UPDATES

യാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുക

ഇന്ത്യന്‍ റെയില്‍ വേ പാളം തെറ്റിക്കിടക്കുകയാണ്

                       

53 വാഗണുകളിലായി കരിങ്കല്‍ കഷ്ണങ്ങള്‍ നിറച്ച ഒരു ചരക്ക് തീവണ്ടി 100 കിലോമീറ്റര്‍ സ്പീഡില്‍ ലോക്കോ പൈലറ്റുമാര്‍ ഇല്ലാതെ 83 കിലോമീറ്റര്‍ ഓടുന്നു! രാജ്യം വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന് ആരോട് നന്ദി പറയണം? ഡ്യൂട്ടി മാറാന്‍ ലോക്കോ പൈലറ്റും അസിസ്റ്റന്റും ഇറങ്ങിയ സമയത്ത് ട്രെയിന്‍ തനിയെ മുന്നോട്ടു നീങ്ങുന്നു. പിന്നീടത് വേഗം കൈവരിച്ച് കുതിച്ചു പായുന്നു; ജമ്മു-കശ്മീരിലെ കത്വയില്‍ നിന്നും പഞ്ചാബിലെ ഹോഷിയാര്‍പുരിവരെ. എത്രയെത്ര മനുഷ്യജീവനുകള്‍ക്കിടയിലൂടെ. ഓര്‍ക്കാന്‍ പോലും ഭയപ്പെടുന്ന കാര്യം.

ഒമ്പതു മാസങ്ങള്‍ക്കു മുമ്പാണ് മുന്നൂറിനടുത്ത് മനുഷ്യരെ ഇല്ലാതാക്കി മൂന്നു ട്രെയിനുകള്‍ ഒരേ സമയം ഒരു ട്രാക്കില്‍ കൂട്ടിയിടിച്ചത്. ബാലസോര്‍ ദുരന്തത്തിന്റെ ഞെട്ടല്‍ ഇനിയും രാജ്യത്തിന് മാറിയിട്ടില്ല. ലോകത്ത് റെയില്‍വേ ഏറ്റവും അധികം ആശ്രയിക്കുന്ന ജനതയാണ് നമ്മള്‍. ആ നാട്ടിലാണ് ട്രെയിന്‍ ഗതാഗതം ഏറ്റവും അപകടരമായി മാറുന്നത്. ഭരണകൂടം പക്ഷേ നിശബ്ദമാണ്.

ഹൈ-സ്പീഡ് ട്രെയിനുകളില്‍ കയറി രാജ്യം പുരോഗതിയിലേക്ക് കുതിച്ചു പായുന്നുവെന്നാണ് ഭരണകര്‍ത്താവ് വിശ്വസിപ്പിക്കുന്നത്. പരമാവധി റെയില്‍വേ വകുപ്പ് മന്ത്രി, അതല്ലെങ്കില്‍ ഏതെങ്കിലും മുതിര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥന്‍ ഉത്ഘാടനം ചെയ്യേണ്ട സര്‍വീസുകള്‍ക്ക് ഓടി നടന്ന് പച്ചക്കൊടി വീശുകയാണ് പ്രധാനമന്ത്രി. വന്ദേഭാരത് ട്രെയിനുകള്‍ ഓടിച്ചാല്‍ രാജ്യം വളരുമെന്നാണ് പ്രചാരണം. എന്നാല്‍, ഒരു പാസഞ്ചര്‍ ട്രെയിനില്‍ തൊട്ട് ഹൈ-സ്പീഡ് ട്രെയിനുകളില്‍ വരെ യാത്ര ചെയ്യുന്ന ഓരോ പൗരന്റെയും ജീവനും സ്വത്തിനും വിലയുണ്ടെന്ന കാര്യം മറക്കുന്നു. ലക്ഷോപലക്ഷം ദിവസവും ആശ്രയിക്കുന്ന, ലക്ഷകണക്കിന് ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന, പ്രത്യേകമായി ബഡ്ജറ്റ് അവതരിപ്പിച്ചിരുന്ന ഒരു സംവിധാനമായിരുന്നു ഇന്ത്യന്‍ റെയില്‍വേ. ഇന്നത് കുത്തഴിഞ്ഞ നിലയിലാണ്.

തീവണ്ടി അപകടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയൊരു രാജ്യം തന്നെയാണ് നമ്മുടേതും. വിജയകരമായി തുടങ്ങുകയും ചെയ്തു. പക്ഷേ പൂര്‍ണമായി നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. ഇവിടെ നടക്കുന്ന എല്ലാ ട്രെയിന്‍ ദുരന്തങ്ങളും അപ്രതീക്ഷിതമായ അപകടങ്ങളായി കാണാനാകില്ല. പലതും സംവിധാനങ്ങളുടെ പിഴവുകൊണ്ടുണ്ടാകുന്നതാണ്. ബാലസോര്‍ ദുരന്തം അതിനൊരുദ്ദാഹരണം. കേവലമൊരു അപകടമായിരുന്നില്ലത്. ഭരണാധികാരികളുടെ ക്രൂരമായ അവഗണനയുടെ ഫലമായിരുന്നു. വന്ദേഭാരതില്‍ മതിമറന്നവര്‍, ട്രെയിന്‍ സുരക്ഷയുടെ കാര്യത്തില്‍ കാണിച്ച അവഗണന.

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ വികസിപ്പിച്ച ശാസ്ത്രീയ സംവിധാനമായിരുന്നു കവച്. യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി മുന്‍പേ തന്നെ ആവിഷ്‌കരിച്ചതാണെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പദ്ധതിയുടെ പേര് മാറ്റി കവച് എന്നാക്കുകയായിരുന്നു. പേര് മാറ്റിയതല്ലാതെ പദ്ധതി റെയില്‍വേയില്‍ പൂര്‍ണമായി നടപ്പാക്കാനൊന്നും തയ്യാറായില്ല. ആകെയുള്ള റെയില്‍വേ റൂട്ടില്‍ വെറും രണ്ട് ശതമാനമാണ് കവച് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ 98 ശതമാനം റെയില്‍വേ റൂട്ടിലും അപകടം ഒഴിവാക്കാനുള്ള സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകളുടെ ജീര്‍ണാവസ്ഥയൊക്കെ ബാലസോര്‍ അപകടത്തിനു പിന്നാലെ ചര്‍ച്ചയായതാണ്. വന്ദേഭാരത് പോലുള്ള ഹൈ സ്പീഡ് ട്രെയിനുകളൊക്കെ ഓടിച്ച് രാഷ്ട്രീയം നേട്ടം കൊയ്യാന്‍ ശ്രമിക്കുമ്പോഴും ഏതു സമയത്തും അപകടങ്ങള്‍ ഉണ്ടാകാവുന്ന ട്രാക്കുകളാണ് ഇവിടെയുള്ളതെന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു നില്‍ക്കുകയാണ്. സിഗ്‌നല്‍ സംവിധാനങ്ങളുടെ അപര്യാപ്തത ബാലസോര്‍ അപകടത്തിലും വിമര്‍ശനവിധേയമായതാണ്.

ഏത് സമയത്തും എവിടെയും മഹാദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള പാതകളിലൂടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവരുടെ അഭിമാന നേട്ടങ്ങളായി അവതരിപ്പിക്കുന്ന വന്ദേഭാരത് ഉള്‍പ്പെടെയുള്ള ഹൈ-സ്പീഡ് ട്രെയിനുകള്‍ ഓടിക്കുന്നത്.

ഇത്തരം ആക്ഷേപങ്ങള്‍ക്കിടയിലാണ് സുരക്ഷയ്ക്കായി അനുവദിച്ച കോടികളുടെ ഫണ്ട് ദുര്‍വ്യയം ചെയ്യുന്നതിന്റെ വിവരം പുറത്തു വരുന്നതും. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉപയോഗിക്കേണ്ട പണം ഉദ്യോഗസ്ഥരുടെ വിചിത്രമായ ആഗ്രഹങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കുമായി ചെലവഴിക്കുകയാണ്.

ബാലസോര്‍ ദുരന്തത്തിനു പിന്നാലെ പുറത്തു വന്ന സിഎജി റിപ്പോര്‍ട്ടിലായിരുന്നു ഇന്ത്യന്‍ റെയില്‍വേയില്‍ നടക്കുന്ന അഴിമതികളുടെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടായിരുന്നത്. റെയില്‍വേ സുരക്ഷയ്ക്ക് അനുവദിച്ചിരിക്കുന്ന കോടികള്‍ ഉപയോഗിച്ച് മസാജിംഗ് മെഷിനുകളും വിന്റര്‍ ജാക്കറ്റുകളും മണ്‍പാത്രങ്ങളുമൊക്കെയാണ് ഉദ്യോഗസ്ഥര്‍ വാങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

2017-18 കാലത്തെ യൂണിയന്‍ ബഡ്ജറ്റില്‍ അവതരിപ്പിച്ച രാഷ്ട്രീയ റെയില്‍ സന്‍രക്ഷ കോഷ്(ആര്‍ ആര്‍ എസ് കെ ) പ്രത്യേക ഫണ്ടില്‍ നിന്നാണ്(ഡെഡിക്കേറ്റഡ് ഫണ്ട്) കോടികളുടെ ധൂര്‍ത്തും അഴിമതിയും നടത്തിയിരിക്കുന്നതെന്നാണ് സിഎജി റിപ്പോര്‍ട്ട് ആധാരമാക്കി ഈ വിവരം ദി ടെലിഗ്രാഫ് ആദ്യം പുറത്തു കൊണ്ടുവന്നത്. 2022 ഡിസംബറില്‍ കംപ്ട്രോളര്‍ ആന്‍ഡ് ഒഡിറ്റര്‍ ജനറല്‍(സിഎജി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്(chapter 4; rashtriya rail sanraksha kosh) ഇന്ത്യന്‍ റെയില്‍വേയില്‍ നടന്ന ഞെട്ടിക്കുന്ന അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ആര്‍ ആര്‍ എസ് കെ ഫണ്ട് ഏതുവിധത്തിലൊക്കെയാണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫൂട്ട് മസാജിംഗ് മെഷീന്‍, മണ്‍പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, വിന്റര്‍ ജാക്കറ്റുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ വാങ്ങാനും എസ്‌കലേറ്ററുകള്‍, ടോയ്ല്റ്റുകള്‍, പൂന്തോട്ടം എന്നിവ നിര്‍മിക്കാനും ശമ്പളവും ബോണസും നല്‍കാനുമൊക്കെയാണ് ആര്‍ ആര്‍ എസ് കെ ഫണ്ട് ചെലവഴിച്ചിരിക്കുന്നതെന്നാണ് സി എ ജി കണ്ടെത്തിയത്. 2017-18 മുതല്‍ 2020-21 വരെയുള്ള 48 മാസ കാലയളവ് പരിധിയില്‍, 2017 ഡിസംബര്‍, 2019 മാര്‍ച്ച്, 2019 സെപ്റ്റംബര്‍, 2021 ജനുവരി എന്നിങ്ങനെ നാലു മാസങ്ങളായി തിരിച്ച് ഓരോ റെയില്‍വേ സോണിലെയും തെരഞ്ഞെടുത്ത രണ്ട് ഡിവിഷനുകളിലായി നടത്തിയ 11,464 വൗച്ചറുകളുടെ റാന്‍ഡം ഓഡിറ്റ് പരിശോധനയില്‍ 48.21 കോടി രൂപയുടെ ദുരുപയോഗം കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയില്‍ സുരക്ഷ മുന്‍ നിര്‍ത്തി യൂണിയന്‍ ബഡ്ജറ്റില്‍ പാസാക്കിയ പ്രത്യേക ഫണ്ട്(രാഷ്ട്രീയ റെയില്‍ സന്‍രക്ഷ കോഷ്) അതിന്റെ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കാതെ ധൂര്‍ത്തടിച്ചതില്‍ ‘ മഞ്ഞുമലയുടെ അറ്റം’ മാത്രമാണ് പുറത്തുവന്നതെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതായത് നടന്നിരിക്കുന്നത് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളെക്കാളും വലിയ കൊള്ളയാണെന്ന്. 2017 ല്‍ ആര്‍ ആര്‍ എസ് കെ ഫണ്ട് പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റിലി പറഞ്ഞത് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു ലക്ഷം കോടിയുടെ രാഷ്ട്രീയ റെയില്‍ സന്‍രക്ഷ കോഷ് ഫണ്ട് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കുമെന്നായിരുന്നു. ഈ ഫണ്ടിലേക്ക് സര്‍ക്കാരില്‍ നിന്നുള്ള അടിസ്ഥാന മൂലധനത്തിനു പുറമെ റെയില്‍ അവരുടെ സ്വന്തം വരുമാനത്തില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും ധനസമാഹരണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ധനമന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന് ആര്‍ ആര്‍ എസ് കെയുമായി ബന്ധപ്പെട്ട് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ എടുത്തു പറയുന്ന കാര്യം, ഈ ഫണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കണമെന്നാണ്. എന്നിട്ടാണ് അതേ ഫണ്ട് കൊണ്ടു ടോയ്ലെറ്റ് പണിതതും ശമ്പളവും ബോണസും നല്‍കിയതും അലമാരയും മസാജിംഗ് മെഷീനും ജാക്കറ്റുമൊക്കെ വാങ്ങിയതും.

റെയില്‍വേ സംവിധാനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അത്ര ബൃഹത്തായൊരു ഗതാഗതസംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. ലക്ഷകണക്കിന് ജനങ്ങളാണ് ഓരോ മണിക്കൂറിലും ട്രെയിനുകളെ ആശ്രയിക്കുന്നത്. ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെ കോടികളുടെ വരുമാനം റെയില്‍വേയ്ക്ക് ലഭിക്കുന്നു. പ്രതിരോധ മേഖലയ്ക്കു കഴിഞ്ഞാല്‍ കോടികളുടെ ബഡ്ജറ്റ് വിഹിതം റെയില്‍വേയ്ക്ക് അനുവദിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെ രാജ്യത്ത് പ്രത്യേകമായി റെയില്‍വേ ബഡ്ജറ്റും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ലക്ഷകണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും പ്രാധാന്യം കൊടുക്കേണ്ടതിനാല്‍ യാത്രക്കാരുടെ കാര്യത്തില്‍ അതീവസുരക്ഷ മുന്‍കരുതലുകളും റെയില്‍വേ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ അത്തരം സുരക്ഷ മുന്‍കരുതലുകളെല്ലാം ഇവിടെ പാളംതെറ്റി കിടക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍