പസഫിക് സമുദ്രത്തിലേക്ക് ദീർഘദൂര ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ICBM) വിക്ഷേപിച്ച് ചൈന ലോകത്തിന് നൽകിയിരിക്കുന്നത് ഒരു സൈനിക സന്ദേശം മാത്രമല്ല. അമേരിക്കയുടെ ഇൻഡോ-പസഫിക് തന്ത്രത്തിനും, തായ് വാൻ പ്രതിസന്ധിക്കും, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സുരക്ഷാ കണക്കുകൂട്ടലുകൾക്കും നേരിട്ടുള്ള മുന്നറിയിപ്പായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ചൈന തുറന്ന പസഫിക് സമുദ്രത്തിലേക്ക് നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ICBM പരീക്ഷണങ്ങളിലൊന്നാണിത്. ആണവ പ്രതിരോധ ശേഷി ഇനി ഒരു പ്രാദേശിക ശക്തിയല്ല, ആഗോളതലത്തിൽ പ്രകടിപ്പിക്കാനാണ് ബെയ്ജിംഗിന്റെ ശ്രമമെന്ന സന്ദേശവും ഇതിലൂടെ വ്യക്തമാണ്.
എന്താണ് ചൈന പരീക്ഷിച്ചത്?
Intercontinental Ballistic Missile (ICBM) ആണ് ചൈന പരീക്ഷിച്ചത്. ഇത്തരം മിസൈലുകൾക്ക് 10,000 മുതൽ 15,000 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും. അമേരിക്കൻ ഭൂഖണ്ഡം ഉൾപ്പെടെ ലോകത്തിന്റെ വലിയൊരു ഭാഗം ഇതിന്റെ പരിധിയിലാകും. ഇത്തരം മിസൈലുകൾക്ക് ഒന്നിലധികം ആണവ വാർഹെഡുകൾ (MIRV) വഹിക്കാൻ കഴിയും. അവയ്ക്ക് ശബ്ദത്തിന്റെ പലമടങ്ങ് വേഗത്തിൽ സഞ്ചരിക്കാനാകും. അന്തരീക്ഷത്തിന് പുറത്തേക്ക് ഉയർന്ന് പിന്നീട് അതിവേഗത്തിൽ ലക്ഷ്യത്തിലേക്ക് പതിക്കും. നിലവിലുള്ള പല മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാനും കഴിയും.

പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, ചൈനയുടെ DF-41 പോലുള്ള പുതിയ തലമുറ ICBM-കൾ ഒരേസമയം നിരവധി ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുള്ളവയാണ്. അതുകൊണ്ടുതന്നെ ഇവയെ വെറും മിസൈലുകളായി മാത്രമല്ല, ‘സ്ട്രാറ്റജിക് ഗെയിം-ചേഞ്ചർ’ എന്ന നിലയിലാണ് കാണേണ്ടത്.
എന്തുകൊണ്ട് ഈ പരീക്ഷണം നിർണായകമാകുന്നു?
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന നടത്തിയ മിക്ക മിസൈൽ പരീക്ഷണങ്ങളും സ്വന്തം ഭൂപ്രദേശത്തിനുള്ളിലായിരുന്നു. എന്നാൽ ഇത്തവണ മിസൈൽ യഥാർഥ യുദ്ധസാഹചര്യം അനുകരിക്കുന്ന രീതിയിൽ പസഫിക് സമുദ്രത്തിലേക്കാണ് വിക്ഷേപിച്ചത്. അതിലൂടെ ബെയ്ജിംഗ് ലോകത്തോട് പറയുന്നത് വ്യക്തമാണ്; ദീർഘദൂര ആണവാക്രമണം നടത്താൻ തങ്ങൾ സജ്ജരാണ്. അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിയും. ഇൻഡോ-പസഫിക്കിൽ അമേരിക്കയുടെ സൈനിക ആധിപത്യത്തെ വെല്ലുവിളിക്കാൻ തയ്യാറാണ്. ഇത് സാങ്കേതിക പരീക്ഷണത്തേക്കാൾ വലിയ ജിയോപൊളിറ്റിക്കൽ സിഗ്‌നൽ കൂടിയാണ്.
ഇന്ത്യ എന്തുകൊണ്ട് ആശങ്കപ്പെടണം?
ലോകത്ത് ഏറ്റവും വേഗത്തിൽ ആണവായുധശേഖരം വികസിപ്പിക്കുന്ന രാജ്യമാണ് ഇന്ന് ചൈന. ICBM-കൾ, ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനങ്ങൾ, സബ്മറൈൻ വിക്ഷേപണ മിസൈലുകൾ (SLBM), മൊബൈൽ ലോഞ്ചറുകൾ എന്നിവ സംയോജിപ്പിച്ചുള്ള ‘ന്യൂക്ലിയർ ട്രയാഡ്’ ശേഷി ചൈന അതിവേഗം ശക്തിപ്പെടുത്തുകയാണ്. ഇത് ഇന്ത്യയുടെ പ്രതിരോധ കണക്കുകൂട്ടലുകൾ കൂടുതൽ സങ്കീർണമാക്കും.
2020-ലെ ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷവും ലഡാക്ക് അതിർത്തിയിൽ വലിയ സൈനിക വിന്യാസം തുടരുകയാണ്. ഇരുരാജ്യങ്ങളും പുതിയ റോഡുകൾ, എയർസ്ട്രിപ്പുകൾ, മിസൈൽ വിന്യാസങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ എ്‌നിവ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരം സാഹചര്യത്തിൽ ചൈനയുടെ വർധിച്ചുവരുന്ന മിസൈൽ ശക്തി അതിർത്തിയിലെ സമ്മർദം ഉയർത്താൻ സാധ്യതയുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ സൈനിക, വാണിജ്യ ശൃംഖല വകിസിപ്പിക്കുന്നതിനുള്ള ‘സ്ട്രിങ് ഓഫ് പേൾസ്’ തന്ത്രത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ ഗ്വാദർ, ശ്രീലങ്കയിലെ ഹംബൻതോട്ട, മ്യാൻമറിലെ ക്യൂക്പ്യു, ജിബൂട്ടി എന്നിവിടങ്ങളിലെ സാന്നിധ്യം ചൈന ശക്തമാക്കുകയാണ്. ശക്തമായ ദീർഘദൂര മിസൈൽ ശേഷിയും ഇതോടൊപ്പം ചേരുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ തന്ത്രപരമായ മേൽക്കൈ വെല്ലുവിളിക്കപ്പെടാം.

ഇന്ത്യയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് പുതിയ പരീക്ഷണം
ഇന്ത്യ എസ്-400 വ്യോമപ്രതിരോധ സംവിധാനം, തദ്ദേശീയ Ballistic Missile Defence (BMD), Agni-5, MIRV സാങ്കേതികവിദ്യ എന്നിവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചൈനയുടെ പുതിയ തലമുറ മിസൈലുകൾ ഇന്ത്യയെ കൂടുതൽ വേഗത്തിൽ ബഹുതല മിസൈൽ പ്രതിരോധം (Multi-layer Missile Defence), നേരത്തെ മുന്നറിയിപ്പ് നൽകുന്ന ഉപഗ്രഹ ശൃംഖല (Early Warning Satellite Network), ബഹിരാകാശ നിരീക്ഷണ സംവിധാനം (Space-based Surveillance) എന്നിവ വികസിപ്പിക്കാൻ പ്രേരിപ്പിക്കും.
ഇൻഡോ-പസഫിക്ക് മേഖലയ്ക്കാകെ ആശങ്ക
ചൈനയുടെ പ്രധാന സൈനിക ലക്ഷ്യം ഇപ്പോഴും തായ് വാനാണ്. മിസൈൽ ശേഷി ഉയരുന്നത് ഭാവിയിൽ തായ് വാനെതിരായ സൈനിക സമ്മർദം വർധിപ്പിക്കുമെന്ന ആശങ്ക അമേരിക്കൻ സഖ്യരാജ്യങ്ങൾക്കുണ്ട്.
ഒകിനാവ ഉൾപ്പെടെയുള്ള ജപ്പാനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ചൈനയുടെ മിസൈൽ പരിധിക്കുള്ളിലാണ്. അതിനാലാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ ചെലവ് വർധനവിലേക്ക് ജപ്പാൻ നീങ്ങുന്നത്.
ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ ചൈനയുടെ മിസൈൽ ശക്തി വർധിക്കുന്നത് മേഖലയിലെ സൈനിക സംഘർഷ സാധ്യതയും ഉയർത്തുമെന്ന് ഫിലിപ്പീൻസിന് ആശങ്കയാകുന്നു.

യു.കെ, യു.എസ് എന്നീ രാജ്യങ്ങളുമായുള്ള AUKUS കരാറിലൂടെ ആണവ സബ്മറൈൻ ശേഷി വികസിപ്പിക്കുന്ന ഓസ്ട്രേലിയ, ചൈനയുടെ ഓരോ സൈനിക നീക്കവും ദേശീയ സുരക്ഷയുടെ കണ്ണിലൂടെ തന്നെയാണ് വിലയിരുത്തുന്നത്.
ചൈനയുടെ ഉയർന്നുവരുന്ന ആണവശേഷി അമേരിക്കയെ ഇൻഡോ-പസഫിക്കിൽ കൂടുതൽ മിസൈലുകൾ വിന്യസിക്കാനും പുതിയ സൈനിക സഖ്യങ്ങൾ ശക്തിപ്പെടുത്താനും തായ് വാാനെ കൂടുതൽ പിന്തുണയ്ക്കാനും പ്രേരിപ്പിച്ചേക്കും.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നിവർ ചേർന്ന QUAD ഇപ്പോൾ ഒരു നയതന്ത്ര കൂട്ടായ്മ മാത്രമല്ല, ഇൻഡോ-പസഫിക്കിലെ ശക്തിസന്തുലിതാവസ്ഥ നിലനിർത്താനുള്ള പ്രധാന വേദിയായി മാറുകയാണ്. ചൈനയുടെ ഈ പരീക്ഷണത്തിന് പിന്നാലെ സംയുക്ത നാവികാഭ്യാസങ്ങൾ വർധിക്കാം. ഇന്റലിജൻസ് വിവര കൈമാറ്റം ശക്തമാകാം. മിസൈൽ പ്രതിരോധ സഹകരണം വികസിക്കാം. സമുദ്രനിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ഏകോപിക്കപ്പെടാം.
QUAD-ന്റെ പ്രസക്തി വർധിക്കുമോ?
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നിവർ ചേർന്ന QUAD ഇപ്പോൾ ഒരു നയതന്ത്ര കൂട്ടായ്മ മാത്രമല്ല, ഇൻഡോ-പസഫിക്കിലെ ശക്തിസന്തുലിതാവസ്ഥ നിലനിർത്താനുള്ള പ്രധാന വേദിയായി മാറുകയാണ്. ചൈനയുടെ ഈ പരീക്ഷണത്തിന് പിന്നാലെ സംയുക്ത നാവികാഭ്യാസങ്ങൾ വർധിക്കാം. ഇന്റലിജൻസ് വിവര കൈമാറ്റം ശക്തമാകാം. മിസൈൽ പ്രതിരോധ സഹകരണം വികസിക്കാം. സമുദ്രനിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ഏകോപിക്കപ്പെടാം.
ഇന്ത്യ ഇനി എന്ത് ചെയ്യണം?
പ്രതിരോധ വിദഗ്ധർ നിർദേശിക്കുന്ന മുൻഗണനകൾ:
ചൈനയുടെ പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ഒരു സാധാരണ ആയുധപരീക്ഷണമല്ല. ഇൻഡോ-പസഫിക്കിലെ ശക്തിസന്തുലിതാവസ്ഥ പുനർനിർവചിക്കാനുള്ള ബെയ്ജിംഗിന്റെ പ്രഖ്യാപനമാണ് അത്. ആണവ പ്രതിരോധശേഷി, ദീർഘദൂര ആക്രമണശേഷി, സമുദ്രാധിപത്യം, ബഹിരാകാശ-സൈബർ യുദ്ധം എന്നിവയെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ചൈനയുടെ സൈനിക തന്ത്രത്തിന്റെ ഏറ്റവും പുതിയ സൂചനയാണിത്. ഇതിന് മറുപടിയായി ഇന്ത്യ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യേണ്ടത്. സാങ്കേതിക മികവ്, സഖ്യരാഷ്ട്രീയം, സമുദ്രസുരക്ഷ, ബഹിരാകാശ നിരീക്ഷണം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ദീർഘകാല സുരക്ഷാ തന്ത്രം സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
Content Summary: China’s latest intercontinental ballistic missile (ICBM) test over the Pacific is more than a military exercise. This explainer examines the missile’s capabilities, why the test is strategically significant, how it impacts India’s security calculations, the Indo-Pacific balance of power, QUAD’s growing relevance, and the defence priorities India may need to pursue.