൂഹത്തിന്റെ ആത്മാവ് സംരക്ഷിക്കാന്‍ പബ്ബുകളും പള്ളികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കൂടി ബ്രിജിഡ് പറഞ്ഞുവയ്ക്കുന്നുണ്ട്.

Advertisement