UPDATES

പാര്‍ട്ടി ഫണ്ട് തരുന്നില്ലെന്ന് ആരോപണം; മത്സരിക്കാനില്ലെന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പുരി ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സുചരിത മൊഹന്തിയാണ് പിന്മാറിയത്‌

                       

ഒഡീഷയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടിരിക്കുകയാണ് കോൺഗ്രസ്. ഒഡീഷയിലെ പുരി ലോക സഭ മണ്ഡലത്തിലെ മത്സരത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് കോൺഗ്രസ്‌ സ്ഥാനാർഥി. പാർട്ടി ധനസഹായം നിഷേധിച്ചെന്ന് ആരോപിച്ചാണ് സുചരിത മൊഹന്തി തെരഞ്ഞെടുപ്പ് ടിക്കറ്റ് പാർട്ടിക്ക് തിരികെ നൽകിയിരിക്കുന്നത്. പാർട്ടി ഫണ്ടില്ലാതെ പുരിയിൽ പ്രചാരണം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സുചരിത മൊഹന്തി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്ത് അയച്ചിരുന്നു.

“പാർട്ടി എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ട ധനസഹായം നിഷേധിച്ചു. ഇതോടെ പുരി മണ്ഡലത്തിലെ പ്രചാരണത്തിന് ഞങ്ങൾ വലിയ തിരിച്ചടിയാണ് നേരിട്ടത്. എഐസിസി ഒഡീഷയുടെ ചുമതലയുള്ള ഡോ അജോയ് കുമാർ എന്നോട് സ്വയം ഫണ്ട്‌ കണ്ടെത്താനാണ് ആവശ്യപ്പെട്ടത്. 10 വർഷം മുമ്പ് ആണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. മാസ ശമ്പളം ലഭിക്കുന്ന ഒരു പ്രൊഫഷണൽ പത്രപ്രവർത്തകനായിരുന്നു ഞാൻ. എൻ്റെ പക്കലുള്ളതെല്ലാം പുരിയിലെ പ്രചാരണത്തിന് ഞാൻ നൽകിയിട്ടുണ്ട്,” സുചരിത എഴുതി.

അജോയ് കുമാർ ഭുവനേശ്വറിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ പ്രതികരണത്തിൽ സുചരിതയുടെ ആരോപണങ്ങൾ തള്ളി. “സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ല, പാർട്ടി സ്ഥാനാർത്ഥികൾക്ക് ഫണ്ട് ഉറപ്പ് നൽകിയിട്ടുണ്ട്. മേയ് രണ്ടിന് പുരിയിലും മറ്റു ചില സ്ഥലങ്ങളിലെയും സ്ഥാനാർഥിയെ മാറ്റാൻ ഞങ്ങൾ ഹൈക്കമാൻഡിന് കത്തെഴുതിയിരുന്നു. പുതിയ പട്ടിക ഇന്നോ നാളെയോ നൽകും. അവർക്കും ഇതറിയാമായിരുന്നു. അതിനാൽ സ്ഥാനാർഥിത്വം തിരികെ നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സുരിചിത നടത്തിയ ആരോപണം  വൈറലാകുകയും ചെയ്തു.” അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ ചില സ്ഥാനാർത്ഥികളെ മാറ്റാൻ നേതൃത്വത്തോട് അഭ്യർത്ഥിന പോയിരുന്നെങ്കിലും, തന്റെ മണ്ഡലത്തെ പരിഗണിച്ചിരുന്നില്ലെന്ന് സുരിചിത ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചതായി പറയുന്നു. ഒഡീഷയിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടക്കുന്നത്. വിഷയം പാർട്ടി ഹൈക്കമാൻഡുമായി ചർച്ച ചെയ്യുമെന്ന് സംസ്ഥാന കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഒഡീഷയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്.

കനത്ത മത്സരം നടക്കുന്ന സ്റ്റാർ മണ്ഡലങ്ങളിലൊന്നാണ് പുരി.  ദേശീയ വക്താവ് സംബിത് പത്രയാണ് മണ്ഡലത്തിലെ ബിജെപിയുടെ മുഖം. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ ബിജു ജനതാദൾ (ബിജെഡി) മുൻ മുംബൈ പോലീസ് കമ്മീഷണർ അരൂപ് പട്‌നായിക്കിനെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്.

പുരി മണ്ഡലത്തിൽ 2014ൽ 18.5% വോട്ടുകളാണ് കോൺഗ്രസിന് ലഭിച്ചത്. 2019 ആയപ്പോഴേക്കും ഏകദേശം 3.94% സീറ്റുകളായി ചുരുങ്ങി. സ്വാതന്ത്ര്യ സമര സേനാനിയും മുൻ കോൺഗ്രസ് നേതാവുമായ ബ്രജ മോഹൻ മൊഹന്തിയുടെ മകളാണ് സുരിചിത മൊഹന്തി. ഫണ്ട് പ്രതിസന്ധി അഭിമുഖീകരിച്ചതോടെ തൻ്റെ പ്രചാരണം തുടരുന്നതിന് പൊതുജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടുന്നതിനായി കഴിഞ്ഞ ആഴ്ച സുരിചിതഒരു സംഭാവന ഡ്രൈവ് ആരംഭിച്ചിരുന്നു. “പ്രതിപക്ഷത്തെ അടിച്ചമർത്താനും തെരഞ്ഞെടുപ്പിൽ വിജയിക്കാനുമുള്ള ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളായിരുന്നു ബിജെപി നടത്തിയിരുന്നത്. ഈ തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിൻ്റെ ഫണ്ട് ചോർത്താൻ ബിജെപി സർക്കാർ ശ്രമിച്ചത് ഇതിന്റെ ഭാഗമായിരുന്നു. ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണങ്ങളും ഞെരിക്കവും നേരിട്ടതോടെ, കോൺഗ്രസ് പാർട്ടി പുരി പാർലമെൻ്റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ സീറോ ഫണ്ടിംഗ് ആണ് നൽകിയത്. മണി ബാഗുകൾക്കും ഇലക്ടറൽ ബോണ്ട് അഴിമതിക്കാർക്കും ഭരണകക്ഷിയായ ബി.ജെ.പിക്കും ബി.ജെ.ഡിക്കും എതിരെ ഞങ്ങൾ പുരിയിൽ കടുത്ത പോരാട്ടമാണ് നടത്തുന്നത്,” ഏപ്രിൽ 29 ന് അവർ എക്‌സിൽ കുറിച്ചു.

അഴിമതി നിറഞ്ഞ ഭരണകക്ഷികളെ പരാജയപ്പെടുത്തി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് തൻ്റെ പ്രധാന ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു.അധികാരത്തിലിരിക്കുന്നവരും ജനങ്ങളും തമ്മിലുള്ള തെരഞ്ഞെടുപ്പെന്നാണ് അവർ മത്സരത്തെ വിശേഷിപ്പിച്ചത്. തൻ്റെ പ്രചാരണത്തിനായി കഴിയുന്നത്ര കുറച്ച് പണം ചെലവഴിക്കാൻ ശ്രമിച്ചതായുംഅവർ പരാമർശിച്ചു.കോൺഗ്രസിനും തൻ്റെ സ്ഥാനാർത്ഥിത്വത്തിനും ജനപിന്തുണ നിലനിന്നിരുന്നുവെങ്കിലും ഫണ്ട് ക്ഷാമം തൻ്റെ പ്രചാരണത്തിൽ ഒരു പ്രധാന തടസ്സമായി മാറിയെന്ന് മൊഹന്തി പറഞ്ഞു.

പാർട്ടിയുടെ ഇൻഡോർ സ്ഥാനാർത്ഥി അക്ഷയകാന്തി ബാം നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് പുരിയിലെ പ്രതിസന്ധി. കഴിഞ്ഞ മാസം, കോൺഗ്രസിൻ്റെ സൂറത്ത് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു, മറ്റെല്ലാ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനാൽ ബിജെപി എതിരില്ലാതെ വിജയിച്ചു.

English summary; Congress’s Puri Lok Sabha candidate Sucharita Mohanty Returned her ticket

Share on

മറ്റുവാര്‍ത്തകള്‍