അമിതഭാരം, അശാസ്ത്രീയം എന്നൊക്കെ കണ്ടെത്തി ഇന്ത്യയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ശാസ്ത്രവും ജനാധിപത്യവും നീക്കം ചെയ്യുന്നു. ബിരുദപഠന ക്ലാസുകളില്‍ നിന്നും ഗാന്ധിയെയും അംബേദ്കറെയും മൗലാന അബ്ദുള്‍ കലാം ആസാദിനെയും മുഹമ്മദ് ഇക്ബാലിനെയുമൊക്കെ പുറത്താക്കിയതിന്റെ തുടര്‍ച്ച. സര്‍വ്വകലാശാലകള്‍ സ്വന്തം നിലയ്ക്ക് ഇത്തരം വെട്ടിമാറ്റല്‍ തുടങ്ങിയിരുന്നു. രാജ്യത്തെ പൊതു സ്‌കൂള്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി)ഇപ്പോഴിത് സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് പല ‘ മാറ്റങ്ങളും’ ഉണ്ടാകുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തു വന്നതാണെങ്കിലും ഈ അദ്ധ്യായന വര്‍ഷം മുതല്‍ അവ പ്രാവര്‍ത്തികമാക്കി അവര്‍ എല്ലാം വേഗത്തിലാക്കുന്നു. വികലമാക്കപ്പെട്ടിരിക്കുന്ന ശാസ്ത്ര-ജനാധിപത്യ പാഠങ്ങള്‍ പഠിക്കേണ്ടി വരുന്ന ഒരു തലമുറയാകും ഇനി രാജ്യത്ത് വളരുകയെന്ന പ്രതിഷേധവും ആശങ്കയും കേന്ദ്രസര്‍ക്കാരും എന്‍സിഇആര്‍ടി അധികൃതരും അവഗണിച്ചു. രാജ്യത്തിനകത്ത് മാത്രമല്ല, പുറം ലോകത്തും ഇന്ത്യയിലെ ഈ ‘ പാഠ്യപരിഷ്‌കരണം’ അത്ഭുതവും അമ്പരപ്പും സൃഷ്ടിച്ചിരിക്കുന്നു. വിദഗ്ധരോടോ വിദ്യാര്‍ത്ഥികളോടോ, മാതാപിതാക്കളോടോ, അധ്യാപകരോടോ ഒന്നും കൂടിയാലോചിക്കാതെ കുറച്ചാളുകള്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണിതെല്ലാം. പുനര്‍വിചിന്തനം വേണമെന്നാവശ്യപ്പെട്ട് വിവിധ സയന്‍സ് കമ്യൂണിറ്റിയിലുള്ളവരും ശാസ്ത്രജ്ഞരും അധ്യാപകുമൊക്കെയായി അയ്യായിരത്തിനടുത്ത് പേര്‍ ഒപ്പ് വച്ച് അപ്പീല്‍ കൊടുത്തിട്ടുപോലും അതിനോടൊന്നും യാതൊരു പരിഗണനയും ബന്ധപ്പെട്ടവരില്‍ നിന്നുണ്ടായിട്ടില്ല.
ശാസ്ത്രവും ജനാധിപത്യവുമാണ് ഒരു രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിയ്ക്കും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമെന്നിരിക്കെ, ആ വിഷയങ്ങളില്‍ പഠിച്ചു കൊണ്ടിരുന്ന കാര്യങ്ങള്‍ ‘ഇനി പഠിക്കേണ്ട’ എന്നു തീരുമാനിക്കപ്പെടുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് പാശ്ചാത്യ സര്‍വ്വകലാശാലകളിലെ പ്രഗത്ഭരായ അധ്യാപകരും വിദ്യാഭ്യാസ ശാസ്ത്രജ്ഞരും പറയുന്നത്. എന്‍സിഇആര്‍ടി തയ്യാറാക്കിയ പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും ഊര്‍ജ്ജ സ്രോതസ്സുകള്‍, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയ മറ്റ് അടിസ്ഥാന വിഷയങ്ങള്‍ക്കൊപ്പം പീരിയോഡിക്കല്‍ ടേബിളിലെ(ആവര്‍ത്തന പട്ടിക) ഒരു അധ്യായവും പൂര്‍ണമായും മാറ്റിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം, കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ എന്നിവയും ഇനി പഠിപ്പിക്കില്ല, ഹൈസ്‌കൂള്‍ തലത്തില്‍ ബയോളജി, കെമിസ്ട്രി, ജ്യോഗ്രഫി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളിലും വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടായിട്ടുണ്ട്.
മനുഷ്യന്റെയും പ്രകൃതിയുടെയും ഉത്പത്തിയുമായി ബന്ധപ്പെട്ട പുരാണകഥകള്‍ക്ക് അടിസ്ഥാനമുണ്ടാക്കിയെടുക്കാന്‍ പ്രചാരണം നടക്കുന്ന കാലത്ത് തന്നെയാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധന്തവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കുന്നത്.
ശാസ്ത്രത്തിനൊപ്പം ജനാധിപത്യത്തിലും വെട്ടിമുറക്കലുകളുണ്ട്. പത്താംക്ലാസ് പാഠപുസ്തകത്തില്‍ നിന്നും ‘ജനാധിപത്യവും വൈവിദ്ധ്യവും’ എന്ന അധ്യായം നീക്കം ചെയ്തു. ജനമുന്നേറ്റങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ജനാധിപത്യത്തിന്റെ വെല്ലുവിളി എന്നീ അധ്യായങ്ങളും പുറത്തായി. രാജ്യത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് പിന്തുടരുന്നത്. ചില സംസ്ഥാനങ്ങളിലും എന്‍എസിഇആര്‍ടി പുസ്തകങ്ങളാണ് പഠിക്കുന്നത്. ഇപ്പോഴവര്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ രാജ്യത്തെ 11- 18 നും ഇടയിലുള്ള 134 ദശലക്ഷം വിദ്യാര്‍ത്ഥികളെയാണ് ബാധിക്കാന്‍ പോകുന്നത്.
കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറേണ്ടി വന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ചില പാഠഭാഗങ്ങളും അധ്യായങ്ങളും കുറയ്ക്കാന്‍ എന്‍സിഇആര്‍ടി തീരുമാനിച്ചിരുന്നു. മഹാമാരിക്കാലം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തിയപ്പോള്‍, പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ തിരിച്ചു കൊണ്ടുവരുമെന്നായിരുന്നു രാജ്യത്തെ അധ്യാപകരൊക്കെയും വിചാരിച്ചിരുന്നത്. എന്നാല്‍, വിഷമകാലത്ത് പറഞ്ഞ അതേ കാര്യങ്ങള്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടാണ് കുട്ടികള്‍ പഠിച്ചു മനസിലാക്കേണ്ട ജൈവികവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ എന്നന്നേക്കുമായി ഒഴിവാക്കിയിരിക്കുന്നത്.
ഒരേ ഉള്ളടക്കം ആവര്‍ത്തിക്കപ്പെടുന്നു, കുട്ടികള്‍ക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട്, ഉള്ളടക്കത്തിന്റെ അപ്രസക്തി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് എന്‍സിആര്‍ടി വെബ്‌സൈറ്റില്‍ പറയുന്നത്. പരീക്ഷണാത്മക പഠനത്തിനും സര്‍ഗ്ഗാത്മകതയ്ക്കും വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നല്‍കാനുളള ലക്ഷ്യമാണേ്രത എന്‍സിഇആര്‍ടിക്കുള്ളത്. ഇതൊക്കെ സ്വന്തം ന്യായീകരണമായി പറയുന്നതാണ്, മറിച്ച് ഒരാളുടെ പോലും ചോദ്യത്തിന് മറുപടിയോ വിശദീകരണമോ അവര്‍ നല്‍കിയിട്ടില്ല. പരിണാമത്തെ കുറിച്ച് പറയാതെ ജീവശാസ്ത്രം എങ്ങനെ പഠിപ്പിക്കുമെന്ന ചോദ്യത്തിന് മറുപടിയില്ല. പരിണാസിദ്ധാന്തം പഠിച്ച തലമുറകള്‍ മനസിലാക്കിയതുപോലെ ഇനിയുള്ള തലമുറ ജീവശാസ്ത്രം മനസിലാക്കുമോ എന്നു ചോദിച്ചാലും ഉത്തരമില്ല. രസതന്ത്രജ്ഞരുടെ മഹത്തായ ബൗദ്ധിക നേട്ടമായി കണക്കാക്കുന്നതാണ് പീരിയോഡിക്കല്‍ ടേബിള്‍. എന്നാല്‍ ഇന്ത്യയില്‍ എന്‍സിഇആര്‍ടിയുടെ പത്താംക്ലാസ് രസതന്ത്ര പുസ്തകത്തില്‍ മുന്‍പുണ്ടായിരുന്ന പീരിയോഡിക്കല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് എലമെന്റ്‌സ് എന്ന അഞ്ചാം അധ്യായം ഇനി മുതല്‍ ഉണ്ടാകില്ല. ആധുനിക രസതന്ത്രത്തിന്റെ മൂലക്കല്ലായാണ് പീരിയോഡിക്കല്‍ ടേബിള്‍ അഥവ ആവര്‍ത്തന പട്ടിക അറിയപ്പെടുന്നത്. ജീവശാസ്ത്രത്തില്‍ പരിണാമ സിദ്ധാന്തത്തിന് എത്രത്തോളം പ്രധാന്യമുണ്ടോ, അത്രത്തോളം തന്നെയുണ്ട് ആവര്‍ത്തന പട്ടികയ്ക്ക് രസതന്ത്രത്തില്‍. എന്നാല്‍ എന്‍സിഇആര്‍ടി പറയുന്നത് ആവര്‍ത്തന പട്ടികയും പരിണാമ സിദ്ധാന്തവുമൊക്കെ ഹയര്‍സെക്കന്‍ഡറി തലത്തില്‍ പഠിക്കാനുണ്ടാകുമെന്നും അപ്പോള്‍ പഠിച്ചാല്‍ മതിയെന്നുമാണ്. സയന്‍സ് ഗ്രൂപ്പ് എടുത്തവര്‍ക്ക് അറിയാന്‍ കഴിഞ്ഞേക്കാം. സ്‌കൂള്‍ തലത്തില്‍ നിന്നുള്ള അടിസ്ഥാന ശാസ്ത്ര പഠനത്തില്‍ നിന്നും ഇനി ആവര്‍ത്തന പട്ടികയും പരിണാമ സിദ്ധാന്തവുമൊന്നും പഠിക്കാന്‍ പറ്റില്ല.
ഊര്‍ജ്ജ സ്രോതസ്സുകളെയും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര മാനേജ്‌മെന്റിനെയും കുറിച്ചുള്ള മുഴുവന്‍ അധ്യായങ്ങളും നീക്കംചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വൈദ്യുതിയെയും കാന്തികതയെയും മനസ്സിലാക്കുന്നതിന് മൈക്കല്‍ ഫാരഡെ നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള ഒരു ഭാഗവും പത്താം ക്ലാസ് സിലബസില്‍ നിന്ന് നീക്കം ചെയ്തു. വ്യാവസായിക വിപ്ലവത്തെക്കുറിച്ചുള്ള ഒരു അധ്യായം നീക്കം ചെയ്തു. വെള്ളം, വായു മലിനീകരണം, റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ജലസംരക്ഷണവും വായു മലിനീകരണവും അപ്രസക്ത വിഷയങ്ങളാക്കി മാറ്റിയിരിക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ മുതല്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം വരെയുള്ള വിവിധ ഊര്‍ജ്ജ സ്രോതസ്സുകളെക്കുറിച്ചുള്ള ഒരു അധ്യായവും ഒഴിവാക്കി. ഇന്നത്തെ ലോകത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതില്ലാത്ത കാര്യങ്ങളാക്കി ഒളിപ്പിച്ചു കളയുന്നത്. ഉള്ളടക്കങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കുറച്ചു പഠിക്കുക എന്ന ലക്ഷ്യത്തിലൂടെ കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് ശ്രമിക്കുന്നതെന്നൊക്കെയുള്ള ന്യായീകരണം പറയാമെങ്കിലും ചോദ്യങ്ങള്‍ ചോദിക്കാന്‍ ശേഷിയില്ലാത്തൊരു തലമുറയെ സൃഷ്ടിക്കലാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കാന്‍ പോകുന്നത്.
പരിണാമം സിദ്ധാന്തം പഠിക്കാത്ത, പരിണാമത്തിന് ഡാര്‍വിന്‍ നല്‍കിയ സംഭാവനകളോ, ഫോസിലുകള്‍ എങ്ങനെ രൂപപ്പെടുന്നുവെന്നോ, മനുഷ്യ പരിണാമം എങ്ങനെയുണ്ടായി എന്നോ പഠിക്കാത്ത, ജീവജാലങ്ങളിലെ വൈവിധ്യത്തെക്കുറിച്ചു പഠിക്കാത്ത, ‘എന്തുകൊണ്ട് നമ്മള്‍ രോഗബാധിതരാകുന്നു’ എന്നു പഠിക്കാത്ത ഒരു വിദ്യാര്‍ത്ഥി ഈ ആധുനിക ലോകത്ത് ഒരു അപരിചിതനെപ്പോലെ ജീവിക്കേണ്ടി വരും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പാരമ്പര്യവും പരിണാമവും എന്ന അധ്യായത്തില്‍ നിന്നും ‘പരിണാമം’ നീക്കം ചെയ്തിട്ട്, ആ അധ്യായത്തെ ‘പാരമ്പര്യം’ എന്നു മാത്രം വിളിക്കുന്നതിനു പിന്നില്‍ യാതൊരു താത്പര്യവുമില്ലെന്നു കരുതണോ? മനുഷ്യ വൈവിധ്യവും ‘ലോകത്തില്‍ നമ്മുടെ സ്ഥാനവും’ മനസ്സിലാക്കാന്‍ പരിണാമം അത്യന്താപേക്ഷിതമാണെന്നാണ് ജീവശാസ്ത്രജ്ഞര്‍ പറയുന്നത്.
ഇന്ത്യയില്‍ പത്താം ക്ലാസ് എല്ലാ വിദ്യാര്‍ത്ഥികളെയും ശാസ്ത്രം പഠിപ്പിക്കുന്ന അവസാന വര്‍ഷമാണ്. വിദ്യാഭ്യാസത്തിന്റെ അവസാന രണ്ട് വര്‍ഷങ്ങളില്‍ (സര്‍വകലാശാലയ്ക്ക് മുമ്പായി ഹയര്‍ സെക്കന്‍ഡറി തലത്തില്‍) ബയോളജി പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ജീവശാസ്ത്രത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം മനസിലാക്കാന്‍ സാധിക്കൂ. അല്ലാത്ത ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ പരിണാമം എന്തെന്നറിയാതെ, പാരമ്പര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹമായിട്ടായിരിക്കും ഈ രാജ്യത്തും ലോകത്തും ജീവിക്കാന്‍ പോകുന്നത്. ഒന്നോര്‍ക്കുക, ഈ നാട്ടിലെ മതങ്ങളെല്ലാം തന്നെ പരിണാമ സിദ്ധാന്തത്തിന് എതിരായി പറഞ്ഞുകൊണ്ടിരിക്കുന്നവയാണ്. അതാത് മതത്തിലെ യുക്തിബോധമില്ലാത്ത അനുയായികള്‍ പരിണാമ വിരുദ്ധതയുടെ പ്രചാരകരാണ്. അക്കാദമിക തലത്തില്‍ കൂടി പരിണാമ വിരുദ്ധതയ്ക്ക് സ്ഥാനം ഉണ്ടായാല്‍ അതെത്രത്തോളം ദ്രോഹപരമായിരിക്കുമെന്ന് ആലോചിക്കൂ.