UPDATES

വിദേശം

ഇസ്രയേലുമായി കൂടുതല്‍ അടുക്കാന്‍ സൗദി

പലസ്തീന്‍ വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും സുല്‍ത്താന്‍ രാജകുമാരന്‍

                       

ഇസ്രയേലുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധരണ നിലയിലാക്കാനുള്ള സാധ്യത അനുദിനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. എന്നാല്‍ പാലസ്തീന്‍ വിഷയം അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നമായി ഇപ്പോഴും തുടരുകയാണെന്നും ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

സിവിലിയന്‍ ആണവ പദ്ധതി വികസിപ്പിക്കുന്നതിനുള്ള സഹായം നല്‍കുന്നതിന് പകരമായി ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന സുപ്രധാന കരാറിനെക്കുറിച്ച് സൗദി യുഎസുമായും ചര്‍ച്ചയിലാണ്. പലസ്തീന്‍ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നത് ഏത് കരാറിന്റെയും മാനദണ്ഡമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സൗദി അറേബ്യയുടെ നേതാവിനോട് അഭിമുഖത്തിനിടെ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു; ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം പലസ്തീന്‍ പ്രശനം വളരെ പ്രധാനപെട്ടതാണ്. ഈ പ്രശനം പരിഹരിച്ചേ മതിയാവുകയുള്ളു’. അഭിമുഖ പ്രക്ഷേപണത്തിന് മുന്നോടിയായി പുറത്തിറക്കിയ കുറിപ്പില്‍ ‘നല്ല ചര്‍ച്ചകള്‍’ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കാര്യങ്ങളുടെ പോക്ക് എങ്ങോട്ടേക്കാണെന്നു നമുക്ക് നോക്കാം. എല്ലാം ശരിയായി അതിന്റെതായ സ്ഥാനങ്ങളില്‍ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അത് പലസ്തീനികളുടെ ജീവിത ക്ലേശങ്ങള്‍ ഇല്ലാതെയാക്കും’. ഇസ്രയേലുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തി വെച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. രാജകുമാരന്‍ അത് നിഷേധിക്കുകയും ഓരോദിവസവും തങ്ങള്‍ കൂടുതല്‍ അടുക്കുകയാണെന്നും വ്യക്തമാക്കി.

പലസ്തീനികളുടെ കാര്യത്തിലുള്ള ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ തീവ്ര വലതുപക്ഷ നിലപാടുകളെ കുറിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആശങ്കകള്‍ പ്രകടിപ്പിക്കുകയും, അധിനിവേശ പ്രദേശത്ത് അക്രമം രൂക്ഷമായ സാഹചര്യത്തില്‍ വെസ്റ്റ് ബാങ്കിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

”ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ ചരിത്രത്താളുകളില്‍ രേഖപ്പെടുത്താന്‍ പോകുന്ന സമാധാന ഉടമ്പടി സ്ഥാപിക്കുന്നതിനുള്ള വഴികളാണ് കൂടിക്കാഴ്ചയില്‍ കൂടുതലും ചര്‍ച്ച ചെയ്തതെന്ന് നെതന്യാഹുവിന്റെ ഓഫീസ് ഇരുവരുടെയും കൂടി കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിന് അവസാനം കുറിക്കാന്‍ സഹായിക്കുകയും ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്യും’ എന്നും ചര്‍ച്ചയെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശ്വാസം പ്രകടിപ്പിച്ചു.

2018-ല്‍ സൗദി വിമതനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതില്‍ തനിക്ക് പങ്കില്ലെന്നും അഭിമുഖത്തില്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ബുധനാഴ്ച നടന്ന അഭിമുഖത്തില്‍ കാലക്രമേണ ഇറാന്‍ ആണവായുധം വികസിപ്പിച്ചെടുക്കുമെന്ന ആശങ്ക ഉണ്ടോയെന്ന ചോദ്യത്തിന് ഇറാന്‍ എന്നല്ല ഏത് രാജ്യത്തിന് ആണവായുധം ലഭിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്’ എന്നായിരുന്നു മറുപടി.

‘അതൊരു മോശം നീക്കമാണ്,’ ‘അവര്‍ക്ക് ആണവായുധം ആവശ്യമില്ല, കാരണം അത് ഉപയോഗിക്കാന്‍ കഴിയില്ല. ഏത് രാജ്യം ആണവായുധം ഉപയോഗിച്ചാലും അവര്‍ ലോക രാജ്യങ്ങളുമായി യുദ്ധം ചെയ്യേണ്ടി വരുന്നതായി കണക്കാക്കേണ്ടി വരും. എന്നാല്‍, ഇറാനില്‍ ആണവായുധമുണ്ടെങ്കില്‍ സൗദി അറേബ്യയും അത് തന്നെ ചെയ്യാന്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിന്, ”ഞങ്ങള്‍ക്ക് ഒരെണ്ണം വേണ്ടിവരും” എന്നായിരുന്നു രാജകുമാരന്റെ പ്രതികരണം.

ഖഷോഗി വധത്തില്‍ സൗദി അറേബ്യയെ ലോകത്ത് ഒറ്റപ്പെടുത്തുമെന്ന് 2020-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജോ ബൈഡന്‍ പ്രതിജ്ഞയെടുത്തിരുന്നതാണ്. എണ്ണ വില നിയന്ത്രിക്കുന്നതിനും മറ്റു പ്രാദേശിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കിരീടാവകാശിയുടെ സഹായം തേടുന്നതിനാല്‍ ഇനിയതുണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.

യുക്രെയ്ന്‍ യുദ്ധത്തില്‍ സൗദി അറേബ്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്നു. ഒപ്പം മോസ്‌കോയ്ക്കും കേവിനും ഇടയില്‍ മധ്യസ്ഥതയും വാഗ്ദാനം ചെയ്തിരുന്നു. ചൈന, റഷ്യ എന്നിവരോടും നിലവില്‍ നല്ല ബന്ധമാണ് സൗദി പുലര്‍ത്തുന്നത്.

Share on

മറ്റുവാര്‍ത്തകള്‍