കൊറോണ വൈറസ് ബാധയെ തടയാന്‍ ഗോമൂത്രം മതിയെന്ന വാദവുമായി അഖില ഭാരത ഹിന്ദു മഹാസഭ രംഗത്ത് വന്നത് എല്ലാവര്‍ക്കും അറിയാം. ബി.ജെ.പി. നേതാക്കളടക്കം ഇതിന് വ്യാപക പ്രചാരവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ അഖില ഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഗോമൂത്ര പാര്‍ട്ടി എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചതിന് ലേഖകനും സാക്ഷിയാണ്. ഗോമൂത്രം, ചാണകം, നെയ്യ്, പാല്‍, തൈര് എന്നിവ ചേര്‍ത്തുണ്ടാക്കിയ പഞ്ചഗവ്യ പാനീയവും, ഗോമൂത്രവും, ചാണക വറളിയും അവിടെ പരസ്യമായി കഴിച്ച് കൊറോണ വൈറസിനെ അകറ്റാമെന്ന് ഹിന്ദു നേതാക്കള്‍ പ്രഖ്യാപിക്കുകയുണ്ടായി. 21 വര്‍ഷമായി ഗോമൂത്രം കുടിക്കുന്നതായും ചാണകത്തില്‍ കുളിക്കുന്നതായും പാര്‍ട്ടിയില്‍ പങ്കെടുത്ത ഓം പ്രകാശ് പറഞ്ഞു.
ടിബറ്റെന്ന് കേള്‍ക്കരുത്, കാണരുത്, പറയരുത്
ദേഹമാസകലം ചാണകം പുരട്ടിയും, ഗോമൂത്രം കുടിച്ചും ദൈവത്തോട് കോവിഡ് വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ ലോകം കണ്ടതാണ്. കോവിഡ് പ്രതിരോധത്തിന്റെ വല്ലാത്തൊരു മാതൃകയുടെ ദൃശ്യങ്ങള്‍ ഏറ്റവും കൂടുതലായി വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ നിന്നായിരുന്നു. ഇന്ത്യയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും മൃതശരീരങ്ങള്‍ കുമിഞ്ഞുകൂടുന്ന ഗുരുതര ഘട്ടത്തിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെയും അവരുടെ അനുയായികളുടേയും പിന്തുണയില്‍ തീര്‍ത്തും അശാസ്ത്രീയവും അസംബന്ധവുമായ പ്രചരണം ലോക ആരോഗ്യ രംഗത്ത് തന്നെ ചര്‍ച്ചാവിഷയം ആയിരുന്നു.
ഇത്തരം ഒരു സാഹചര്യം നമ്മുടെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന സമയത്താണ് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറി കൂടിയായിരുന്ന അനൂപ് രാധാകൃഷ്ണന്‍ എന്ന യുവ കാര്‍ട്ടൂണിസ്റ്റ് ഒരു കാര്‍ട്ടൂണ്‍ വരച്ചത്. ലോകാരോഗ്യ സംഘടനയുടെ ഒരു യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കാവി വസ്ത്രം ധരിച്ച ഒരു പശു ഇരിക്കുന്ന കാര്‍ട്ടൂണ്‍ ആണ് ആക്ഷേപഹാസ്യമായി വരച്ചത്. ലോകത്തെ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിനായി നടത്തിയ മെഡിക്കല്‍ ഉച്ചകോടിയാണ് രംഗം. ഈ കാര്‍ട്ടൂണ്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. കാര്‍ട്ടൂണിന് കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരവും ലഭിച്ചു. അനൂപ് എന്ന യുവ കാര്‍ട്ടൂണിസ്റ്റ് വ്യാപകമായി ചര്‍ച്ച ചെയ്യുന്നതോടൊപ്പം സൈബര്‍ ആക്രമണത്തിനും ഇരയാകേണ്ടി വന്നിരുന്നു.