മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ അങ്കലാപ്പിലാണ്. കാരണം 15 വര്‍ഷം മുമ്പ് ആര്‍എസ്എസ് വിട്ട കുറെ നേതാക്കള്‍ ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം കൊടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ പാര്‍ട്ടിക്ക് പേരും നല്‍കിയിരിക്കുന്നു. ജനഹിത് എന്നാണ് അവര്‍ പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. ജന്‍ഹിതിന്റെ ആദ്യ പൊതുയോഗം കഴിഞ്ഞ ഞായറാഴ്ച മധ്യപ്രദേശില്‍ കൂടുകയുണ്ടായി.
സമാനമായ രീതിയില്‍ ബജ്‌റംഗ് ദള്ളിന്റെ മുന്‍ നേതാക്കള്‍ ചേര്‍ന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി. ബജ്‌റംഗ് സേന എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത. ഹിന്ദു വോട്ടുകള്‍ വിഭജിക്കുന്നു എന്നുള്ളതാണ് ഇതുവഴി മനസ്സിലാക്കേണ്ടത്. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാണ് മധ്യപ്രദേശില്‍ ഉണ്ടാക്കുക.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഉദ്ദേശലക്ഷ്യങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസം ഉണ്ടെന്നും എന്നാല്‍ അതില്‍ നിന്ന് വിഭിന്നമായാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത് എന്നും പുതിയ പാര്‍ട്ടിയായ ജന്‍ഹിതിന്റെ നേതാക്കള്‍ പറയുന്നു. ബിജെപി നേതാക്കള്‍ ഹിന്ദു ആരാധനാലയങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആക്കി മാറ്റി സാമ്പത്തിക നേട്ടം കൈവരിക്കുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു. ഇത് ഹിന്ദു വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അവര്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദു ആചാരങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കുകയും ബിജെപിക്ക് ബദലായി ഹിന്ദു വോട്ടുകള്‍ കൈക്കല്‍ ആക്കുന്നതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു എന്നുള്ള ആരോപണം വ്യാപകമായി ഉണ്ട്. പരമ്പരാഗത കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെ അപലപിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം ഹനുമാന്റെയും രാമന്റെയും ഭക്തരായി അഭിനയിക്കുകയാണന്ന് ബി ജെ പി ആരോപിക്കുന്നു. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ ഹിന്ദു ഭക്തി അഭിനയിച്ച് വോട്ടു നേടാന്‍ ശ്രമിക്കുന്നു എന്ന് കോണ്‍ഗ്രസിന്റെ ആരോപണം മറുവശത്തുണ്ട്.
മധ്യപ്രദേശില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഹിന്ദു വോട്ടുകള്‍ ഉണ്ടായിരിക്കുന്ന ഈ വിഭജനം ബിജെപിയെ പ്രതികൂലമായി ബാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിജെപിക്ക് അനുകൂലമായ വോട്ടുകളാണ് ബജ്‌റംഗ് സേനയും ജനഹിത് പാര്‍ട്ടിയും നേടുക. ഇത് കോണ്‍ഗ്രസിന്റെ മധ്യപ്രദേശിലെ മടങ്ങി വരവിന് കാരണമാകാം.
പാര്‍ലമെന്റ് യൂണിഫോമിലും താമര; വിവാദം കൊഴുക്കുന്നു
പുതിയതായി നിര്‍മിച്ച ഇന്ത്യന്‍ പാര്‍ലമെന്റില്‍ സുരക്ഷ ജീവനക്കാരുടെ പുതുക്കിയ യൂണിഫോം വിവാദാകുന്നു. യൂണിഫോമുകളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ആലേഖനം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. വിനായക ചതുര്‍ത്ഥി മുതല്‍ പാര്‍ലമെന്റിന്റെ സമ്മേളനം പുതിയ മന്ദിരത്തിലേക്ക് മാറുന്നതോടുകൂടിയാണ് സുരക്ഷാ ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം നിലവില്‍ വരുന്നത്. പാര്‍ലമെന്റില്‍ ഇരു സഭകളിലെയും സുരക്ഷജീവനക്കാര്‍ക്ക് യൂണിഫോമുകള്‍ വിതരണം ചെയ്തപ്പോഴാണ് താമരയുടെ വിളയാട്ടം യൂണിഫോമില്‍ ശ്രദ്ധയില്‍പ്പെട്ടത്. താമര ദേശീയ പുഷ്പം ആണെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. യൂണിഫോമില്‍ എന്തുകൊണ്ട് ദേശീയ പക്ഷിയായ മയിലിന്റെയോ മൃഗമായ കടുവയുടെയോ ചിത്രം വെച്ചില്ല എന്നുള്ള ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര തന്നെ തെരഞ്ഞെടുത്തതിലുള്ള രാഷ്ട്രീയം മറ്റൊരു വിവാദത്തിനുള്ള കാരണമായി കഴിഞ്ഞു.